Tuesday, October 25, 2022

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!


"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ!

💠

ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു.

ഈയൊരു മാധ്യമം വഴി ഒരു നാടിന്റെ ചരിത്രപാരമ്പര്യത്തിലേക്കും വർത്തമാന യാഥാർത്ഥ്യങ്ങളിലേക്കും തിരികെ നടക്കാൻ പരിധികളും പരിമിതികളും ഏറെ ഉണ്ടായിരുന്നു എന്നത് വാസ്തമാണ്.  എങ്കിലും  ഒപ്പിടി നിര്യനെ അഥവാ ഓർമയുടെ ശകലങ്ങൾ എന്ന പരിപാടി കൊണ്ട് ഉണ്ടായ നേട്ടങ്ങൾ അനവധിയാണ്.  ഓരോ ആളുകൾക്കും മുന്നൂറിൽ കൂടുതൽ ആളുകളുമായി സംവദിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. പൂർവികരുടെ ത്യാഗപൂർണമായ ജീവിത യാഥാർത്ഥ്യങ്ങളെ  കുറിച്ചും പട്ലയുടെ അറിയപ്പെടാത്ത ഇന്നലെകളെ കുറിച്ചും വളരെ വ്യതിരിക്തമായ വാങ്മയ ചിത്രങ്ങൾ ഒരുക്കാൻ സംഘടകർക്ക് കഴിഞ്ഞു.   അഭിനന്ദനങ്ങൾ!

നാടിന്റെ ഗതകാല ചരിത്രത്തിലേക്ക്  തീ നാമ്പുകൾ കോരിയിടുന്നതായിരുന്നു പ്രഫ:എം എ റഹ്‌മാൻ മാഷിന്റെ പ്രഭാഷണം.  അത് തന്നെയായിരുന്നു ഈ പരിപാടിയുടെ ഹൈലൈറ്റ്.  പട്ലയുടെ ഇതിഹാസ പാരമ്പര്യം കുഞ്ഞി മായിൻകുട്ടി വൈദ്യരുടെ വീണ്ടെടുത്തതും ഇനി ബാക്കിയുണ്ടാവാൻ സാധ്യതയുള്ള രചനകളുടെ വഴിതേടി പോകാൻ പ്രചോദനം നൽകുന്നതായിരുന്നു അത്.  അത് ഇശൽ ഗ്രാമത്തിൻ്റെ തായ്‌വേര്കിടക്കുന്നത് ഈ മണ്ണിലാണ് എന്ന തിരിച്ചറിവ് നൽകി.

അത് കൊണ്ട് തന്നെ ഒരു നിർദേശം ഇവിടെ സമർപ്പിക്കുന്നു. പട്ല എന്ന നാടിൻ്റെ പേര് "വൈദ്യരങ്ങാടി" എന്നോ മാഹിനങ്ങാടി എന്നോ പുനർനാമകരണം ചെയ്യണം എന്നതാണത്!  അതിന് വേണ്ടിയുള്ള ഒദ്യോഗിക ശ്രമങ്ങൾ നടക്കണം.  നൂറോളം വർഷങ്ങൾക്ക് മുമ്പ് ഈ നാടിൻ്റെ നാമം  ഉയർത്തിപ്പിടിച്ച കവിക്ക് നമുക്ക് നൽകാവുന്ന ഏറ്റവും മികച്ച സ്മാരകമാകുമത്!  ഏറ്റവും ചുരുങ്ങിയത് അദ്ദേഹത്തിൻ്റെ വീടും പരിസരവും സ്ഥിതി ചെയ്യുന്ന സ്രാമ്പി മഹല്ലിനെങ്കിലും ഈ പേരിലേതെങ്കിലുമൊന്ന് തെരെഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുകയാണ്! ഒരു പക്ഷെ സമാനമായ പേരുകൾ പല സ്ഥലത്തും ഉണ്ടാവാം.  അത് കൊണ്ടൊന്നും കവി കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ സ്മരണാർത്ഥം നാം നൽകുന്ന പേരിൻ്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല!

