Tuesday, October 25, 2022

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!


"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ!

💠

ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു.

ഈയൊരു മാധ്യമം വഴി ഒരു നാടിന്റെ ചരിത്രപാരമ്പര്യത്തിലേക്കും വർത്തമാന യാഥാർത്ഥ്യങ്ങളിലേക്കും തിരികെ നടക്കാൻ പരിധികളും പരിമിതികളും ഏറെ ഉണ്ടായിരുന്നു എന്നത് വാസ്തമാണ്.  എങ്കിലും  ഒപ്പിടി നിര്യനെ അഥവാ ഓർമയുടെ ശകലങ്ങൾ എന്ന പരിപാടി കൊണ്ട് ഉണ്ടായ നേട്ടങ്ങൾ അനവധിയാണ്.  ഓരോ ആളുകൾക്കും മുന്നൂറിൽ കൂടുതൽ ആളുകളുമായി സംവദിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. പൂർവികരുടെ ത്യാഗപൂർണമായ ജീവിത യാഥാർത്ഥ്യങ്ങളെ  കുറിച്ചും പട്ലയുടെ അറിയപ്പെടാത്ത ഇന്നലെകളെ കുറിച്ചും വളരെ വ്യതിരിക്തമായ വാങ്മയ ചിത്രങ്ങൾ ഒരുക്കാൻ സംഘടകർക്ക് കഴിഞ്ഞു.   അഭിനന്ദനങ്ങൾ!

നാടിന്റെ ഗതകാല ചരിത്രത്തിലേക്ക്  തീ നാമ്പുകൾ കോരിയിടുന്നതായിരുന്നു പ്രഫ:എം എ റഹ്‌മാൻ മാഷിന്റെ പ്രഭാഷണം.  അത് തന്നെയായിരുന്നു ഈ പരിപാടിയുടെ ഹൈലൈറ്റ്.  പട്ലയുടെ ഇതിഹാസ പാരമ്പര്യം കുഞ്ഞി മായിൻകുട്ടി വൈദ്യരുടെ വീണ്ടെടുത്തതും ഇനി ബാക്കിയുണ്ടാവാൻ സാധ്യതയുള്ള രചനകളുടെ വഴിതേടി പോകാൻ പ്രചോദനം നൽകുന്നതായിരുന്നു അത്.  അത് ഇശൽ ഗ്രാമത്തിൻ്റെ തായ്‌വേര്കിടക്കുന്നത് ഈ മണ്ണിലാണ് എന്ന തിരിച്ചറിവ് നൽകി.

അത് കൊണ്ട് തന്നെ ഒരു നിർദേശം ഇവിടെ സമർപ്പിക്കുന്നു. പട്ല എന്ന നാടിൻ്റെ പേര് "വൈദ്യരങ്ങാടി" എന്നോ മാഹിനങ്ങാടി എന്നോ പുനർനാമകരണം ചെയ്യണം എന്നതാണത്!  അതിന് വേണ്ടിയുള്ള ഒദ്യോഗിക ശ്രമങ്ങൾ നടക്കണം.  നൂറോളം വർഷങ്ങൾക്ക് മുമ്പ് ഈ നാടിൻ്റെ നാമം  ഉയർത്തിപ്പിടിച്ച കവിക്ക് നമുക്ക് നൽകാവുന്ന ഏറ്റവും മികച്ച സ്മാരകമാകുമത്!  ഏറ്റവും ചുരുങ്ങിയത് അദ്ദേഹത്തിൻ്റെ വീടും പരിസരവും സ്ഥിതി ചെയ്യുന്ന സ്രാമ്പി മഹല്ലിനെങ്കിലും ഈ പേരിലേതെങ്കിലുമൊന്ന് തെരെഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുകയാണ്! ഒരു പക്ഷെ സമാനമായ പേരുകൾ പല സ്ഥലത്തും ഉണ്ടാവാം.  അത് കൊണ്ടൊന്നും കവി കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ സ്മരണാർത്ഥം നാം നൽകുന്ന പേരിൻ്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല!

