🔲ആസ്വാദനം
കവര
കവിതകൾ
▪
സുഹൃത്ത് രവീന്ദ്രൻ പാടിയുടെ കാവ്യ സമാഹാരമാണ് മുന്നിൽ. "കവര" എന്നാണ് കവിതാ സമാഹരത്തിന്റെ പേര്. കവിഞ്ഞ് ഉരക്കുന്നതിനെയാണ് (സംസാരിക്കുന്നതിനെ) കവര എന്ന് പറയുക എന്ന് കവി. കുട്ടികൾ പറയുന്ന നിഷ്കളങ്ക വർത്തമാനങ്ങളാണ് കവര എന്നും ആളുകൾ വെടിപറയുന്നതിനെയും മറ്റും കവര എന്ന് പറയുമെന്നും ആമുഖമായി കവി തന്നെ വിശദീകരിക്കുന്നുണ്ട്. ഏതായാലും ഈ കാസർകോടൻ വായ്മൊഴി പൊതു മലയാളത്തിന് പരിചയമില്ലാത്തതാണ് എന്ന് തോന്നുന്നു, ചിലപ്പോൾ കാസർകോട് തന്നെ പലരും ആദ്യമായി കേൾക്കുകയുമാകാം. ഏതായാലും "കവര" കേൾക്കാൻ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാർന്ന ഉരയാണ് എന്നതിൽ സംശയമില്ല.
ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ കവികളിൽ പ്രമുഖനാണ് രവി. അദ്ദേഹത്തിന്റെ ആറാമത്തെ കവിതാ സമാഹാരമാണ് "കവര". ഇരുപത്തിയഞ്ച് ഗദ്യകവിതകളും പിന്നെ ചുടുക്കുകവിതകൾ എന്നൊരദ്ധ്യായവും ചേർന്ന മൊത്തം ഇരുപത്തിയാറ് കവിതകളുടെ സമാഹാരം.
ചുടുക്കു കവിതകൾ കുഞ്ഞുണ്ണിക്കവിതകളെന്നോ ഹൈക്കുവെന്നോ വേർതിരിക്കാൻ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ്.
"നരിയെ വേട്ടയാടുന്നതിലും
പ്രയാസമാണ് ചിലപ്പോൾ മീൻ പിടിക്കൽ.
ചില മീനുകൾ ചൂണ്ടയോടൊപ്പം,
അല്ലെങ്കിൽ വലയോടൊപ്പം
അതുമല്ലെങ്കിൽ ബോട്ടിനോടൊപ്പം
മീൻ പിടുത്തക്കാരനെ
വലിച്ചു കൊണ്ട് പോകും
ആഴങ്ങളിലേക്ക്!
പിന്നെ പൊങ്ങിയെന്നേ വരില്ല!"
"മീൻപിടിത്തം" എന്ന കവിതയിലെ വരികളാണിത്.
പരാന്നഭോജികളായ (Parasites) മനുഷ്യരുടെ നെറികേടിന്റെ നേർകാഴ്ച്ചയാണ് ഈ കവിത. കൈ നനയാതെ മീൻ പിടിക്കുന്നവർ അഥവാ മേലനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്നവർ, എങ്ങിനെയാണ് വെള്ളം കലക്കി മീൻ പിടിക്കേണ്ടത് എന്നും വ്യക്തമായി അറിയുന്നവരാണ്. ഈ ഇത്തിൾ കണ്ണികളാണ് വൃക്ഷത്തിന്റെ കാമ്പുകൾ കാർന്നു തിന്നു അതിന്റെ തായ് വേര് പോലും നശിപ്പിച്ചു കളയുന്നത്!
സമൂഹത്തിന്റെ ആന്തരിക കരുത്തിനെ ഉൽമൂലനം ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് കവി.
അധ്യാനിച്ച് ജീവിക്കണമെന്നും ആരെക്കെയോ പിടിച്ച് തരുന്ന മീൻ തിന്നുന്നത് കൊണ്ടാണ് നമുക്ക് മീൻ പിടിക്കുന്നത് കേവലം വിനോദമാകുന്നത് എന്നും കവി പറഞ്ഞുവെക്കുന്നുണ്ട്.
"ജന്മനാളിൽ" എന്ന കവിതയിൽ എന്തിനാണീ ജന്മദിനം എന്ന് ചോദിക്കുന്നു.