രണ്ടാമത്തെ കാര്യം അഷ്ഠാംഗ ഹൃദയത്തിന് അറബി മലയാളത്തിൽ വൈദ്യരെഴുതിയ, ഈയ്യിടെ കണ്ടെടുക്കപ്പെട്ട മാപ്പിളപ്പാട്ട് രചനയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക എന്ന ദൗത്യമാണ്.  ബൗദ്ധികവും സാമ്പത്തികവും ഏറെ ശ്രമകരവുമായ ഒരു പദ്ധതിയാകുമത്. ത്യാഗസന്നദ്ധരായ കർമ്മോത്സുകരായ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അറിയാനും ആഗ്രഹമുള്ള വ്യക്തികൾ പ്രത്യേകിച്ച് യുവാക്കൾ വേണം.  അഞ്ചിൽ കുറയാത്ത യുവനിര വേണം. പിന്തുണയുമായി ഈ നാടും നാട്ടുകാരും!  എങ്കിൽ ഈ വിഷയത്തിൽ ഏറെ തൽപ്പരരായ പ്രഫ.റഹ്മാൻ മാഷിനെയും ഖലിലുല്ലാഹ് ചെമ്മനാടിനെയും പോലുള്ള പ്രമുഖർ സഹായ സഹകരണവുമായി മുന്നിൽ തന്നെ ഉണ്ടാവും എന്നു നമുക്ക് ഉറപ്പിക്കാം!

മൂന്നാമത്തെ കാര്യം; അപൂർണമാണെകിലും പടലയെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പല ആളുകളും ഇവിടെ പരാമർശിച്ചു.  കുറെ അനുഭവങ്ങളും അതിലേറെ കേട്ടു കേൾവികളും ആയിരുന്നു.  അതിൽ നിന്നും നെല്ലും പതിരും വേർതിരിച്ചെടുക്കുക എന്നതാണ്. ഭഗീരഥ പ്രയത്നമാണത്. അതൊക്കെയും ഒരു ലിഖിത രൂപത്തിലോ എല്ലാവര്ക്കും പ്രാപ്യമായ രീതിയിലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലോ വരേണ്ടതുണ്ട്.  വരും തലമുറകൾക്ക് വലിയൊരു മുതൽക്കൂട്ടാകുമത്,  ഒപ്പം നമ്മൾ ഇവിടെ ജീവിച്ചതിനുള്ള അടയാളപ്പെടുത്തലും. ഓഫ്‌ലൈനിലെ തുടർപ്രവർത്തനങ്ങൾ കൊണ്ട് മാത്രം സാധ്യമാകുന്നതാണിത്. കൂട്ടായ പരിശ്രമങ്ങൾ ആവശ്യമുണ്ട്, അത് കേവലം ഒരു ക്ലബ്ബിന്റെ അജണ്ടയിൽ മാത്രം ഒതുങ്ങേണ്ടതല്ല. തുടർചർച്ചകൾ ആവശ്യമാണ്. 

ഇനി സൂചിപ്പിക്കാനുള്ളത് ഈ പരിപാടിയുടെ പോരായ്മകളാണ്. ചർച്ചയിൽ പങ്കെടുത്ത ഞാനടക്കമുള്ള പലരും ഒട്ടും  മുന്നൊരുക്കം നടത്തിയില്ല എന്നതാണത്.  ആ ഒരു സന്ദർഭത്തിൽ നമ്മുടെ ചിന്തകളിലേക്ക് വന്നത് അപ്പടി പറഞ്ഞു പോകുകയാണ് ചെയ്തത്.  കെ എം സഈദും, ടി.വി.ഹമീദും മാത്രം കുറച്ചു കൂടി തയ്യാറെടുപ്പു നടത്തി എന്ന് തോന്നി!

ഒപ്പിടി നിര്യനെ എന്ന ആശയം എന്ത് കൊണ്ടും ഗംഭീരമായിരുന്നു.  "പൊലിമ" യോട് താരതമ്യപ്പെടുത്താൻ കഴിയില്ല എങ്കിലും നാട്ടിലെ മിക്കവാറും ആളുകളും ഈ ഓൺലൈൻ ചർച്ചയിൽ  പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു.  ഗ്രൂപ്പിന്റെ റേറ്റിംഗ് പോയിന്റ്  പരിശോധിച്ചാൽ അത്  മനസ്സിലാകും.   ജില്ലയിലെ പ്രഗത്ഭരായ പലരെയും ഈ ചർച്ചയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.  അവരുടെയൊക്കെ അഭിപ്രായങ്ങൾ വിലപ്പെട്ടതായിരുന്നു. 

ഇവയൊക്കെ എന്റെ വ്യക്തിപരയമായ അഭിപ്രായങ്ങളാണ്, പരിപാടിയുടെ അവലോകനമല്ല. അവലോകനം സംഘടകർ നേരത്തെ നടത്തിയതാണ്. 

ഈ കുറിപ്പിനോടുള്ള വിയോജിപ്പുകളും വിമർശനങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.  ഈയൊരു പരിപാടിയുടെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം സംഘടകരെ അറിയിക്കുന്നു.

