Sunday, April 3, 2022

ആൽമരം




ആൽമരം

🔳

ആൽമരം 

എന്നൊന്നില്ല

ചില ചെറിയ

മരങ്ങൾ വളർന്നാണ്

ആൽ മരങ്ങളാവുന്നത്.


ഓരോ വെയിലും

ആൽ മരത്തിൻ്റെ

ഉച്ചിയിലേക്ക്

ആഴ്ന്നിറങ്ങിയാലും 

പകരം

തരുന്ന തണുപ്പിൻ്റെ 

തണുപ്പു മതി

കാലങ്ങളോളം

ജീവൻ നിലനിർത്താൻ.


ആ തണലിലേക്ക്

ഇറങ്ങിച്ചെല്ലണം

പ്രണയത്തിൻ്റെ

നീലാകാശത്ത്

അന്നേരം

ചില നക്ഷത്രങ്ങൾ

ഉദിച്ചുയരും.


നഷ്ടങ്ങളുടെയും

ഇഷ്ടങ്ങളുടെയും

വേലിയേറ്റയിറങ്ങൾ അപ്പോൾ തിരിച്ചറിയും.


ഒരാൽ മരത്തിൽ

എപ്പോഴെങ്കിലും

തൂങ്ങിയാടിയവർക്കറിയാം

അതിൻ്റെ 

കരുത്ത്.


ആൽമരം

എന്നൊന്നില്ല

ചെറിയ മരങ്ങൾ

വളർന്നാണ്

ഒരാൽ മരം ഉണ്ടാകുന്നത്!


എന്തിനാണൊരു വീട്ടുപേര്!


💕




ഏക മകനെ തനിച്ചാക്കി മരണത്തിൻ്റെ തണുപ്പിലേക്കും ഏകാന്തതയിലേക്കും ഉമ്മ പടിയിറങ്ങി പോയത് 2020 - എപ്രിൽ ഒന്നിനായിരുന്നു.  മകനു വേണ്ടി പ്രാർത്ഥിക്കാൻ ഇനി ഉമ്മ ഇല്ല എന്ന തിരിച്ചറിവ് നൽകുന്ന നോവ് പറഞ്ഞറിയിക്കാൻ കഴിയില്ല!


ഓലമേഞ്ഞ വീട്ടിൽ നിന്നും ഓട് മേഞ്ഞ വീട്ടിലേക്കും അവിടെ നിന്നും കോൺക്രീറ്റ് വീട്ടിലേക്കും കൂടുമാറിപ്പോകുമ്പോൾ ഉമ്മ പറയാറുണ്ടായിരുന്നു  "ഇനിയൊരു വീട്ടിലേക്ക് കൂടി പോകണം.  അതു മാത്രമാണിനി ബാക്കി!"   അപ്പോഴെക്കെ ഞാൻ തിരിച്ചു പറയുമായിരുന്നു.  "അവിടേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ചു പോകാം ഉമ്മാ.." 

ഉമ്മ പറയും:  അങ്ങനെയൊന്നില്ല, ആദ്യം വന്നവർ ആദ്യം പോകണം.  ഉമ്മാൻ്റെ ആഗ്രഹം ജയിച്ചു.  ഞാൻ തോറ്റു.  ആ തോൽവി ഒരിക്കലും അവസാനിക്കാത്ത സങ്കടത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ടേയിരിക്കുന്നു.

ജീവിതാവസാന കാലത്ത് ഉമ്മാനെ പരിചരിക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഭാഗ്യം!  ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും സമ്പത്തും അതു തന്നെയാണല്ലോ!


