വേർപാടിന്റെ വിങ്ങലിൽ!!
💠
ക്ഷണികമായ ജീവിതയാത്രയിൽ ഏറെ അടുത്തിരുന്ന എൻ്റെ പ്രിയതമയുടെ പ്രിയപ്പെട്ട ഉപ്പ എ.ബി.മുഹമ്മദ് (ബാരിക്കാട്) പടച്ചവനിലേക്ക് മടങ്ങിപ്പോയിരിക്കുന്നു.
സുഗന്ധപൂരിതമായ ഓർമകളുടെ പുതുവസ്ത്രങ്ങളോടെ കണ്ണുനനയിച്ച് കടന്നു പോയ പ്രിയപ്പെട്ടവരുടെ പട്ടികയിലേക്ക് അദ്ദേഹവും കടന്നുകയറിയിരിക്കുന്നു.
ഒരിക്കലും മങ്ങിപ്പോകാത്ത അദ്ദേഹത്തിൻ്റെ ഓർമ്മകൾ പൂക്കുന്ന വീടിൻ്റെ പൂമുഖം. ആ പൂമുഖത്തെ കസേരയിൽ കഥയും കാര്യവും പറഞ്ഞിരുന്ന നാളുകൾ ഇനിയില്ല. ഒക്കെയും പതിയെ അകന്നകന്നു പോയത് എത്ര വേഗതയിലായിരുന്നു. അങ്ങനെ ഒരുപാട് കടപ്പാട് കാട്ടേണ്ടവരും വല്ലാതെ അടുപ്പം കാട്ടിയവരും തങ്ങളുടെ ഊഴം വെച്ച് തിരികെപ്പോയിരിക്കുന്നു.
ഒരായുസ്സിന്റെ ഏറെ ഭാഗവും പ്രവാസത്തിൽ ചെലവാക്കിയ മനുഷ്യൻ! ആയുസ്സിന്റെ വർഷ വസന്തങ്ങൾ മരുഭൂമിയിൽ രക്തം വിയർപ്പാക്കിയൊരാൾ. എങ്കിലും ഒരർത്ഥത്തിൽ അദ്ദേഹം ഭാഗ്യവാനായിരുന്നു. സ്വന്തങ്ങളുടെയും ബന്ധങ്ങളുടെയും ഒരുമയിൽ അവസാന കാലം വലിയ പ്രയാസങ്ങളില്ലാതെ കഴിഞ്ഞു.
സഹാനുഭൂതിയോടെ കാണാനും കനിവോടെ ചേർത്ത് പിടിക്കാനും ആർദ്രതയോടെ ഒപ്പമിരുന്ന് കൊടുക്കാനും തുണയായി തണലായി മക്കളുടെയും വേണ്ടപ്പെട്ടവരുടെയും സാന്നിധ്യമുണ്ടായിരുന്നു.
സതീർത്ഥ്യരെല്ലാം ഏതാണ്ടരങ്ങൊഴിഞ്ഞ കാലത്ത് ഉറ്റവരുടെ സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിൽ കഴിയാനാവുക എന്നത് ഭാഗ്യം തന്നെയാണല്ലോ!
ജീവിതത്തിന്റെ അടിസ്ഥാന രേഖയാണല്ലോ മരണം.
ഇന്ന് ഞാൻ അദ്ദേഹം ഇരുന്ന കസേരയിലേക്ക് ശൂന്യമായ മിഴികളോടെ അകലെ നിന്നും നോക്കുകയാണ്. അദ്ദേഹം പറയാൻ ബാക്കിവെച്ച വാക്കുകൾ അവിടെ നിറകണ്ണുകളോടെ നില്കുകയാവാം.
എല്ലാവരും തിരികെ ചെല്ലേണ്ട ലോകത്ത് ചെയ്ത നന്മകൾ അദ്ദേഹത്തിന് തണലായി തീരട്ടെ. പടച്ചവൻ അദ്ദേഹത്തിന്റെ സർവ്വ തെറ്റുകൾ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ..💕
എസ്-എ
26-09-2022
🔳