എസ്-എ

24-10-2022

🔳

Friday, October 7, 2022

യുഎഇ ഗവ: ഉദ്യോഗസ്ഥരായ രണ്ട് പട്ല സ്വദേശികൾക്ക് ഗോൽഡൻ വിസ ലഭിച്ചു

യു എ ഇ ഗോൽഡൻ വിസ ലഭ്യമാകുക എന്നത് ഇന്ന് വളരെ അഭിമാനകരമായ ഒരു അംഗീകാരമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കു യു എ ഇ നൽകുന്ന ഗോൾഡൻ വിസ 2019 ജൂണിലാണ് തുടങ്ങിയത്. 

ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകർ, സംരംഭകര്‍, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദേശരാജ്യങ്ങളിലെ പ്രശസ്തരായ വ്യക്തിത്വങ്ങൾക്കൊക്കെയാണ് ഇതു നൽകി വരുന്നത്.

പത്തു വർഷം കാലാവധിയുള്ള ഗോൽഡൻ വിസ ലഭിച്ചു കഴിഞ്ഞാൽ ദീര്‍ഘകാല ആസൂത്രണത്തോടെ യുഎഇയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാം എന്നതാണ് മെച്ചം!

യുഎഇയുടെ സാധാരണ വിസകള്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ വിസ കൈയിലുള്ളവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയടക്കം പത്തു വർഷത്തിന് ശേഷം മാത്രമാണ് അതു വേണ്ടി വരിക. കൂടാതെ മറ്റുള്ളവർക്കില്ലാത്ത ഒരുപാട് ആനുകൂല്യങ്ങളും ഗോൽഡൻ വിസ ഉള്ളവർക്ക് ലഭ്യമാകുന്നു.

പട്ല സ്വദേശികളായ ജേഷ്ടാനുജന്മാരായ ഹാരിസ് കൊല്ല്യ, അസീസ് കൊല്ല്യ എന്നിവർക്കാണ് ഇതിന് മുമ്പ് ഗോൽഡൻ വിസ ലഭിച്ചത്.

ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനം പരിഗണിച്ച്‌ അഷ്റഫ് ഫാർമസി സ്രാമ്പിക്കൽ(S/O മൊയ്തീൻ കുഞ്ഞി ഹാജി), അബൂബക്കർ ഫാർമസി (S/O ഫക്രുദ്ദീൻ) എന്നിവർക്ക് കൂടി ഗോൽഡൻ വിസ ലഭിച്ചിരിക്കുന്നു.

ഗോൽഡൻ വിസ ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.  ഒപ്പം അത് ലഭിക്കാൻ വേണ്ടി ശ്രമം നടത്തുന്ന എല്ലാ പട്ലക്കാർക്കും വിജയാശംസകൾ നേരുന്നു. 

എസ്-എ

11/11/22


🔲

Tuesday, September 27, 2022

വേർപാടിന്റെ വിങ്ങലിൽ!!

💕
വേർപാടിന്റെ വിങ്ങലിൽ!!

💠

ക്ഷണികമായ ജീവിതയാത്രയിൽ ഏറെ അടുത്തിരുന്ന എൻ്റെ പ്രിയതമയുടെ പ്രിയപ്പെട്ട  ഉപ്പ എ.ബി.മുഹമ്മദ്  (ബാരിക്കാട്) പടച്ചവനിലേക്ക് മടങ്ങിപ്പോയിരിക്കുന്നു.

സുഗന്ധപൂരിതമായ ഓർമകളുടെ പുതുവസ്ത്രങ്ങളോടെ കണ്ണുനനയിച്ച് കടന്നു പോയ പ്രിയപ്പെട്ടവരുടെ പട്ടികയിലേക്ക് അദ്ദേഹവും കടന്നുകയറിയിരിക്കുന്നു.

ഒരിക്കലും മങ്ങിപ്പോകാത്ത അദ്ദേഹത്തിൻ്റെ ഓർമ്മകൾ പൂക്കുന്ന വീടിൻ്റെ പൂമുഖം.  ആ പൂമുഖത്തെ കസേരയിൽ കഥയും കാര്യവും പറഞ്ഞിരുന്ന നാളുകൾ ഇനിയില്ല.  ഒക്കെയും പതിയെ അകന്നകന്നു പോയത് എത്ര വേഗതയിലായിരുന്നു. അങ്ങനെ ഒരുപാട്  കടപ്പാട് കാട്ടേണ്ടവരും വല്ലാതെ അടുപ്പം കാട്ടിയവരും തങ്ങളുടെ ഊഴം വെച്ച് തിരികെപ്പോയിരിക്കുന്നു. 