മരണവേദന ഞാനെങ്ങനെ സഹിക്കും

ഖബർ ജീവിതം ഞാനെങ്ങനെ തരണം ചെയ്യും!  എന്ന ചോദ്യം അവസാന നാളുകളിൽ ഉമ്മ നിരന്തരം തനിയെ ചോദിച്ചു കൊണ്ടേയിരുന്നു. ഉമ്മ മരിക്കുമ്പോൾ ഞാൻ അരികിലുണ്ട്.  ഏപ്രിൽ ഒന്ന് ബുധനാഴ്‌ച്ച അർദ്ധരാത്രി 1.30 ന്. ഉറങ്ങാതെ കാവൽ നിന്ന അവസാന നാളുകൾ.   തുടർച്ചയായ നാല് ദിവസങ്ങളിൽ ഉമ്മ സഹിച്ച വേദന!

മനസ്സ് വിങ്ങുന്നു

വാക്കുകൾ വിറങ്ങലിക്കുന്നു....


ജേഷ്ടനോ, അനുജനോ ജേഷടത്തിയോ അനുജത്തിയോ

ആരും കൂട്ടിനില്ലാത്ത

ഒറ്റയാനായി പോയല്ലോ എൻ്റെ മോൻ!  എന്ന് പറഞ്ഞു പലപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു ഉമ്മ.  ഉമ്മയുടെ പ്രാർത്ഥനയായിരുന്നു ജീവിതത്തിൻ്റെ തെളിച്ചം.  ഉമ്മ പോയപ്പോൾ ഉമ്മ മാത്രമല്ല പോയത് വീട് തന്നെ ശൂന്യമായി.


ഇന്നെൻ്റെ ഒരു സുഹൃത്തിൻ്റെ ഉമ്മ മരിച്ചു.  അടുത്തറിയുന്നവരുടെ ഉമ്മ മരിച്ചു എന്ന് കേൾക്കുമ്പോൾ എൻ്റെ ഉമ്മ മരണാസന്നയായി കിടന്ന ആ സന്ദർഭം ഓർമ്മയിലേക്കോടി വരും.  കണ്ണു നിറയും, കരയാൻ കഴിയില്ല.  വിങ്ങി വിങ്ങി ഉരുകിയില്ലാതാകും!


മിക്കയാഴ്ചകളിലും ഉമ്മാൻ്റെ ഖബറിനരികിൽ പോകും.   സമയമേറെ കഴിഞ്ഞാലും തിരിച്ചു വരാൻ കഴിയില്ല.  ഗതകാല ഓർമ്മകളെല്ലാം തിരമാലകൾ കണക്കെ ഉയർന്നു വരും.  ഇനിയിപ്പോൾ എന്നാണ് ഉമ്മാൻ്റെ ഖബറിടം കാണുക എന്നും സിയാറത്ത് (സന്ദർശനം) സാധ്യമാകുക എന്നറിയില്ല.


പട്ല വലിയ പള്ളിയുടെ ചാരത്ത് ഉമ്മയുണ്ട്.  തിരച്ചറിയാൻ പേര് പോലും കൊത്തിവെക്കാത്ത വീട്ടിൽ സുഖനിദ്രയിൽ! അല്ലെങ്കിലും മകന് ഉമ്മാൻ്റെ വീട് തിരിച്ചറിയാൻ എന്തിനാണൊരു വീട്ടു പേര്!


ആഗ്രഹിച്ചു പോകുകയാണ്, ഒരാളുടേയും ഉമ്മമാർ മരിക്കരുത് അതവർക്ക് താങ്ങാനാവില്ല!


എസ്.എ

28-06-2021

🔳

ഏപ്രിൽ ഒന്ന്!

🔳


"കണ്ണീരു മായുന്നത് വരെ കാത്തിരിക്കണ്ട, കണ്ണീര്  തുടച്ചുയാത്ര തുടരുക"


കണ്ണിൽ കടലോളം കണ്ണുനീർ നിറച്ച് വെച്ച് അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടു പോയ ദിനം! ചേതനയറ്റ ആ മുഖം അവസാനമായി കണ്ട ആ പാതിരാവിന് ഇന്നേക്ക് രണ്ട് വർഷം തികയുന്നു..


വീടിനെ തഴുകിത്തലോടിപ്പോകുന്ന കാറ്റിനിപ്പോഴും ഉമ്മയുടെ ഗന്ധമുണ്ട്. തൊട്ടപ്പുറത്തു ഉമ്മയുണ്ടുറങ്ങുന്നു നിശബ്ദം എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം!


