Tuesday, June 30, 2020

ഉപ്പയെ വായിക്കുമ്പോൾ ഞാനെന്റെ ജീവിതത്തെ വായിക്കുന്നു!

🔲
ഉപ്പയെ വായിക്കുമ്പോൾ ഞാനെന്റെ ജീവിതത്തെ വായിക്കുന്നു!
🔆

ഉപ്പയെ ഓർമിക്കാനും മനസ്സിലാക്കാനും ഒരു ദിവസം പോയിട്ട് ഒരു പുരുസ്സായുഷ് പോലും മതിയാവില്ല!

പഠിച്ചിട്ട് ഭാവിയിൽ ആരാകാനാണ് ആഗ്രഹം എന്ന് സാധാരണ ഗതിയിൽ അധ്യാപകൻ വിദ്യാർത്ഥിയോടാണ് ചോദിക്കുക.  മകൻ പഠിച്ച് ആരായിക്കാണാനാണ് ഉപ്പയുടെ ആഗ്രഹം എന്ന് ഉപ്പയോട് ചോദിച്ചത് എന്നെ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു.
വക്കീലാകണം എന്നതായിരുന്നു അന്ന് ഉപ്പ പറഞ്ഞ മറുപടി!  വക്കീല് പോയിട്ട് ഒരു ജഡ്ജ് പോലും ആയില്ല ഈ മകൻ!  ചിലപ്പോൾ വിധി അങ്ങിനെയായിരിക്കണം. പിന്നീടെപ്പോഴോ എന്തിനായിരുന്നു ഞാൻ വക്കീലാകണം എന്ന് ഉപ്പ ആഗ്രഹിച്ചതെന്ന് ചോദിച്ചപ്പോൾ ഹിന്ദി സിനിമകളിൽ വീറോടെ വാദിക്കുന്ന നായകന്മാരെ കണ്ട് ഇഷ്ടം തോന്നിയതാണ് എന്നതായിരുന്നു ഉപ്പയുടെ മറുപടി!

നാട്ടിലെ ആദ്യകാല പ്രവാസികളുടെ ആദ്യത്തെ
പേരുകളിൽ ഒന്ന് ഉപ്പയുടേതായിരുന്നു.
രണ്ട് വർഷത്തിലൊരിക്കൽ
വിരുന്നു വരുന്ന അഥിതി.
പേടിയായിരുന്നു എന്നും
പേടിപ്പിച്ചത് കൊണ്ടോ അടിച്ചത് കൊണ്ടോ ആയിരുന്നില്ല അത്.  കുടുംബത്തിലെല്ലാർക്കും ഉപ്പയെ ബഹുമാനം കലർന്ന പേടിയായിരുന്നു.
ഓർമ്മയിൽ തെളിയുന്ന ആദ്യത്തെ കാഴ്ച
ഉപ്പ ഒരു വലിയ തകരപ്പെട്ടി തലയിലും വേറൊരു പെട്ടി കൈയിലും തൂക്കി വളരെ പരീക്ഷണതനായി വീട്ടിലേക്ക് നടന്നടുക്കുന്ന രംഗമാണ്. ഇന്നലെയെന്നപോലെ ഓർമകളെ ഇളക്കിമറിക്കുന്നുണ്ട്  ആജാനുബാഹുവായ ആ വലിയ മനുഷ്യന്റെ വരവ്!
വീട്ടിലേക്ക് ഏതോ ഒരു അപരിചിതൻ വരുന്നത് കണ്ട് ഞാൻ ഭീതിയോടെ തൊട്ടടുത്ത പലചരക്കു കടയിലെ ഒരു മൂലയിൽ പോയി ഒളിച്ചിരുന്നത് 1974 കാലഘട്ടങ്ങളിലെ ഒരു വേനൽ കാലത്തായിരുന്നിരിക്കണം.

വീട്ടിലെ ചാരുകസേരയിൽ 555 സിഗരറ്റും പുകച്ച്  ടേപ് റിക്കോഡറിൽ വളരെ ഉച്ചത്തിൽ മാപ്പിളപ്പാട്ടും ചിലപ്പോൾ മതപ്രസംഗവും കേട്ട് മണിക്കൂറുകളോളം ഇരിക്കും.  ചിലപ്പോൾ അയൽപക്കക്കാരും സുഹൃത്തുക്കളുമുണ്ടാകും പഴയ കഥകൾ പറയാനും ഉച്ചത്തിൽ ചിരിക്കാനും.