ഒരായുസ്സിന്റെ ഏറെ ഭാഗവും പ്രവാസത്തിൽ ചെലവാക്കിയ മനുഷ്യൻ!  ആയുസ്സിന്റെ വർഷ വസന്തങ്ങൾ മരുഭൂമിയിൽ രക്തം വിയർപ്പാക്കിയൊരാൾ. എങ്കിലും ഒരർത്ഥത്തിൽ അദ്ദേഹം ഭാഗ്യവാനായിരുന്നു.  സ്വന്തങ്ങളുടെയും ബന്ധങ്ങളുടെയും ഒരുമയിൽ അവസാന കാലം വലിയ പ്രയാസങ്ങളില്ലാതെ കഴിഞ്ഞു. 

സഹാനുഭൂതിയോടെ  കാണാനും കനിവോടെ ചേർത്ത് പിടിക്കാനും ആർദ്രതയോടെ ഒപ്പമിരുന്ന് കൊടുക്കാനും തുണയായി തണലായി മക്കളുടെയും വേണ്ടപ്പെട്ടവരുടെയും സാന്നിധ്യമുണ്ടായിരുന്നു.

സതീർത്ഥ്യരെല്ലാം ഏതാണ്ടരങ്ങൊഴിഞ്ഞ  കാലത്ത് ഉറ്റവരുടെ സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിൽ കഴിയാനാവുക എന്നത് ഭാഗ്യം തന്നെയാണല്ലോ!

ജീവിതത്തിന്റെ അടിസ്ഥാന രേഖയാണല്ലോ മരണം.

ഇന്ന് ഞാൻ അദ്ദേഹം ഇരുന്ന കസേരയിലേക്ക് ശൂന്യമായ മിഴികളോടെ അകലെ നിന്നും നോക്കുകയാണ്.  അദ്ദേഹം പറയാൻ ബാക്കിവെച്ച വാക്കുകൾ അവിടെ നിറകണ്ണുകളോടെ നില്കുകയാവാം.

എല്ലാവരും തിരികെ ചെല്ലേണ്ട ലോകത്ത് ചെയ്ത നന്മകൾ  അദ്ദേഹത്തിന് തണലായി തീരട്ടെ. പടച്ചവൻ അദ്ദേഹത്തിന്റെ സർവ്വ തെറ്റുകൾ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ..💕


എസ്-എ

26-09-2022

🔳

Thursday, September 22, 2022

ഭാരത് ജോഡോ യാത്ര!


🔲

ഭാരത് ജോഡോ യാത്ര!

©️

ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്നതാണ്  മുദ്രാവാക്യം.  എത്ര മനോഹരമാണ് ഈ മുദ്രാവാക്യം. ഇന്ത്യയുടെ, കോൺഗ്രസ്സിൻ്റെ സമീപകാല ചരിത്രത്തിൽ ഇത് പോലൊരു മുദ്രാവാക്യം കേട്ടിട്ടില്ല.

സ്വാതന്ത്ര്യ സമരകാലത്തു മുഴങ്ങി കേട്ട കോരിത്തരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത  മുദ്രാവാക്യം പോലെ ഇത് ജനഹൃദയങ്ങളിലേക്ക് പകരാൻ കഴിഞ്ഞാൽ ഇന്ത്യ ജയിക്കും.   ഒരു കാലത്ത് ഒരു ജനത നെഞ്ചേറ്റിയ പ്രസ്ഥാനം എല്ലാ പരിക്കുകളെയും അതിജയിച്ചു മുന്നേറണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  ഇന്ന് ഈ അവസ്ഥയിലെങ്കിലും നാം കാണുന്ന ഇന്ത്യ കോൺഗ്രസ്സിന്റെ സംഭവനയാണെന്നു കോൺഗ്രസ്സിനെ എതിർക്കുന്നവർ പോലും സമ്മതിക്കും. 

എന്ത് കൊണ്ടാണ് കോൺഗ്രസ്സ് ജനഹൃദയങ്ങളിൽ കുടിയേറിയത്? എങ്ങിനെയാണ്  കോൺഗ്രസ്സ് ജനങ്ങളുടെ ആവേശവും ആശ്രയവുമായി മാറിയത്?  അടിസ്ഥാന വർഗങ്ങളുടെ പ്രതീക്ഷയായിരുന്നു കോൺഗ്രസ്സ്. അന്നൊക്കെ കോൺഗ്രസ്സ് ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ തന്നെ അത് ബോധ്യപ്പെടുത്തും.  ഗരീബ് ഹഠാവോ, റോട്ടി കപടാ ഓർ മകാൻ പോലുള്ള എക്കാലത്തേയും സാധാരണക്കാരൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ശ്രമിച്ചതു കൊണ്ടാണ് കോൺഗ്രസ്സിന് ഭരണ തുടർച്ചകൾ ലഭിച്ചത്.  ആം ആദ്മി പാർട്ടിക്ക് ഈ അടുത്ത കാലത്തായി ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയെ വിലയിരുത്തിയാൽ അത് ബോധ്യപ്പെടും. ഒരു കാര്യം കൃത്യമാണ് വർഗീയതക്ക് ദീർഘകാലം പട്ടിണിയെയും ദാരിദ്ര്യത്തെയും മറികടക്കാനാവില്ല.  ഇന്ത്യയുടെ ആത്മാവ്  കെട്ടിപ്പടുത്തിരിക്കുന്നത് നെഹ്‌റു എന്ന വിശാലമായ കാഴ്ചപ്പാടുകളുണ്ടായാരുന്ന നേതാവിന്റെ നിലാപാട് തറയിൽ നിന്നാണ്.  