രണ്ടാമത്തെ കാര്യം അഷ്ഠാംഗ ഹൃദയത്തിന് അറബി മലയാളത്തിൽ വൈദ്യരെഴുതിയ, ഈയ്യിടെ കണ്ടെടുക്കപ്പെട്ട മാപ്പിളപ്പാട്ട് രചനയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക എന്ന ദൗത്യമാണ്.  ബൗദ്ധികവും സാമ്പത്തികവും ഏറെ ശ്രമകരവുമായ ഒരു പദ്ധതിയാകുമത്. ത്യാഗസന്നദ്ധരായ കർമ്മോത്സുകരായ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അറിയാനും ആഗ്രഹമുള്ള വ്യക്തികൾ പ്രത്യേകിച്ച് യുവാക്കൾ വേണം.  അഞ്ചിൽ കുറയാത്ത യുവനിര വേണം. പിന്തുണയുമായി ഈ നാടും നാട്ടുകാരും!  എങ്കിൽ ഈ വിഷയത്തിൽ ഏറെ തൽപ്പരരായ പ്രഫ.റഹ്മാൻ മാഷിനെയും ഖലിലുല്ലാഹ് ചെമ്മനാടിനെയും പോലുള്ള പ്രമുഖർ സഹായ സഹകരണവുമായി മുന്നിൽ തന്നെ ഉണ്ടാവും എന്നു നമുക്ക് ഉറപ്പിക്കാം!

മൂന്നാമത്തെ കാര്യം; അപൂർണമാണെകിലും പടലയെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പല ആളുകളും ഇവിടെ പരാമർശിച്ചു.  കുറെ അനുഭവങ്ങളും അതിലേറെ കേട്ടു കേൾവികളും ആയിരുന്നു.  അതിൽ നിന്നും നെല്ലും പതിരും വേർതിരിച്ചെടുക്കുക എന്നതാണ്. ഭഗീരഥ പ്രയത്നമാണത്. അതൊക്കെയും ഒരു ലിഖിത രൂപത്തിലോ എല്ലാവര്ക്കും പ്രാപ്യമായ രീതിയിലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലോ വരേണ്ടതുണ്ട്.  വരും തലമുറകൾക്ക് വലിയൊരു മുതൽക്കൂട്ടാകുമത്,  ഒപ്പം നമ്മൾ ഇവിടെ ജീവിച്ചതിനുള്ള അടയാളപ്പെടുത്തലും. ഓഫ്‌ലൈനിലെ തുടർപ്രവർത്തനങ്ങൾ കൊണ്ട് മാത്രം സാധ്യമാകുന്നതാണിത്. കൂട്ടായ പരിശ്രമങ്ങൾ ആവശ്യമുണ്ട്, അത് കേവലം ഒരു ക്ലബ്ബിന്റെ അജണ്ടയിൽ മാത്രം ഒതുങ്ങേണ്ടതല്ല. തുടർചർച്ചകൾ ആവശ്യമാണ്. 

ഇനി സൂചിപ്പിക്കാനുള്ളത് ഈ പരിപാടിയുടെ പോരായ്മകളാണ്. ചർച്ചയിൽ പങ്കെടുത്ത ഞാനടക്കമുള്ള പലരും ഒട്ടും  മുന്നൊരുക്കം നടത്തിയില്ല എന്നതാണത്.  ആ ഒരു സന്ദർഭത്തിൽ നമ്മുടെ ചിന്തകളിലേക്ക് വന്നത് അപ്പടി പറഞ്ഞു പോകുകയാണ് ചെയ്തത്.  കെ എം സഈദും, ടി.വി.ഹമീദും മാത്രം കുറച്ചു കൂടി തയ്യാറെടുപ്പു നടത്തി എന്ന് തോന്നി!

ഒപ്പിടി നിര്യനെ എന്ന ആശയം എന്ത് കൊണ്ടും ഗംഭീരമായിരുന്നു.  "പൊലിമ" യോട് താരതമ്യപ്പെടുത്താൻ കഴിയില്ല എങ്കിലും നാട്ടിലെ മിക്കവാറും ആളുകളും ഈ ഓൺലൈൻ ചർച്ചയിൽ  പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു.  ഗ്രൂപ്പിന്റെ റേറ്റിംഗ് പോയിന്റ്  പരിശോധിച്ചാൽ അത്  മനസ്സിലാകും.   ജില്ലയിലെ പ്രഗത്ഭരായ പലരെയും ഈ ചർച്ചയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.  അവരുടെയൊക്കെ അഭിപ്രായങ്ങൾ വിലപ്പെട്ടതായിരുന്നു. 

ഇവയൊക്കെ എന്റെ വ്യക്തിപരയമായ അഭിപ്രായങ്ങളാണ്, പരിപാടിയുടെ അവലോകനമല്ല. അവലോകനം സംഘടകർ നേരത്തെ നടത്തിയതാണ്. 

ഈ കുറിപ്പിനോടുള്ള വിയോജിപ്പുകളും വിമർശനങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.  ഈയൊരു പരിപാടിയുടെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം സംഘടകരെ അറിയിക്കുന്നു.

എസ്-എ

24-10-2022

🔳

No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...