Tuesday, October 25, 2022

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!


"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ!

💠

ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു.

ഈയൊരു മാധ്യമം വഴി ഒരു നാടിന്റെ ചരിത്രപാരമ്പര്യത്തിലേക്കും വർത്തമാന യാഥാർത്ഥ്യങ്ങളിലേക്കും തിരികെ നടക്കാൻ പരിധികളും പരിമിതികളും ഏറെ ഉണ്ടായിരുന്നു എന്നത് വാസ്തമാണ്.  എങ്കിലും  ഒപ്പിടി നിര്യനെ അഥവാ ഓർമയുടെ ശകലങ്ങൾ എന്ന പരിപാടി കൊണ്ട് ഉണ്ടായ നേട്ടങ്ങൾ അനവധിയാണ്.  ഓരോ ആളുകൾക്കും മുന്നൂറിൽ കൂടുതൽ ആളുകളുമായി സംവദിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. പൂർവികരുടെ ത്യാഗപൂർണമായ ജീവിത യാഥാർത്ഥ്യങ്ങളെ  കുറിച്ചും പട്ലയുടെ അറിയപ്പെടാത്ത ഇന്നലെകളെ കുറിച്ചും വളരെ വ്യതിരിക്തമായ വാങ്മയ ചിത്രങ്ങൾ ഒരുക്കാൻ സംഘടകർക്ക് കഴിഞ്ഞു.   അഭിനന്ദനങ്ങൾ!

നാടിന്റെ ഗതകാല ചരിത്രത്തിലേക്ക്  തീ നാമ്പുകൾ കോരിയിടുന്നതായിരുന്നു പ്രഫ:എം എ റഹ്‌മാൻ മാഷിന്റെ പ്രഭാഷണം.  അത് തന്നെയായിരുന്നു ഈ പരിപാടിയുടെ ഹൈലൈറ്റ്.  പട്ലയുടെ ഇതിഹാസ പാരമ്പര്യം കുഞ്ഞി മായിൻകുട്ടി വൈദ്യരുടെ വീണ്ടെടുത്തതും ഇനി ബാക്കിയുണ്ടാവാൻ സാധ്യതയുള്ള രചനകളുടെ വഴിതേടി പോകാൻ പ്രചോദനം നൽകുന്നതായിരുന്നു അത്.  അത് ഇശൽ ഗ്രാമത്തിൻ്റെ തായ്‌വേര്കിടക്കുന്നത് ഈ മണ്ണിലാണ് എന്ന തിരിച്ചറിവ് നൽകി.

അത് കൊണ്ട് തന്നെ ഒരു നിർദേശം ഇവിടെ സമർപ്പിക്കുന്നു. പട്ല എന്ന നാടിൻ്റെ പേര് "വൈദ്യരങ്ങാടി" എന്നോ മാഹിനങ്ങാടി എന്നോ പുനർനാമകരണം ചെയ്യണം എന്നതാണത്!  അതിന് വേണ്ടിയുള്ള ഒദ്യോഗിക ശ്രമങ്ങൾ നടക്കണം.  നൂറോളം വർഷങ്ങൾക്ക് മുമ്പ് ഈ നാടിൻ്റെ നാമം  ഉയർത്തിപ്പിടിച്ച കവിക്ക് നമുക്ക് നൽകാവുന്ന ഏറ്റവും മികച്ച സ്മാരകമാകുമത്!  ഏറ്റവും ചുരുങ്ങിയത് അദ്ദേഹത്തിൻ്റെ വീടും പരിസരവും സ്ഥിതി ചെയ്യുന്ന സ്രാമ്പി മഹല്ലിനെങ്കിലും ഈ പേരിലേതെങ്കിലുമൊന്ന് തെരെഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുകയാണ്! ഒരു പക്ഷെ സമാനമായ പേരുകൾ പല സ്ഥലത്തും ഉണ്ടാവാം.  അത് കൊണ്ടൊന്നും കവി കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ സ്മരണാർത്ഥം നാം നൽകുന്ന പേരിൻ്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല!

രണ്ടാമത്തെ കാര്യം അഷ്ഠാംഗ ഹൃദയത്തിന് അറബി മലയാളത്തിൽ വൈദ്യരെഴുതിയ, ഈയ്യിടെ കണ്ടെടുക്കപ്പെട്ട മാപ്പിളപ്പാട്ട് രചനയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക എന്ന ദൗത്യമാണ്.  ബൗദ്ധികവും സാമ്പത്തികവും ഏറെ ശ്രമകരവുമായ ഒരു പദ്ധതിയാകുമത്. ത്യാഗസന്നദ്ധരായ കർമ്മോത്സുകരായ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അറിയാനും ആഗ്രഹമുള്ള വ്യക്തികൾ പ്രത്യേകിച്ച് യുവാക്കൾ വേണം.  അഞ്ചിൽ കുറയാത്ത യുവനിര വേണം. പിന്തുണയുമായി ഈ നാടും നാട്ടുകാരും!  എങ്കിൽ ഈ വിഷയത്തിൽ ഏറെ തൽപ്പരരായ പ്രഫ.റഹ്മാൻ മാഷിനെയും ഖലിലുല്ലാഹ് ചെമ്മനാടിനെയും പോലുള്ള പ്രമുഖർ സഹായ സഹകരണവുമായി മുന്നിൽ തന്നെ ഉണ്ടാവും എന്നു നമുക്ക് ഉറപ്പിക്കാം!

മൂന്നാമത്തെ കാര്യം; അപൂർണമാണെകിലും പടലയെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പല ആളുകളും ഇവിടെ പരാമർശിച്ചു.  കുറെ അനുഭവങ്ങളും അതിലേറെ കേട്ടു കേൾവികളും ആയിരുന്നു.  അതിൽ നിന്നും നെല്ലും പതിരും വേർതിരിച്ചെടുക്കുക എന്നതാണ്. ഭഗീരഥ പ്രയത്നമാണത്. അതൊക്കെയും ഒരു ലിഖിത രൂപത്തിലോ എല്ലാവര്ക്കും പ്രാപ്യമായ രീതിയിലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലോ വരേണ്ടതുണ്ട്.  വരും തലമുറകൾക്ക് വലിയൊരു മുതൽക്കൂട്ടാകുമത്,  ഒപ്പം നമ്മൾ ഇവിടെ ജീവിച്ചതിനുള്ള അടയാളപ്പെടുത്തലും. ഓഫ്‌ലൈനിലെ തുടർപ്രവർത്തനങ്ങൾ കൊണ്ട് മാത്രം സാധ്യമാകുന്നതാണിത്. കൂട്ടായ പരിശ്രമങ്ങൾ ആവശ്യമുണ്ട്, അത് കേവലം ഒരു ക്ലബ്ബിന്റെ അജണ്ടയിൽ മാത്രം ഒതുങ്ങേണ്ടതല്ല. തുടർചർച്ചകൾ ആവശ്യമാണ്. 

ഇനി സൂചിപ്പിക്കാനുള്ളത് ഈ പരിപാടിയുടെ പോരായ്മകളാണ്. ചർച്ചയിൽ പങ്കെടുത്ത ഞാനടക്കമുള്ള പലരും ഒട്ടും  മുന്നൊരുക്കം നടത്തിയില്ല എന്നതാണത്.  ആ ഒരു സന്ദർഭത്തിൽ നമ്മുടെ ചിന്തകളിലേക്ക് വന്നത് അപ്പടി പറഞ്ഞു പോകുകയാണ് ചെയ്തത്.  കെ എം സഈദും, ടി.വി.ഹമീദും മാത്രം കുറച്ചു കൂടി തയ്യാറെടുപ്പു നടത്തി എന്ന് തോന്നി!

ഒപ്പിടി നിര്യനെ എന്ന ആശയം എന്ത് കൊണ്ടും ഗംഭീരമായിരുന്നു.  "പൊലിമ" യോട് താരതമ്യപ്പെടുത്താൻ കഴിയില്ല എങ്കിലും നാട്ടിലെ മിക്കവാറും ആളുകളും ഈ ഓൺലൈൻ ചർച്ചയിൽ  പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു.  ഗ്രൂപ്പിന്റെ റേറ്റിംഗ് പോയിന്റ്  പരിശോധിച്ചാൽ അത്  മനസ്സിലാകും.   ജില്ലയിലെ പ്രഗത്ഭരായ പലരെയും ഈ ചർച്ചയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.  അവരുടെയൊക്കെ അഭിപ്രായങ്ങൾ വിലപ്പെട്ടതായിരുന്നു. 

ഇവയൊക്കെ എന്റെ വ്യക്തിപരയമായ അഭിപ്രായങ്ങളാണ്, പരിപാടിയുടെ അവലോകനമല്ല. അവലോകനം സംഘടകർ നേരത്തെ നടത്തിയതാണ്. 

ഈ കുറിപ്പിനോടുള്ള വിയോജിപ്പുകളും വിമർശനങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.  ഈയൊരു പരിപാടിയുടെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം സംഘടകരെ അറിയിക്കുന്നു.

എസ്-എ

24-10-2022

🔳

Friday, October 7, 2022

യുഎഇ ഗവ: ഉദ്യോഗസ്ഥരായ രണ്ട് പട്ല സ്വദേശികൾക്ക് ഗോൽഡൻ വിസ ലഭിച്ചു

യു എ ഇ ഗോൽഡൻ വിസ ലഭ്യമാകുക എന്നത് ഇന്ന് വളരെ അഭിമാനകരമായ ഒരു അംഗീകാരമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കു യു എ ഇ നൽകുന്ന ഗോൾഡൻ വിസ 2019 ജൂണിലാണ് തുടങ്ങിയത്. 

ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകർ, സംരംഭകര്‍, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദേശരാജ്യങ്ങളിലെ പ്രശസ്തരായ വ്യക്തിത്വങ്ങൾക്കൊക്കെയാണ് ഇതു നൽകി വരുന്നത്.

പത്തു വർഷം കാലാവധിയുള്ള ഗോൽഡൻ വിസ ലഭിച്ചു കഴിഞ്ഞാൽ ദീര്‍ഘകാല ആസൂത്രണത്തോടെ യുഎഇയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാം എന്നതാണ് മെച്ചം!

യുഎഇയുടെ സാധാരണ വിസകള്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ വിസ കൈയിലുള്ളവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയടക്കം പത്തു വർഷത്തിന് ശേഷം മാത്രമാണ് അതു വേണ്ടി വരിക. കൂടാതെ മറ്റുള്ളവർക്കില്ലാത്ത ഒരുപാട് ആനുകൂല്യങ്ങളും ഗോൽഡൻ വിസ ഉള്ളവർക്ക് ലഭ്യമാകുന്നു.

പട്ല സ്വദേശികളായ ജേഷ്ടാനുജന്മാരായ ഹാരിസ് കൊല്ല്യ, അസീസ് കൊല്ല്യ എന്നിവർക്കാണ് ഇതിന് മുമ്പ് ഗോൽഡൻ വിസ ലഭിച്ചത്.

ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനം പരിഗണിച്ച്‌ അഷ്റഫ് ഫാർമസി സ്രാമ്പിക്കൽ(S/O മൊയ്തീൻ കുഞ്ഞി ഹാജി), അബൂബക്കർ ഫാർമസി (S/O ഫക്രുദ്ദീൻ) എന്നിവർക്ക് കൂടി ഗോൽഡൻ വിസ ലഭിച്ചിരിക്കുന്നു.

ഗോൽഡൻ വിസ ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.  ഒപ്പം അത് ലഭിക്കാൻ വേണ്ടി ശ്രമം നടത്തുന്ന എല്ലാ പട്ലക്കാർക്കും വിജയാശംസകൾ നേരുന്നു. 

എസ്-എ

11/11/22


🔲

Tuesday, September 27, 2022

വേർപാടിന്റെ വിങ്ങലിൽ!!

💕
വേർപാടിന്റെ വിങ്ങലിൽ!!

💠

ക്ഷണികമായ ജീവിതയാത്രയിൽ ഏറെ അടുത്തിരുന്ന എൻ്റെ പ്രിയതമയുടെ പ്രിയപ്പെട്ട  ഉപ്പ എ.ബി.മുഹമ്മദ്  (ബാരിക്കാട്) പടച്ചവനിലേക്ക് മടങ്ങിപ്പോയിരിക്കുന്നു.

സുഗന്ധപൂരിതമായ ഓർമകളുടെ പുതുവസ്ത്രങ്ങളോടെ കണ്ണുനനയിച്ച് കടന്നു പോയ പ്രിയപ്പെട്ടവരുടെ പട്ടികയിലേക്ക് അദ്ദേഹവും കടന്നുകയറിയിരിക്കുന്നു.

ഒരിക്കലും മങ്ങിപ്പോകാത്ത അദ്ദേഹത്തിൻ്റെ ഓർമ്മകൾ പൂക്കുന്ന വീടിൻ്റെ പൂമുഖം.  ആ പൂമുഖത്തെ കസേരയിൽ കഥയും കാര്യവും പറഞ്ഞിരുന്ന നാളുകൾ ഇനിയില്ല.  ഒക്കെയും പതിയെ അകന്നകന്നു പോയത് എത്ര വേഗതയിലായിരുന്നു. അങ്ങനെ ഒരുപാട്  കടപ്പാട് കാട്ടേണ്ടവരും വല്ലാതെ അടുപ്പം കാട്ടിയവരും തങ്ങളുടെ ഊഴം വെച്ച് തിരികെപ്പോയിരിക്കുന്നു. 

ഒരായുസ്സിന്റെ ഏറെ ഭാഗവും പ്രവാസത്തിൽ ചെലവാക്കിയ മനുഷ്യൻ!  ആയുസ്സിന്റെ വർഷ വസന്തങ്ങൾ മരുഭൂമിയിൽ രക്തം വിയർപ്പാക്കിയൊരാൾ. എങ്കിലും ഒരർത്ഥത്തിൽ അദ്ദേഹം ഭാഗ്യവാനായിരുന്നു.  സ്വന്തങ്ങളുടെയും ബന്ധങ്ങളുടെയും ഒരുമയിൽ അവസാന കാലം വലിയ പ്രയാസങ്ങളില്ലാതെ കഴിഞ്ഞു. 

സഹാനുഭൂതിയോടെ  കാണാനും കനിവോടെ ചേർത്ത് പിടിക്കാനും ആർദ്രതയോടെ ഒപ്പമിരുന്ന് കൊടുക്കാനും തുണയായി തണലായി മക്കളുടെയും വേണ്ടപ്പെട്ടവരുടെയും സാന്നിധ്യമുണ്ടായിരുന്നു.

സതീർത്ഥ്യരെല്ലാം ഏതാണ്ടരങ്ങൊഴിഞ്ഞ  കാലത്ത് ഉറ്റവരുടെ സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിൽ കഴിയാനാവുക എന്നത് ഭാഗ്യം തന്നെയാണല്ലോ!

ജീവിതത്തിന്റെ അടിസ്ഥാന രേഖയാണല്ലോ മരണം.

ഇന്ന് ഞാൻ അദ്ദേഹം ഇരുന്ന കസേരയിലേക്ക് ശൂന്യമായ മിഴികളോടെ അകലെ നിന്നും നോക്കുകയാണ്.  അദ്ദേഹം പറയാൻ ബാക്കിവെച്ച വാക്കുകൾ അവിടെ നിറകണ്ണുകളോടെ നില്കുകയാവാം.

എല്ലാവരും തിരികെ ചെല്ലേണ്ട ലോകത്ത് ചെയ്ത നന്മകൾ  അദ്ദേഹത്തിന് തണലായി തീരട്ടെ. പടച്ചവൻ അദ്ദേഹത്തിന്റെ സർവ്വ തെറ്റുകൾ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ..💕


എസ്-എ

26-09-2022

🔳

Thursday, September 22, 2022

ഭാരത് ജോഡോ യാത്ര!


🔲

ഭാരത് ജോഡോ യാത്ര!

©️

ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്നതാണ്  മുദ്രാവാക്യം.  എത്ര മനോഹരമാണ് ഈ മുദ്രാവാക്യം. ഇന്ത്യയുടെ, കോൺഗ്രസ്സിൻ്റെ സമീപകാല ചരിത്രത്തിൽ ഇത് പോലൊരു മുദ്രാവാക്യം കേട്ടിട്ടില്ല.

സ്വാതന്ത്ര്യ സമരകാലത്തു മുഴങ്ങി കേട്ട കോരിത്തരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത  മുദ്രാവാക്യം പോലെ ഇത് ജനഹൃദയങ്ങളിലേക്ക് പകരാൻ കഴിഞ്ഞാൽ ഇന്ത്യ ജയിക്കും.   ഒരു കാലത്ത് ഒരു ജനത നെഞ്ചേറ്റിയ പ്രസ്ഥാനം എല്ലാ പരിക്കുകളെയും അതിജയിച്ചു മുന്നേറണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  ഇന്ന് ഈ അവസ്ഥയിലെങ്കിലും നാം കാണുന്ന ഇന്ത്യ കോൺഗ്രസ്സിന്റെ സംഭവനയാണെന്നു കോൺഗ്രസ്സിനെ എതിർക്കുന്നവർ പോലും സമ്മതിക്കും. 

എന്ത് കൊണ്ടാണ് കോൺഗ്രസ്സ് ജനഹൃദയങ്ങളിൽ കുടിയേറിയത്? എങ്ങിനെയാണ്  കോൺഗ്രസ്സ് ജനങ്ങളുടെ ആവേശവും ആശ്രയവുമായി മാറിയത്?  അടിസ്ഥാന വർഗങ്ങളുടെ പ്രതീക്ഷയായിരുന്നു കോൺഗ്രസ്സ്. അന്നൊക്കെ കോൺഗ്രസ്സ് ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ തന്നെ അത് ബോധ്യപ്പെടുത്തും.  ഗരീബ് ഹഠാവോ, റോട്ടി കപടാ ഓർ മകാൻ പോലുള്ള എക്കാലത്തേയും സാധാരണക്കാരൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ശ്രമിച്ചതു കൊണ്ടാണ് കോൺഗ്രസ്സിന് ഭരണ തുടർച്ചകൾ ലഭിച്ചത്.  ആം ആദ്മി പാർട്ടിക്ക് ഈ അടുത്ത കാലത്തായി ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയെ വിലയിരുത്തിയാൽ അത് ബോധ്യപ്പെടും. ഒരു കാര്യം കൃത്യമാണ് വർഗീയതക്ക് ദീർഘകാലം പട്ടിണിയെയും ദാരിദ്ര്യത്തെയും മറികടക്കാനാവില്ല.  ഇന്ത്യയുടെ ആത്മാവ്  കെട്ടിപ്പടുത്തിരിക്കുന്നത് നെഹ്‌റു എന്ന വിശാലമായ കാഴ്ചപ്പാടുകളുണ്ടായാരുന്ന നേതാവിന്റെ നിലാപാട് തറയിൽ നിന്നാണ്.  

സത്യത്തിൽ നൂറു വർഷത്തിലധികം കാലത്തെ ചരിത്രം പറയാനുള്ള ഒരു പ്രസ്ഥാനത്തിനു കാലം ഏല്പിച്ച ചില പരിക്കുകൾ ഉണ്ട്.  അതിനെ അഡ്രസ് ചെയ്യാൻ കഴിയാതെ പോയ ഒരു നേതൃത്വവും.  പ്രധാനമായും സ്ലീപ്പർ സെല്ലുകൾ ഏല്പിച്ച ആഘാതമാണത്.  സൂക്ഷമമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഹിന്ദുത്വ ഫാസിസം നിരന്തരം അതിഗൂഢമായി ഇത്രയും കാലം പണിയെടുക്കുകയായിരുന്നു.  സ്വാഭിവികമായും നീണ്ടകാലം തുടർച്ചയായി ഭരിക്കുന്ന കക്ഷി എന്ന നിലയിൽ തുടക്കം മുതൽക്ക് തന്നെ കോൺഗ്രസ്സ് ടാർഗറ്റ് ചെയ്യപ്പെട്ടു എന്നതാണ് വസ്തുത.  ഏറ്റക്കുറച്ചിലുകളിലൂടെ സി പി എം അടക്കമുള്ള മറ്റു പാർട്ടികളും ടാർഗറ്റ് ചെയ്യപ്പെട്ടു! ഏതു പാർട്ടിക്കകത്തും നുഴഞ്ഞു കയറി തങ്ങളുടെ താല്പര്യങ്ങൾ പാർട്ടി പോളിസികളായി പോലും മാറ്റിയെടുക്കാൻ കഴിഞ്ഞതും, കഴിയുന്നതും അത് കൊണ്ടാണ്.