സത്യത്തിൽ നൂറു വർഷത്തിലധികം കാലത്തെ ചരിത്രം പറയാനുള്ള ഒരു പ്രസ്ഥാനത്തിനു കാലം ഏല്പിച്ച ചില പരിക്കുകൾ ഉണ്ട്.  അതിനെ അഡ്രസ് ചെയ്യാൻ കഴിയാതെ പോയ ഒരു നേതൃത്വവും.  പ്രധാനമായും സ്ലീപ്പർ സെല്ലുകൾ ഏല്പിച്ച ആഘാതമാണത്.  സൂക്ഷമമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഹിന്ദുത്വ ഫാസിസം നിരന്തരം അതിഗൂഢമായി ഇത്രയും കാലം പണിയെടുക്കുകയായിരുന്നു.  സ്വാഭിവികമായും നീണ്ടകാലം തുടർച്ചയായി ഭരിക്കുന്ന കക്ഷി എന്ന നിലയിൽ തുടക്കം മുതൽക്ക് തന്നെ കോൺഗ്രസ്സ് ടാർഗറ്റ് ചെയ്യപ്പെട്ടു എന്നതാണ് വസ്തുത.  ഏറ്റക്കുറച്ചിലുകളിലൂടെ സി പി എം അടക്കമുള്ള മറ്റു പാർട്ടികളും ടാർഗറ്റ് ചെയ്യപ്പെട്ടു! ഏതു പാർട്ടിക്കകത്തും നുഴഞ്ഞു കയറി തങ്ങളുടെ താല്പര്യങ്ങൾ പാർട്ടി പോളിസികളായി പോലും മാറ്റിയെടുക്കാൻ കഴിഞ്ഞതും, കഴിയുന്നതും അത് കൊണ്ടാണ്.

കോൺഗ്രെസ്സിനായാലും മറ്റേത് പാർട്ടികൾക്കായാലും പ്രതിരോധിക്കാൻ എളുപ്പ വഴികൾ ഒന്നും ഇല്ല.  ഹിന്ദുത്വ വർഗീയതയോടുള്ള സോഫ്റ്റ് കോർണർ ആണ് സംഘ് പരിവാർ എന്ന ഹാർഡ്കോർ ഫാസിസ്റ്റുകളെ തളക്കാനുള്ള സൂത്രം എന്നാണ് പലരും കരുതുകയും പ്രാവർത്തികമാക്കി കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്.  അതിന്റെ റിഹേഴ്സലുകളാണ് ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നത്! വിട്ടു വീഴ്ചകളില്ലാതെ ഫാസിസത്തെ ആര് നേരിടുന്നുവോ അവർക്ക് തീർച്ചയായും ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയും.  അല്ലാതെ കുറുക്കു വഴികളും ചെപ്പടി വിദ്യകളും കൊണ്ട് നേരിടാവുന്ന ഒരു ശക്തിയല്ല ഇന്ന് ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എല്ലാവര്ക്കും നല്ലതാണ്. 

താൽക്കാലികമായ ഭൂതകാലങ്ങളോട് കലഹിക്കുകയും ചരിത്രത്തെയും നാം നടന്നു തീർത്ത വഴികളെയും കുറിച്ച് ലവലേശം ചിന്താവിധേയമാക്കാത്ത ഒരു രാഷ്ട്രീയ പരിസരമാണ് ഇന്നുള്ളത്.  ഇവിടെ നാം ചർച്ച ചെയ്തു തിമർത്താടുന്നത് കഴിഞ്ഞ മണിക്കൂറുകളിൽ എത്ര തീവണ്ടികൾ വൈകിയോടി എന്നതു പോലുള്ള  ഡാറ്റ വെച്ചുകൊണ്ടുള്ള വളരെ നേർത്ത ഫ്രെമിനകത്ത് നിന്നുകൊണ്ടാണ്.  കണക്കും ഭാവനയും യാഥാർത്ഥ്യവും മത്സരിക്കുമ്പോൾ ലഭിക്കുന്ന താൽകാലിക ജയപരാജയങ്ങളിലാണ്  നമ്മൾ അഭിരമിക്കുന്നത് എന്ന് കാണാം. സൂക്ഷ്മ രാഷ്ട്രീയത്തിൽ അതൊക്കെയും പലതും ഒളിപ്പിച്ചു വെക്കാനുള്ള അടവുകളാണെന്നു നാം തിരിച്ചറിയുന്നില്ല.

