Tuesday, November 26, 2019

ഉത്സവങ്ങൾ

ഉത്സവങ്ങൾ

ഉത്സവങ്ങളെ നമുക്ക്
അടുത്ത് നിന്നും 
അകലെ നിന്നും 
നോക്കിക്കാണാം.

അകലെ നിന്ന് നോക്കിയാൽ
കുറച്ച് വർണ്ണ ബലൂണുകൾ
എല്ലാം ഒരൊറ്റ നിറത്തിലേക്ക് 
ചുരുങ്ങിയത് പോലെ.

അടുത്ത് നിന്ന് നോക്കിയാൽ
കുറെ വർണ്ണ ബലൂണുകൾ
കണ്ണഞ്ചിപ്പിക്കുന്ന നിറശോഭയോടെ 
വിശാല ലോകത്തോട്
സംവദിക്കുന്നത് പോലെ

എങ്കിലും ചിലത്
തറവാട്ട് ദൈവങ്ങളുടെ
ദൈവം കെട്ട് മഹോത്സവങ്ങൾ പോലെ
കാവുകളിൽ മാത്രം ഒതുങ്ങിപ്പോകും.
സ്വന്തം നിഴലുകളിൽ
തണൽ തേടുന്നത് പോലുള്ള
പാഴ് വേലയാകുമത്.

ഈദും ദിപാവലിയും 
നിന്റേയും എന്റെയും 
ആഘോഷമാകുന്ന കാലത്ത്
സ്കൂൾ പ്രവേശനോത്സവങ്ങൾ
വന്നത് നന്നായി.

ആഘോഷിക്കപ്പെടാതെ പോകുന്ന
ചില ഉത്സവങ്ങളുമുണ്ട്.
മൗന പ്രാർത്ഥനകളായി
പകൽ സ്വപ്നങ്ങളിലെ
വിഷാദ രംഗം പോലെ
സങ്കടങ്ങളുടെ പെരുമഴക്കാലം
തീർത്ത് കടന്നു വരുന്നവ
ആഘോഷങ്ങൾ അവസാനിക്കുന്ന
തുരുത്താണത്!
വികസന രാഷ്ട്രീയത്തിന്റെ
കോൺഗ്രീറ്റ് പാളികൾ

ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്
നാൽപ്പത് വർഷങ്ങൾക്കപ്പുറമുള്ള
പട്ല, നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തെ പരുവപ്പെടുത്തിയ ഇടങ്ങളിലൊന്ന് കുഞ്ഞാമുച്ചാന്റെ ചായമക്കാനിയും, മജൽ അബ്ദുല്ലച്ച (ഖാദർ ഹാജി) യുടെ പലചരക്ക് കടയും, പോസ്റ്റാഫീസും അടങ്ങുന്ന ഈ അങ്ങാടിയായിരുന്നു.  രാഷ്ടീയവും മതവും ഉൾപ്പെടെ ആകാശത്തിന് കീഴെയുള്ള സകലതും ചർച്ച ചെയ്യപ്പെടുകയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരുന്ന കാലം, റേഡിയോ വാർത്തകളും ഒന്നോ രണ്ടോ പത്രപാരായണങ്ങളും കേൾക്കാനും വായിക്കാനും ആളുകൾ സ്ഥിരമായി വന്നിരുന്ന സ്ഥലം, ചൂടേറിയ ചർച്ചകൾക്കുള്ള വേദി.  സാംസ്കാരിക പ്രബുദ്ധതയുടെ പ്രഥമ വിദ്യാലയങ്ങളായിരുന്ന ആ സ്ഥലം ഇന്ന് പൊട്ടിപ്പൊളിഞ്ഞും കാടു പിടിച്ചും കിടക്കുന്നുവെങ്കിലും അതിന്റെ പരിസരങ്ങളാണ് പട്ല സെൻറർ എന്നറിയപ്പെടുന്ന പട്ല ജംഗ്ഷൻ.

നമ്മുടെ നാടിന്റെ എല്ലാ അർത്ഥത്തിലുമുള്ള വികസന കുതിപ്പിന് പിന്നിലും സംഘ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലായുള്ള വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യുവതയുടെ കഠിന പരിശ്രമങ്ങളുണ്ട്.  ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപാട് മുന്നേറി. നാടിന്റെ മുഖഛായ തന്നെ സമ്പൂർണ്ണമായ മാറ്റത്തിന് വിധേയമായി.  വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച പല നന്മ മരങ്ങളും പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനം അടയാളപ്പെടുത്തി കടന്നു പോയി! 

പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അനന്തരഗാമികളുടെ മുൻ നിരയിൽ നട്ടെല്ല് നിവർത്തി നിൽക്കുകയാണ് ഇന്ന് പട്ല മുസ്ലിം യൂത്ത് ലീഗ്.