ജീവിതനൗക തുഴയാൻ വേറെ വഴികളൊന്നുമില്ല.

അലയടിച്ചു വരുന്ന ഏത് സങ്കടക്കടലിലും ഈ കാലവും കടന്നു പോകും എന്നോർത്ത്  മുന്നോട്ട് പോകുക എന്നത് മാത്രമാണ് പ്രതിവിധി!


ഓർമ്മകളെ വഴിയിലുപേക്ഷിച്ചു പോകാൻ കഴിയില്ല.

ഇടയ്ക്കിടെ സന്തോഷ നിമിഷങ്ങളുടെ വേലിയേറ്റമുണ്ടാകും, ഒട്ടും വൈകാതെ, പിറകിൽ തന്നെ പെയ്തൊഴിയാത്ത

ഓർമ്മകളിൽ നനഞ്ഞു കുതിർന്ന വേലിയിറക്കവും കാണും.


ഓർമകൾ എല്ലാ  വേദനയേക്കാളും അപ്പുറത്തുള്ള ഏതോ ഒരു വികാരമാണ്. 

വാക്കുകൾ മുഴുമിക്കാതെ പകുതിയിൽ വെച്ച് വേർപിരിഞ്ഞു പോകേണ്ടി വന്നവർ, അവർ പറയാൻ കരുതി വെച്ച വാക്കുകളായിരിക്കണം പ്രിയപ്പെട്ടവരുടെ വിങ്ങലായി മാറുന്നത്.


നാളെ എന്ന പ്രതീക്ഷയാണ് ജീവിതം. പക്ഷെ, നാളെ എന്നത് ആർക്കും ഒരുറപ്പുമില്ലാത്ത യാത്രയാണ്. എവിടെ എങ്ങിനെ എന്ന് തീർപ്പില്ലാത്ത

യാത്ര.

കാലങ്ങൾ ഒരു ദയയും കാണിക്കാതെ കടന്നു പോകും.

നമ്മൾ ആഗ്രഹങ്ങളുടെ പിറകെ ഓടി ഓടി ഒരുനാൾ തളർന്നു വീഴും.  അങ്ങിനെ നമ്മളും നല്ലതോ ചീത്തയോ ആയ  ഓർമകളുടെ ചിരാതുകൾ കത്തിച്ചു വെച്ചു മറയും.  നമ്മൾ ക്യൂവിലാണ്.


ഓർമിക്കാൻ ഒരാളുപോലുമില്ലാത്ത എത്രയോ മനുഷ്യർ ഈ ലോകത്ത് നിന്നും യാത്ര പോയി.  നമ്മെ ഓർമിക്കാൻ ആരുണ്ടാകും, ഏറ്റവും പ്രിയപ്പെട്ടവരല്ലാതെ, അതിനു മാത്രം എന്തടയാളപ്പെടുത്തലുകളാണ് നാം ബാക്കി വെച്ചത്!


ഉമ്മ......


എൻ്റെ ഓർമ്മയുടെ ഓരങ്ങളിലിങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.  പ്രാർത്ഥനകൾക്ക്

കാതോർക്കുകയാവാം....🤲


എസ്-എ

01-04-2022

🔳

Monday, November 9, 2020

കപ്പൽ അബ്ബാസ് പട്ല എന്ന സൗമ്യ സാന്നിധ്യം ഇനിയില്ല

 


🔲

*കപ്പൽ അബ്ബാസ് പട്ല എന്ന സൗമ്യ സാന്നിധ്യം ഇനിയില്ല!*

💕

ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരിക എന്ന ദുര്യോഗമുണ്ടായി എന്നതാണ് ഏറ്റവും വലിയ സങ്കടം.  ഒരനുസ്മരണക്കുറിപ്പിൽ, ഏറ്റവും പരിമിതമായ ഒരു ക്യാൻവാസിൽ കറകളഞ്ഞ ഈ

സഹൃദത്തിന് വിശദീകരണം നൽകാനുമാകില്ല!