എല്ലാ പാർട്ടികളിലെയും ഭൂരിപക്ഷം വരുന്ന വൃദ്ധ നേതൃത്വങ്ങളും സ്വാർത്ഥത മാത്രം കൈമുതലുള്ള നേതാക്കളുമാണ് പ്രശ്നങ്ങളുടെ ആണിക്കല്ലുകളായി പ്രവർത്തിക്കുന്നത് എന്ന് കാണാം.  ജീവിതത്തിന്റെ സായം സന്ധ്യയിൽ അധികാരത്തിന്റെ മഞ്ചലിലേറി സ്വസ്ഥമായി ജീവിച്ചു മരിക്കാൻ എല്ലാ വൃത്തി കേടുകളോടും രാജിയാവാതെ അവർക്ക് വേറെ വഴികളില്ല എന്നവർ കരുതുന്നു. രാഷ്ട്രീയ  മൂല്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്ന ഇത്തരം നേതൃത്വങ്ങളിൽ നിന്നും രക്ഷപ്പെടാൻ പാർട്ടികൾക്ക് കഴിയണം ആദർശങ്ങളും ആശയങ്ങളും  പണയം വെക്കാത്ത, കറപുരളാത്ത സംശുദ്ധമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന  നേതൃത്വത്തിൽ മാത്രമാണ് പ്രതീക്ഷയുള്ളത്.  രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയുണ്ട്.  ജോഡോ  യാത്ര ഇന്ത്യയെ ഒന്നിപ്പിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യട്ടെ!.


എസ്-എ✍️

22-09-2022

🔳

സാബിർ! സമൂഹത്തിനു കനിവും കരുത്തുമായൊരാൾ! 💕


സാബിർ!      

സമൂഹത്തിനു കനിവും കരുത്തുമായൊരാൾ!

💕

ചെയ്തു കൂട്ടിയ ഒരായിരം നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി സാബിർ നെല്ലിക്കുന്ന് പടച്ചവൻ്റെ തിരുസന്നിദ്ധിയിലേക്ക് യാത്രയായി.

ഒരാൾ പെട്ടെന്നൊരു ദിനം എന്നെന്നേക്കുമായി പിരിഞ്ഞു പോകുമ്പോൾ, ഒപ്പമുണ്ട് എന്ന് എല്ലായ്പ്പോഴും വാക്കു കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും തൈര്യപ്പെടുത്തിയൊരാൾ യാത്രാമൊഴി പോലും പറയാതെ അകലങ്ങളിലേക്ക് മാഞ്ഞു പോകുമ്പോൾ നമുക്ക് നിശബ്ദമായി കരയാൻ മാത്രമാണ് കഴിയുക!

സാബിർ ഭായ് എനിക്കാരായിരുന്നു എന്നു ചോദിച്ചാൽ ബോസ്, സുഹൃത്ത്, സഹോദരൻ അങ്ങനെ പലതുമായിരുന്നു.   ഒരിക്കൽ പരിചയപ്പെട്ട ആളുകൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരായിരം കഥകൾ പറയാനുണ്ടാകും!   ഗൾഫിലെ എ എം ടി  എന്ന ബിസിനസ് സ്ഥാപനത്തിന്റെ പേര് കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ആദ്യം ഓടിയെത്തുക സാബിർ ഭായിയുടെ പേരായിരിക്കും. എളിമ കൊണ്ടും ദൈവ ഭയം കൊണ്ടും ജീവിതം അടയാളപ്പെടുത്തിയ നിഷ്കളങ്കനായ മനുഷ്യ സ്‌നേഹി.  ഒരാളോടും പകയില്ലാതെ നിറഞ്ഞ തെളിമയുള്ള മനസ്സോടെ അകാലത്തിൽ നടന്നു നീങ്ങി. നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കും എന്നു പറയാറുണ്ടല്ലോ!!

ഞങ്ങൾ തമ്മിൽ നീണ്ടകാലത്തെ പരിചയവും ഹൃദയബന്ധവുമുണ്ട്. .  ബിസിനസ് ജീവിതത്തിലെ ജയാ പരാജയങ്ങളും, വ്യക്തി ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങൾ പോലും വളരെ വിശദമായി പങ്കുവെക്കുമായിരുന്നു.  അസുഖബാധിതനാകുന്നതിന്റെ ഒരാഴ്ച മുമ്പ് പോലും ദീർഘമായി സംസാരിച്ച വോയിസ് ക്ലിപ്പുകൾ ഉണ്ട്.  ഇനിയത് വീണ്ടും കേൾക്കാനുള്ള കരുത്തില്ല.   

പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചു കൊണ്ട് അതൊക്കെയും വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്താണ് പടച്ചവൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നത്.  സാബ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ആയിരുന്നു.  

വലുപ്പ ചെറുപ്പമില്ലാതെ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പലർക്കും കഴിയാറില്ല. അവിടെയാണ് സാബിർ ഭായ് വ്യത്യസ്തനാകുന്നത്. ജാഡ കൊണ്ട് മുഖം തിരിക്കുന്നവരുടെ ലോകത്ത് ഒട്ടും അഭിനയമോ അഹങ്കാരമോ ഇല്ലാതെ ജീവിച്ചു. ചോദിച്ചു വരുന്നവർക്ക് നല്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്.  ഒന്നും ചോദിക്കാതെ നിശബ്ദം കരയുന്നവരുടെ അകക്കണ്ണ് കാണാനുള്ള കഴിവുണ്ടായിരുന്ന അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.

മനസിന്റെ സങ്കുചിത്വങ്ങളിൽ നിന്നും മുക്തി നേടുന്നവർ ആരാണോ അവരാണ് വിജയികൾ എന്ന് ഖുർആൻ പറയുന്നുണ്ട്. താങ്കൾ ചെയ്ത ദാനധർമങ്ങൾ പരലോകത്തു തുണയാകട്ടെ.. നന്മകൾ മാത്രം തണലാകുന്ന ലോകത്ത് താങ്കൾ വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടട്ടെ.

പ്രിയപ്പെട്ട സാബിർ ഭായ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും!!  പടച്ചവന്റെ സന്നിധിയിൽ താങ്കൾക്ക്  ഉന്നതമായ സ്ഥാനം ലഭിക്കട്ടെ.  കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള  കരുത്തു ഉണ്ടാവട്ടെ..


എസ്-എ

17-09-2022


🔳

Tuesday, September 20, 2022

നൊടിക്കവിതകൾ

നൊടിക്കവിതകൾ 

💠

സുനാമി

  • കടലിനോട് കലഹിച്ച തിരകളെല്ലാം 
  • ഒരുനാൾ കടൽ വിട്ടോടി കരയിലെത്തി! 

മെഴുകുതിരി 

  • കത്തിയാളിയ നാളങ്ങളറിയുമോ 
  • കരഞ്ഞു കൊണ്ടോടിയ കണ്ണീരുകളെ!

മാന്യത 

  • ഓടിച്ചു കടിയ്ക്കാൻ വരുമ്പോൾ 
  • തൂങ്ങി നില്ക്കാൻ ഒരു മരച്ചില്ല!

ദൈവം 

  • ഇമവെട്ടാത്ത നോട്ടം 
  • നിന്നെയുമെന്നെയും 
  • മനസ്സിലെ മസിൽ ഒന്നഴിച്ചു വിടൂ 
  • വാതിക്കലാരോ മുട്ടുന്നൂ!

കാലം 

  • കാലിട്ടടിച്ചതോർമ്മയില്ല 
  • മുട്ടിലിഴഞ്ഞതും; 
  • സങ്കടക്കരച്ചിൽ 
  • അന്നുമുണ്ടിന്നും.

മരണം 

  • അപ്പുറത്തേറെ പ്രിയപ്പെട്ടൊരാൾ 
  • കാത്തിരിക്കുന്നു 
  • ഇപ്പുറത്തേറെ പ്രിയപ്പെട്ടൊരാൾ 
  • കരഞ്ഞുകൊണ്ടേയിരിക്കുന്നു.

ജീവിതം 

  • നടന്നു നടന്നു 
  • കണ്ടു കണ്ടു 
  • വിണ്ടു കീറിയ കാലും 
  • കണ്ടുറങ്ങിയ കണ്ണുകളും!

എഴുത്ത് 
  • ഞാനൊറ്റക്കായപ്പോൾ 
  • എനിക്ക് വേണ്ടി വാദിക്കാൻ 
  • ഒരു വക്കീൽ


സ്വപ്‌നങ്ങൾ 

  • കുടിച്ചു വറ്റിച്ച കൈപ്പുനീർ 
  • കുഞ്ഞരുവിയായി ഒഴുകുന്നു.

ചർച്ച 

  • ഹാ ഹാ ഞാൻ ജയിച്ചു 
  • ഹോ ഹോ നീ തോറ്റു.

എസ്-എ


💠

Tuesday, September 13, 2022

ഇവിടെ ഇങ്ങനെയാണ് ഭായ്!