"പിന്നിട്ട പാതകൾ കോറിയിട്ട
രക്തം പൊടിയുമനുഭവങ്ങൾ
ഓർമ്മയിൽ നിന്നും കഴുകി നീക്കി
പുതിയവ വീണ്ടുമെഴുതുവാനോ?"
അവസാന വരികളിൽ
സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാല കഷ്ട നഷ്ടങ്ങൾക്ക് അറുതി വരുകയും ജിവിതം ഹരിതാഭമാവുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.
വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാനുഭവങ്ങളുടെ ചിട്ടയായി അടുക്കിവെച്ച പുസ്തകങ്ങൾ പോലെയാണ് ഓരോ കവിതയും. ഒക്കെയും സമൂഹത്തിന്റെ നേർക്ക് പിടിച്ച കണ്ണാടികൾ, നവോത്ഥാന രചനകൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്.
"കറക്കം" എന്ന കവിതയിൽ പുതിയ കാലത്തെ കർഷകന്റെ വ്യഥകളെ വളരെ തന്മയത്വത്തോടെ കോറിയിടുന്നുണ്ട്.
"സൂര്യനൊപ്പമാണ്
കൃഷ്ണേട്ടന്റെ കറക്കം
രാവിലെ തൊഴുത്തിൽ
കുത്തിയിരുന്ന്
പശുക്കളെ കറക്കും
.....
നാളുകൾ കറങ്ങവെ
പശുക്കളുടെ കറവ നിന്നു;
.......
പശുക്കൾ ലോറിയേറി
നഗരം കറങ്ങി
.........
തോട്ടമുണ്ടായ സ്ഥലം
പ്ലോട്ടുകളായി
പിന്നെയത് കൃഷ്ണ
ഹൗസിംഗ് കോളനിയായി."
മനുഷ്യൻ കാർഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന
കോവിഡ് കാലത്ത് ഹൗസിംഗ് കോളനികൾ വീണ്ടും പച്ചപിടിച്ച തോട്ടങ്ങളാകുമെന്നും കൃഷ്ണേട്ടൻ പശുക്കളെ
കറക്കാൻ ഒരു വരവ് കൂടി
വരുമെന്ന് തന്നെയും പ്രതീക്ഷിക്കണം.
അവസാന അധ്യായമാണ് ചുടുക്കു കവിതകൾ. ജീവിതമെന്ന സമസ്യയുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ പോലെ, വേദനകളെ അടയാളപ്പെടുത്തുന്നവയാണ്
മിക്ക ചുടുക്കു കവിതകളും
ഉദാ:
"മൈതാനം പോലെ
വിശാല വഴിയിലും
സൂചിക്കുഴ പോലെ
എന്നുടെ നേർവഴി"
"പെരുകും കടങ്ങളും
കുറയും ആയുസ്സുമാ-
ണെന്റെ സമ്പാദ്യം, അതിൽ-
തൃപ്തനായിരിപ്പൂ ഞാൻ!"
"പുതിയ കാര്യങ്ങൾ
പറയണം എന്നാൽ
പഴയതിൻ ബാധ
ഒഴിഞ്ഞിട്ടു വേണ്ടേ!"
"തിരയടിക്കാത്ത കടലെന്തു കടൽ"
"ചില സംഗതികൾ എങ്ങനെയെങ്കിലും നടന്നു കൂടും;
മരണ വീട്ടിലും
നേരം പുലരാറുണ്ടല്ലോ!"
വ്യക്തിയും സമൂഹവും കാലവും പ്രകൃതിയും ഉൾക്കൊള്ളുന്ന കവിതകൾ
അതിജീവനത്തിന്റെ ഉണ്മയായി, ജീവിത വ്യഥകൾക്ക് നേരെ സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി
അറുപത്തിനാല് പേജുകളിലായി കുറിച്ചിട്ടിരിക്കുന്നു. അല്പം മാത്രം പറയുന്നവനാണല്ലോ കവി. അത് കൊണ്ട് തന്നെ രവി അല്പം മാത്രം പറഞ്ഞു മതിയാക്കിരിക്കുകയാണ്. ബാക്കി പറയാൻ അനുവാചകരെ ഏൽപ്പിച്ചു കൊണ്ട്.
⚫