മരണം ഓർക്കാപ്പുറത്ത് വിരുന്നു വരും, പടച്ചവന്റെ അലംഘനീയമായ വിധിക്ക് മുന്നിൽ  നിസ്സാഹയരായി നിൽക്കുക മാത്രമാണ് വഴി!

സങ്കടങ്ങളുടെ ദുഃഖഭാരങ്ങളുടെ പെരുമഴക്കാലം തീർത്തുകൊണ്ടാണ് ഓരോ വിയോഗവും കടന്നു പോകുക.

എല്ലാവരുമെത്തിച്ചേരേണ്ടുന്നയിടം ഒന്നുതന്നെയാണെങ്കിലും ഇന്നലെവരെ സൗഹൃദഭാഷണങ്ങളുടെ നിസ്സീമമായ സ്നേഹക്കടൽ തീർത്തൊരാൾ ജീവിതത്തിൽ നിന്നും പെടുന്നനെ മറുകര ചെന്നെത്തി എന്നത് എത്ര വിശ്വസിക്കാൻ ശ്രമിച്ചാലും കഴിയില്ല.

പ്രിയപ്പെട്ടൊരാൾ ഇനിയില്ല എന്നറിയുന്നത് അകം പൊള്ളിക്കുന്ന ഓർമ്മകളാണ്!


"കപ്പൽ അബ്ബാസ് പട്ല (55 വയസ്സ്) ഹൃദയാഘാതംമൂലം അന്തരിച്ചു! അബൂദാബിയിൽ വെച്ചു വ്യാഴാഴ്ച (29-10-2020) ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ട് മണിക്കായിരുന്നു അന്ത്യം!"  വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയുമ്പോൾ തരിച്ചുനിന്നു പോയവർ അനവധി!


നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും

ആരായിരുന്നു അബ്ബാസ് കപ്പൽ?  മനസ്സിൽ നന്മമാത്രം  സൂക്ഷിച്ച, അങ്ങേറ്റം ദൈവഭയം ഉള്ള നിഷ്കളങ്കനായ മനുഷ്യൻ.  നടന്നു പോയ ജീവിത വഴികളിൽ ഒരിറുമ്പിനെപ്പോലും നോവിക്കാത്തൊരാൾ, സൗമ്യത കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ ഭക്തൻ!  പ്രവാസ ലോകത്തെ ബിസിനസ്സ് രംഗത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ മനുഷ്യൻ, അശരണർക്കു മുന്നിൽ കാരുണ്യത്തിന്റെ മഹാ പ്രപഞ്ചം തീർത്തൊരാൾ!  വിശേഷണങ്ങൾ അവസാനിക്കുന്നില്ല!


വിശുദ്ധ ഖുർആൻ പഠനത്തിന് ഏറ്റവും പ്രാമുഖ്യം നൽകുകയും അത്തരം സംരംഭങ്ങളോട് അതിരുകളില്ലാതെ സഹകരിക്കുകയും ചെയ്തു.  എല്ലാ നന്മകളുടെയും മുന്നിൽ തന്നെ നടന്നു.  


സംസാരത്തിലെ മിതത്വം അദ്ദേഹത്തെ വേറിട്ട് തന്നെ അടയാളപ്പെടുത്തി.  പരുക്കൻ വർത്തമാനങ്ങളോട് പോലും പുഞ്ചിരി കൊണ്ട് രാജിയാവാൻ കഴിയുക എന്നത് മാറിയ ലോകത്ത് ചെറിയ കാര്യമല്ല!


രണ്ട് ദിവസം മുമ്പ് ബന്ധപ്പെട്ടപ്പോൾ അബ്ബാസ് പറഞ്ഞൊരു കാര്യമുണ്ട്. "ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുക, അതു കൊണ്ട് തന്നെ ഒന്നിനെക്കുറിച്ചും അധികം വേവലാതിപ്പെട്ടിട്ട് കാര്യമില്ല.  പടച്ചവൻ നിശ്ചയിച്ചതാണ് നടക്കുക"  കൃത്യവും അചഞ്ചലുവുമായ ദൈവവിശ്വാസവും ജീവിതാവബോധവുമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്.