കോൺഗ്രെസ്സിനായാലും മറ്റേത് പാർട്ടികൾക്കായാലും പ്രതിരോധിക്കാൻ എളുപ്പ വഴികൾ ഒന്നും ഇല്ല.  ഹിന്ദുത്വ വർഗീയതയോടുള്ള സോഫ്റ്റ് കോർണർ ആണ് സംഘ് പരിവാർ എന്ന ഹാർഡ്കോർ ഫാസിസ്റ്റുകളെ തളക്കാനുള്ള സൂത്രം എന്നാണ് പലരും കരുതുകയും പ്രാവർത്തികമാക്കി കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്.  അതിന്റെ റിഹേഴ്സലുകളാണ് ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നത്! വിട്ടു വീഴ്ചകളില്ലാതെ ഫാസിസത്തെ ആര് നേരിടുന്നുവോ അവർക്ക് തീർച്ചയായും ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയും.  അല്ലാതെ കുറുക്കു വഴികളും ചെപ്പടി വിദ്യകളും കൊണ്ട് നേരിടാവുന്ന ഒരു ശക്തിയല്ല ഇന്ന് ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എല്ലാവര്ക്കും നല്ലതാണ്. 

താൽക്കാലികമായ ഭൂതകാലങ്ങളോട് കലഹിക്കുകയും ചരിത്രത്തെയും നാം നടന്നു തീർത്ത വഴികളെയും കുറിച്ച് ലവലേശം ചിന്താവിധേയമാക്കാത്ത ഒരു രാഷ്ട്രീയ പരിസരമാണ് ഇന്നുള്ളത്.  ഇവിടെ നാം ചർച്ച ചെയ്തു തിമർത്താടുന്നത് കഴിഞ്ഞ മണിക്കൂറുകളിൽ എത്ര തീവണ്ടികൾ വൈകിയോടി എന്നതു പോലുള്ള  ഡാറ്റ വെച്ചുകൊണ്ടുള്ള വളരെ നേർത്ത ഫ്രെമിനകത്ത് നിന്നുകൊണ്ടാണ്.  കണക്കും ഭാവനയും യാഥാർത്ഥ്യവും മത്സരിക്കുമ്പോൾ ലഭിക്കുന്ന താൽകാലിക ജയപരാജയങ്ങളിലാണ്  നമ്മൾ അഭിരമിക്കുന്നത് എന്ന് കാണാം. സൂക്ഷ്മ രാഷ്ട്രീയത്തിൽ അതൊക്കെയും പലതും ഒളിപ്പിച്ചു വെക്കാനുള്ള അടവുകളാണെന്നു നാം തിരിച്ചറിയുന്നില്ല.

എല്ലാ പാർട്ടികളിലെയും ഭൂരിപക്ഷം വരുന്ന വൃദ്ധ നേതൃത്വങ്ങളും സ്വാർത്ഥത മാത്രം കൈമുതലുള്ള നേതാക്കളുമാണ് പ്രശ്നങ്ങളുടെ ആണിക്കല്ലുകളായി പ്രവർത്തിക്കുന്നത് എന്ന് കാണാം.  ജീവിതത്തിന്റെ സായം സന്ധ്യയിൽ അധികാരത്തിന്റെ മഞ്ചലിലേറി സ്വസ്ഥമായി ജീവിച്ചു മരിക്കാൻ എല്ലാ വൃത്തി കേടുകളോടും രാജിയാവാതെ അവർക്ക് വേറെ വഴികളില്ല എന്നവർ കരുതുന്നു. രാഷ്ട്രീയ  മൂല്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്ന ഇത്തരം നേതൃത്വങ്ങളിൽ നിന്നും രക്ഷപ്പെടാൻ പാർട്ടികൾക്ക് കഴിയണം ആദർശങ്ങളും ആശയങ്ങളും  പണയം വെക്കാത്ത, കറപുരളാത്ത സംശുദ്ധമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന  നേതൃത്വത്തിൽ മാത്രമാണ് പ്രതീക്ഷയുള്ളത്.  രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയുണ്ട്.  ജോഡോ  യാത്ര ഇന്ത്യയെ ഒന്നിപ്പിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യട്ടെ!.


എസ്-എ✍️

22-09-2022

🔳

സാബിർ! സമൂഹത്തിനു കനിവും കരുത്തുമായൊരാൾ! 💕


സാബിർ!      

സമൂഹത്തിനു കനിവും കരുത്തുമായൊരാൾ!

💕

ചെയ്തു കൂട്ടിയ ഒരായിരം നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി സാബിർ നെല്ലിക്കുന്ന് പടച്ചവൻ്റെ തിരുസന്നിദ്ധിയിലേക്ക് യാത്രയായി.

ഒരാൾ പെട്ടെന്നൊരു ദിനം എന്നെന്നേക്കുമായി പിരിഞ്ഞു പോകുമ്പോൾ, ഒപ്പമുണ്ട് എന്ന് എല്ലായ്പ്പോഴും വാക്കു കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും തൈര്യപ്പെടുത്തിയൊരാൾ യാത്രാമൊഴി പോലും പറയാതെ അകലങ്ങളിലേക്ക് മാഞ്ഞു പോകുമ്പോൾ നമുക്ക് നിശബ്ദമായി കരയാൻ മാത്രമാണ് കഴിയുക!

സാബിർ ഭായ് എനിക്കാരായിരുന്നു എന്നു ചോദിച്ചാൽ ബോസ്, സുഹൃത്ത്, സഹോദരൻ അങ്ങനെ പലതുമായിരുന്നു.   ഒരിക്കൽ പരിചയപ്പെട്ട ആളുകൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരായിരം കഥകൾ പറയാനുണ്ടാകും!   ഗൾഫിലെ എ എം ടി  എന്ന ബിസിനസ് സ്ഥാപനത്തിന്റെ പേര് കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ആദ്യം ഓടിയെത്തുക സാബിർ ഭായിയുടെ പേരായിരിക്കും. എളിമ കൊണ്ടും ദൈവ ഭയം കൊണ്ടും ജീവിതം അടയാളപ്പെടുത്തിയ നിഷ്കളങ്കനായ മനുഷ്യ സ്‌നേഹി.  ഒരാളോടും പകയില്ലാതെ നിറഞ്ഞ തെളിമയുള്ള മനസ്സോടെ അകാലത്തിൽ നടന്നു നീങ്ങി. നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കും എന്നു പറയാറുണ്ടല്ലോ!!

ഞങ്ങൾ തമ്മിൽ നീണ്ടകാലത്തെ പരിചയവും ഹൃദയബന്ധവുമുണ്ട്. .  ബിസിനസ് ജീവിതത്തിലെ ജയാ പരാജയങ്ങളും, വ്യക്തി ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങൾ പോലും വളരെ വിശദമായി പങ്കുവെക്കുമായിരുന്നു.  അസുഖബാധിതനാകുന്നതിന്റെ ഒരാഴ്ച മുമ്പ് പോലും ദീർഘമായി സംസാരിച്ച വോയിസ് ക്ലിപ്പുകൾ ഉണ്ട്.  ഇനിയത് വീണ്ടും കേൾക്കാനുള്ള കരുത്തില്ല.   

പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചു കൊണ്ട് അതൊക്കെയും വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്താണ് പടച്ചവൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നത്.  സാബ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ആയിരുന്നു.  

വലുപ്പ ചെറുപ്പമില്ലാതെ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പലർക്കും കഴിയാറില്ല. അവിടെയാണ് സാബിർ ഭായ് വ്യത്യസ്തനാകുന്നത്. ജാഡ കൊണ്ട് മുഖം തിരിക്കുന്നവരുടെ ലോകത്ത് ഒട്ടും അഭിനയമോ അഹങ്കാരമോ ഇല്ലാതെ ജീവിച്ചു. ചോദിച്ചു വരുന്നവർക്ക് നല്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്.  ഒന്നും ചോദിക്കാതെ നിശബ്ദം കരയുന്നവരുടെ അകക്കണ്ണ് കാണാനുള്ള കഴിവുണ്ടായിരുന്ന അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.

മനസിന്റെ സങ്കുചിത്വങ്ങളിൽ നിന്നും മുക്തി നേടുന്നവർ ആരാണോ അവരാണ് വിജയികൾ എന്ന് ഖുർആൻ പറയുന്നുണ്ട്. താങ്കൾ ചെയ്ത ദാനധർമങ്ങൾ പരലോകത്തു തുണയാകട്ടെ.. നന്മകൾ മാത്രം തണലാകുന്ന ലോകത്ത് താങ്കൾ വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടട്ടെ.

പ്രിയപ്പെട്ട സാബിർ ഭായ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും!!  പടച്ചവന്റെ സന്നിധിയിൽ താങ്കൾക്ക്  ഉന്നതമായ സ്ഥാനം ലഭിക്കട്ടെ.  കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള  കരുത്തു ഉണ്ടാവട്ടെ..


എസ്-എ

17-09-2022


🔳

Tuesday, September 20, 2022

നൊടിക്കവിതകൾ

നൊടിക്കവിതകൾ 

💠

സുനാമി

  • കടലിനോട് കലഹിച്ച തിരകളെല്ലാം 
  • ഒരുനാൾ കടൽ വിട്ടോടി കരയിലെത്തി! 

മെഴുകുതിരി 

  • കത്തിയാളിയ നാളങ്ങളറിയുമോ 
  • കരഞ്ഞു കൊണ്ടോടിയ കണ്ണീരുകളെ!

മാന്യത 

  • ഓടിച്ചു കടിയ്ക്കാൻ വരുമ്പോൾ 
  • തൂങ്ങി നില്ക്കാൻ ഒരു മരച്ചില്ല!

ദൈവം 

  • ഇമവെട്ടാത്ത നോട്ടം 
  • നിന്നെയുമെന്നെയും 
  • മനസ്സിലെ മസിൽ ഒന്നഴിച്ചു വിടൂ 
  • വാതിക്കലാരോ മുട്ടുന്നൂ!

കാലം 

  • കാലിട്ടടിച്ചതോർമ്മയില്ല 
  • മുട്ടിലിഴഞ്ഞതും; 
  • സങ്കടക്കരച്ചിൽ 
  • അന്നുമുണ്ടിന്നും.

മരണം 

  • അപ്പുറത്തേറെ പ്രിയപ്പെട്ടൊരാൾ 
  • കാത്തിരിക്കുന്നു 
  • ഇപ്പുറത്തേറെ പ്രിയപ്പെട്ടൊരാൾ 
  • കരഞ്ഞുകൊണ്ടേയിരിക്കുന്നു.

ജീവിതം 

  • നടന്നു നടന്നു 
  • കണ്ടു കണ്ടു 
  • വിണ്ടു കീറിയ കാലും 
  • കണ്ടുറങ്ങിയ കണ്ണുകളും!

എഴുത്ത് 
  • ഞാനൊറ്റക്കായപ്പോൾ 
  • എനിക്ക് വേണ്ടി വാദിക്കാൻ 
  • ഒരു വക്കീൽ


സ്വപ്‌നങ്ങൾ 

  • കുടിച്ചു വറ്റിച്ച കൈപ്പുനീർ 
  • കുഞ്ഞരുവിയായി ഒഴുകുന്നു.

ചർച്ച 

  • ഹാ ഹാ ഞാൻ ജയിച്ചു 
  • ഹോ ഹോ നീ തോറ്റു.

എസ്-എ


💠

Tuesday, September 13, 2022

ഇവിടെ ഇങ്ങനെയാണ് ഭായ്!

 


ഇവിടെ ഇങ്ങനെയാണ് ഭായ്!

💠

എല്ലാ നന്മകളും സാമൂഹികമായ നവജാഗരണത്തിനു തിരികൊളുത്തും. പുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന കാര്യത്തിൽ നമ്മളെന്നും മുന്നിലാണ്. നാട്ടിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ കുറെയേറെ നല്ല കാര്യങ്ങൾക്കായി പൊതുവായി നടന്ന ധന സമാഹരണത്തിന്റെ കണക്കെടുത്താൽ അത്  ബോധ്യപ്പെടും. 

അപരന്റെ ദുഃഖത്തിൽ പങ്കു ചേരുക അവരുടെ കണ്ണീരൊപ്പാൻ കൈകോർക്കുക, എല്ലാ നല്ല പ്രവർത്തികളിലും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നൽകുക.  ഇത് ഒരു കടമയായി കണ്ടുകൊണ്ട് ഞാനാദ്യം എന്ന രീതിയിൽ മത്സരിക്കുക ഒരു പക്ഷെ എല്ലാ പ്രദേശങ്ങളിലും മൊത്തം ജനത അങ്ങനെയായിക്കൊള്ളമെന്നില്ല.  പക്ഷെ പട്ല ഈ വിഷയത്തിൽ വേറൊരു ലെവലാണ്.  വേറിട്ട മാതൃകയാണ്! 

സ്നേഹാനുകമ്പയും മാനുഷികതയും  പ്രകടമാവുന്ന സമൂഹത്തിൽ തിന്മകൾക്ക് വളരാൻ ഇടം ലഭിക്കില്ല. തിന്മയെ തടയാൻ വേറെ സംവിധാനങ്ങളുടെ ആവശ്യമില്ല.  ഇത് പോലുള്ള പുണ്യ  പ്രവർത്തനങ്ങൾ അധികാരിപ്പിച്ചാൽ മാത്രം മതിയാകും.  നാടിനെയും  നാട്ടുകാരെയും  ബാധിക്കുന്ന ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ അതുവഴി സാധ്യമാകും. 

അല്ലാഹുവിന്റെ കാരുണ്യ കടാക്ഷം ലഭിക്കാൻ ഇതൊക്കെ തീർച്ചയായും ഉതകും.  നമ്മുടെ മക്കൾ, കുടുംബങ്ങൾ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടാൻ നിരാലംബരായ മനുഷ്യരുടെ പ്രാർത്ഥനകൾ മതിയാകും.

ദിവസങ്ങൾക്കു മുമ്പ് ഒരാവശ്യം മുന്നിൽ വെക്കുന്നു.  കുട്ടികൾക്ക് സ്‌കൂളിൽ കുടിവെള്ള സൗകര്യമൊരുക്കാൻ കൂലർ (Water Cooler) അത്യാവശ്യമാണ്. ഏകദേശം നാല്പതിരായിരം രൂപയോളം ചിലവ് വരുന്ന പദ്ധതിയാണ്.  ആവശ്യം മുന്നിൽ വെക്കേണ്ട താമസം ഞൊടിയിടയിൽ സഹായ ഹസ്തവുമായി ഒന്നിൽ കൂടുതൽ അഭ്യൂദയകാംക്ഷികൾ അതേറ്റെടുക്കാൻ താല്പര്യം അറിയിക്കുന്നു. നന്മയിൽ മത്സരിക്കാൻ ഇതു പോലെ മുന്നിട്ടിറങ്ങുന്നവർ അപൂർവ്വമായിരിക്കും.

ഇങ്ങനെ എത്രയോ സംരംഭങ്ങൾക്ക് മാനസികവും ശാരിരികവും സാമ്പത്തികവുമായ പിന്തുണയും സഹകരണവും നൽകിയ നന്മയുള്ള മനുഷ്യരാണ് നമ്മുടെ നാടിൻ്റെ ഐശ്വര്യം!

ഭയപ്പെടേണ്ടതില്ല! നന്മയുടെ ഉറവവറ്റാത്ത,ഹൃദയവിശാലതയുടെ,കാരുണ്യത്തിൻ്റെ നിറ വസന്തം ചൊരിയുന്ന അനേകം നല്ല മനുഷ്യരുടെ നാടാണിത്!

എത് പ്രയാസ ഘട്ടങ്ങളിലും അശരണരുടെ ആശ്രയവും അത്താണിയുമായി ഇവിടെ മനുഷ്യരുണ്ട്. ഇവിടെയുള്ള ജനങ്ങൾ ഇങ്ങനെയാണ്!

അതെ ഇവിടെ ഇങ്ങിനെയാണ് ഭായ്..

എസ് - എ

10/09/2022

🔳

Monday, September 12, 2022

ഫിദ ഫാത്തിമയും റീം അബ്ദുല്ലയും!

 


ഫിദ ഫാത്തിമയും

റീം അബ്ദുല്ലയും!

©️


പട്ലയിലെ ഫിദ ഫാത്തിമയും റീം അബ്ദുല്ലയും നീറ്റ് പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിരിക്കുന്നു എന്നതാണ് ഇന്ന് കേട്ട ഏറെ സന്തോഷം നൽകുന്ന പുതു വർത്തമാനം!.


നീറ്റ് എന്നത് യോഗ്യത പരീക്ഷയാണ്.  സ്വകാര്യ മെഡിക്കൽ കോളേജുകളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രവേശനം നേടുന്നതിനാവശ്യമായിട്ടുള്ള ഒരു യോഗ്യതാ പരീക്ഷ.  എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്,ബി.എ.എം.എസ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ നീറ്റ് നല്ല മാർക്കോട് കൂടി ജയിച്ചിരിക്കണം എന്നത് നിബന്ധനയാണ്.  


മുമ്പൊക്കെ  മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തിൽ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ് പാസ്സാകണമായിരുന്നു.  ഒപ്പം മറ്റു പല പരീക്ഷകളും.  കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ അവരുടേതായ പല പ്രേവേശന പരീക്ഷകളും ഉണ്ടായിരുന്നു. ഇതൊക്കെ ഏകീകരിച്ചു കൊണ്ടാണ് അഖിലേന്ത്യ തലത്തിൽ നീറ്റ് ( National Eligibility Entrance Test (NEET) ) പരീക്ഷ കൊണ്ട് വരുന്നത്.


കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ഉയർന്ന വിദ്യാഭ്യാസം നേടിയ ആളുകൾ തുലോം തുച്ഛമായിരുന്ന ഒരു പ്രദേശം!വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയവർ പേരിനു മാത്രമുണ്ടായിരുന്ന ഒരു നാട്!  ഇന്ന് അഭിമാനകരമായ നേട്ടവുമായി വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പിന് തന്നെ സാക്ഷ്യം വഹിക്കുകയാണ്.  പഴയ തലമുറക്ക് വിദ്യാഭ്യാസം എന്നാൽ എഴുതാനും വായിക്കാനും പഠിക്കുക എന്നത് മാത്രമായിരുന്നു.  അന്ന് പലരും പറയുന്നത് നേരിട്ട് കേട്ടിട്ടുണ്ട് "എഴുതാനും വായിക്കാനും അറിയാം, ഇനിയിപ്പോൾ അവൻ പഠിച്ചിട്ട് ഡോക്ടറും കലക്ടറുമൊന്നുമാകാൻ പോകുന്നില്ലല്ലോ" ഈയൊരു മനസ്ഥിതിയെയാണ് പുതുതലമുറ  പൊളിച്ചെഴുതിയി രിക്കുന്നത്.  മാറ്റം വെറുതെ ഉണ്ടായതല്ല.  അതിന്റെ പിന്നിൽ നിരന്തരമായ ബോധവൽക്കരണവും സമൂഹം നേടിയെടുത്ത സാമ്പത്തിക സ്വാന്ത്ര്യവും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.


വിദ്യാഭ്യാസം നേടുന്ന കാര്യത്തിൽ ഭൗതികം മതപരം എന്ന വേർതിരിവിന് പ്രസക്തിയേയില്ല.  രണ്ടും അനിവാര്യമായി ഒരാൾ നേടിയിരിക്കുക എന്നത് വിവേകവുള്ള ഒരു സമൂഹത്തിന്റെ നിർമിതിക്കും നിലനിൽപ്പിനും അത്യാവശ്യമാണ്. അങ്ങനെയുള്ള കുറെയധികം ആളുകൾ ഉയർന്നു വരുന്നു.  നാട് പുതിയൊരു കുതിപ്പിന് സാക്ഷ്യം വഹിക്കുന്നു.  അനേകം ഖുർആൻ പഠിതാക്കൾ, വ്യത്യസ്ത ബിരുദങ്ങൾ നേടിയവർ അതിനനുസരിച്ചു ഉദ്യോഗം ലഭിച്ചവർ.  പുതിയ പട്ല ഉദയം കൊള്ളുകയാണ്.  അവരാണ് ഇനി നാടിന്റെ പുതു ചരിത്രം  പോകുന്നവർ! നാടിനെ മുന്നിൽ നിന്ന് നയിക്കാൻ പോകുന്നവർ!!


പട്ലയുടെ വിദ്യാഭ്യാസ കുതിപ്പിനെ പറ്റി പറയുമ്പോൾ എന്നും ഓർമകളിലേക്ക് ഓടിയെത്തുന്ന ഒരു നാമമുണ്ട്. മൻബഹുൽ ഹിദായ മദ്രസയുടെ പ്രധാനാധ്യാപകനായിരുന്ന അബൂബക്കർ മൗലവി, പടലയുടെ വിദ്യാഭ്യാസ നവോത്ഥാന വഴികളില്‍ ജീവിതം അടയാളപ്പെടുത്തിയ ഒരു വലിയ മനുഷ്യൻ.  പഠിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും അതൊരാളുടെ ജീവിതത്തിൽ ചെലുത്തേണ്ട സ്വാധീനത്തെ കുറിച്ചും അദ്ദേഹം നാട്ടുകാരെ നിരന്തരം ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അത്തരം ദീർഘ വീക്ഷണമുള്ള കുറെ ആളുകൾ വെട്ടിത്തെളിച്ച വഴികളാണ് ഇന്നത്തെ രാജപാതകൾ!