 


ഇവിടെ ഇങ്ങനെയാണ് ഭായ്!

💠

എല്ലാ നന്മകളും സാമൂഹികമായ നവജാഗരണത്തിനു തിരികൊളുത്തും. പുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന കാര്യത്തിൽ നമ്മളെന്നും മുന്നിലാണ്. നാട്ടിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ കുറെയേറെ നല്ല കാര്യങ്ങൾക്കായി പൊതുവായി നടന്ന ധന സമാഹരണത്തിന്റെ കണക്കെടുത്താൽ അത്  ബോധ്യപ്പെടും. 

അപരന്റെ ദുഃഖത്തിൽ പങ്കു ചേരുക അവരുടെ കണ്ണീരൊപ്പാൻ കൈകോർക്കുക, എല്ലാ നല്ല പ്രവർത്തികളിലും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നൽകുക.  ഇത് ഒരു കടമയായി കണ്ടുകൊണ്ട് ഞാനാദ്യം എന്ന രീതിയിൽ മത്സരിക്കുക ഒരു പക്ഷെ എല്ലാ പ്രദേശങ്ങളിലും മൊത്തം ജനത അങ്ങനെയായിക്കൊള്ളമെന്നില്ല.  പക്ഷെ പട്ല ഈ വിഷയത്തിൽ വേറൊരു ലെവലാണ്.  വേറിട്ട മാതൃകയാണ്! 

സ്നേഹാനുകമ്പയും മാനുഷികതയും  പ്രകടമാവുന്ന സമൂഹത്തിൽ തിന്മകൾക്ക് വളരാൻ ഇടം ലഭിക്കില്ല. തിന്മയെ തടയാൻ വേറെ സംവിധാനങ്ങളുടെ ആവശ്യമില്ല.  ഇത് പോലുള്ള പുണ്യ  പ്രവർത്തനങ്ങൾ അധികാരിപ്പിച്ചാൽ മാത്രം മതിയാകും.  നാടിനെയും  നാട്ടുകാരെയും  ബാധിക്കുന്ന ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ അതുവഴി സാധ്യമാകും. 

അല്ലാഹുവിന്റെ കാരുണ്യ കടാക്ഷം ലഭിക്കാൻ ഇതൊക്കെ തീർച്ചയായും ഉതകും.  നമ്മുടെ മക്കൾ, കുടുംബങ്ങൾ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടാൻ നിരാലംബരായ മനുഷ്യരുടെ പ്രാർത്ഥനകൾ മതിയാകും.

ദിവസങ്ങൾക്കു മുമ്പ് ഒരാവശ്യം മുന്നിൽ വെക്കുന്നു.  കുട്ടികൾക്ക് സ്‌കൂളിൽ കുടിവെള്ള സൗകര്യമൊരുക്കാൻ കൂലർ (Water Cooler) അത്യാവശ്യമാണ്. ഏകദേശം നാല്പതിരായിരം രൂപയോളം ചിലവ് വരുന്ന പദ്ധതിയാണ്.  ആവശ്യം മുന്നിൽ വെക്കേണ്ട താമസം ഞൊടിയിടയിൽ സഹായ ഹസ്തവുമായി ഒന്നിൽ കൂടുതൽ അഭ്യൂദയകാംക്ഷികൾ അതേറ്റെടുക്കാൻ താല്പര്യം അറിയിക്കുന്നു. നന്മയിൽ മത്സരിക്കാൻ ഇതു പോലെ മുന്നിട്ടിറങ്ങുന്നവർ അപൂർവ്വമായിരിക്കും.

ഇങ്ങനെ എത്രയോ സംരംഭങ്ങൾക്ക് മാനസികവും ശാരിരികവും സാമ്പത്തികവുമായ പിന്തുണയും സഹകരണവും നൽകിയ നന്മയുള്ള മനുഷ്യരാണ് നമ്മുടെ നാടിൻ്റെ ഐശ്വര്യം!

ഭയപ്പെടേണ്ടതില്ല! നന്മയുടെ ഉറവവറ്റാത്ത,ഹൃദയവിശാലതയുടെ,കാരുണ്യത്തിൻ്റെ നിറ വസന്തം ചൊരിയുന്ന അനേകം നല്ല മനുഷ്യരുടെ നാടാണിത്!

എത് പ്രയാസ ഘട്ടങ്ങളിലും അശരണരുടെ ആശ്രയവും അത്താണിയുമായി ഇവിടെ മനുഷ്യരുണ്ട്. ഇവിടെയുള്ള ജനങ്ങൾ ഇങ്ങനെയാണ്!

അതെ ഇവിടെ ഇങ്ങിനെയാണ് ഭായ്..

എസ് - എ

10/09/2022

🔳

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...