തികച്ചും മാതൃകായോഗ്യമായ വലിയൊരു ഉദ്യമത്തിന്റെ പ്രയോക്താക്കളാവുകയാണ് യൂത്ത് ലീഗ്.  പട്ല സെൻറർ പരിസരത്തെ റോഡിനിരുവശവും ജനകീയ സഹകരണത്തോടെ കോൺഗ്രീറ്റ് ചെയ്ത് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണിവർ. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ സംഘടനകൾ ചെയ്യാൻ മുന്നിട്ട് വരുന്നു എന്നത് ചെറിയ കാര്യമല്ല!

"അകലങ്ങൾ"എങ്ങിനെ അടിച്ചേൽപ്പിക്കാം എന്ന് മാത്രം ആകുലപ്പെടുന്ന പുതിയ മാറിയ രാഷ്ട്രീയ കാലത്തും ശുഭാപ്തി വിശ്വാസത്തോടെ ക്ഷേമ പ്രവർത്തനങ്ങളിൽ വിപ്ലവങ്ങളും പുതു രീതികളും പരീക്ഷിച്ച്  നമുക്കെങ്ങിനെ നാടിന് വേണ്ടി നാട്ടുകാർക്ക് വേണ്ടി ചേർന്നിരിക്കാം എന്ന് കാണിച്ചു തരികയാണിവർ!.

സത്യത്തിൽ, നിങ്ങൾ  റോഡിനിരുവശവുമുള്ള പുല്ലും കാടും വെട്ടിത്തെളിക്കുക വികസനത്തിന്റെ പുതുവഴികൾ തീർക്കുകയായിരുന്നു.  നിങ്ങളുടെ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള ആർജവത്തെ അഭിവാദ്യം ചെയ്യുന്നു.

അല്ലെങ്കിലും ബൈത്തുറഹ്മയും സി എച്ച് സെന്ററുകളും പോലുള്ള മാതൃകാപദ്ധതികൾ ആവിഷ്കരിച്ച് സേവന രംഗം സമ്പന്നമാക്കിയ രാഷ്ട്രീയ നന്മയെ അഭിനന്ദിക്കാതിരിക്കാൻ ആർക്കാണ് കഴിയുക!

കക്ഷി രാഷ്ട്രീയ ഭേദമന്യേ സകല മനുഷ്യരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ  യൂത്ത് ലീഗിന്റെ ഈ സദുദ്യമത്തെ അഭിനന്ദിക്കുന്നു.  

Monday, November 25, 2019

തമീം ഭായ്

Sunday, September 1, 2019

യുവത ആദരവും അംഗീകാരവും അർഹിക്കുന്നു.

 


💠

യുവത

ആദരവും അംഗീകാരവും

അർഹിക്കുന്നു.



സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ജീവവായുവായികൊണ്ട് നടക്കുന്ന സമൂഹത്തിന് മാത്രമെ അതിജീവനത്തിന് അർഹതയുള്ളൂ!മൂല്ല്യവത്തായ ഇടപെടലുകൾ കൊണ്ട് സാംസ്കാരികാന്തരീക്ഷം സജീവവമാക്കുന്ന ഏത് കൂട്ടായ്മകളും അഭിനന്ദനം അർഹിക്കുന്നു.


അങ്ങനെയൊരു ഇടപെടലാണ് ഇന്നലെ വൈകുന്നേരം സ്കൂൾ അങ്കണത്തിൽ SELUTE THE BRAVE എന്ന ബാനറിൽ  പട്ലയിൽ നടന്നത്.

ധീരത കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയും കരുണയും സഹജീവി സ്നേഹവും കൊണ്ട് തങ്ങളുടെ സ്ഥാനം ശിലകളിൽ കോറിയിട്ട പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും മറ്റും ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു അത്.


കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനും ജീവഹാനിക്കും മറ്റ് നാശനഷ്ടങ്ങൾക്കുമാണ് നമ്മൾ ഇരകളും സാക്ഷികളുമൊക്കെയായത്. രാപകൽ വ്യത്യാസമില്ലാത്ത രണ്ട് ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് പ്രളയത്തിൽ കുടുങ്ങിപ്പോയവരെ കരക്കെത്തിക്കാൻ കഴുത്തോളം വെള്ളത്തിൽ ഏറെ ശ്രമകരമായ ദൗത്യം നിർവ്വഹിച്ചവർ, തീർച്ചയായും അവർ ധീരരാണ്, അവർക്ക് ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്.


അവർ സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെന്നോ സാമൂഹ്യ ജീവകാരുണ്യ സംഘങ്ങൾ ആണെന്നോ ഉള്ള വേർതിരിവില്ല. സർക്കാർ സംവിധാനത്തിലും ആത്മാർത്ഥതയുള്ളവർക്ക് മാത്രമെ ദൗത്യം സഫലമായി നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ എന്ന ഒരു വസ്തുതയുണ്ട്!