റീം അബ്ദുല്ല പ്രമുഖ ഗൾഫ് വ്യവസായിയും യുഎഇ ലെ Chicken Hut ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻ്റ് മേധാവിയുമായ എച് കെ അബ്ദുല്ല സാഹിബിന്റെ മകളാണ്.


ഫിദ ഫാത്തിമ നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന എം.കെ.ഹാരിസ് സാഹിബിന്റെ മകളും. 


രണ്ടു പേരെയും ഒപ്പം അവർക്ക് പ്രചോദനവും വഴികാട്ടികളുമായ മാതാപിതാക്കളെയും അഭിനന്ദിക്കുന്നു.  രണ്ടു പേരുടെയും മെഡിക്കൽ പ്രവേശനം എന്ന ആഗ്രഹം പൂവണിയട്ടെ.  സമൂഹത്തിനു ഉപകാരപ്പെടുന്ന നല്ല മനുഷ്യരായി നല്ല ഡോക്ടർ മാരായി ഉന്നതമായ സ്ഥാനങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.


എസ്-എ

08-09-2022

🔳

Friday, September 2, 2022

വിധേയത്വം


വിധേയത്വം 

©️


ഉയരത്തിലുയർത്തിയ പതാക

കാറ്റിൽ താഴെ വീണാൽ 

ബലിക്കല്ലിൽ നിന്റെ 

പേരെഴുതിവെക്കുന്ന 

ഒരു പ്രാചീന ആചാരം ഇവിടെ 

നിലവിലുണ്ട്. 


കുലം നോക്കി 

അക്കരെ കടത്തുന്ന 

ഒരു തോണി നിന്റെ 

വരവും കാത്തിരിക്കുന്നുണ്ട്. 


രോഷത്തിന്റെ ഭാഷ 

പട്ടികളിൽ നിന്നെങ്കിലും 

കണ്ടു പഠിക്കണം


തടവറയിൽ നിന്നും 

ശബ്ദമുണ്ടാക്കാതെ പുറത്തു കടക്കുക 

നുറുങ്ങു വെട്ടം കാണുന്നിടത്ത് 

പതിയിരിക്കുക.


തോണി ഉലഞ്ഞാടുന്നതും 

ബലിക്കല്ല്

അപ്രത്യക്ഷമാകുന്നതും 

നീ കാണും.


എസ്-എ


🔲

കടൽ


കടൽ

©️


നീന്തി നീന്തി 

നിന്നിലേക്ക് ദൂരം കുറഞ്ഞു.

നോക്കി നോക്കി 

കണ്ണുകൾ നനഞ്ഞു.


വേച്ചു വേച്ചു 

നടന്ന കാലുകൾ 

തിരകളെ പേടിച്ചു 

ഓടി ഓടിത്തളർന്നു. 


പെരുമഴയത്ത് നനഞ്ഞു 

കുതിർന്നതൊക്കെയും 

സങ്കടപ്പുഴകളായ് 

ഒഴുകി ഒഴുകി എത്തി. 


കടലോളം കരൾ തന്നു 

കടലായി മാറി ജീവിതം.


എസ്-എ✍️


🔲

Saturday, August 13, 2022

ചീര


 


ചീര

©️


ചീര-കാബേജ് -കാരറ്റ്

കഞ്ചാവ്

ഇക്കാലത്തു 

പച്ചക്കറികൾ പലവിധം!!


ലഹരിയാണ് 

ഒന്ന് കൈമാറിയാൽ 

ലക്ഷങ്ങൾ കിട്ടും

പണിയെടുക്കേണ്ട 

കാശു കിട്ടും.


ലഹരിയാണ് 

തലക്ക് ഭ്രാന്ത് പിടിക്കും 

മയങ്ങും 

മയക്കത്തിലൂടെ മരിക്കും.


മരണമാണ് 

എല്ലാവരും അവിടെ എത്തും 

തിന്മ കൊണ്ടും,നന്മ കൊണ്ടും

പരീക്ഷിക്കും  

പോകേണ്ട സ്ഥലം

കൃത്യമാണ്!


എസ്-എ


🔲

Friday, August 12, 2022

പിറകിൽ ഒന്നുമില്ലായിരുന്നു.!


പിറകിൽ ഒന്നുമില്ലായിരുന്നു.!

©️

കരഞ്ഞില്ല 
ഇനി ഉമ്മ ഇല്ല 
എന്നറിഞ്ഞപ്പോൾ! 


കരഞ്ഞില്ല 
കൃത്യം പതിനൊന്നു മണിക്ക് 
മയ്യത്ത് നമസ്കരിക്കും 
എന്നെഴുതി 
തീർത്തപ്പോൾ.


കരഞ്ഞില്ല 
കബർ തയ്യാറായോ 
എന്നാരോ 
ചോദിച്ചപ്പോൾ. 


കരഞ്ഞില്ല 
മയ്യിത്ത് കട്ടിൽ കൊണ്ടുവരാൻ 
ആരെങ്കിലും പോയോ എന്ന് ചോദിച്ചപ്പോൾ.  


കരഞ്ഞില്ല 
മയ്യിത്ത് 
കബറിലെടുത്തപ്പോൾ, 
മൂന്ന് പിടി മണ്ണിട്ടപ്പോൾ.


അവസാന പ്രാർത്ഥനയും കഴിഞ്ഞു 
ഒറ്റക്ക് തിരിച്ചു നടക്കുമ്പോൾ 
പിറകിലേക്ക് ഒന്നറിയാതെ 
നോക്കിയപ്പോൾ മാത്രം കരഞ്ഞു!!

പിറകിൽ ഒന്നുമില്ലായിരുന്നു!


🔲

لم يكن هناك أي شيء ورائي!

🔳


ما بكيت

عندما أدركت 

بأن أمي لا تعيش بعد! 


ما بكيت

عندما تخلصت من الكتابة

بأن صلاة الجنازة 

سوف تتم في تمام الساعة الحادية عشر بالضبط!


ما بكيت

عندما سألني أحد بأن القبر جاهز؟



ما بكيت

عندما سئلت عما 

إذا كان أي شخص قد ذهب

لجلب عربة الموتى


ما بكيت

عندما نقلت الجثة إلى القبر

وعندما رميت ثلاث لقيمات من التربة!  



بكيت فقط

بمجرد النظر إلى الوراء 

عند مشيي منفردا

بعد الإنتهاء من الصلاة الأخيرة!

 

لم يكن هناك أي شيء ورائي!


- للشاعر الهندي: اس أبوبكر

- تعريب: عبد الغفور نيراتاريكيل


🔲

Saturday, August 6, 2022

ഖുർആൻ എന്ന കടലിൻ്റെ ആഴങ്ങളിൽ നിന്നും മുത്തുകൾ ചികയുന്നവർ!

 ഖുർആൻ എന്ന കടലിൻ്റെ ആഴങ്ങളിൽ നിന്നും മുത്തുകൾ ചികയുന്നവർ!

©️

പട്ലയിൽ നിന്നും ഒരാൾ കൂടി ഖുർആനിന്റെ ശാദ്വല തീരത്തേക്ക് ,വിജയത്തിന്റെ പച്ചപ്പിലേക്ക്  നടന്നു കയറി. അബ്‌നു എന്ന പി അബൂബക്കർ ആണ് ആ മിടുക്കൻ!

അബ്നു, ഖുർആനിലെ 114 സൂറത്തുകളും 6236 ആയത്തുകളും മന:പാഠമാക്കിയിരിക്കുന്നു.  ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും വലിയ അധ്യായമായ അൽ- ബഖറ മുതൽ ഏറ്റവും ചെറിയ അധ്യായമായ അൽ-കൗസർ വരെ കാണാതെ പഠിച്ചിരിക്കുന്നു എന്നർത്ഥം!

പ്രഗത്ഭ  പണ്ഡിതനും ഹസനത്തുൽ ജാരിയ (കണ്ണാടി പള്ളി) മസ്ജിദ് ഖത്തീബുമായാ അത്വീഖ് റഹ്മാൻ മൗലവിയുടെ നേതൃത്വത്തിലുള്ള Darul Hikmah Institute of Quran and Science-Kasaragod ൽ നിന്നുമാണ് അബൂബക്കർ  ഖുർആൻ മനഃപാഠമാക്കി പുറത്തിറങ്ങുന്നത്.  നാല് വർഷത്തെ പരിശീലനവും പരിശ്രമവും അതിന്റെ പിന്നിലുണ്ട്.  ദാറുൽ ഹിക്മയിൽ നിന്നും ഖുർആൻ മനഃപാഠമാക്കി പഠനം പൂർത്തിയാക്കുന്ന  പട്ലയിലെ രണ്ടാമത്തെ വിദ്യാർത്ഥിയാണ് പതിനഞ്ചു വയസ്സു പ്രായമുള്ള അബൂബക്കർ.   ആദ്യത്തെയാൾ  ബി.ബഷീർ പട്ലയുടെ മകൻ സൽമാൻ ബഷീർ ആയിരുന്നു.

ഈയ്യടുത്ത കാലത്ത് വ്യത്യസ്ഥ പഠന കേന്ദ്രങ്ങളിൽ നിന്നും ഖുർആൻ മന:പാഠമാക്കിയ കുറെ കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.  അവരൊക്കെയും ഖുർആൻ പഠനരംഗത്ത്

കൂടുതൽ ഉയരങ്ങൾ കീഴടക്കി നാടിനും നാട്ടുകാർക്കും ജനങ്ങൾക്കൊക്കെയും വെളിച്ചമായി മുന്നിൽ നിന്നും നയിക്കാനുള്ള സൗഭാഗ്യമുണ്ടാകട്ടെ.

 ഖുർആനെ കുറിച്ചുള്ള ഒരു പ്രവാചക വചനം ഇങ്ങനെയാണ്.  അതില്‍ നിങ്ങളുടെ മുന്‍ഗാമികളുടെ ചരിത്രമുണ്ട്. വരാന്‍പോകുന്നവരുടെ വൃത്താന്തങ്ങളുമുണ്ട്. നിങ്ങള്‍ക്ക് മുമ്പിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള വിധി തീര്‍പ്പുകളും അതിലുണ്ട്. യുക്തിഭദ്രമായ ഉല്‍ബോധനവും സന്മാര്‍ഗ സരണിയും ആണത്.

ഏകാന്തതയിൽ ഒരാളുടെ കൂട്ടുകാരൻ ഖുർആൻ ആകണം, സന്തോഷത്തിലും സങ്കടങ്ങളിലും അത് കൂടെയുണ്ടാകും.

പ്രവാചകൻ പറഞ്ഞു.  'ഇന്നയിന്ന സൂക്തങ്ങള്‍ ഞാന്‍ മറന്നുപോയി എന്ന് പറയുന്നത് ചീത്ത വര്‍ത്തമാനമാണ്. ശിക്ഷാ നടപടിയെന്നോണം അല്ലാഹു മറപ്പിച്ചതാണത്. കയറുപൊട്ടിച്ച് കടന്നുകളയുന്ന ഒട്ടകത്തെ പോലെ ആളുകളുടെ ഹൃദയത്തില്‍നിന്ന് കുടിയിറങ്ങിപ്പോകും അത്. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കണം'

അബൂബക്കർ.പി എഴുത്തുകാരനും ഗ്രന്ഥകാരനുമായ സലിം പട്ലയുടെയും ഫർസാനയുടെയും നാലു 


മക്കളിൽ മൂത്തയാളാണ്.

പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മർഹും പി.എം.അബുബക്കർ (അക്കച്ച) യുടെ പൗത്രനാണ്.  അസ്ലം മാവിലയുടെ സഹോദര പുത്രനും.  

സലിമിൻ്റെ ഉമ്മയുടെയും (മറീഞ്ഞ) കുടുംബക്കാരുടെയൊക്കെ ഖുർആനിനോടുള്ള താല്പര്യവും ആഗ്രഹങ്ങളുമാണ് സഫലമാകുന്നത്.  പിന്തുണയുമായി കൂടെ നിന്ന മാതാപിതാക്കളെയും മറ്റും പടച്ചോൻ അനുഗ്രഹിക്കട്ടെ..

ഖുർആൻ്റെ നേർവഴിയിലൂടെ നടക്കാൻ നമുക്കേവർക്കും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

അബ്നുവിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു.

എസ്-എ

05-08-2022

🔲

Friday, August 5, 2022

 


മമ്മുക്കുച്ച, ഓർമ മാത്രമാകുമ്പോൾ!

©️

പട്ലയിൽ നിന്നുള്ള ആദ്യകാല ഗൾഫ് പ്രവാസികളിലെ ഒരു പ്രധാന കണ്ണി കൂടി ഓർമയായി! മമ്മുക്കുച്ച പടച്ചവന്റെ തിരുസവിധത്തിലേക്ക് യാത്ര പോയിരിക്കുന്നു. ജീവിതം തന്നെ പ്രവാസമാക്കിയ മനുഷ്യൻ പരിഭവങ്ങളില്ലാതെ പടിയിറങ്ങി!'

മമ്മുക്കുച്ച എന്ന കരോടി മുഹമ്മദ്‌ച്ചയെ എന്റെ ചെറുപ്പം മുതലെ അറിയാം. എന്റെ ഉപ്പാന്റെ സുഹൃത്തുക്കളിലൊളാരായിരുന്നു. ഒരുപാട് കാലം അവർ ഒന്നിച്ചു ഒരേ റെസ്റ്ററ്ന്റിൽ ജോലി ചെയ്തു. ഒരേ റൂമിൽ താമസിച്ചു. ഉപ്പാന്റെ അടുത്ത സൗഹൃദവലയങ്ങളിലെ  അവസാനത്തെയാൾ കൂടി കാലയവനികക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു. 

എൺപതുകളിൽ ഗൾഫിൽ നിന്നും മമ്മുക്കുച്ച നാട്ടിലേക്ക്  വരുമ്പോൾ ഉപ്പ അദ്ദേഹത്തിന്റെ കൈവശം കുറെയേറെ സാധനങ്ങൾ കൊടുത്തയക്കുമായിരുന്നു.  അന്ന് മനസ്സിൽ പതിഞ്ഞതാണ് മമ്മുക്കുച്ച എന്ന പേര്.  ഉമ്മ ഇടക്കിടെ പറയുന്നത് കേട്ട് മനസ്സിൽ പതിഞ്ഞ പേര്. "അടുത്ത മാസം മമ്മുക്കുച്ച നാട്ടിൽ വരുന്നുണ്ട് അപ്പോൾ നീ പറഞ്ഞ സാധനം കൊടുത്തയക്കാൻ ഉപ്പാനോട് പറയാം"  ഉമ്മ പലപ്പോഴും പറയുമായിരുന്ന ഈ വാക്കുകൾ മമ്മുക്കുച്ചയെ കാണുമ്പോഴൊക്കെ ഓർമ വരുമായിരുന്നു. 

മമ്മുക്കുച്ച ശാന്തനും സൗമ്യനും മിത ഭാഷിയും മൃദുഭാഷിയുമായിരുന്നു.  പ്രായത്തിൽ അദ്ദേഹത്തേക്കാൾ വളരെ താഴെയുള്ള ഒരാളായിട്ടു കൂടി അദ്ദേഹം എനിക്ക് തന്ന പരിഗണനയും സ്‌നേഹവും വളരെ  വലുതായിരുന്നു. അസ്‌ലം സൂചിപ്പിച്ചതു പോലെ പോസ്റ്റ് ബോക്സ് തുറന്നു കൊണ്ട് വരുന്ന അനേകം കത്തുരുപ്പടികളിൽ നിന്നും ഞങ്ങൾക്കുള്ള എഴുത്തുകൾ പ്രത്യേകം വേർതിരിച്ചു വെക്കുകയും അത് സൂക്ഷിച്ചു വെച്ച് ഞങ്ങളുടെ കൈവശം തരുകയും ചെയ്യുമായിരുന്നു.  അദ്ദേഹം അതിൽ നിന്നും വേർതിരിച്ചെടുത്തിരുന്നത് ഞങ്ങൾക്കുള്ള സ്നേഹവും കരുതലുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്!  മനസ്സിൽ അതിരുകളില്ലാത്ത സ്നേഹം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായത് എല്ലാ തിരമാലകളെയും മുറിച്ചു കടക്കാൻ പ്രാപ്തമാക്കുന്ന  പ്രവാസ അനുഭവങ്ങൾ തന്നെയാകും.  

തൊണ്ണൂറുകളുടെ ആദ്യത്തിൽ ഞാൻ ദുബായിൽ എത്തിയ ആദ്യനാളുകൾ,  ഓഡിയോ കാസറ്റുകളുടെ (compact cassettes) കാലമായിരുന്നു അത്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തുന്ന, സംഗീത മഴ പെയ്യുന്ന കാസറ്റുകൾ മനസ്സുകളെ കീഴടിക്കിയ കാലം.  പാട്ടുകൾ മമ്മുകുച്ചക്ക് ഇഷ്ടമായിരുന്നു.  ഞങ്ങൾ ഒന്നിച്ചു കാസെറ്റ് കടകളിൽ പോകും.  എന്നോട് പാട്ടുകൾ നിർദേശിക്കാൻ പറയും അങ്ങനെ അദ്ദേഹം വാങ്ങിച്ചു കൂട്ടിയ ഓഡിയോ കാസ്സറ്റുകളുടെ ഒരു ശേഖരം തന്നെ അക്കാലത്തു അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു.  അതൊക്കെയും ഇന്ന് ഡിജിറ്റൽ യുഗത്തിന് വഴിമാറിയെങ്കിലും ആ കാലവും ആ കാലത്തെ മനുഷ്യരും  അവരുടെ ഓർമകളും മായാതെ നിൽക്കുന്നു. 

ജീവിത യാഥാർത്ഥ്യങ്ങളുടെ  തീരത്ത് നിഷ്കളങ്കമായ പുഞ്ചിരിയോടെ നടന്നു നീങ്ങിയ സൗമ്യനായ ഈ മനുഷ്യനെ ദേരയിലെ നിരത്തുകൾ പോലും പ്രാർത്ഥനയോടെ ഓർക്കുന്നുണ്ടാകണം.

കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു. 

പടച്ചവൻ അദ്ദേഹത്തിൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും  സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ!

എസ്-എ

04-10-2022

🔳

Wednesday, July 27, 2022

പട്ലയിലെ സെഷിൻ അബ്ദുൽമജീദ്-വിദേശ സർവ്വകലാശാലയിൽ നിന്നും വ്യോമയാന വിജ്ഞാനത്തിൽ ഉന്നത വിജയം നേടുമ്പോൾ!



പട്ലയിലെ സെഷിൻ അബ്ദുൽമജീദ്-വിദേശ സർവ്വകലാശാലയിൽ നിന്നും വ്യോമയാന വിജ്ഞാനത്തിൽ ഉന്നത വിജയം നേടുമ്പോൾ!

©️

പ്രതിഭകൾ ഉയരങ്ങൾ തൊടുമ്പോൾ അതും സുഹൃത്തിൻ്റെ മകനും നാട്ടുകാരനുമാകുമ്പോൾ അഭിമാനവും സന്തോഷവും വാനോളം ഉയരും.

ആദ്യമായാണ് പട്ലയിൽ നിന്നും ഒരാൾ തിളക്കമാർന്ന ഈ നേട്ടം കൈവരിക്കുന്നത്.  ഈ വഴിത്താരയിൽ സെഷിന് പിന്തുണയും പ്രോത്സാഹനവുമായി നിന്ന മാതാപിതാക്കളെ ആദ്യം അഭിവാദ്യം ചെയ്യുന്നു.

പത്താംതരം വരെ ജിദ്ധയിലെ അൽ നൂർ ഇൻ്റർനാഷനൽ സ്കൂളിൽപഠിച്ച സിഷെൻ തൻ്റെ ഇൻ്റർമിഡിയറ്റ് കഴിഞ്ഞത് കാസർകോട് ഉദയഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ്.

ശേഷം ബാഗ്ലൂരിലെ ദയാനന്ദ സാഗർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും എയറോനോട്ടിക്  എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയ സെഷിൻ ബിരുദാനന്തര ബിരുദം (PG) ചെയ്യാൻ വേണ്ടി ലണ്ടനിലെ സാൽഫോർഡ് യൂണിവേർസിറ്റി തെരെഞ്ഞെടുക്കുകയായിരുന്നു.  അവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം PG കംപ്ലീറ്റ് ചെയ്തു പുറത്തിറങ്ങുന്നത്. 

തുടർന്ന് ലണ്ടനിൽ തന്നെ ആധുനിക യുദ്ധവിമാനങ്ങളും മറ്റും നിർമ്മിക്കുന്ന കോലിൻസ് എയർസ്പേസിൽ Apprentice (Trainee) ആയി ജോലി ലഭിക്കുകയും ചെയ്തു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) എന്ന സ്ഥാപനം വ്യോമായുധ മേലഖയിലെ ഇന്ത്യയുടെ അഭിമാനമായാണ്.  വിവിധ രൂപത്തിലുള്ള വിമാനങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്തുന്ന 1943 ൽ തന്നെ സ്ഥാപിതമായ ഒന്നാണിത്.  ഏഷ്യയിലെ എറ്റവും വലിയ എയറോസ്പേസ് കമ്പനിയാണിത്. അതിന്റെ ഒരു  മാനുഫാക്ചട്യൂറിങ് യൂണിറ്റ് നമ്മുടെ തൊട്ടയല്പക്കമായ സീതാംഗോളിയിലെ കിൻഫ്ര വ്യവസായ പാർക്കിൽ ഉണ്ട് എന്ന കാര്യം സാന്ദർഭികമായി സൂചിപ്പിക്കുന്നു. അതുപോലെത്തന്നെ UK യിലെ പ്രശസ്തമായ ഒരു സ്ഥാപനമാണ് Collins Aerospace.