പടച്ചവന്റെ സന്നിധിയിൽ അബ്ബാസ് എന്ന സ്നേഹിതന്റെ സൗമ്യമുഖം തെളിഞ്ഞു തന്നെ നിൽക്കും!  ആശ്വാസവാക്കുകൾതോറ്റു പോകുന്ന സങ്കടക്കാലത്ത് സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ചേരുന്നു.


ആരെയും നോവിക്കാതെ നിശബ്ദം കടന്നു പോയ അദ്ദേഹത്തിന് സർവ്വലോക നാഥൻ സ്വർഗീയാരാമം മാത്രം പകരം നൽകി അനുഗ്രഹിക്കട്ടെ!.


എസ്-അബൂബക്കർ


🔲

പഴക്കംചെന്ന ഒരു വീട് കൂടി ചരിത്രമാകുന്നു!





🔲

പഴക്കംചെന്ന ഒരു വീട് കൂടി ചരിത്രമാകുന്നു!

🔳

നാടും നഗരവും നവീനമായ കോൺഗ്രീറ്റ് ചെയ്ത ചിന്തകൾക്കും എടുപ്പുകൾക്കും വഴി മാറുമ്പോൾ അമ്പതു വർഷത്തിലേറെപ്പഴക്കമുള്ള ഓടുമേഞ്ഞ ഒരു വീട് കൂടി ചരിത്രമാകുന്നു.  പ്രലോഭനങ്ങളെ അതിജയിച്ചു ഇത്രയും കാലം പിടിച്ചു നിന്നു.  അവസാനം അനിവാര്യമായ ഒരു പൊളിച്ചെടുക്കലിന് പട്ല ബീരാൻച്ചയുടെ (നാഫി) വീട് വിധേയമാകുകയാണ്.


ഓല മേഞ്ഞ മൺകൂനകളിൽ നിന്നും ഓട് മേഞ്ഞ വിശാലതകളിലേക്ക് തൊണ്ണൂറുകളിൽ മിക്കവാറും നാമെല്ലാവരും എത്തിച്ചേർന്നു.  തെണ്ണൂറുകൾക്ക് ശേഷം കോൺഗ്രീറ്റ് സൗധങ്ങൾ സാർവർത്രികമായി.  അപ്പോഴും പിടികൊടുക്കാതെ ആഢ്യത്വത്തോടെ  തലയുയർത്തി നിവർന്നു നിന്ന ഒരെടുപ്പാണ് കാലം തീർക്കുന്ന ഓർമ്മയുടെ വാൽമീകങ്ങളിൽ മറയുന്നത്!


ജനിച്ചു വളരുന്ന വീട് ഓരോർത്തർക്കും ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ്.  തന്നെ പക്വതയാർന്ന മനുഷ്യനാക്കാൻ പ്രാപ്തനാക്കുന്ന  സാംസ്കാരിക പോഷണ പ്രക്രിയകൾ നടക്കുന്നയിടം.

നമ്മുടെ വ്യക്തിത്വ രൂപീകരണത്തിൽ വീട് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.  ഭിന്നതയെ മാത്രമല്ല എല്ലാറ്റിനേയും ഉൾകൊള്ളുക എന്ന പ്രാഥമിക പാഠമാണ് നാം വീട്ടിൽ നിന്നും സ്വായത്തമാക്കുന്നത്.  സഹിഷ്ണുണയുടെ ആദ്യ പാഠശാലയാണത്.  തികച്ചും വ്യത്യസ്തങ്ങളായ ഇഷ്ടാനിഷ്ടങ്ങളാണ് ഓരോ വീടിനകത്തുമുണ്ടാകുക. രൊൾ പറഞ്ഞത് മറ്റൊരാൾക്ക് പിടിക്കില്ല. എങ്കിലും ഒരേ വീട്ടിൽ കഴിയുമ്പോൾ എല്ലാവരും ഒരൊത്തുതീർപ്പിലും ഐക്യത്തിലും എത്തിച്ചേരുന്നു.  ഒരു വീടെന്നത് മനുഷ്യനെ അവന്റെ സ്വന്തം മനസാക്ഷിയിലേക്കും ഉള്ളിലേക്കും നോക്കാൻ പ്രാപ്തനാക്കുന്നയിടമാണ്.   