ഉപ്പ നാട്ടിലെത്തിയാൽ പിന്നെ എന്റെ സ്കൂളിലേക്കുള്ള പോക്കുവരവുകൾ അടുക്കള വഴിയാകും.  പതിയെ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചു മുങ്ങും.  വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ ഉപ്പ വീട്ടിലുണ്ടാകാറില്ല.  പിന്നെ കാണുക രാത്രി ഒമ്പത് മണിക്ക് ശേഷമാണ്.  അപ്പോഴേക്കും ഞാനുറങ്ങിയിരിക്കും.

ഉപ്പയുടെ പെട്ടി നിറയെ ടേപ്പ് റികോർഡർ പ്രവർത്തിപ്പിക്കാനുള്ള എവറെഡി ബാറ്ററിയും പത്ത്, ഇരുപതഞ്ച്, അമ്പത് പൈസ നാണയങ്ങളും ഉണ്ടാകും. (ഓലമേഞ്ഞ വീട്ടിൽ ടേപ്പ് റിക്കോർഡർ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി എവിടെ!) അതിൽ നിന്നും എനിക്ക് മിഠായിക്കായി പെറുക്കി തന്ന് മാത്രം ഉമ്മ ആ നാണയങ്ങൾ തീർക്കും.  സ്കൂളിലെ ആദ്യത്തെ ഫോറിൻ കുട, ആദ്യത്തെ ഹീറോ പെൻ അങ്ങനെ പലതും എന്റെ പേരിൽ എഴുതി ചേർക്കപ്പെട്ട ബഹുമതികളായിരുന്നു.

ആറു മാസത്തോളം ഉപ്പ വീട്ടിലും നാട്ടിലുമുണ്ടാകും.
തിരിച്ചുപോക്കിന്റെ ഒരാഴ്ച്ചമുമ്പ് തന്നെ വീട് മുകമാകും.  ആഘോഷങ്ങളും കളിചിരികളും മെല്ലെ അസ്തമിക്കും. ടേപ്പ് റികോർഡർ ആർക്കെങ്കിലും ഫ്രീയായോ കാശിനോ കൊടുത്തിരിക്കും.  കൈയ്യിലെ വലിപ്പം കൂടിയ സീക്കോ ഫൈവ് വാച്ചും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നൽകിയിട്ടുണ്ടാകും.  ഉപ്പ ചെയ്ത പരോപകാരം, നൽകിയ ദാനധർമ്മങ്ങൾ ഒക്കെയും പരലോകത്ത് തണലും തണുപ്പുമാകട്ടെ. പലരുടെയും സങ്കടങ്ങളെയും വേദനകളെയും തണുപ്പിച്ചവർക്കല്ലാതെ പിന്നെയാർക്കാണ് സ്വർഗ്ഗരാജ്യം!

കാസർകോട് ടൗണിൽ നിന്നും രാവിലെ ആറരക്കോ ഏഴ് മണിക്കോ ബോംബെയിലേക്കുള്ള  ബസ്സ് പുറപ്പെടും.
തിരിച്ചു പോക്കിന്റെ  രണ്ട് ദിവസം മുമ്പ് തന്നെ ടൗണിലേക്ക് അതിരാവിലെ പുറപ്പെടാൻ വേണ്ടി റിക്ഷക്കാരൻ ബാബുവിനെ ഏർപ്പാടാക്കും.
ബാബുവിനോട് വരാൻ പറഞ്ഞ സമയത്ത് തന്നെ ബാബുവിന്റെ റിക്ഷയെയും കാത്ത് ഉപ്പ തയ്യാറായി നിൽക്കും. പക്ഷെ പറഞ്ഞ സമയത്ത് ബാബുവിനെ കാണില്ല!  കാത്ത് കാത്ത്  മടുക്കുമ്പോൾ കാണാം കക്ഷി മെല്ലെ വരുന്നത്.  തലേദിവസം അടിച്ചു കേറ്റിയതിന്റെ മത്ത് മാറിയിട്ടുണ്ടാവില്ല. എങ്കിലും വൈകിയതിന് ബാബുവിനോട് ഒട്ടും ദേഷ്യപ്പെടില്ല.  ഒരു ചെറിയ പെട്ടിയും പാസ്പോർട്ടും ടിക്കറ്റുകളും സൂക്ഷിക്കുന്ന ഒരു ഹാൻഡ്ബാഗും പിടിച്ച് സലാം ചൊല്ലി പതിയെ ഉപ്പ പടിയിറങ്ങുന്ന രംഗമുണ്ട്.
എന്നും ഉപ്പയെ ഓർക്കുമ്പോൾ ആ രംഗം മനസ്സിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും.

പിന്നീട് ഞാൻ പ്രവാസിയായപ്പോഴാണ് ആ തിരിച്ചു പോക്കിന്റെ അർത്ഥവും കടിച്ചിറക്കിയ വേദനയുടെ തീക്ഷണതയും ശരിക്കും മനസ്സിലായത്!

എസ്-എ

🔲

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...