മനുഷ്യൻ എന്ന് പറയുന്നത് സാമൂഹ്യ ബന്ധങ്ങളുടെ ആകെത്തുകയെന്ന് കാൾ മാർക്സ് പറയുന്നുണ്ട്.  ഡയജനിസ് എന്ന യവന തത്വജ്ഞാനി പട്ടാപ്പകൽ വിളക്കും കത്തിച്ച്‌ അന്വോഷിച്ച് പോയത് മനുഷ്യരിൽ നിന്നും ശരിക്കുള്ള മനുഷ്യരെ കാണാനായിരുന്നു.  അന്നയാൾക്ക് ഏഥൻസിൽ എത്ര മനുഷ്യരെ കണ്ടെത്താൻ കഴിഞ്ഞു എന്ന് നമുക്കറിയില്ല!  അന്നത്തെ അപേക്ഷിച്ച് ഇന്ന് "മനുഷ്യർ" ഒരുപാട് വർദ്ധിച്ചിട്ടുണ്ട്.  അർദ്ധരാത്രിയിൽ പോലും വെളിച്ചമില്ലാതെ തന്നെ മനുഷ്യരെ കാണാൻ കഴിയുംവിധം മാനവികതയുടെ നിലാവ് ഭൂമിയാകെ നിറഞ്ഞിട്ടുണ്ട്. 


അങ്ങനെയൊരുനാൾ മാനവികത പ്രകാശം പരത്തിയ അർദ്ധരാത്രിയിലാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളുമായി മഴനനയുന്ന ടി.പി അബ്ദുല്ലയെപ്പോലുള്ള, നിയാസിനെപ്പോലുള്ള അനേകം യുവാക്കളെ നാം കാണുന്നത്.  അവർക്കാരുടെയും നിർദേശങ്ങൾ ഉണ്ടായിരുന്നില്ല, വാസ്തവത്തിൽ അവർ ആരുടെയും ആഹ്വാനത്തിനും നിർദേശത്തിനും കാത്തു നിന്നില്ല എന്നതാണ് ശരി!ഇന്നലെകളൊക്കെയും മഹത്തരമായിരുന്നെന്നും ഇന്നുകളൊക്കെയും ജീർണ്ണതകൾകൊണ്ട് നിറഞ്ഞതാണെന്നുമുള്ള കാഴ്ച്ചപ്പാട് തിരുത്തുകയാണ് ഈ യുവത ചെയ്തത്.  അത് കൊണ്ട് മനുഷ്യരെ കാണാൻ നമുക്ക് വേണ്ടത് സ്നേഹ ബന്ധത്തിന്റെ മാതൃകകളെ തിരിച്ചറിയാനും വിശകലന വിധേയമാക്കാനുള്ള ആർജവമാണ്. ആർദ്രമായ സാമൂഹ്യബന്ധങ്ങളാണ് മനുഷ്യരെ സാധ്യമാക്കുന്നത്.  ഓരോ മനുഷ്യനും എത്രമാത്രം ഒറ്റയായിരിക്കുമ്പോഴും സമൂഹ്യമായ ഐക്യപ്പെടലുകളിലാണ് ഈ ഒറ്റയായ അവസ്ഥപോലും പുലരുന്നത് എന്ന് തിരിച്ചറിയണം.


ആരുടെതാണ് ലോകം വേദനിക്കുന്നവരുടെതല്ലാതെ എന്ന പി എൻ ഗോപികൃഷ്ണന്റെ കവിത ഇങ്ങനെയാണ്.


"ലോകം 

ആശുപത്രിയാകുന്നത്

ജനനവും മരണവും കൊണ്ടല്ല

വേദന കൊണ്ടാണ്.

എന്ത് കൊണ്ടാണ് 

ഭൂമി ഉരുണ്ടിരിക്കുന്നത്

എന്ന് ചോദിച്ചാൽ 

കുട്ടികളെ നിങ്ങൾ പറയണം

വേദനകൊണ്ട് കൂച്ചിവിലങ്ങിയതാണ്എന്ന്"


അത് കൊണ്ട് തന്നെ വേദനിക്കുന്നവരുടെ കൂടെനിൽക്കുക എന്നത് പരമപ്രധാനമാണ്.  അവർക്ക് താങ്ങും തണലുമാകുക എങ്കിൽ നാം ജീവിതം അടയാളപ്പെടുത്തിക്കഴിഞ്ഞു. "നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു, പക്ഷെ നിങ്ങൾ കരഞ്ഞു. നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക"  എന്ന ഒരു സംസ്കൃത പഴഞ്ചൊല്ലുണ്ട്.   


കർമ്മം രംഗം സജീവമാക്കി അങ്ങനെയൊരു ജീവിതം നമുക്കെല്ലാം സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ധീരത കൊണ്ട് ജീവിതം രേഖപ്പെടുത്തിയ യുവാക്കളെയും പ്രസ്ഥാനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.


💠

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...