നമ്മുടെ നാടിന്റെ ഇന്നലെകൾ ഇങ്ങനെയായിരുന്നു എന്ന് തിരിച്ചറിയാൻ വരുംതലമുറയെ ഇത് സഹായിക്കട്ടെ എന്ന ആഗ്രഹം മാത്രമാണ് ഈ കുറിപ്പിന് പിന്നിൽ! വേറൊന്നുമില്ല!  ഇതുപോലുള്ള അപൂർവ്വം വീടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നൊരോർമ്മപ്പെടുത്തൽ.  അത്രമാത്രം!


എസ്-എ


🔲

Thursday, October 8, 2020

പട്ല കുടുംബ ക്ഷേമ ഉപകേന്ദ്രം (Family Welfare Sub-Centre) ഇങ്ങനെയുമൊണ്ടൊരു ചരിത്രം!

 


പട്ല കുടുംബ ക്ഷേമ ഉപകേന്ദ്രം (Family Welfare Sub-Centre) ഇങ്ങനെയുമൊണ്ടൊരു ചരിത്രം!

💠

മുമ്പേ നടന്നു പോയവരുടെ ചരിത്രം നാം പോലും അറിയാതെ നമ്മുടെ ഓർമ്മകളുടെ ഓടുപൊളിച്ചു ചിലപ്പോൾ കയറിക്കൂടും.  നാം ഒരു പക്ഷെ മനപ്പൂർവ്വം വിസ്മരിക്കാൻ ശ്രമിച്ചാലും സ്വയം ഓർമ്മകളായി അവർ നമ്മുടെ കൺമുന്നിൽ എഴുന്നേറ്റ് നിൽക്കും.  അങ്ങനെ ചരിത്രം രചിച്ചു കാലയവനികക്കുള്ളിൽ കടന്നു പോയവരുടെ നന്മയുടെയും ത്യാഗത്തിന്റേയും ഒരുപാട് കഥകൾ നമ്മുടെ നാടിന് പറയാനുണ്ട്.

ഏകദേശം അമ്പതുവർഷങ്ങൾക്കു മുമ്പ് പട്ലയിലെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗം സജീവമാക്കിയിരുന്ന ചില പ്രഗത്ഭ വ്യക്തിത്വങ്ങളുണ്ടായിരുന്നു. ബഹു: ബിയെസ്റ്റി അബുബക്കർ സാഹിബ്, വലിയ മൂസ ഹാജി സാഹിബ്, എം.എ.മൊയ്തീൻ കുഞ്ഞി സാഹിബ്,സഖാവ് സീതികുഞ്ഞി മുതലായവർ അവരിൽ ചിലർ മാത്രമായിരുന്നു. ആ നിര ഒരു പാട് നീളും! പൊതുരംഗങ്ങൾ ഇന്നത്തേതു പോലെ  മലീമസമാകാതിരുന്നു ഭൂത കാലം.  പൊതു നന്മകളിൽ ജാതിയും മതവും രാഷ്ട്രീയവും കടന്നു വരാത്ത നല്ല കാലം.  

