മമ്മുക്കുച്ച, ഓർമ മാത്രമാകുമ്പോൾ!
©️
പട്ലയിൽ നിന്നുള്ള ആദ്യകാല ഗൾഫ് പ്രവാസികളിലെ ഒരു പ്രധാന കണ്ണി കൂടി ഓർമയായി! മമ്മുക്കുച്ച പടച്ചവന്റെ തിരുസവിധത്തിലേക്ക് യാത്ര പോയിരിക്കുന്നു. ജീവിതം തന്നെ പ്രവാസമാക്കിയ മനുഷ്യൻ പരിഭവങ്ങളില്ലാതെ പടിയിറങ്ങി!'
മമ്മുക്കുച്ച എന്ന കരോടി മുഹമ്മദ്‌ച്ചയെ എന്റെ ചെറുപ്പം മുതലെ അറിയാം. എന്റെ ഉപ്പാന്റെ സുഹൃത്തുക്കളിലൊളാരായിരുന്നു. ഒരുപാട് കാലം അവർ ഒന്നിച്ചു ഒരേ റെസ്റ്ററ്ന്റിൽ ജോലി ചെയ്തു. ഒരേ റൂമിൽ താമസിച്ചു. ഉപ്പാന്റെ അടുത്ത സൗഹൃദവലയങ്ങളിലെ അവസാനത്തെയാൾ കൂടി കാലയവനികക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു.
എൺപതുകളിൽ ഗൾഫിൽ നിന്നും മമ്മുക്കുച്ച നാട്ടിലേക്ക് വരുമ്പോൾ ഉപ്പ അദ്ദേഹത്തിന്റെ കൈവശം കുറെയേറെ സാധനങ്ങൾ കൊടുത്തയക്കുമായിരുന്നു. അന്ന് മനസ്സിൽ പതിഞ്ഞതാണ് മമ്മുക്കുച്ച എന്ന പേര്. ഉമ്മ ഇടക്കിടെ പറയുന്നത് കേട്ട് മനസ്സിൽ പതിഞ്ഞ പേര്. "അടുത്ത മാസം മമ്മുക്കുച്ച നാട്ടിൽ വരുന്നുണ്ട് അപ്പോൾ നീ പറഞ്ഞ സാധനം കൊടുത്തയക്കാൻ ഉപ്പാനോട് പറയാം" ഉമ്മ പലപ്പോഴും പറയുമായിരുന്ന ഈ വാക്കുകൾ മമ്മുക്കുച്ചയെ കാണുമ്പോഴൊക്കെ ഓർമ വരുമായിരുന്നു.
മമ്മുക്കുച്ച ശാന്തനും സൗമ്യനും മിത ഭാഷിയും മൃദുഭാഷിയുമായിരുന്നു. പ്രായത്തിൽ അദ്ദേഹത്തേക്കാൾ വളരെ താഴെയുള്ള ഒരാളായിട്ടു കൂടി അദ്ദേഹം എനിക്ക് തന്ന പരിഗണനയും സ്‌നേഹവും വളരെ വലുതായിരുന്നു. അസ്‌ലം സൂചിപ്പിച്ചതു പോലെ പോസ്റ്റ് ബോക്സ് തുറന്നു കൊണ്ട് വരുന്ന അനേകം കത്തുരുപ്പടികളിൽ നിന്നും ഞങ്ങൾക്കുള്ള എഴുത്തുകൾ പ്രത്യേകം വേർതിരിച്ചു വെക്കുകയും അത് സൂക്ഷിച്ചു വെച്ച് ഞങ്ങളുടെ കൈവശം തരുകയും ചെയ്യുമായിരുന്നു. അദ്ദേഹം അതിൽ നിന്നും വേർതിരിച്ചെടുത്തിരുന്നത് ഞങ്ങൾക്കുള്ള സ്നേഹവും കരുതലുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്! മനസ്സിൽ അതിരുകളില്ലാത്ത സ്നേഹം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായത് എല്ലാ തിരമാലകളെയും മുറിച്ചു കടക്കാൻ പ്രാപ്തമാക്കുന്ന പ്രവാസ അനുഭവങ്ങൾ തന്നെയാകും.
തൊണ്ണൂറുകളുടെ ആദ്യത്തിൽ ഞാൻ ദുബായിൽ എത്തിയ ആദ്യനാളുകൾ, ഓഡിയോ കാസറ്റുകളുടെ (compact cassettes) കാലമായിരുന്നു അത്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തുന്ന, സംഗീത മഴ പെയ്യുന്ന കാസറ്റുകൾ മനസ്സുകളെ കീഴടിക്കിയ കാലം. പാട്ടുകൾ മമ്മുകുച്ചക്ക് ഇഷ്ടമായിരുന്നു. ഞങ്ങൾ ഒന്നിച്ചു കാസെറ്റ് കടകളിൽ പോകും. എന്നോട് പാട്ടുകൾ നിർദേശിക്കാൻ പറയും അങ്ങനെ അദ്ദേഹം വാങ്ങിച്ചു കൂട്ടിയ ഓഡിയോ കാസ്സറ്റുകളുടെ ഒരു ശേഖരം തന്നെ അക്കാലത്തു അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. അതൊക്കെയും ഇന്ന് ഡിജിറ്റൽ യുഗത്തിന് വഴിമാറിയെങ്കിലും ആ കാലവും ആ കാലത്തെ മനുഷ്യരും അവരുടെ ഓർമകളും മായാതെ നിൽക്കുന്നു.
ജീവിത യാഥാർത്ഥ്യങ്ങളുടെ തീരത്ത് നിഷ്കളങ്കമായ പുഞ്ചിരിയോടെ നടന്നു നീങ്ങിയ സൗമ്യനായ ഈ മനുഷ്യനെ ദേരയിലെ നിരത്തുകൾ പോലും പ്രാർത്ഥനയോടെ ഓർക്കുന്നുണ്ടാകണം.
കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു.
പടച്ചവൻ അദ്ദേഹത്തിൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ!
എസ്-എ
04-10-2022
🔳

No comments:
Post a Comment