പ്രഗത്ഭരായ ഒരുപാട് ആളുകൾ (ഉദാ: മുൻ രാഷ്ടപതി എപിജെ അബ്ദുൽ കലാം, കൽപന ചൗള, സുനിത വില്യംസ്, സിരിഷ ബന്ദ്ല മുതലായവർ) വ്യോമയാനവിജ്ഞാനീയം ഐച്ഛിക വിഷയമായി പഠിച്ച വ്യക്തികളായിരുന്നു.

പട്ലയിലെ മർഹൂം കുമ്പള അബൂബക്കർ (പോകുച്ച) ൻ്റെ പൗത്രനാണ് സെഷൻ.പിതാവ് അബദുൽ മജീദ് (സൗദിയിലെ MAZA ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ) മാതാവ് തസ്രിയ്യ. അവരുടെ നാല് മക്കളിൽ ഏറ്റവും മൂത്തയാളാണ് സെഷിൻ അബ്ദുൽ മജീദ്.

പ്രശസ്തിയുടെ ഉന്നതമായ പടവുകൾ കയറാൻ സെഷിന് കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

എസ്-എ

24-07-2021

🔲

Thursday, July 14, 2022

എസ്.എ.അബ്ദുല്ല സാഹിബിൻ്റെ വിയോഗം!


എസ്.എ.അബ്ദുല്ല സാഹിബിൻ്റെ വിയോഗം!

🔳

ഈ ലൗകിക ജീവിതം ശാശ്വതമല്ല എന്നത് പരമമായ സത്യമാണ്. അടുത്ത നിമിഷം നമ്മെ കാത്തിരിക്കുന്നതെന്നറിയാതെ രാപ്പകലുകൾ കടന്നു പോകുന്നു. കോർക്കാൻ നൂല് തേടുന്ന മരണത്തിന്റെ സൂചി നമുക്ക് ചുറ്റിലും ഉണ്ട്. പടച്ചവൻ്റെ അലംഘനീയ വിധിയെ തടുക്കാൻ കഴിയില്ല.  

വ്യക്തിപരമായി ചെറുപ്പം മുതലെ ഏറെ സ്നേഹ സൗഹൃദങ്ങൾ പങ്കിട്ടൊരാൾ, നാടിൻ്റെ മത,സാമൂഹ്യ സാംസ്കാരിക രംഗം സജീവമാക്കിയ അബ്ദുല്ലച്ചാൻ്റെ അപ്രതിക്ഷിത വിയോഗം വേദനാജനകമാണ്!

മരണം പ്രത്യക്ഷമല്ലാത്ത കൂട്ടുകാരനാണവൻ.

ക്ഷണിക്കാതെ മുന്നിൽ വന്നു നിൽക്കും. 

ശേഷമുള്ള ശ്വാസത്തിന്റെ ഉടമസ്ഥൻ!

അസുഖ ബാധിതനായി അബ്ദുല്ല സാഹിബ് ആശുപത്രിയിലാണ് എന്ന വിവരം ഞാനറിയുന്നത് അദ്ദേഹത്തിൻ്റെ മകൻ സിറാറിൻ്റെ FB പോസ്റ്റ് വഴിയാണ്. കൃത്യം 4 ദിവസങ്ങൾക്ക് മുമ്പ്.  അദ്ദേഹത്തിൻ്റെ സൗഖ്യത്തിന്നായി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു.  പക്ഷെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി അദ്ദേഹം നാഥൻ്റെ തിരുസന്നിധിയിലേക്ക് മടങ്ങി. 

പട്ല വലിയ ജുമാ മസ്ജിദിൻ്റെയും മൻബഹുൽ ഹിദായ മദ്രസയുടെയും മറ്റു മതസംഘടനകളുടെയും സുപ്രധാനമായ ഭാരവാഹിത്വം വഹിക്കുകയും അവയെ നേതൃപാഠവത്തോടെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു.

പട്ല ഗവ:സ്കൂൾ ഒ.എസ്.എ രൂപീകരണത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും  അദ്ദേഹത്തിൻ്റെ സജീവ സാനിധ്യമുണ്ടായിരുന്നു.

സ്റ്റാർ ക്ലബ്ബിൻ്റെ പ്രതാപകാലത്തെ സജീവ പ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം.

അങ്ങിനെ നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്തിത്വന്നുടമയിരുന്നു എസ്.എ.അബ്ദുല്ലച്ച.

തോട്ടത്തിലേക്ക് വെള്ളം നനയ്ക്കാൻ അതിരാവിലെ പാടവരമ്പിലൂടെ നടന്നു പോകുന്ന ആരോഗ്യവാനായ മനുഷ്യനാണ് എൻ്റെ ഓർമകളിൽ ആദ്യം തെളിയുന്ന അബ്ദുല്ല സാഹിബ്. പിന്നീടത് വോളിബോൾ കോർട്ടിലെ കൃത്രിമമില്ലാത്ത സൗഹൃദത്തിന് വഴിമാറി. പിന്നീടതെന്നോ ഒ എസ് എ യുടെ വാർഷികാഘോഷങ്ങളിലെ നാടകങ്ങളുടെയും കലാപരിപാടികളുടെയും കൂടെ.. ശേഷം എൻ്റെ പ്രവാസം, വർഷത്തിലൊരിക്കൽ മാത്രമുള്ള ഓർമ്മപുതുക്കലുകളുടെ മിന്നൽ കാഴ്ചകൾ. നാട്ടുവർത്തമാനങ്ങളുടെ തികച്ചും വ്യത്യസ്തമായ ചില നർമ രസങ്ങൾ! 

രാവിലെ മുതൽ ഉച്ച വരെ കൃഷിക്കാരനായും ശേഷം ഉച്ച മുതൽ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായി സാംസ്‌കാരിക രംഗം സമ്പന്നമാക്കിയ അബദുല്ലച്ഛ നല്ല മാതൃകയായിരുന്നു. പൊതുവെ മിതഭാഷിയായിരുന്നുവെങ്കിലും അടുപ്പമുള്ളവരോടെക്കെ ദീർഘനേരം സംസാരിച്ചിരിക്കുമായിരുന്നു.

പ്രിയപ്പെട്ട അബ്ദുല്ലച്ചാൻ്റെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുകയും പരലോക ജീവിതം ധന്യമാക്കുകയും

ചെയ്യട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു!

എസ്-എ

14-07-2022

🔲

Monday, July 4, 2022


സന്തോഷ് ട്രോഫി ടീം ഫിസിയോ മുഹമ്മദ് പട്ലയ്ക്ക് അവഗണന!

പ്രതിഷേധിക്കുക!

🔳


ഫിസിയോ തെറാപ്പി എന്നാൽ എന്താണ് എന്ന്  തിരിച്ചറിയാത്ത ചില ആളുകളുണ്ട്.  അവരുടെ ധാരണ ഇത് കേവലം  തിരുമ്മലും ഉഴിച്ചിലുമാണ് എന്നാണ്.  അങ്ങനെയുള്ളവർ ചിലപ്പോൾ ഇങ്ങനെയും ചോദിക്കും 

"കാൽ തിരുമ്മിയിട്ടാണോ കപ്പ് നേടിയത്?", "ഇരയുടെ പേര് പറയാൻ പാടില്ലെങ്കിൽ തന്റെ പേര് പറയാം" "ഇതൊക്കെയാണോ ഇന്നാട്ടിലെ വലിയ പ്രശ്നങ്ങൾ" എന്നൊക്കെ.   അത്തരം ആളുകളുടെ അറിവില്ലായ്മയാണ് അത് എന്ന് മനസിലാക്കുന്നു. സഹതപിക്കുന്നു. 


ഇനി നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി ചില കാര്യങ്ങൾ പറയാം, ഫിസിയോ തെറാപ്പി എന്നാൽ  മരുന്ന് രഹിതമായ ഒരു ചികിത്സാ രീതിയാണ്.  പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് അതിന്റെ വലിയ സവിശേഷത. മനുഷ്യ ശരീരത്തിലെ മൊത്തം ഘടനയെയും പ്രവർത്തങ്ങളെയും ശാസ്ത്രീയമായി വിലയിരുത്തിയാണ് ഈ ചികിത്സാ രീതിക്ക് രൂപം നൽകിയിട്ടുള്ളത്. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. മാത്രമല്ല ഒരു സ്വതന്ത്ര ചികിത്സാ രീതിയുമാണ്.


ലോകത്തുള്ള എല്ലാ ഫുട്ബോൾ ക്ലബ്ബുകളും കളിക്കാരുടെ ഫിറ്റ്നസ് ഉറപ്പുവരുത്താനും അവരെ കായിക ക്ഷമതയുള്ളവരായി വാർത്തെടുക്കാനും തെറാപ്പിസ്റ്റുകളെ നിയമിക്കാറുണ്ട്.  ഫിസിയോ തെറാപ്പിസ്റ്റുകൾ ഫുട്ബോൾ ടീമിന്റെ ഭാഗമാണ്. അവരുടെ സേവനങ്ങൾ ഒരു ടീമിന്റെ വിജയ പരാജയങ്ങളിൽ നിർണായ ഘടകമാണ്.  


അത് കൊണ്ട് തന്നെ കളിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവർക്കും ലഭിക്കാറുണ്ട്.  അത് സാധാരണവുമാണ്.  ഇവിടെയാണ് മുഹമ്മദ് പട്ലക്കു ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും അവഗണയും വിവേചനവും നേരിട്ടു എന്ന് നാം മനസ്സിലാക്കുന്നത്. ടീം അംഗങ്ങളെയും കോച്ചുമാരടക്കമുള്ള എല്ലാവരെയും ക്ഷണിച്ചിട്ടും എന്ത് കൊണ്ട് ടീമിൻ്റെ പ്രധാന ഘടകമായ ഫിസിയോ മുഹമ്മദ് പട്ലയെ അവഗണിച്ചു എന്നതാണ് ചോദ്യം!  തീർച്ചയായും മുഹമ്മദിന് അർഹതയ്ക്കുള്ള അംഗീകാരം ലഭിക്കണം. 

ഈ വിവേചനത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്വമാണ്. മാത്രമല്ല നീതിയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരുടെയും ബാധ്യതയാണ്.  ബാക്കിയുള്ള അനാവശ്യ ചോദ്യങ്ങളൊക്കെ തൽക്കാലത്തേക്കെങ്കിലും  മാറ്റി വെച്ചു കൊണ്ട് ഈ അനീതിക്കെതിരെ നമുക്ക് ഒന്നിച്ചു ശബ്ദമുയർത്താം. 

നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം.


എസ്-എ

03/07/2022

Thursday, June 30, 2022

ഓർമകളിലെ ഇന്നലെകൾ!



ഓർമകളിലെ ഇന്നലെകൾ! 
മൺവീടുകൾ, ഓലപ്പുരകൾ

🔳


ഓർമകൾക്ക് മുകളിൽ ഇന്റർനെറ്റ് കൊണ്ട് ഓല മെടയുന്ന പുതിയ കാലം.  മറവി കൊണ്ട് പോയ ചില ഇന്നലെകളെ കുറിച്ച് പുതിയ തലമുറകൾക്ക് കേട്ടുകേൾവി പോലുമുണ്ടാകില്ല. കാരണം പുതുകാല മുത്തശ്ശിമാർ കഥകൾ  പറയാറില്ല, അല്ലെങ്കിൽ  ഈ യുഗത്തിൽ മുത്തശ്ശിക്കഥകൾക്ക് പ്രസക്തി ഇല്ലാതായിക്കഴിഞ്ഞു എന്നും പറയാം. 


മണ്ണ് കൊണ്ട് പണിത ചെറിയ എടുപ്പുകൾക്ക്  മുകളിൽ ഓലയും ഒരു പ്രത്യേക തരം പുല്ലുകളും കൊണ്ട് മേഞ്ഞ മേൽക്കൂരയും ഉള്ള വീടുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലം. 


വർഷത്തിലൊരിക്കൽ പുര മേയുക എന്നത് ആഘോഷമാക്കിയിരുന്ന ഒരു തലമുറ, കരിപിടിച്ച പഴയ ഓലയും മുളിയും എടുത്തു മാറ്റി മേൽക്കൂര നവീകരിക്കുന്ന ദിനം, അയല്പക്കത്തുള്ളവരുടെ ഒത്തുചേരൽ, അവരുടെ ആത്മാർത്ഥ സഹകരണങ്ങൾ. മാസങ്ങൾക്കു മുമ്പ് തന്നെ മൂളിയും ഓലയുമൊക്കെ പലയിടങ്ങളിൽ നിന്നും കുറേശ്ശെയായി സംഘടിപ്പിച്ചു വെക്കും. പുതുക്കി പണിയാൻ ചില്ലറ മരത്തടികൾ വേണ്ടിവരും. അത് പല സ്ഥലങ്ങളിൽ നിന്നായി തെങ്ങിൻറെയും കവുങ്ങിൻറെയും മുളയുടെയും ഒക്കെ ചെറിയ തടികൾ തയ്യാറാക്കും. തെങ്ങിന്റെ തീയിൽ വാറ്റിയെടുത്ത പച്ചയോലകൾ വെച്ച് കെട്ടിയായിരുന്നു മെടഞ്ഞ ഉണക്ക ഓലകൾ അടുക്കി വെച്ച് പുര മേഞ്ഞിരുന്നത്. അന്ന്  ഞാനറിയുന്ന പുരമേയുന്ന ഒരേ ഒരാൾ ആദൻ ച്ചയായിരുന്നു. പേക്രോം തവളകളുടെ ശബ്ദം അനുകരിച്ചു അദ്ദേഹം ഞങ്ങളെ ഭയപ്പെടുത്തും.  ആദൻച്ച വരുന്നുണ്ട് പെട്ടെന്ന് അത് ചെയ്തോ ഇത് ചെയ്തോ എന്നൊക്കെ പറഞ്ഞായിരുന്നു ഉമ്മമാർ കുട്ടികളെ വിരട്ടിയിരുന്നത്.   


ഈ വര്ഷം എങ്ങിനെ പുരമേയുമെന്നും അതിനുള്ള കാശ് എങ്ങനെ കണ്ടെത്തും എന്നൊക്കെ ആലോചിച്ചു ബേജാറിലായിരുന്ന ഗൃഹനാഥന്മാരിൽ ആരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവും എന്ന് തോന്നുന്നില്ല!


അതിന്നിടയിൽ എവിടെങ്കിലും അപൂർവമായി ഓട് പാകിയ ചില വീടുകൾ കാണാം.  അവരായിരുന്നു നാട്ടിലെ അത്യാവശ്യം സൗകര്യവും പാങ്ങും ഉള്ള ആളുകൾ.  പാങ്ങ് എന്ന് പറയുമ്പോൾ ഭക്ഷണത്തിന് വലിയ പഞ്ഞമില്ലാതിരുന്ന ആളുകൾ എന്ന അർത്ഥം.  അത്തരം ചില വീടുകളിൽ നിന്ന് പാവങ്ങൾക്ക് നേർച്ചക്കഞ്ഞി എന്ന പേരിൽ കഞ്ഞി നല്കാറുണ്ടായിരുന്നു.

  

ക്രമേണ പുല്ലുമേഞ്ഞ ഓലപ്പുരകൾ അപ്രത്യക്ഷമാകുകയും ഓട് പാകിയ സുന്ദര വീടുകൾ സാർവത്രികമാകുകയും ചെയ്തു.  


ഓടുമേഞ്ഞ പുരകൾക്ക് വഴിമാറിക്കൊടുത്തു കൊണ്ട് ഓലപ്പുരകൾ വിസ്‌മൃതികളിലാവുകയും ഓടിട്ട വീടുകളെ  പുതിയ കോൺഗ്രീറ്റ് വീടുകൾ കയ്യേറുകയും ചെയ്തു തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി.


ഇത് കോൺഗ്രീറ്റ് വീടുകളുടെ ലാവണ്യ ശാസ്ത്രം തേടി പോകുന്ന പുതിയ കാലഘട്ടം. തൊണ്ണൂറുകളുടെയും രണ്ടായിരത്തിലെയും യൗവ്വനങ്ങൾക്ക് മൺ വീടുകളും ഓലപ്പുരകളും നെറ്റ് ബ്രൗസ് ചെയ്യുമ്പോൾ കാണുന്ന ചിത്രങ്ങൾ മാത്രം.  


രണ്ടു  മാറ്റങ്ങളെയും നേരിൽ കണ്ടവരാണ് വർത്തമാന കാലത്തെ അമ്പത് കഴിഞ്ഞവർ.

അങ്ങനെയുള്ള ഒരു  ഭൂതകാലാനുഭവത്തിലെ ഭൗതികസാഹചര്യങ്ങളും അതിലുൾപ്പെട്ട കുറെ മനുഷ്യരും മറവിയുടെ അകലങ്ങളിലേക്ക് പറന്നു പോയെങ്കിലും  രൂപമില്ലാത്ത ഒരു വികാരമായി അത് മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു.  ഓർമ്മകൾ, ഓലക്കീറിലൂടെയും കിളിവാതിലിലൂടെയും  മെല്ലെ ഇരച്ചു വരുന്ന സൂര്യപ്രകാശം പോലെ ഇന്നലെകൾ കൂടെ വരികയാണ്.


എസ്-എ

30-06-2022


🔲

Sunday, April 24, 2022

ഹാരിസ്...!!


🔲

ഹാരിസ്...!!

🔳

വാക്കുകൾ മരവിച്ചു പോകുന്ന സന്നിഗ്ദ്ധ ഘട്ടം, ഈ വിയോഗം താങ്ങാൻ കഴിയുന്നില്ല! പ്രിയപ്പെട്ട ഹാരിസ് നീയില്ലാത്ത ലോകം സങ്കൽപ്പിക്കാനേ ആവുന്നില്ല.  എത്ര വലിയ ഇരുട്ടാണ് നീ ഒഴിച്ചിട്ട ശൂന്യത എന്റെ അയല്പക്കത്തും നാട്ടിലും അവശേഷിപ്പിക്കുന്നത് എന്നത് നടുക്കുന്നതാണ്. 

നീ എന്തിനായിരുന്നു ജീവിതത്തെയും സ്വന്തം ആരോഗ്യത്തെയും ഇത്രമാത്രം നിസ്സാരമായി കണ്ടത്? ആ ശാന്ത പ്രകൃതത്തിൽ നീ സൂക്ഷിച്ചു വെച്ച ധൈര്യത്തിന് എന്ത് പേരിട്ടാണ്‌ വിളിക്കുക.  എന്തിനായിരുന്നു ഇത്രമാത്രം ധൈര്യവും ഇത്രമാത്രം ധൃതിയും!  

കാരുണ്യമായിരുന്നു നിന്റെ മുഖമുദ്ര.  നിന്റെ പക്വത, നിന്റെ നീതി ബോധം നിന്റെ സഹജീവി സ്നേഹം ഒക്കെയും കൊണ്ട് നീ ജീവിതം അടയാളപ്പെടുത്തി. ചോദിച്ചു വരുന്നവർക്കൊക്കെ നിന്റെ കഴിവിന്നപ്പുറം നൽകാൻ നീ ശ്രമിച്ചു.  വാക്കുകൾ കൊണ്ട് ഒരാളെയും നോവിക്കാതിരിക്കാൻ ശ്രദ്ധിച്ചു.  ചിട്ടയാർന്ന ജീവിതം കൊണ്ട് മാതൃക കാട്ടി.  വീടും പരിസരവും മാത്രമല്ല നിറമുള്ള ആ മനസ്സും എന്ത് മാത്രം വൃത്തിയോടെയാണ് നീ സൂക്ഷിച്ചത്!!

ഹാരിസ് നീ തിളങ്ങുന്ന നക്ഷത്രമായിരുന്നു. അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.  ഉടപ്പിറപ്പുകൾ വിടപറയാറില്ല. നിന്റെ പതിഞ്ഞ ശബ്ദവും നിന്റെ സ്നേഹവും നിന്റെ സാന്നിധ്യവുമില്ലാത്ത  അയല്പക്കം എനിക്കോർക്കാനാവുന്നില്ല.  മറക്കാൻ ശ്രമിക്കുന്തോറും ആ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരും.

പ്രിയപ്പെട്ട ഹാരിസ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും!! പടച്ചവന്റെ സന്നിധിയിൽ നിനക്ക് ഉന്നതമായ സ്ഥാനം ലഭിക്കട്ടെ. ഈ വേർപാട് താങ്ങാൻ പടച്ചവൻ കുടുംബത്തിന് കരുത്തു നൽകട്ടെ!