ജെ.എസ്. യേശുദാസൻ എന്ന ജില്ലാ കലക്ടറെ കുറിച്ചു ഒരു പക്ഷെ  പലരും കേട്ടിരിക്കാൻ സാധ്യതയില്ല. 1967 മുതൽ 1971 വരെ അവിഭക്ത കണ്ണൂർ ജില്ലാ കലക്ടറായിരുന്നു അദ്ദേഹം.  അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടൽ കാരണമാണ് മറ്റൊരു സ്ഥലത്തേക്ക് ലഭിക്കേണ്ടിയിരുന്ന

കുടുംബക്ഷേമ ഉപകേന്ദ്രം (FWC) എന്ന സ്ഥാപനം പട്ലയിലേക്ക് വരുന്നത്!  അവിഭക്ത മധൂർ പഞ്ചായത്തിലെ (മൊഗ്രാൽപുത്തൂർ പഞ്ചായത്തും കൂടി ചേർന്നതായിരുന്നു അന്നത്തെ മധൂർ പഞ്ചായത്ത്) നോമിനിയായി നിർദേശിക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു ബഹു. വലിയ മൂസാ ഹാജി സാഹിബ്.  അദ്ദേഹത്തിന്റെ സ്വാധീനവും FWC യുടെ പിന്നിലുണ്ട്. 

അതിന്റെ പിന്നിലെ പ്രേരകശക്തികളായി പ്രവർത്തിച്ചതാകട്ടെ മുകളിൽ പരാമർശിച്ച മൂന്നംഗ സംഘമായിരുന്നു.  പട്ല FWC ക്ക് ആവശ്യമായ സ്ഥലം ദാനമായി നൽകിയത് ബി.എസ്.ടി.അബൂബക്കർ സാഹിബായിരുന്നു. 

ജില്ലാ കലക്ടറുമായി അദ്ദേഹത്തിനു വളരെ അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നു. അതൊക്കെ കാര്യങ്ങൾ എളുപ്പമാക്കി. തുടർന്ന് കെട്ടിട നിർമ്മാണത്തിന്റെ കരാർ ലഭിച്ചത് വലിയ മൂസാ ഹാജി സാഹിബിനും, എം.എ മൊയ്തീൻ കുഞ്ഞി സാഹിബിനുമായിരുന്നു.  അവർ നിർമ്മിച്ച ആ കെട്ടിടത്തിലായിരുന്നു ഏകദേശം അമ്പതു വർഷത്തോളം നമ്മുടെ കുടുംബക്ഷേമ ഉപ കേന്ദ്രം പ്രവർത്തിച്ചത് !!

ശേഷം പട്ലയിലെ FWC യെ PHC ആയി ഉയർത്തുവാനുള്ള സാധ്യത പലപ്പോഴായി ഒത്തു വന്നതായിരുന്നു.  എന്തുകൊണ്ടോ അത് നമുക്ക് ലഭിക്കാതെ പോയി.  പട്ലയ്ക്ക് ലഭിക്കേണ്ടിയിരുന്ന ആ PHC യാണ് ഇന്ന് മായിപ്പാടിയിൽ പ്രവർത്തിക്കുന്നത്!

പിൽക്കാലത്ത് ഈ രംഗത്തെ നമ്മുടെ ശ്രമങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനു കാരണങ്ങൾ പലതുമുണ്ടാകാം.

എങ്കിലും അമ്പതു വർഷങ്ങൾക്കപ്പുറം മുൻഗാമികളുടെ ചിന്തകളിൽ പട്ലയിൽ കുടുംബക്ഷേമ ഉപകേന്ദ്രം വേണമെന്നൊരാവശ്യം ഇടംപിടിച്ചു എന്നത് അവർ എത്ര മാത്രം സാമൂഹ്യ പ്രതിബദ്ധതയുള്ളവരും നാടിന്റെ വികസനത്തിൽ താല്പര്യമുള്ളവരുമായിരുന്നു എന്നതിന്റെ നിദർശമാണ്!

പുനർ നിർമ്മിച്ച FWC ക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ രാഷട്രീയ രംഗത്തെ എല്ലാ വ്യക്തികൾക്കും അഭിനന്ദനങ്ങൾ!

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ഉത്ഘാടന ചടങ്ങിന് ആശംസകൾ!


(എസ്.എ)

emailtosa@gmail.com

08-10-2020


🔲

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...