ഖുർആൻ എന്ന കടലിൻ്റെ ആഴങ്ങളിൽ നിന്നും മുത്തുകൾ ചികയുന്നവർ!
©️
പട്ലയിൽ നിന്നും ഒരാൾ കൂടി ഖുർആനിന്റെ ശാദ്വല തീരത്തേക്ക് ,വിജയത്തിന്റെ പച്ചപ്പിലേക്ക് നടന്നു കയറി. അബ്‌നു എന്ന പി അബൂബക്കർ ആണ് ആ മിടുക്കൻ!
അബ്നു, ഖുർആനിലെ 114 സൂറത്തുകളും 6236 ആയത്തുകളും മന:പാഠമാക്കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും വലിയ അധ്യായമായ അൽ- ബഖറ മുതൽ ഏറ്റവും ചെറിയ അധ്യായമായ അൽ-കൗസർ വരെ കാണാതെ പഠിച്ചിരിക്കുന്നു എന്നർത്ഥം!
പ്രഗത്ഭ പണ്ഡിതനും ഹസനത്തുൽ ജാരിയ (കണ്ണാടി പള്ളി) മസ്ജിദ് ഖത്തീബുമായാ അത്വീഖ് റഹ്മാൻ മൗലവിയുടെ നേതൃത്വത്തിലുള്ള Darul Hikmah Institute of Quran and Science-Kasaragod ൽ നിന്നുമാണ് അബൂബക്കർ ഖുർആൻ മനഃപാഠമാക്കി പുറത്തിറങ്ങുന്നത്. നാല് വർഷത്തെ പരിശീലനവും പരിശ്രമവും അതിന്റെ പിന്നിലുണ്ട്. ദാറുൽ ഹിക്മയിൽ നിന്നും ഖുർആൻ മനഃപാഠമാക്കി പഠനം പൂർത്തിയാക്കുന്ന പട്ലയിലെ രണ്ടാമത്തെ വിദ്യാർത്ഥിയാണ് പതിനഞ്ചു വയസ്സു പ്രായമുള്ള അബൂബക്കർ. ആദ്യത്തെയാൾ ബി.ബഷീർ പട്ലയുടെ മകൻ സൽമാൻ ബഷീർ ആയിരുന്നു.
ഈയ്യടുത്ത കാലത്ത് വ്യത്യസ്ഥ പഠന കേന്ദ്രങ്ങളിൽ നിന്നും ഖുർആൻ മന:പാഠമാക്കിയ കുറെ കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. അവരൊക്കെയും ഖുർആൻ പഠനരംഗത്ത്
കൂടുതൽ ഉയരങ്ങൾ കീഴടക്കി നാടിനും നാട്ടുകാർക്കും ജനങ്ങൾക്കൊക്കെയും വെളിച്ചമായി മുന്നിൽ നിന്നും നയിക്കാനുള്ള സൗഭാഗ്യമുണ്ടാകട്ടെ.
ഖുർആനെ കുറിച്ചുള്ള ഒരു പ്രവാചക വചനം ഇങ്ങനെയാണ്. അതില്‍ നിങ്ങളുടെ മുന്‍ഗാമികളുടെ ചരിത്രമുണ്ട്. വരാന്‍പോകുന്നവരുടെ വൃത്താന്തങ്ങളുമുണ്ട്. നിങ്ങള്‍ക്ക് മുമ്പിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള വിധി തീര്‍പ്പുകളും അതിലുണ്ട്. യുക്തിഭദ്രമായ ഉല്‍ബോധനവും സന്മാര്‍ഗ സരണിയും ആണത്.
ഏകാന്തതയിൽ ഒരാളുടെ കൂട്ടുകാരൻ ഖുർആൻ ആകണം, സന്തോഷത്തിലും സങ്കടങ്ങളിലും അത് കൂടെയുണ്ടാകും.
പ്രവാചകൻ പറഞ്ഞു. 'ഇന്നയിന്ന സൂക്തങ്ങള്‍ ഞാന്‍ മറന്നുപോയി എന്ന് പറയുന്നത് ചീത്ത വര്‍ത്തമാനമാണ്. ശിക്ഷാ നടപടിയെന്നോണം അല്ലാഹു മറപ്പിച്ചതാണത്. കയറുപൊട്ടിച്ച് കടന്നുകളയുന്ന ഒട്ടകത്തെ പോലെ ആളുകളുടെ ഹൃദയത്തില്‍നിന്ന് കുടിയിറങ്ങിപ്പോകും അത്. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കണം'
അബൂബക്കർ.പി എഴുത്തുകാരനും ഗ്രന്ഥകാരനുമായ സലിം പട്ലയുടെയും ഫർസാനയുടെയും നാലു
മക്കളിൽ മൂത്തയാളാണ്.
പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മർഹും പി.എം.അബുബക്കർ (അക്കച്ച) യുടെ പൗത്രനാണ്. അസ്ലം മാവിലയുടെ സഹോദര പുത്രനും.
സലിമിൻ്റെ ഉമ്മയുടെയും (മറീഞ്ഞ) കുടുംബക്കാരുടെയൊക്കെ ഖുർആനിനോടുള്ള താല്പര്യവും ആഗ്രഹങ്ങളുമാണ് സഫലമാകുന്നത്. പിന്തുണയുമായി കൂടെ നിന്ന മാതാപിതാക്കളെയും മറ്റും പടച്ചോൻ അനുഗ്രഹിക്കട്ടെ..
ഖുർആൻ്റെ നേർവഴിയിലൂടെ നടക്കാൻ നമുക്കേവർക്കും അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
അബ്നുവിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു.
എസ്-എ
05-08-2022
🔲