എസ്-എ

🔳

Friday, April 22, 2022

കുറുനരിക്കൂട്ടങ്ങൾ



കുറുനരിക്കൂട്ടങ്ങൾ

🔳


ചരിതമൊന്നുമേ വീര ചരിതമൊന്നുമേ 

കഥകളൊന്നുമേ ധീര കഥകളൊന്നുമേ 

മിഴികളിൽ എൻ്റെ സിരകളിൽ 

അരുത് നീയ്യിന്നു കരുതി വെക്കരുത്. 


അടിമ ഞാനിന്നു മുടിഞ്ഞ നാടാകെ  

കൊടിയ വിഷത്തിൻ കടലു തീർക്കുമ്പോൾ

മിഴികളിൽ ചത്ത വാക്കിൻെറ കണികയിൽ 

നിറമൗനമോതുന്ന നിർവികാരപ്പെരുവിരൽ 


കുടില് മാന്തുന്ന കുടൽ പിളർക്കുന്ന 

കരളു കത്തുന്ന കറുത്ത രാവിതിൽ 

കഴുക സംഘങ്ങൾക്ക് കാവലൊരുക്കുന്ന

കുറുനരിക്കൂട്ടങ്ങൾ  ഓലിയിട്ടു.


പക തീർത്തു പതിയെ മടങ്ങുന്ന നേരത്തു

പിറകിൽ നിന്നാരോ ഘോര ഘോരം മുഴക്കവെ 

മതി നിന്റെ വംശവെറിയുടെ ചൊറിയുമായ് 

ഇനി ഈ വഴികളിൽ നിന്നൂർന്നു കൊൾക!


എസ്-എ

22-04-2022


🔲

Wednesday, April 20, 2022

വാഴ!



വാഴ!

🔳

പഴയതു പോലെ ഇസ്ലാം മതത്തിലെ വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളെ കുറിച്ച് ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ല.  അതിപ്പോൾ മത പണ്ഡിതന്മാർ എന്ന് പറയുന്നവരായാലും ശരി അതല്ലാത്ത സാധാരണക്കാരായാലും ശരി.  പ്രമാണബദ്ധമല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ചോദ്യങ്ങൾ ഉയരും. ഇത് പഴയ കാലമല്ല.  എന്തും അണ്ണാക്ക് തൊടാതെ ചോദ്യങ്ങൾ ചോദിക്കാതെ അപ്പാടെ വിഴുങ്ങാൻ ആരും തയ്യാറാവില്ല.  

ഈ ക്ലിപ്പിന്റെ പൂർണമായ ഭാഗം കേട്ടിട്ടില്ല.  എങ്കിലും കേട്ടിടത്തോളം നമുക്ക് മനസ്സിലാകുന്ന ചിലതുണ്ട്.

ഇയാൾ  പറയുന്നത് വളരെ വിചിത്രമായ കാര്യങ്ങളാണ്.  വായിൽ തോന്നുന്നത് വിളിച്ചു പറയുക മാത്രമാണ് ചെയ്യുന്നത്.  പേരിനെങ്കിലും ഒരു പ്രമാണവും ഉദ്ധരിക്കുന്നില്ല. സ്വർഗ്ഗ നരകങ്ങളിൽ  ലഭിക്കാൻ പോകുന്ന രക്ഷാ ശിക്ഷകളെ കുറിച്ച് ഭൂമിയിലെ സൗകര്യങ്ങളെയും കഷ്ടപ്പാടുകളെയും വെച്ച് ഒരു താരതമ്യം ഒരിക്കലും സാധ്യമല്ല എന്നതാണ് വസ്തുത. അപ്പോൾ സ്വർഗത്തിൽ ലഭിക്കാൻ പോകുന്ന മദ്യപ്പുഴകളെ കുറിച്ചും ഹൂറികളെ  കുറിച്ചും മറ്റും പറയുന്നുണ്ടല്ലോ എന്ന് ചോദിക്കും.  

"മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്" എന്നതാണ് ഇസ്ലാമിലെ സ്വർഗം. തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായ ഉത്കൃഷ്ടമായ ഒന്നാണത്.  എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന അല്ലാഹു  ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരത്രിക  ജീവിതത്തെ വർണിച്ചു തന്നത്. ഇത് കൃത്യമായി നാം മനസ്സിലാക്കിയിരിക്കണം. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.

ഈ ക്ലിപ്പ് ഒരു സുഹൃത്തുമായി പങ്കു വെച്ചപ്പോൾ അവൻ പറഞ്ഞത്, മുമ്പൊക്കെ ഞാൻ കോമഡി ക്ലിപ്പുകൾ കാണാറായിരുന്നു പതിവ്, ഇന്നതിനു  പകരം  ഇമ്മാതിരി പ്രസംഗങ്ങൾ കേൾക്കുന്നു. ഫലത്തിൽ രണ്ടും ഒന്നു തന്നെ എന്നാണ്!!

പക്ഷെ ഇത്തരം പ്രസംഗങ്ങൾ ഏൽപ്പിക്കുന്ന സാമൂഹ്യ ആഘാതം വളരെ വലുതാണ്.  മതത്തിനു ഏൽപ്പിക്കുന്ന പരിക്കും ചില്ലറയല്ല.  പലരും ഇസ്ലാമിനെയും മുസ്ലിമിനെയും അടിക്കാനുള്ള വടികൾ തയ്യാറാക്കി കാത്തിരിക്കുന്ന ഇക്കാലത്ത് പണ്ഡിതന്മാർ എന്ന് പറയുന്നവർ പ്രസംഗിക്കുന്ന  കാര്യങ്ങൾ നൂറു വട്ടം ആലോചനാ വിധേയമാക്കണം.  മുസ്ലിംകളിൽ പോലും സ്വർഗ്ഗ നരകങ്ങളെ കുറിച്ച് വികലമായ ധാരണകൾ വെച്ച് പുലർത്താൻ ഇത് പോലുള്ള പ്രസംഗങ്ങൾ കാരണമാകും. മൊത്തത്തിൽ പൊതു സമൂഹത്തിന് മുന്നിൽ ഇസ്ലാമും മുസ്ലിംകളും ഇത്തരം പ്രസംഗങ്ങൾ വഴി അവമതിക്കപ്പെടും എന്നതിൽ സംശയമില്ല.

🔲

Tuesday, April 19, 2022

പരിശുദ്ധമായ പശുവിൻ നെയ്യ്!



പരിശുദ്ധമായ പശുവിൻ നെയ്യ്! 

🔳


ആർ എസ് എസ് നെയും, എസ് ഡി പി ഐ യും സമീകരിക്കുവാൻ കഴിയില്ല എന്നത് ശരിയാണ്.  ആർ എസ് എസ് നെ ഐ എസ് മായും എസ് ഡി പി  ഐ യെ ക്രിമിനൽ ഗുണ്ടാ സംഘവുമായാണ് താരതമ്യം അർഹിക്കുന്നത്.   


എസ ഡി ഐ പി കാർ ഇടക്കിടെ ചോദിക്കുന്ന ഒരു എമണ്ടൻ ചോദ്യമുണ്ട് ഞങ്ങൾ നടത്തിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്തൊക്കെയാണ്  എന്നതാണത്.  കുറ്റകൃത്യങ്ങൾ ആര് നടത്തിയാലും പൊതുവെ സമ്മതിച്ചു തരാറില്ല.  ഞങ്ങൾ പത്തരമാറ്റ് പരിശുദ്ധമായ പശുവിൻ നെയ്യാണ് എന്നാണ് വാദിക്കുക.  തീവ്രവാദികൾ ചെയ്യുന്ന ചെയ്ത ജനദ്രോഹ പരിപാടികളുടെ കണക്കുകൾ അവർ തന്നെ സൂക്ഷിച്ചു വെക്കുന്നുണ്ടാകും. അതല്ലെങ്കിൽ പോലീസ് രേഖകൾ പരിശോദിച്ചാൽ കിട്ടും.  ഇനിയിപ്പോൾ പറയുക എങ്കിൽ നിങ്ങൾ അത് വാങ്ങിച്ചു തരിക എന്നായിരിക്കും!  


ഒന്നോർക്കുക നിങ്ങളുടെ നിലപാടുകൾ സമുദായത്തിന് നഷ്ടമല്ലാതെ ഒന്നും തിരിച്ചു തന്നിട്ടില്ല.  ഇനി താരനും പോകുന്നില്ല.  എല്ലാ വിധത്തിലുള്ള ആത്യന്തിക നിലപാടുകളും  ഇസ്ലാം വിരുദ്ധമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ജനാധിപത്യ സംവിധാനത്തിൽ മുസ്ലിംകൾ സ്വീകരിക്കേണ്ട ഒരു മദ്ധ്യമ നിലപാടുണ്ട്. അതിനു മാത്രമാണ് പ്രവാചക അധ്യാപനങ്ങളുടെ പിന്ബലമുള്ളത്.  വാളെടുത്ത് നിരപരാധികളുടെ തല അറുത്താൽ സ്വർഗത്തിൽ പോകാനാവില്ല എന്തിനു "പെർള" വരെയെങ്കിലും നിങ്ങൾ എത്തില്ല എന്ന് മനസ്സിലാക്കാൻ പ്രായോഗിക ബുദ്ധി വേണം. 😂 വകതിരിവുണ്ടെകിൽ സംഘി ആവില്ല എന്നു പറയാറുള്ളത് പോലെ തന്നെയാണ്, സുഡാപ്പിയുമാകില്ല എന്ന് പറയുന്നത്.  


അപ്പോൾ ചോദിക്കും നിലവിലെ ഭരണകൂട ഫാസിസത്തിന് എന്ത് ബദലാണ് നിർദേശിക്കാൻ ഉള്ളത് എന്നും ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നതിനും വേട്ടയാടപ്പെടുന്നതിനും എന്ത്  പ്രതിരോധമാണ്  തീർക്കുക എന്നും.  ഇന്ത്യ ഇന്ന് ഭരിക്കുന്നത് ബിജെപി ഒറ്റക്കല്ല  ബി ജെ പിയും കോർപ്പറേറ്റ് സംവിധാനങ്ങളും ചേർന്ന് കൊണ്ടുള്ള കുടില താല്പര്യങ്ങളാണ് എന്ന് എല്ലാവർക്കുമറിയാം.


സംഘ് പരിവാർ അപരജന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന രാഷ്ട്രീയ കൂട്ടായ്മയാണെങ്കിലും വിപണിയുടെ സമാധാന അന്തരീക്ഷണത്തിനു പോറലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക്  കോർപ്പറേറ്റ്  ഭീമന്മാരുടെ പിന്തുണ ലഭിക്കില്ല.  അത് കൊണ്ട് തന്നെ ഈ നിമിഷം വരെ നമുക്ക് വിശ്വസിക്കാവുന്ന ഒരു ഭരണഘടനയും ജനാധിപത്യ സംവിധാനവും ഇവിടെ നിലവിലുണ്ട്.  അതിൽ തന്നെയാണ് വിശ്വാസമർപ്പിച്ചു മുന്നോട്ടു പോകേണ്ടത്.  ഫാസിസത്തിന് എന്നും ആവശ്യം വൈകാരികത കൊണ്ട് ഉറഞ്ഞു തുള്ളുന്ന ഒരു ശത്രുവിനെയാണ്.  വിവേകം നമ്മെ നയിക്കട്ടെ.  ഇപ്പോൾ ജനാധിപത്യത്തിലുള്ള വിശ്വാസം നിലനിർത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഭയപ്പെടേണ്ട ജാഗ്രത മതി.  


അത് കൊണ്ട് അവസാനമായി സൂചിപ്പിക്കാനുള്ളത്  "കേറി വാടാ മക്കളെ, ജനാധിപത്യ മതേതര കക്ഷികളായ  പാർട്ടികളിലേക്ക്!😂


എസ്.എ

19-04-2022

🔳

Sunday, April 17, 2022

ഇബ്രാഹിം അങ്കോല

🔲

ഇബ്രാഹിം അങ്കോല

🔳


പരിചയപ്പെടുന്നത് ഒരു ഹെൽത് ക്ലബ്ബിൽ വെച്ച് ഏകദേശം ഒന്നര വർഷങ്ങൾക്ക് മുമ്പ്. കുറെ ആളുകൾക്കിടയിൽ വളരെ വാചാലമായി സംസാരിക്കുന്ന അദ്ദേഹത്തിൻ്റെ തൊട്ടടുത്താണ് എനിക്ക് ഇരിപ്പിടം കിട്ടിയത്. അവിചാരിതമായിരുന്നു ആ പരിചയപ്പെടൽ. സമകാലിക വിഷയങ്ങളിൽ നല്ല അവഗാഹമുള്ള അങ്കോല യുമായി ഒരു ഹൃദയ ബന്ധം സ്ഥാപിക്കാൻ തുടർച്ചയായ ഹെൽത് ക്ലബ്ബ് സന്ദർശനം ഇടയാക്കി. അങ്ങിനെ ഏകദേശം രണ്ടു മാസത്തോളം ഞങ്ങൾ ദിവസവും കാണുമായിരുന്നു.  പിന്നീട് ഞാൻ വിദേശത്തായപ്പോൾ സോഷ്യൽ മീഡിയ വഴി സുഹൃത് ബന്ധം തുടർന്നു കൊണ്ടിരിക്കുന്നു. തുടർച്ചയായി അദ്ദേഹത്തിൻ്റെ  മറുകുറിപ്പുകൾ വായിക്കുന്നു. 


മറുകുറിപ്പുകൾ സമകാലിക വിഷയങ്ങളിൽ പൊതിഞ്ഞ അനുഭവകുറിപ്പുകളാണ്.  ഏഴു പതിറ്റാണ്ടിൻെ ഓർമ്മകൾ ചാലിച്ച, വലിയ ഒച്ചയും ബഹളവുമില്ലാതെ, സൗമ്യമായി തഴുകി തലോടി വരുന്ന മന്ദമാരുതൻ പോലെ ആ എഴുത്തുകൾ  നമ്മെ തേടി വരുന്നു.  മറുകുറിപ്പുകളുടെ പ്രത്യേകത എന്തെങ്കിലും പുതുതായി പറയാനുണ്ടാകും എന്നതാണ്.  കാമ്പുള്ള കുറിപ്പുകൾ പലപ്പോഴും കുറിക്കു കൊള്ളുന്നവ കൂടിയാകുന്നു.

ചില നഗ്ന സത്യങ്ങൾ  വെട്ടിത്തുറന്നു പറയാൻ അദ്ദേത്തതിന് ഒന്നും തടസ്സമല്ല.  പറയുന്നത് സത്യമാണെന്ന പൂർണ്ണബോധ്യം അദ്ദേഹത്തിനുണ്ട്.  അത് കൊണ്ട് തന്നെ അവ നൽകുന്ന വായന സുഖം ഒന്ന് വേറെ തന്നെയാണ്. പരസ്പരം ചൊറിയുന്ന ഏർപ്പാട് ഏതു രംഗത്തും സർവ്വസാധാരണമാണല്ലോ  ആരെയും സുഖിപ്പിക്കാൻ വേണ്ടി അദ്ദേഹം എഴുതാറില്ല.  അനാവശ്യമായ വാഴ്ത്തു പാട്ടുകളും കാണില്ല.   


അങ്കോല  ഇബ്രാഹിമിൻെറ  സത്യസന്ധമായ എഴുത്തിൻെറ, ലളിത മലയാളത്തിൻെറ മാസ്മരികത ഒരനുഭവം തന്നെയാണ്. എഴുത്തിലും ജീവിതത്തിലും വസന്തം പൂത്തുല്ലസിക്കട്ടെ എന്നാശംസിക്കുന്നു.💕


എസ്.എ

17-O4-2022

🔳

Sunday, April 3, 2022

വി.വി രമേശൻ; വികസന വിസ്മയം തീർത്ത വിപ്ലവവകാരി!





ചെറുപ്പകാല സൗഹൃദങ്ങളൊക്കെയും വ്യത്യസ്ത വഴികളിലൂടെ ജീവിതദൂരം താണ്ടിയപ്പോഴും എട്ടാം തരം മുതൽ നെഞ്ചോട് ചേർത്ത ഒരു നിലപാടിന് വേണ്ടി ജീവിക്കുക എന്നത് ഒരു നിയോഗമാണ്!  നഗരഭരണം അംഗീകാരത്തിന്റെയും ആദരവിന്റെയും ബാക്കിപത്രമായാണ് വന്നു ചേരുന്നത്. പാർട്ടി നേതൃത്വം നിർബന്ധിച്ചേൽപ്പിച്ച അധികാരം.  അധികാരത്തിന്റെ ഇടനാഴികകളിൽ തന്റെ ഊഴവും പ്രതീക്ഷിച്ച് കാത്തുനിൽക്കുന്നവരിൽ നിങ്ങൾക്കൊരിക്കലും ഇദ്ദേഹത്തെ കണ്ടിരിക്കില്ല! "സേവനക്കാരെല്ലാം ജീവനക്കാരായ നാളു തൊട്ടീനാട് നാശമായി" എന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷായിരുന്നു.  ഇന്ന് നമുക്ക് എല്ലാ സേവനക്കാരും ജീവനക്കാരല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.  നന്മയുടെ, കാരുണ്യത്തിന്റെ രാഷ്ട്രീയം എന്താണെന്ന് പഠിക്കാൻ, വികസനത്തിന്റെ രാഷ്ട്രീയമെന്തെന്ന് ബോധ്യപ്പെടാൻ നിങ്ങൾക്ക് മഹാകവി പി യുടെ നാട്ടിലേക്ക് തന്നെ വരേണ്ടി വരും.


നഗരഭരണത്തിന്റെ സിരാ കേന്ദ്രത്തിലേക്ക് രാവിലെ ഒമ്പതര മണിക്കാണ് ഞങ്ങളെത്തുന്നത്. ഞങ്ങൾ അഭിമുഖം ആവശ്യപ്പെട്ടിരുന്നത് പത്ത് മണിക്കും. ഒമ്പതരക്ക് തന്നെ ഫോണിൽ ബന്ധപ്പെട്ടു. കേവലം അഞ്ചു മിനിട്ട് കൊണ്ട് ഒരു ബേഗും തൂക്കി ആ മനുഷ്യൻ മുന്നിൽ നിൽക്കുന്നു. മിണ്ടുന്നതിന് മുമ്പേ ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. ചിരപരിചിത രാഷ്ട്രീയ ജീവിതങ്ങളുടെ വാർപ്പു മാതൃകകളുടെ കാറ്റൂരിക്കളയാൻ മാത്രം ശക്തമായ പുഞ്ചിരി!  ജീവനക്കാർ എത്തിത്തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ക്യാമ്പിൻ വൃത്തിയാക്കിക്കഴിഞ്ഞിട്ടില്ല.  വൃത്തിയാക്കിക്കഴിഞ്ഞ തൊട്ടടുത്ത മുറിയിൽ അഭിമുഖത്തിന് തയ്യാറായി അദ്ദേഹം ഇരിക്കുന്നു.


കുശലാന്വോഷണത്തിന് ശേഷം നേരെ അഭിമുഖമെന്ന ദീർഘ സംഭാഷണത്തിലേക്ക് ഒരു കുത്തൊഴുക്കായിരുന്നു.

2016ൽ കാഞ്ഞങ്ങാട് നഗരപിതാവായി ഭരണത്തിലേറിയ വി.വി രമേശൻ സംസാരിച്ചു തുടങ്ങുകയായിരുന്നു.


1972 ൽ ഒരിടത്തരം കുടുംബത്തിൽ ജനിച്ച  വി.വി രമേശൻ നിസ്വാർത്ഥ സേവനം വഴി പടിപടിയായി ഉയർന്നു വന്ന ജനനേതാവാണ്. 


എട്ടാം ക്ലാസ് മുതലാണ് എസ്. എഫ്. ഐ. യിൽ കൂടി വിദ്യാർഥി രാഷ്ട്രീയ പ്രവേശനം. തുടർന്ന്  ഡിവൈഎഫ് ഐ യിലെ ഏറ്റവും ചെറുപ്പമുള്ള പ്രവർത്തകൻ.  

നാല് വർഷത്തോളം സി. പി. എമ്മിൻ്റെ  ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ച ഇദ്ദേഹം രണ്ടായിരത്തിൻ്റെ തുടക്കം മുതൽ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലെത്തുകയും തുടർന്ന്

DYFI യുടെ സംസ്ഥാന ട്രഷറർ ആവുകയും ചെയ്തു. യഥാക്രമം  എസ്. എഫ്. ഐ - ഡി. വൈ. എഫ്. ഐ സംസ്ഥാന, ദേശീയ കമ്മിറ്റികളിൽ അംഗമായിട്ടുണ്ട്.    


മുപ്പത് വർഷത്തോളമായി സ്വന്തമായി ഖാദി ഭവൻ നടത്തുന്ന  വി.വി. രമേശൻ

പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്തെ സജീവ സാനിധ്യമാണ്. 

പത്ത് വർഷത്തോളം പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടറായിരുന്നു.  മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ  ലഭിക്കുന്ന ശമ്പളവും അലവൻസും സ്വന്തമാവശ്യത്തിനെടുക്കാതെ ക്യാൻസർ രോഗികൾക്ക് വേണ്ടി മാത്രമായി ചെലവഴിച്ചു കൊണ്ടിരിക്കുന്നു.  അശരണരായ ആ മാറാരോഗികളുടെ സാന്ത്വനവും  അത്താണിയുമാണ് വി.വി. രമേശൻ. 


കാഞ്ഞങ്ങാട് നഗരത്തിന്റെ  മുഖച്ഛായ തന്നെ മാറ്റിയെടുത്ത  അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങൾ നിരവധിയാണ്.


ഭരണത്തിലേറിയ ഉടനെ ഏറ്റവും മുന്തിയ പരിഗണന നൽകിയത്  പ്രാഥമികാവശ്യ നിർവ്വഹണനത്തിന് സൗകര്യമില്ലാത്ത 273 വീടുകൾക്ക്  ശൗചാലയം നിർമ്മിച്ചു നൽകുക എന്നതിനായിരുന്നു. അത് വളരെ ഭംഗിയായി കാലവിളംബം കൂടാതെ അദ്ദേഹത്തിന് നടപ്പിലാക്കാനായി. വർഷങ്ങളായി  സാങ്കേതിക നൂലാമാലകളിൽ കെട്ടിപ്പിണഞ്ഞു കിടന്നിരുന്ന നഗരസഭാ ബസ്സ്റ്റാൻഡ് യുദ്ധകാലാടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന ജനകീയോത്സവത്തോടെയാണ് പൊതുജനങ്ങൾക്കായി ഇദ്ദേഹം തുറന്നുകൊടുത്തത്. കാഞ്ഞങ്ങാട് നഗരഹൃദയത്തിലെ അഞ്ച് കിലോമീറ്ററോളം റോഡ് നാല് വരിപ്പാതയാക്കി ഉയർത്തി. നഗരവികസനത്തിന്റെ ഭാഗമായി വെട്ടി മാറ്റേണ്ടി വന്ന തണൽ വൃക്ഷങ്ങൾക്ക് പകരം പുതിയവ റോഡിനിരുഭാഗങ്ങളിലായി  നട്ടു പിടിപ്പിച്ചു. നഗരസൗന്ദര്യവൽക്കരണം വളരെ ശാസ്ത്രീയമായി നടപ്പിലാക്കി.


നഗരത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചതോടൊപ്പം തന്നെ അവയെ ലോകോത്തര നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചു.  

"ഒന്ന് ഒന്നാം തരം, മികവാർന്ന രണ്ടാം തരം, മികവേറും മൂന്നാം തരം" എന്ന ത്രൈവാർഷിക വിദ്യാഭ്യാസ വിപ്ലവകാമ്പയിൻ അതിൻ്റെ പൂർത്തീകരണം കൊണ്ട്  വൻവിജയമാക്കി.  സംസ്ഥാന സ്കൂൾ യുവജനോത്സവം ഇന്നേവരെ കേരളം പരിചയപ്പെടാത്ത ജനകീയ കലോത്സവത്തിലേക്ക് മാറ്റി എടുക്കുന്നതിൽ വി. വി. രമേശനും ചെറുതല്ലാത്ത പങ്കുണ്ട്.  കാഞ്ഞങ്ങാടിനെ വിദ്യാഭ്യാസ നഗരമാക്കി മാറ്റുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അതിൻ്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. 


അത് പോലെ കാർഷിക മേഖലയിലും പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. നഗരത്തെ കാർഷിക രംഗത്ത് സ്വയംപര്യാപ്തമാക്കാൻ ഉതകുന്ന നഗരപ്രിയ പദ്ധതി ഭംഗിയായി നടപ്പിലാക്കാൻ കഴിഞ്ഞു.  ഹരിത കർമ്മ സേനയും പകുതി വഴിക്ക് നിന്നുപോയ പാടശേഖര കമ്മറ്റിയും സജീവമാക്കി.  അവരുടെ സഹകരണത്തോടെ കൃഷിഭവൻ്റെ നേതൃത്വത്തിൽ  തരിശായി കിടന്നിരുന്ന കൃഷിയിടങ്ങളെ കൃഷിയോഗ്യമാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.  


100 മീറ്റർ പോലും  കോൺക്രീറ്റ് റോഡുകളില്ലാത്ത കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ മിക്ക റോഡുകളും കോൺക്രീറ്റ് ചെയ്തു. എല്ലാ പ്രധാന ജംഗ്ഷനുകളിലും ഹൈമാസ് വിളക്കുകൾ സ്ഥാപിച്ചു കൊണ്ട്  വെളിച്ച വിപ്ലവത്തിന് പുതിയ മാനം നൽകി.


ഹെഡ്കോയിൽ നിന്നും ഇരുപത് കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു 916 ഭവന രഹിത കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി.  സർക്കാർ അനുവദിക്കുന്ന വികസന ഫണ്ടിനെ മാത്രം ആശ്രയിച്ചാൽ പല വിപ്ലവകരമായ പദ്ധതികളും നടപ്പിലാക്കാൻ കഴിയാതെ വരും എന്ന തിരിച്ചറിവിൽ നിന്നുമാണ് വായ്പ എടുക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.


കേരളത്തിലെ മിക്ക നഗരങ്ങളും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണം.  കാഞ്ഞങ്ങാട് നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ഉദ്യേശത്തോട് കൂടി നടപ്പിലാക്കുന്ന സംസ്കരണ പ്ലാന്റുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.  


കേരളത്തിൽ ആദ്യമായി

തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ രേഖയും അംഗീകാരവും  നൽകിയ നഗരസഭ എന്ന ബഹുമതി കാഞ്ഞങ്ങാട് നഗരസഭയ്ക്കുള്ളതാണ്. ഭരണത്തിലേറുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വി.വി. രമേശൻ തെരുവോരക്കച്ചടക്കാരുടെ കണ്ണിലെ കൃഷ്ണമണിയായിരുന്നു. അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അധികാരികളുടെ മുന്നിലെത്തിക്കാൻ  പ്രക്ഷോഭരംഗത്തിറങ്ങിയ ചുരുക്കം രാഷ്ട്രീയ നേതാക്കളിലൊരാളാണ് വി. വി. രമേശൻ. 2016ലെ  മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്  അദ്ദേഹത്തിന് കെട്ടിവെക്കാനുള്ള സംഖ്യ നൽകിയതും കാഞ്ഞങ്ങാട്ടെ തെരുവോരക്കച്ചവടക്കാർ തന്നെയായിരുന്നു.    


കായിക രംഗത്ത് കാസർകോട് ജില്ല വളരെ പിന്നാക്കമാണ്. അതിനൊരു മാറ്റം അനിവാര്യമാണ്. ഈയ്യിടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗമായി നിയമിതനായ അദ്ദേഹത്തിൻ്റെ മനസ്സിൽ കായികരംഗം സമ്പുഷ്ടമാക്കാൻ  ഒരുപാട് പദ്ധതികളും നിർദ്ദേശങ്ങളുമുണ്ട്. 


ലോക്ഡൗൺ കൊണ്ട് ജനജീവിതം തന്നെ പ്രതിസന്ധിയിലായ കോവിഡ് കാലത്ത്  അമ്പത്തയ്യായിരം അതിഥി തൊഴിലാളികൾക്ക് തുടർച്ചയായി 45 ദിവസം സൗജന്യ ഭക്ഷണം നൽകി. ഇന്നും സമൂഹ അടുക്കളകൾ അങ്ങിങ്ങായുണ്ട്.  കേന്ദ്ര സർക്കാർ ലോക്സൗൺ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കാഞ്ഞങ്ങാട് നഗരസഭ ലോക്ഡൗൺ മുൻകരുതലുകൾ എടുത്തിരുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. .  


വിനോദ സഞ്ചാര മേഖലകളിൽ ഒരുപാട് സാധ്യതകൾ ഉള്ള ജില്ലയാണ് കാസർകോട്. തിരുവനന്തപുരം മുതൽ ബേക്കൽ വരെയുള്ള നിർദ്ധിഷ്ട ദേശീയ ജലപാതാ പദ്ധതി നേരത്തെ കോട്ടപ്പുറം വരെ മാത്രമാണ് ഉണ്ടായിരുന്നത്.  അത് ബേക്കൽ വരെ നീട്ടാൻ  നഗരസഭാ ചെയർമാൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ അദ്ദേഹം നടത്തി.  അത് പോലെ കാഞ്ഞങ്ങാട് റെയിൽവെ മേൽപ്പാലത്തിന് വേണ്ടിയും ശക്തമായ നീക്കങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തു.


സംഘാടന മികവ്. ഇച്ഛാശക്തി. താഴെക്കിടയിൽ നിന്നു തുടങ്ങിയ പ്രവർത്തന പാരമ്പര്യം. തീരുമാനങ്ങളെടുക്കുന്നതിലെ മുൻഗണനാക്രമം - വി.വി.രമേശൻ  വ്യത്യസ്തനാകുന്നത് അങ്ങിനെയാണ്.


എം.വി. ഗോവിന്ദൻ മാഷും സി.കെ. പത്മനാഭനുമാണ് രാഷ്ട്രീയ ഗുരുക്കൾ. സംഘാടനവും രാഷ്ട്രീയ തന്ത്രങ്ങളും അവരിൽ നിന്നാണ് സ്വായത്തമാക്കിയത്. പിണറായി വിജയൻ, ഇ പി ജയരാജൻ തുടങ്ങിയവരാണ് വി.വി. രമേശന് മാതൃകാ വ്യക്തിത്വങ്ങളും ആത്മസൗഹൃദങ്ങളും. 


വളരെ താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട്  ജനകീയ നഗരപിതാവിലേക്കെത്തിയ ചരിത്രമാണ് വി.വി രമേശന് പറയാനുള്ളത്.  കാലത്തിൻ്റെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുന്ന വിവി രമേശിന് കാഞ്ഞങ്ങാടിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ്.

നഗര വികസനത്തിന്റെ പുതിയ രാജപാതകൾ  തീർക്കുന്ന തിരക്കിലാണ് കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം വി.വി.ആർ!

എസ്.എ.പട്ല


🔲

ഉമ്മ..വിതുമ്പലിൻ്റെ ഒന്നര വർഷം!


🔳
മരണമെന്ന മറുകര കണ്ട മനുഷ്യരൊക്കെയും തങ്ങളുടെ ഭൂമിയിലെ ജീവിതം ഓർക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്തു വിലപിക്കുകയും ചെയ്യുന്നുണ്ടാകുമോ?

അറിയില്ല! 

പക്ഷെ ഒന്നുറപ്പാണ് ഭൂമിയിൽ ആരോരുമില്ലാതെ ഒറ്റക്കായിപ്പോയ ഈ മകനെയോർത്ത് ഉമ്മ സങ്കടപ്പെടുന്നുണ്ടാകും.   ഇന്ന് എല്ലാ ഓർമകളും ഉമ്മയിലേക്ക് മാത്രമായി ചുരുങ്ങുന്നു.  ഉമ്മാൻ്റെ വിരലിൽ തൂങ്ങി കുന്നുകൾ കയറിയിറങ്ങി ബന്ധുവീടുകളിലേക്ക് നടന്നു പോയ ബാല്യം!  മഴനനഞ്ഞും വെയിലു കൊണ്ടും  അങ്ങനെ എത്രയെത്ര യാത്രകൾ...ഉമ്മയുടെ നിഴലായ് ജീവിച്ച ആ കാലം ഓർമകളെ തീവ്രമായി പിടിച്ചുലക്കുന്നുണ്ട്.

ഏക മകനെ തനിച്ചാക്കി മരണത്തിൻ്റെ തണുപ്പിലേക്കും ഏകാന്തതയിലേക്കും ഉമ്മ പടിയിറങ്ങി പോയത് 2020 - എപ്രിൽ ഒന്നിനായിരുന്നു.  മകനു വേണ്ടി പ്രാർത്ഥിക്കാൻ ഇനി ഉമ്മ ഇല്ല എന്ന തിരിച്ചറിവ് നൽകുന്ന നോവ് പറഞ്ഞറിയിക്കാൻ കഴിയില്ല! ഓലമേഞ്ഞ വീട്ടിൽ നിന്നും ഓട് മേഞ്ഞ വീട്ടിലേക്കും അവിടെ നിന്നും കോൺക്രീറ്റ് വീട്ടിലേക്കും,കൂടുമാറിപ്പോകുമ്പോൾ ഉമ്മ പറയാറുണ്ടായിരുന്നു  "ഇനിയൊരു വീട്ടിലേക്ക് കൂടി പോകണം.  അതു മാത്രമാണിനി ബാക്കി!"   അപ്പോഴെക്കെ ഞാൻ തിരിച്ചു പറയുമായിരുന്നു.  "അവിടേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ചു പോകാം ഉമ്മാ.." 

ഉമ്മ പറയും:  അങ്ങനെയൊന്നില്ല, ആദ്യം വന്നവർ ആദ്യം പോകണം.  ഉമ്മാൻ്റെ ആഗ്രഹം ജയിച്ചു.  ഞാൻ തോറ്റു.  ആ തോൽവി ഒരിക്കലും അവസാനിക്കാത്ത സങ്കടത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ടേയിരിക്കുന്നു. ജീവിതാവസാന കാലത്ത് ഉമ്മാനെ പരിചരിക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഭാഗ്യം!  ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും സമ്പത്തും അതു തന്നെയാണല്ലോ!

മരണവേദന ഞാനെങ്ങനെ സഹിക്കും,

ഖബർ ജീവിതം ഞാനെങ്ങനെ തരണം ചെയ്യും!  

എന്ന ചോദ്യം അവസാന നാളുകളിൽ ഉമ്മ നിരന്തരം തനിയെ ചോദിച്ചു കൊണ്ടേയിരുന്നു. ഉമ്മ മരിക്കുമ്പോൾ ഞാൻ അരികിലുണ്ട്.  ഏപ്രിൽ ഒന്ന് ബുധനാഴ്‌ച്ച അർദ്ധരാത്രി 1.30 ന്. ഉറങ്ങാതെ കാവൽ നിന്ന അവസാന നാളുകൾ.   തുടർച്ചയായ നാല് ദിവസങ്ങളിൽ ഉമ്മ സഹിച്ച വേദന!

മനസ്സ് വിങ്ങുന്നു,വാക്കുകൾ വിറങ്ങലിക്കുന്നു....

ജേഷ്ടനോ, അനുജനോ ജേഷടത്തിയോ അനുജത്തിയോ ആരും കൂട്ടിനില്ലാത്തഒറ്റയാനായി പോയല്ലോ എൻ്റെ മോൻ!  എന്ന് പറഞ്ഞു പലപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു ഉമ്മ.  ഉമ്മയുടെ പ്രാർത്ഥനയായിരുന്നു ജീവിതത്തിൻ്റെ തെളിച്ചം.  ഉമ്മ പോയപ്പോൾ ഉമ്മ മാത്രമല്ല പോയത് വീട് തന്നെ ശൂന്യമായി. അടുത്തറിയുന്നവരുടെ ഉമ്മ മരിച്ചു എന്ന് കേൾക്കുമ്പോൾ എൻ്റെ ഉമ്മ മരണാസന്നയായി കിടന്ന ആ സന്ദർഭം ഓർമ്മയിലേക്കോടി വരും.  കണ്ണു നിറയും, കരയാൻ കഴിയില്ല.  വിങ്ങി വിങ്ങി ഉരുകിയില്ലാതാകും!

വീട്ടിൽ ആ കസേരയും ആ കട്ടിലും വേർപാടിൻ്റെ വേദന കടിച്ചിറക്കുന്നുണ്ട്. ഉമ്മ എൻ്റെ മോൾ സ്കൂൾ വിട്ട് വരുന്നതും കാത്തിരുന്ന പകലുകൾ സ്കൂൾ വിട്ട് ആറുമണിക്ക് മാത്രം തിരിച്ചെത്തുന്ന മകളെയും കാത്ത് മൂന്ന് മണിക്ക് തന്നെ സോഫയിലിരുന്ന്  ജനലഴികളിലൂടെ നോക്കി നോക്കിയിരിക്കുന്ന ഉമ്മ..

സ്കൂൾ വിട്ട് ക്ഷീണിച്ച്‌ വരുന്ന മകളുടെ ബാഗ് വാങ്ങി അകത്ത് കൊണ്ട് വെക്കുന്ന ഉമ്മ..

എല്ലാവർക്കും ഓർമകൾ മാത്രമല്ല അതിരില്ലാത്ത സ്നേഹത്തിൻ്റെ അനുഭവമായിരുന്നു ഉമ്മ.. പിന്നീട് മകളുടെ കല്യാണാലോചനയെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഉമ്മ പറയുമായിരുന്നു.  അതൊക്കെ അവളുടെ പഠനം കഴിഞ്ഞ് മതി.  പഠനം കഴിഞ്ഞ് വിവാഹം ആലോചിച്ച് തുടങ്ങിപ്പോൾ ഉമ്മ മാത്രം ഇല്ല.

പ്രിയപ്പെട്ടവരെ,

ഒന്നു മാത്രമാണ് പറയാനുള്ളത് ജീവിതാവസന കാലത്തെങ്കിലും മാതാപിതാക്കളെ ഒപ്പം ചേർത്ത് നിർത്തുക.  അവർ രണ്ട് പേരും പോയിക്കഴിഞ്ഞാൽ പിന്നെ നമുക്കായി ഒരു ജീവിതമില്ല.  പിന്നീടെല്ലാം അനുഭവങ്ങളുടെ ഓർമകൾ മാത്രമാണ്.  നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന സങ്കടപ്പെരുമഴയുടെ കർക്കടക്കാലം..  തോരാത്ത കണ്ണുനീരിൻ്റെ മാത്രം കാലം..

നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കുന്നവർ ഇനിയില്ല എന്ന യാഥാർത്ഥ്യം ബോധ്യപ്പെടുന്ന കാലം..

ചെറുപ്പം, ചെറിയൊരു പനി വന്നാൽ പെരുമഴയത്ത് ചളി പിടിച്ച വയൽ വരമ്പിലൂടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ഒറ്റക്ക് എന്നേയുമെടുത്ത് ഓടിപ്പോകുന്ന ഉമ്മാൻ്റെ ആധിയും വ്യാധിയും കൺമുമ്പിൽ തെളിയുന്നുണ്ട്.കരഞ്ഞു കരഞ്ഞു തീർത്തതായിരുന്നു ഉമ്മാൻ്റെ യവ്വനം.  പ്രയാസങ്ങളുടെ കയറ്റവും ഇറക്കവും കണ്ട വ്യസന കാലം.

മിക്കയാഴ്ചകളിലും ഉമ്മാൻ്റെ ഖബറിനരികിൽ പോകും.   സമയമേറെ കഴിഞ്ഞാലും തിരിച്ചു വരാൻ കഴിയില്ല.  ഗതകാല ഓർമ്മകളെല്ലാം തിരമാലകൾ കണക്കെ ഉയർന്നു വരും.  ഇനിയിപ്പോൾ എന്നാണ് ഉമ്മാൻ്റെ ഖബറിടം കാണുക എന്നും സിയാറത്ത് (സന്ദർശനം) സാധ്യമാകുക എന്നറിയില്ല.

പട്ല വലിയ പള്ളിയുടെ ചാരത്ത് ഉമ്മയുണ്ട്.  തിരച്ചറിയാൻ പേര് പോലും കൊത്തിവെക്കാത്ത വീട്ടിൽ സുഖനിദ്രയിൽ! അല്ലെങ്കിലും മകന് ഉമ്മാൻ്റെ വീട് തിരിച്ചറിയാൻ എന്തിനാണൊരു വീട്ടു പേര്!


ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളിൽ ഉമ്മ മാത്രമാണ്. ഒന്നുറപ്പാണ്  അന്നം തേടിപ്പോയി തിരികെ വീടണയുന്ന ഒരു യാത്രയും ഇനി പഴയത് പോലെയാവില്ല.  കാത്ത് കാത്തിരിക്കാൻ മോനെ എന്ന് വിളിക്കാൻ ഉമ്മയില്ലാത്ത വീട്!

വീടുവിട്ടുള്ള ഓരോ യാത്രകളിലും അകലെ ഒരു പൊട്ടു പോലെയായി മറയുന്നതുവരേയും നോക്കി നിൽക്കാൻ ഉമ്മ മാത്രം ഇനിയില്ല. ഉമ്മ മരിച്ചു പോയ ഏതൊരാൾക്കും തങ്ങളുടെ ബാല്യകാലം ഓർക്കാനേ കഴിയില്ല. ഒന്നിച്ചുള്ള ഓരോ സന്ദർഭങ്ങളും നെഞ്ചിലേക്ക് വേദനയായി ഇരച്ചു കയറും.

പഴയ മുള്ളുവേലികളും നടവരമ്പുകളും ഇന്നെവിടെയും കാണാനില്ല.  പക്ഷെ ഉമ്മയോടോപ്പം സഞ്ചരിച്ച പഴയ നടവരമ്പുകളും പാതയോരങ്ങളും മനസ്സിൽ തറച്ചുതന്നെ കിടപ്പുണ്ട്.  ബാല്യകാല ഓർമ്മകൾ കൊത്തിവെച്ച  മനസ്സുകളുമായാണ് മ്മളോരോരുത്തരും പിന്നീട് ജീവിക്കുന്നത്.

ആഗ്രഹിച്ചു പോകുകയാണ്, ഒരാളുടേയും ഉമ്മമാർ മരിക്കരുത് അതവർക്ക് താങ്ങാനാവില്ല! ഒന്നര വർഷങ്ങൾക്കിപ്പുറവും ആ ആഘാതത്തിൽ നിന്നും മുക്തനാകാനാവുന്നില്ല.  ഉമ്മ കൂടെയില്ലാത്ത ഇനിയെത്ര കാലം!!

എസ്.എ

🔳

എം.എ.അബൂബക്കർ സാഹിബ് പട്ല: ആ സൗമ്യ സാനിധ്യം ഇനിയില്ല!

🔳



പട്ലയിലെ മത സാമൂഹ്യ സാംസ്കാകാരിക രംഗത്തെ സൗമ്യ സാനിധ്യമായിരുന്ന എം.എച്ച എന്ന പേരിൽ അറിയപ്പെടുന്ന എം.എ.അബൂബക്കർ സാഹിബ് ഇനി ദീപ്തമായ ഓർമകളിൽ!

പൗരപ്രമുഖനും,വിദ്യാഭ്യാസ പ്രവർത്തകനും,ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യവുമായിരുന്ന എം.എ.അബൂബക്കർ സാഹിബ് പട്ല യുടെ മരണം  നാടിനെ മൊത്തം ദുഃഖത്തിലാഴ്ത്തി. ജീവിത വിശുദ്ധിയുടെ ഒരുപാട് നല്ല മാതൃകകൾ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് ഒക്ടോബർ 09-2021 ന് എൺപത്തി രണ്ടാമത്തെ വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്.

ക്ഷമയും സഹനവും അദ്ദേഹത്തിൻ്റെ മുഖമുദ്രയായിരുന്നു. സൗമ്യത എന്ന വാക്കിൻ്റെ ശരിയായ അർത്ഥം തിരിച്ചറിഞ്ഞത് അദ്ദേഹത്തിൽ നിന്നാണ്.  പ്രായം ചെന്ന സൗഹൃദങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടൊരാൾ.   വിവിധ വിഷയങ്ങളെക്കുറിച്ച് മണിക്കൂറുകളോളം ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ഞാൻ തിരിച്ചു പോകാനോരുങ്ങുമ്പോഴൊക്കെ കൂടുതൽ വിഷയങ്ങൾ ഇട്ട് തന്നു സംസാരിപ്പിക്കുമായിരുന്നു.    അവസാനമായി കണ്ടത് ആറ് മാസങ്ങൾക്ക് മുമ്പ്.  പതിവുപോലെ അന്നും ഒരുപാട് നേരം സംസാരിച്ചാണ് പിരിഞ്ഞത്.  അദ്ദേഹത്തിൻ്റെ വിയോഗം എനിക്ക് മാത്രമല്ല അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ട ഏതൊരാളെയും സങ്കടപ്പെടുത്തും. ഉയർച്ച താഴ്ചകളും കയ്പും മധുരവും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും.  എങ്കിലും ഒരിക്കൽ പോലും ആ മുഖം ക്ഷുഭിതമായിരുന്നില്ല.   

നാട്ടുകാർ സ്നേഹത്തോടെയും അതിലേറെ ബഹുമാനത്തോടെയും എം.എ.അഉക്കൻച്ച എന്നു വിളിച്ചു. അകാദമിക് ബിരുദമായ എം.എ.അദ്ദേഹത്തിൻ്റെ പേരിൻ്റെ ഇനീഷ്യൽ എന്നു തോന്നുന്ന തരത്തിലേക്ക് അതു മാറുന്നത് അങ്ങനെയാണ്. സാമ്പത്തിക ശാസത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന പട്ലയിലെ ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

സ്കൂൾ വിദ്യാഭ്യാസം നാലാംതരം വരെ പട്ലയിലും, ശേഷം കൊല്ലങ്കാന, ബി.ഇ.എം.സ്കൂൾ കാസർകോട് എന്നിവിടങ്ങളിലുമായിരുന്നു.  മംഗലാപുരം സെൻ്റ് അലേഷ്യസ് കോളേജിലും കാസർകോട് ഗവ.കോളേജുകളിലുമായി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദം സമ്പാദിച്ചത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നായിരുന്നു.   അക്കാലത്ത് ഏകദേശം റാങ്കോടടുപ്പിച്ച

ഉയർന്ന മാർക്കോട് കൂടിയാണ് എം.എ കരസ്ഥമാക്കുന്നത്. തുടർന്ന് ബോംബെയിൽ 14 വർഷത്തോളം കേന്ദ്ര സർവീസിൽ താരിഫ് കമ്മീഷനിൽ  ഉദ്യോഗസ്ഥനായിരുന്നു.  പിന്നീട് ദീർഘമായ 21 വർഷക്കാലം യു.എ.ഇ ഗവമെൻ്റിൻ്റെ ഔദോഗിക ടെലികമ്യൂണിക്കേഷനായ ETISALAT ൻ്റെ Accounts Dept ൽ ജോലി ചെയ്തു.  2001 സെപ്തമ്പറിൽ വിരമിക്കുമ്പോൾ  Etisalat അബൂദാബി ബ്രാഞ്ചിലെ ചീഫ് അകൗണ്ട് സൂപ്പർവൈസർ  ആയിരുന്നു.

അതിനു ശേഷം അദ്ദേഹം നാട്ടിൽ പൊതുരംഗത്ത് സജീവമാവുകയുണ്ടായി.21 വർഷത്തെ ഗൾഫ് ജീവിതം ജീവകാരുണ്യ രംഗത്ത് നിരന്തരമായ, തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ദീർഘകാലം യു.എ.ഇ.പട്ല വലിയ ജമാഅത്ത്കമ്മറ്റി പ്രസിഡൻറായിരുന്നു.  ഒപ്പം പട്ല ഇസ്ലാമിക് സെൻററിൻ്റെ പ്രവർത്തന രംഗത്ത് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.

വിനയം കൊണ്ട് അതിശയിപ്പിച്ച അദ്ദേഹം ഒരിക്കലും പദവികളുടെ പിന്നാലെയോ വ്യക്തിഗത നേട്ടങ്ങളുടെ പിന്നാലെയോ പോകാൻ താല്പര്യം കാണിച്ചില്ല.   അല്പം ചാഞ്ഞും ചെരിഞ്ഞും നിന്നിരുന്നെങ്കിൽ ഭൗതിക നേട്ടങ്ങളുടെ ഏറ്റവും ഉന്നതിയിൽ നിൽക്കാമായിരുന്നിട്ടും നേരിൻ്റെയും നന്മയുടെയും,കാരുണ്യത്തിൻ്റേയും ഓരം ചേർന്നു നടക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്. സഹായം അഭ്യർത്ഥിച്ച് വരുന്ന ഒരാളെയും അദ്ദേഹം മടക്കിയയച്ചില്ല.  നാട്ടിലെ എല്ലാ ജീവകാരുണ്യ സംരംഭങ്ങളോടും അകമഴിഞ്ഞ് സഹ കരിക്കുകയും അതിൻ്റെ നിർണ്ണായക ഭാഗമാവുകയും ചെയ്തു. അദ്ദേഹത്തിൻ ഹൃദയ നൈർമല്യവും ജീവിത വിശുദ്ധിയും കൊണ്ട് നാട്ടുകാർക്ക്  സർവ്വ സ്വീകാര്യനാവുകയായിരുന്നു.   അങ്ങനെയൊരാൾ വേറെ ഇല്ല!  ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞപ്പോഴും ജനങ്ങൾ അദ്ദേഹത്തെക്കുറിച്ചുള്ള നന്മകൾ മാത്രം പറഞ്ഞു.  മറിച്ചു പറയാൻ വേറൊന്നുണ്ടായിരുന്നില്ല!

പട്ല വലിയ ജുമാ മസ്ജിദ് പ്രസിഡൻ്റായി പ്രവർത്തിച്ച അദ്ദേഹം നൂതനങ്ങളായ, വിപ്ലവകരമായ ഒരുപാട് സാമൂഹ്യ നന്മകൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടുകളുടെ കൂടെ നടക്കാൻ നാടിനും നാട്ടുകാർക്കും കഴിഞ്ഞിരുന്നുവെങ്കിൽ ചരിത്രം വേറൊന്നാകുമായിരുന്നു. 

"പ്രതീക്ഷ" എന്ന പട്ലയിലെ ജീവകാരുണ്യ സംരംഭത്തിൻ്റെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച അദ്ദേഹം അവസാനം വരെ  സംഘടനയുടെ രക്ഷാധികാരിയായിരുന്നു.  പ്രതീഷയുടെ പ്രവർത്തനങ്ങൾക്കും ഖുർആൻ ക്ലാസ്സുകൾക്കുമായി അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അനുവദിച്ചു തരികയായിരുന്നു. "പ്രതീക്ഷ" കുടുതൽ വിപുലമായ മേഖലകളിൽ സജീവമായി ഇടപെടണമെന്നും  പുതിയ പദ്ധതികൾ ആവിഷ്കരിക്കരിച്ചു മുന്നേറണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങളും പ്രവർത്തനങ്ങളും നന്മകളൊക്കെയും പരലോകത്ത് തണലും തണുപ്പുമാകട്ടെ. 

വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിൻ്റെ അതീവ താല്പര്യം വിളിച്ചോതുന്നതായിരുന്നു.  പട്ലയിൽ ആദ്യമായി സ്വകാര്യ മേഖലയിൽ ഒരു ഇംഗീഷ് മീഡിയം സ്ഥാപിക്കുക എന്ന ആശയത്തിന് മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.  വിജയപരാജയങ്ങൾപ്പുറത്ത് അങ്ങനെയൊരാശത്തിൻ്റെ മുന്നിൽ നിൽക്കാൻ അദ്ദേഹത്തിൻ്റെ തികച്ചും നിഷകളങ്കമായ മനസ്സിന് കഴിഞ്ഞു എന്നുള്ളതാണ് പ്രധാനം.

ആ ഒരു പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹം വളരെയധികം വിയർപ്പൊഴുക്കി.  ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പതറാതെ പിടിച്ചു നിൽക്കാൻ അദ്ദേഹത്തിൻ്റെ നിർമ്മല മനസ്സിനു കഴിഞ്ഞു.

പട്ല ലൈബ്രറി ആൻറ് റീഡിംഗ് റൂമിൻ്റെ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വളരെ വലുതായിരുന്നു. അത് സജീവമായി നിലനിർത്താൻ അദ്ദേഹം ഒരുപാട് പ്രയത്നിച്ചു.  എഴുത്തിനേയും വായനയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഒരു വായനശാല ഉദ്യമം മുളയിൽ തന്നെ നശിച്ചുപോകരുത് എന്ന കണിശതയുണ്ടായിരുന്നു.

ലാളിത്യവും വിനയവും വിശുദ്ധിയും അബൂബക്കർ സാഹിബിൻ്റെ വ്യക്തിത്വത്തിൽ ആഴത്തിൽ വേരൂന്നിയ ഗുണങ്ങളായിരുന്നു.  എല്ലാവരുമായും നിർമലമായ സ്നേഹ ബന്ധം  ജീവിതകാലമത്രയും അദ്ദേഹം കാത്തു സൂക്ഷിച്ചു.

അദ്ദേഹത്തിൻ്റെ ദീപ്തമായ ഓർമകൾ എന്നും മായാതെ നിലനിൽക്കും.

ഭാര്യ: സുഹറ.പി.എസ്. മക്കൾ: ആസിഫ് (ഖത്തർ), അനസ് (ഇഞ്ചിനീയർ -സൗദി അറേബ്യ),ഹസീന. മരുമക്കൾ : ജലീൽ തെക്കിൽ (ബിസിനസ്), റബീയ കളനാട്, ഫർസാന ഉപ്പള.

സഹോദരങ്ങൾ ആറു പേർ. അബ്ദുല്ല പട്ല (കൊല്ല്യ) അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവും മുസ്ലിം നവോത്ഥാന പ്രസ്ഥാന പ്രവർത്തകനുമായിരുന്നു. പി.സീതിക്കുഞ്ഞി - സി.പി.എം നേതാവും, പൗരപ്രമുഖനും,നാടിൻ്റെ സർവ്വതോന്മുഖവുമായ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ജനകീയനുമായിരുന്നു.  പി. അഹമ്മദ് -  സാമൂഹ്യ സാംസ്കാരിക രംഗത്തെ സജിവസാനിധ്യം,  പി.അബ്ദുറഹ്മാൻ എന്നിവരാണ്.  സഹോദരിമാർ ഖദീജ, നഫീസ.

പാരത്രീക മോക്ഷം നൽകി പടച്ചവൻ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കട്ടെ.  നാടിൻ്റെയും നാട്ടുകാരുടെയും സ്നേഹവും ഇഷ്ടവും സമ്പാദിച്ച് സേവനപാതയിൽ വിശുദ്ധ ജീവിതം നയിച്ച എം.എച്ചാക്ക് സ്വർഗപ്രവേശം നൽകി നാഥൻ അനുഗ്രഹിക്കട്ടെ.

കണ്ണീരിൽ കുതിർന്ന മനം നിറഞ്ഞ പ്രാർത്ഥനകൾ!

എസ്.എ

അദ്രാൻച്ച ഒരു നല്ല മനുഷ്യനായിരുന്നു!


🔲


ജീവിതത്തിൻ്റെ താളം തെറ്റിപ്പോയ, എല്ലാ ഓർമ്മകൾക്കും അവധി കൊടുത്തു ഒറ്റക്ക് അലയാൻ നിശ്ചയിച്ച ചില മനുഷ്യരുണ്ട്.  നമ്മുടെ മുന്നിലൂടെ നമ്മിൽ നിന്നും തികച്ചും വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായ വഴി സ്വീകരിക്കാൻ വിധിക്കപ്പെടുകയും ചെയ്ത മനുഷ്യർ.


ആരോരുമില്ലാതെ

ഒറ്റക്കായി എന്നതിനുമപ്പുറം

മറവിയുടെ മായാലോകത്ത് അലക്ഷ്യമായി നടന്നു പോയവർ, ഇതുപോലുള്ള അനേകം മനുഷ്യരുണ്ട്.   നമ്മെപ്പോലെ പച്ചക്കരരുള്ള അവരെ നാം മാനസിക രോഗികൾ എന്നു വിളിച്ചു.  അവരെ പലപ്പോഴും പലരും അവഗണനയുടെ അകലങ്ങളിൽ വെയിലത്തു നിർത്തി. അവരെ പരിഗണിച്ചു പരിപാലിച്ച നല്ല മനുഷ്യരെയും ഓർക്കുന്നു.


ജീവിതത്തിൽ ആഗ്രഹങ്ങളും

അഭിലാഷങ്ങളും  സഫലീകരിക്കാതെ പോയ നിരാലംബരായ ഈ മനുഷ്യരെ സ്വന്തം സ്ഥാനത്ത് പ്രതിഷ്ഠിച്ചു നോക്കിയിട്ടുണ്ടോ?

എങ്കിൽ നമ്മൾ കൂടുതൽ സങ്കടപ്പെടുകയും

കുറച്ചു മാത്രം സന്തോഷിക്കുകയും ചെയ്യും! 

ജീവിതമെന്നത് കുറച്ചു മണിക്കൂറുകൾ മാത്രമാണെന്നു നാം തിരിച്ചറിയും. എല്ലാ വിഭജനങ്ങൾക്കുമപ്പുറത്ത് മനുഷ്യരെ നാം പരിഗണിക്കും. ആ ഒരു ഏകകത്തിൽ നാം ഒന്നിക്കും.


അദ്രാൻച്ചയെ എനിക്കിഷ്ടമായിരുന്നു.  ഒരിക്കൽ പോലും അദ്ദേഹത്തെ കളിയാക്കിച്ചിരിച്ചിട്ടില്ല...

അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു..

നാഥൻ സ്വർഗകവാടം തുറന്നിട്ടു അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കട്ടെ...


വൈക്കം മുഹമ്മദ് ബഷീർ തനിക്കേറ്റവും പ്രിയപ്പെട്ടവർക്ക് നൽകുന്ന ഒരു കോപ്ലിമെൻ്റുണ്ടായിരുന്നു.  "അവൻ ഒരു നല്ല മനുഷ്യനാണ്" എന്നതായിരുന്നു അത്. അദ്രാൻച്ചയെ കുറിച്ചുപറയാൻ ഞാനാ വാക്കുകൾ കടമെടുക്കുന്നു. 


"അദ്രാൻച്ച ഒരു നല്ല മനുഷ്യനായിരുന്നു"


🔲

എം.എ; വൃത്തിയുള്ള വേഷവിധാനത്തിൽ അതിരുകളില്ലാത്ത വിനയം സൂക്ഷിച്ചൊരാൾ!


🔳


മർഹൂം എം.എ.അബൂബക്കർ സാഹിബിൻ്റെ നന്മകൾ

എത്ര പറഞ്ഞാലും, എഴുതിയാലും വീണ്ടും ബാക്കിയാവുന്നു! പാരിജാതം പോലൊരാൾ.  ചുറ്റുമുള്ളവരിലേക്ക് ജീവിത വിശുദ്ധിയുടെ പരിമളം പകർന്നു തന്നു കടന്നു പോയൊരാൾ!


സാഹചര്യങ്ങളാൽ അരികുവൽക്കരിക്കപ്പെട്ട ഒരു പ്രതിഭയായിരുന്നു അദ്ദേഹം.  ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ "ഇതുപോലൊരാൾ വേറെയില്ല".  ഇത് കേവലമൊരു വെറും പറച്ചിലല്ല.

1970 കാലഘട്ടങ്ങളിൽ അക്ഷരാഭ്യാസമുള്ളവരെ അത്ഭുത ജീവികളെ പോലെ കരുതിപ്പോന്നിരുന്ന ഒരു ഗ്രാമീണ പശ്ചാതലത്തിൽ നിന്നും ആധുനിക വിദ്യാഭ്യാസത്തിൻ്റെ അങ്ങേത്തലക്കൽ കടന്നു ചെല്ലാൻ കഴിയുക എന്നത് തീർത്തും മഹത്തരം തന്നെയായിരുന്നു.

ഇംഗ്ലീഷിലും കന്നടയിലും എറ്റവും നന്നായി ലേഖനങ്ങൾ എഴുതുമായിരുന്നൊരാൾ, 

ഒരു പക്ഷെ അദ്ദേഹം വേറൊരു പ്രദേശത്താണ് ജനിച്ചിരുന്നതെങ്കിൽ വലിയ അംഗീകാരങ്ങളും ഉയർച്ചകളും നേടുമായിരുന്നു!


മാനവികതയായിരുന്നു അബൂബക്കർ സാഹിബിൻ്റെ ലോകവീക്ഷണം.  ഒരാളോടും വെറുപ്പ് സൂക്ഷിച്ചില്ല.  

സ്നേഹത്തിൻ്റെ വിശാലമായ ചിറകുകൾ വിടർത്തി, നന്മയുടെയും കാരുണ്യത്തിൻ്റേയും കൂടൊരുക്കിയാണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറയുന്നത്. പ്രവർത്തനങ്ങളുടെ ലോകത്തു നിന്നും പ്രതിഫലത്തിൻ്റെ ലോകത്തിലേക്ക്!


അദ്ദേഹം പ്രവർത്തിച്ചതിൻ്റെ ശേഷിപ്പുകൾ ഇഹലോകത്ത് ഇപ്പോഴും ബാക്കിയുണ്ട്.  അദ്ദേഹം നൽകിയ ദാനധർമ്മകൾ, പള്ളികൾക്കും പള്ളിക്കൂടങ്ങൾക്കും നൽകിയ സഹായ സഹകരണങ്ങൾ,

അദ്ദേഹം പകർന്നു നൽകിയ നന്മകൾ

അദ്ദേഹത്തിനു വേണ്ടി ആകാശത്തേക്ക് കൈകളുയർത്തുന്ന പ്രിയപ്പെട്ടവർ.  അല്ലാഹു അദ്ദേഹത്തിന് കാരുണ്യത്തിൻ്റെ കവാടം തുറന്നു കൊടുക്കട്ടെ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നവർ. എത്രയെത്ര സാധു മനുഷ്യരുടെ പ്രാർത്ഥനകളാണ് അദ്ദേഹത്തിന് പരലോകത്ത് തണൽ വിരിക്കുക!


പട്ല വലിയ പള്ളി പുനർ നിർമ്മാണത്തിനും

പട്ല കോയപ്പാടി മുജാഹിദ് പള്ളി നിർമ്മാണത്തിലും

പട്ല ഇസ്ലാമിക് സെൻ്റർ സ്ഥാപിക്കുന്നതിലും, മദ്രസ, ലൈബ്രറി സംവിധാനങ്ങളോടും

അങ്ങനെ നാട്ടിലെ എണ്ണമറ്റ ക്ഷേമപ്രവർത്തനങ്ങളിൽ

ഏറ്റവും സജീവമായി സഹകരിച്ചവരിൽ അദ്ദേഹം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു!


ചില അനിഷേധ്യ സത്യങ്ങൾ സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല.

എം.എ.അബൂബക്കർ സാഹിബിൻ്റെ വില മനസ്സിലാക്കാൻ കഴിയാതെ പോയ

അദ്ദേഹത്തിൻ്റെ കഴിവുകളെ തിരിച്ചറിയാതെ പോയ ഹതഭാഗ്യരായ മനുഷ്യരാണ് നമ്മൾ. അദ്ദേഹത്തിൻ്റെ നിലപാടുകൾക്ക് അരങ്ങൊരുക്കാൻ നമ്മൾ വിസമ്മതിച്ചു.  അദ്ദേഹത്തിൻ്റെ ചിന്തകൾക്ക് നിലമൊരുക്കാൻ നമ്മുക്ക് കഴിയാതെ പോയി.

രാഷ്ട്രീയവും മതപരവുമായ ഭിന്ന വീക്ഷണങ്ങൾക്കിടയിലും മനുഷ്യരെ ഒന്നായിക്കാണാൻ

കഴിഞ്ഞ ഇതുപോലൊരാൾ

ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.  

  

പൊതുവെ മിക്കയാളുകൾക്കും ഉണ്ടാകാറുള്ള ദൗര്‍ബല്യങ്ങളിൽ ഒന്നാണ് ആര്‍ത്തി. ആർത്തി പിടിച്ച് മനുഷ്യർ പരക്കം പായുന്നു.  അതില്ലാത്ത മനുഷ്യരോട് എല്ലാവര്‍ക്കും ആദരവുണ്ടാകുക എന്നത് സ്വാഭാവികമാണ്.അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു.  ഒരു തരത്തിലുള്ള ആർത്തിയും എം.എ.അബൂബക്കർ സാഹിബിനെ ബാധിച്ചിരുന്നില്ല. ഇരുലോകത്തും അത്തരക്കാർ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കും. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. എത്രമാത്രം ചെറിയവരാണ് നമ്മളെന്ന് ഓരോ മരണവും ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.


അദ്ദേഹത്തെക്കുറിച്ചുള്ള ഓരോ ഓർമകളും എഴുതപ്പെട്ട രേഖകളായി തന്നെ സൂക്ഷിക്കപ്പെടണം. വരും തലമുറകൾക്ക് പ്രചോദനമാകുന്ന തരത്തിൽ അദ്ദേഹം അടയാളപ്പെടണം.


നാഥൻ ജന്നാത്തുൽ ഫിർദ്വസ് മാത്രം

പ്രതിഫലം നൽകി

അദ്ദേഹത്തേയും

നമ്മെയും അനുഗ്രഹിക്കട്ടെ.


എസ്. എ

08/11/2021

Emailtosa@gmail.com


Architect Nafeesa Faheema

 


Architect Nafeesa Faheema

🔳


ഫഹീമ എന്ന പേരിൻ്റെ അർത്ഥം ബുദ്ധിസാമർത്ഥ്യമുള്ളവൾ, അറിവുള്ളവൾ എന്നൊക്കെയാണ്. ആ പേരിടുമ്പോൾ ഞങ്ങൾ ആഗ്രഹിച്ചതും അതായിരുന്നു. ഇന്നവൾ കോളേജ് ടോപ്പറായി അഞ്ച് വർഷത്തെ കഠിന പരിശ്രമം കൊണ്ട് ആർകിടെക്റ്റ് എന്ന ബിരുദം കരസ്ഥമാക്കിയിരിക്കുന്നു.  പ്രിയപ്പെട്ട മകൾ ഉയർച്ചയുടെ പുതിയ പടവുകൾ കയറുമ്പോൾ ആനന്ദ കണ്ണീർ പൊഴിയുകയാണ്.


രാപ്പകലില്ലാത്ത നിരന്തര പരിശ്രമത്തിൻ്റെ ബാക്കിപത്രമാണിത്.  വളരെ കുറച്ച് മാത്രം ഉറങ്ങിയും

അസൗകര്യങ്ങളിലൊന്നും പരിഭവമറിയിക്കാതെയും നിരന്തരമായ ശ്രമം കൊണ്ട് അവൾ നേടിയെടുത്ത ഈ വിജയത്തിന് തിളക്കമേറെയാണ്.  


ഈയൊരു മേഖല അവൾ സ്വയം തെരെഞ്ഞെടുത്തതായിരുന്നു.   ഈ യാത്രയിൽ പിന്തുണയും പ്രാർത്ഥനയുമായി കൂടെ നിന്ന എല്ലാ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ സന്തോഷ നിമിഷത്തിൽ ഹൃദയത്തിൽ ചേർത്തു നിർത്തുന്നു.💕


എസ്.എ

18/11/2021

Emailtosa@gmail.com

🔲

മുജീബ് പട്ല ഉയരങ്ങൾ തൊടുമ്പോൾ!


മുജീബ് പട്ല ഇന്ന് കാർട്ടൂൺ ലോകത്ത് അറിയപ്പെടുന്ന നാമമായി മാറിക്കഴിഞ്ഞു.  തൻ്റെ പന്ത്രണ്ടാം വയസ്സിൽ പത്ര മാസികകളിൽ സാമൂഹ്യ വിമർശനാത്മകമായ കാർട്ടൂണുകൾ വരക്കാൻ തുടങ്ങി. ഇന്ന് തൻ്റെ മുപ്പത്തിയേഴാം വയസ്സിൽ ബ്രസിലിലെ ലിമാറയിൽ നടക്കുന്ന ലോക കാർട്ടൂൺ പ്രദർശനത്തിൽ തൻ്റെ രചനകൾക്ക് ഇടം കണ്ടെത്തിയിരിക്കുന്നു. 


മുജീബിൻ്റെ നാടിനും നാട്ടുകാർക്കും അഭിമാനിക്കാൻ ഇതിനപ്പുറം എന്താണ് വേണ്ടത്! ലോക വേദിയിൽ നമ്മുടെ നാടിൻ്റെ പേര് പരാമർശിക്കപ്പെടുന്ന ആദ്യത്തെ സംഭവമായിരിക്കണം.  എങ്കിലും അദ്ദേഹം പ്രസിദ്ധിയുടെ പടവുകൾ കയറുമ്പോൾ നമുക്കൊരിക്കലും അദ്ദേഹത്തെ പ്രാദേശികമായ നമ്മുടെ "ഠ" വട്ടത്തിൽ തള്ളിച്ചാടാനാവില്ല. അങ്ങനെയാവുകയും ചെയ്യരുത്.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു അതുല്യ പ്രതിഭ നമ്മുടെ നാട്ടുകാരനായതിൽ അഭിമാനത്തിൽ സന്തോഷത്തിൽ പുളകം കൊളളുന്ന നിമിഷം.  അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. മുജീബ് പട്ല കയറി വന്ന  പടവുകളെ കുറിച്ച് നേട്ടങ്ങളെക്കുറിച്ച് അറിയാവത്തവർ അപൂർവ്വമായിരിക്കും. എങ്കിലും ചില കാര്യങ്ങൾ കുറിക്കുന്നു.

ആദ്യം ഉയരുന്ന ചോദ്യം അദ്ദേഹം ഈ മേഖലയിൽ എങ്ങനെ എത്തിച്ചേർന്നു എന്നതായിരിക്കും. ഏറ്റവും വലിയ പ്രചോദനം മുഹമ്മദ് ഷാഫി പട്ല എന്ന നാടിൻ്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായ അദ്ദേഹത്തിൻ്റെ പിതാവ് തന്നെയാണ്.  മുജീബിൻ്റെ കാർട്ടൂൺ ലോകത്തേക്കുള്ളഓരോ ചുവടുവെപ്പിലും പിതാവിൻ്റെ നിതാന്ത പ്രോത്സാഹനവും പരിശ്രമങ്ങളുമുണ്ട് .

2006 ൽ മെകാനിക്കൽ എഞ്ചിനീയറിംങ്ങിൽ ബിരുദം നേടിയ മുജീബ് 2015 ൽ മാർകറ്റിംഗ് മാനേജ്മെൻറിൽ എം.ബി എ കരസ്ഥമാക്കി. ഇപ്പോൾ തെർമൽ എഞ്ചിനീയറിങ് ആൻ്റ് നാനോ ടെക്നോലജിയിൽ M.Sc. Engineering by Research   പൂർത്തിയാക്കി വരുന്നു. ജോലി: പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷണൽ (PMP Certified) കൺസൽട്ടന്റ്

ജോലി മേഖലകൾ: Aerospace Design, Oil & Gas, Alternate Energy, News & Media, Engineering, Teaching (എൻജി. കോളേജിൽ അസി. പ്രൊഫസർ)

മറ്റ് പ്രവർത്തനങ്ങൾ: എഡ്യുക്കേഷൻ കൺസൽട്ടൻറ്, കരിയർ ട്രെയിനർ, എഴുത്തുകാരൻ, ബ്ലോഗർ, പോഡ്കാസ്റ്റർ, യൂട്യൂബർ, കാർട്ടൂണിസ്റ്റ്.

പ്രസിദ്ധീകരിച്ച ശാസ്ത്ര പ്രബന്ധങ്ങൾ: 6 (വിഷയങ്ങൾ: Thermal Engineering, Nanotechnology, Material Science, Mechanical Engineering)

പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്: 1 (Start from You - Career Self Help Book, Publisher : Amazon)

Website: www.MujeebPatla.com

Youtube Channel: https://youtube.com/c/TheEducater

Cartoons published in: Malayalam (ഉത്തരദേശം, കാരവൽ, ഗസൽ, ചന്ദ്രഗിരി, കാസർകോട് വാർത്ത) & English newspapers (Vijaya Times, Mangalore Times), Education Magazines

സംസ്ഥാന അവാർഡുകൾ/സമ്മാനങ്ങൾ:

കേരള കാർട്ടൂണ് അക്കാദമി അവാർഡുകൾ - 1998 മികച്ച കാരിക്കേച്ചർ രണ്ടാം സ്ഥാനം(സ്‌കൂൾ തലം), 1999 മികച്ച കാർട്ടൂണ് ഒന്നാം സ്ഥാനം (സ്‌കൂൾ തലം), 2000 മികച്ച കാർട്ടൂണ് ഒന്നാം സ്ഥാനം-മികച്ച കാരിക്കേച്ചർ ഒന്നാം സ്ഥാനം (സ്‌കൂൾ തലം), 2006 മികച്ച കാരിക്കേച്ചർ (ഓപ്പണ്‌ വിഭാഗം), മലയാളമനോരമ മാവേലി കാർട്ടൂണ് മത്സരം 2012 - മൂന്നാം സ്ഥാനം

ദേശീയ പുരസ്കാരങ്ങൾ/അവാർഡുകൾ: Best Budding Cartoonist of The Year 2008 (Indian Institute of Cartoonists - Bangalore) MKMA Award, CSAT 360 Distinct Cartoonist Award 2015.

നടത്തിയ എക്സിബിഷനുകൾ: 2012 കേരള ലളിത കലാ അക്കാദമി (കൊച്ചി), 2013 എൻഡോസൾഫാൻ ദുരിത കാഴ്ച്ച (കുമ്പള), 2015 മൈൻഡ്ലോട്ട് കാർട്ടൂണ് കാരിക്കേച്ചർ എക്സിബിഷൻ (കാസർകോട്) - പുതിയ തലമുറയിലെ കർട്ടൂണിസ്റ്റുകളെ കണ്ടെത്താനും, പ്രോത്സാഹനം നൽകാനും ചെയ്തു, 2018 ArtLoT 2K18 കാർട്ടൂണ് ശിൽപശാല കാർട്ടൂണ് കലയെ പൊതു ജനത്തിന് പരിചയപ്പെടുത്താൻ നടത്തി, 2019 മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിന് പണം സ്വാരൂപിക്കാൻ കേരളത്തിലെ മികച്ച കർട്ടൂണിസ്റ്റികളെ അണിനിരത്തി കാസര്കോടിന്റെ ചരിത്രത്തിലാദ്യമായി തത്സമയ കാരിക്കേച്ചർ ഷോ.


കേരളത്തിലെ ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുടെ പ്രാതിനിധ്യമുള്ള കാർട്ടൂണിസ്റ്റുകള്ടെ കൂട്ടായ്മയായ 'കാർട്ടൂണ് ക്ലബ് ഓഫ് കേരളയുടെ' അംഗമാണ്. ഇപ്പോൾ മുജീബ് ദുബായിലെ പ്രസിദ്ധമായ ,പെട്രോഗ്യാസ് കമ്പനിയിൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾടെന്റ് ആയി ജോലി ചെയ്യുന്നു.ഇനിയും പ്രശസ്തിയുടെ ഉന്നതമായ പടവുകൾ കടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. 

എസ്. എ

17/12/2021

🔲

ആറാട്ട്



🔳

ഈ വാക്ക് കേൾക്കുമ്പോൾ പഴയ സിനിമാ ഗാനമാണ് ഓർമയിൽ മൂളിപ്പാട്ടും പാടി വരുന്നത്‌. "ആറാട്ടിനാനകൾ എഴുന്നള്ളി..... "

ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററിൽ പോയി സിനിമ കാണുന്നത്.  പണ്ടത്തെപ്പോലൊന്നുമല്ല സ്ക്രീനിൽ കഥാപാത്രങ്ങൾക്കൊക്കെ എന്നാ വലിപ്പമാണെന്നെ! 😂  സൗണ്ട് സിസ്റ്റവുമൊക്കെ ഭയങ്കരം തന്നെ!😄

ആറാട്ട് സിനിമ കണ്ടിരിക്കാവുന്ന ടിപ്പിക്കൽ മോഹൻലാൽ സിനിമ എന്നതിനപ്പുറമൊന്നുമില്ല.  അദ്ദേഹത്തിന് വേണ്ടി മാത്രം ഡിസൈൻ ചെയ്ത സിനിമയാണിത്. നെയ്യാറ്റിങ്കര ഗോപൻ എന്ന കഥാപാത്രത്തെ വളരെ നന്നായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം വിജയരാഘവൻ തൻ്റെ മത്തായി എന്ന കഥാപാത്രം അതിലുമേറെ ഭംഗിയാക്കി. സിദ്ധീഖിൻ്റെ പോലിസ് ഓഫിസർ അറുബോറാണ്. 

കുറെ അനാവശ്യമായ അടിയും കുത്തും വളിച്ച ചില കോമഡികളും സിനിമയുടെ ക്വാലിറ്റി നഷ്ടപ്പെടുത്തിയിട്ടുണ്ട്. കഥയെഴുതിയ ഉദയകൃഷ്ണന്മൊത്തത്തിൽ ഒരു കഥയുമില്ല എന്ന് മനസ്സിലായി.മോഹൻലാലിൻ്റെ ശൈലിക്ക് ഒരു സിനിമ വേണം എന്നു മാത്രമാണ് ഉണ്ടായിരുന്നത് എന്നു തോന്നുന്നു.


വരിക്കാശേരി പോലുള്ള മനയൊക്കെ സ്വന്തമായുള്ള സവർണ്ണർക്കാണ് സംഗീതവും പട്ടാള ഉദ്യോഗവുമൊക്കെ പറഞ്ഞിട്ടുള്ളത് എന്ന് ഇതിനു മുമ്പും മലയാള സിനിമ പറഞ്ഞു തന്നിട്ടുള്ളത് കൊണ്ട് ഇവിടെ പ്രത്യേക ആശ്ചര്യ ചിഹ്നമൊന്നും ആവശ്യം വരില്ല.

ന്നാ.. ശരി..😉🙏

  എസ്.എ

19-02-2022


🔲

 


കുഞ്ഞോളുവും  യാത്രയായി!

🔳


ഗ്രാമത്തിലെ തൊണ്ണൂറ് ശതമാനം ആളുകളും ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കാലം.  കഠിനമായി അധ്യാനിച്ചാൽ പോലും വിഷപ്പകറ്റാൻ കഴിയാതിരുന്ന, അർദ്ധ പട്ടിണിയിൽ  കഴിഞ്ഞിരുന്ന ഭൂതകാലം! അമ്പതു വർഷങ്ങൾപ്പുറത്തെ നാടിൻ്റെ ചരിത്രം അറിയുന്ന ഏതൊരാളും അതൊക്കെ ഓർക്കുന്നുണ്ടാകും.  അന്ന് ആളുകളൊക്കെ  പരസ്പരം കൊണ്ടും കൊടുത്തും സ്നേഹിച്ചും യാതൊരു തരത്തിലുമുള്ള മതിൽ കെട്ടുകളുമില്ലാതെ ജീവിച്ചു.

കാർത്ത്യാനി എന്നായിരുന്നു അവരുടെ ശരിയായ പേര്.  നാട്ടുകാർ സ്നേഹത്തോടെ അവരെ കുഞ്ഞോളു എന്ന് വിളിച്ചു. കുഞ്ഞു മാളു ആയിരിക്കണം കുഞ്ഞോളു എന്നായിത്തീർന്നത്! കുഞ്ഞോളു ഞങ്ങൾക്കന്യരായിരുന്നില്ല, അവരുടെ മക്കളും.അന്നും ഇന്നും. 

പൊതുവെ മുസ്ലിം സ്ത്രീകളെ അവർ "നൈത്യാർ" എന്ന് വിളിച്ചു.  എൻ്റെ ഉമ്മ നബീസ നൈത്യാർ അവരുടെ ഉറ്റ സുഹൃത്തായിരുന്നു.  എന്താണ് ഈ നൈത്യാർ എന്ന് പലപ്പോഴും ആലോചിച്ചിരുന്നു. ഈയ്യടുത്താണ് രവീന്ദ്രൻ പാടിയുടെ ഒരു കുറിപ്പിൽ നിന്നും നൈത്യാർ എന്ന വാക്കിൻ്റെ അർത്ഥം രാജകുമാരി എന്നാണെന്നും സിംഹള (ശ്രീലങ്ക) ഭാഷയിൽ നിന്നാണ് അതിൻ്റെ ഉത്പത്തി എന്നും മനസ്സിലാക്കുന്നത്.

ഉമ്മയും ഞാനും ബന്ധുവീടുകളിലേക്ക് പോകുന്ന യാത്രകളിലെ ഇടത്താവളം കൂടിയായിരുന്നു അവരുടെ വീട്. ഉമ്മയും കുഞ്ഞോളുവും ദീർഘനേരം അവിടെ സംസാരിച്ചുകൊണ്ടേയിരിക്കും.  അപ്പോഴൊക്കെയും അക്ഷമനായി നമുക്ക് പോകാം ഉമ്മാ എന്ന് ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു.  ഓർമ്മകളിലേക്ക് തിരികെ വരുന്ന ഇന്നലെകൾ.  ആയുസ്സിൻ്റെ പുസ്തക താളിൽ നിന്നും കൊഴിഞ്ഞു പോയ ബാല്യകൗമാരങ്ങൾ!  

അന്ന് എല്ലാവരും അവരെ കുഞ്ഞോളു എന്നു വിളിക്കുമ്പോൾ എനിക്കവർ കുഞ്ഞിമ യായിരുന്നു. ഞാൻ മാത്രം കുഞ്ഞിമ എന്ന് വിളിച്ചു. ആ വിളി അവർക്ക് ഇഷ്ടവുമായിരുന്നു.  ഉമ്മയോ മറ്റാരും തന്നെയോ അത് തിരുത്താനോ വിലക്കാനോ നിന്നിട്ടില്ല. മനുഷ്യർ തമ്മിൽ നിഷ്കളങ്കമായ സ്നേഹം കളിയാടിയിരുന്ന അന്ന് വേർതിരിവുകൾക്ക് പ്രസക്തിയുണ്ടായിരുന്നില്ല.

തിരികെയുള്ള ഓരോ യാത്രയിലും ഞാനവരെ സന്ദർശിക്കുമായിരുന്നു.  അവസാനമായി കാണുന്നത് എകദേശം രണ്ട് വർഷങ്ങൾക്കു മുമ്പാണ്.  പ്രായാധിക്യം കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു.

വെറുപ്പിൻ്റെയും കുടിലതയുടെയും തത്വശാസ്ത്രം അരങ്ങു വാഴുന്ന പുതിയ കാലത്ത് ആത്മാർത്ഥ സ്നേഹത്തിൻ്റെയും, നന്മ മനസ്സിൻ്റെയും ഉടമയെ മറക്കാനാവില്ല. ആ നല്ല കാലത്തേയും!

പ്രിയപ്പെട്ട കാർത്ത്യായനി എന്ന കുഞ്ഞോളു അമ്മക്ക് ആദരാജ്ഞലികൾ!


എസ്.എ

28-02-2022

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...