Monday, September 12, 2022

ഫിദ ഫാത്തിമയും റീം അബ്ദുല്ലയും!

 


ഫിദ ഫാത്തിമയും

റീം അബ്ദുല്ലയും!

©️


പട്ലയിലെ ഫിദ ഫാത്തിമയും റീം അബ്ദുല്ലയും നീറ്റ് പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിരിക്കുന്നു എന്നതാണ് ഇന്ന് കേട്ട ഏറെ സന്തോഷം നൽകുന്ന പുതു വർത്തമാനം!.


നീറ്റ് എന്നത് യോഗ്യത പരീക്ഷയാണ്.  സ്വകാര്യ മെഡിക്കൽ കോളേജുകളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രവേശനം നേടുന്നതിനാവശ്യമായിട്ടുള്ള ഒരു യോഗ്യതാ പരീക്ഷ.  എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്,ബി.എ.എം.എസ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ നീറ്റ് നല്ല മാർക്കോട് കൂടി ജയിച്ചിരിക്കണം എന്നത് നിബന്ധനയാണ്.  


മുമ്പൊക്കെ  മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തിൽ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ് പാസ്സാകണമായിരുന്നു.  ഒപ്പം മറ്റു പല പരീക്ഷകളും.  കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ അവരുടേതായ പല പ്രേവേശന പരീക്ഷകളും ഉണ്ടായിരുന്നു. ഇതൊക്കെ ഏകീകരിച്ചു കൊണ്ടാണ് അഖിലേന്ത്യ തലത്തിൽ നീറ്റ് ( National Eligibility Entrance Test (NEET) ) പരീക്ഷ കൊണ്ട് വരുന്നത്.


കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ഉയർന്ന വിദ്യാഭ്യാസം നേടിയ ആളുകൾ തുലോം തുച്ഛമായിരുന്ന ഒരു പ്രദേശം!വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയവർ പേരിനു മാത്രമുണ്ടായിരുന്ന ഒരു നാട്!  ഇന്ന് അഭിമാനകരമായ നേട്ടവുമായി വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പിന് തന്നെ സാക്ഷ്യം വഹിക്കുകയാണ്.  പഴയ തലമുറക്ക് വിദ്യാഭ്യാസം എന്നാൽ എഴുതാനും വായിക്കാനും പഠിക്കുക എന്നത് മാത്രമായിരുന്നു.  അന്ന് പലരും പറയുന്നത് നേരിട്ട് കേട്ടിട്ടുണ്ട് "എഴുതാനും വായിക്കാനും അറിയാം, ഇനിയിപ്പോൾ അവൻ പഠിച്ചിട്ട് ഡോക്ടറും കലക്ടറുമൊന്നുമാകാൻ പോകുന്നില്ലല്ലോ" ഈയൊരു മനസ്ഥിതിയെയാണ് പുതുതലമുറ  പൊളിച്ചെഴുതിയി രിക്കുന്നത്.  മാറ്റം വെറുതെ ഉണ്ടായതല്ല.  അതിന്റെ പിന്നിൽ നിരന്തരമായ ബോധവൽക്കരണവും സമൂഹം നേടിയെടുത്ത സാമ്പത്തിക സ്വാന്ത്ര്യവും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.


വിദ്യാഭ്യാസം നേടുന്ന കാര്യത്തിൽ ഭൗതികം മതപരം എന്ന വേർതിരിവിന് പ്രസക്തിയേയില്ല.  രണ്ടും അനിവാര്യമായി ഒരാൾ നേടിയിരിക്കുക എന്നത് വിവേകവുള്ള ഒരു സമൂഹത്തിന്റെ നിർമിതിക്കും നിലനിൽപ്പിനും അത്യാവശ്യമാണ്. അങ്ങനെയുള്ള കുറെയധികം ആളുകൾ ഉയർന്നു വരുന്നു.  നാട് പുതിയൊരു കുതിപ്പിന് സാക്ഷ്യം വഹിക്കുന്നു.  അനേകം ഖുർആൻ പഠിതാക്കൾ, വ്യത്യസ്ത ബിരുദങ്ങൾ നേടിയവർ അതിനനുസരിച്ചു ഉദ്യോഗം ലഭിച്ചവർ.  പുതിയ പട്ല ഉദയം കൊള്ളുകയാണ്.  അവരാണ് ഇനി നാടിന്റെ പുതു ചരിത്രം  പോകുന്നവർ! നാടിനെ മുന്നിൽ നിന്ന് നയിക്കാൻ പോകുന്നവർ!!


പട്ലയുടെ വിദ്യാഭ്യാസ കുതിപ്പിനെ പറ്റി പറയുമ്പോൾ എന്നും ഓർമകളിലേക്ക് ഓടിയെത്തുന്ന ഒരു നാമമുണ്ട്. മൻബഹുൽ ഹിദായ മദ്രസയുടെ പ്രധാനാധ്യാപകനായിരുന്ന അബൂബക്കർ മൗലവി, പടലയുടെ വിദ്യാഭ്യാസ നവോത്ഥാന വഴികളില്‍ ജീവിതം അടയാളപ്പെടുത്തിയ ഒരു വലിയ മനുഷ്യൻ.  പഠിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും അതൊരാളുടെ ജീവിതത്തിൽ ചെലുത്തേണ്ട സ്വാധീനത്തെ കുറിച്ചും അദ്ദേഹം നാട്ടുകാരെ നിരന്തരം ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അത്തരം ദീർഘ വീക്ഷണമുള്ള കുറെ ആളുകൾ വെട്ടിത്തെളിച്ച വഴികളാണ് ഇന്നത്തെ രാജപാതകൾ!


റീം അബ്ദുല്ല പ്രമുഖ ഗൾഫ് വ്യവസായിയും യുഎഇ ലെ Chicken Hut ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻ്റ് മേധാവിയുമായ എച് കെ അബ്ദുല്ല സാഹിബിന്റെ മകളാണ്.


ഫിദ ഫാത്തിമ നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന എം.കെ.ഹാരിസ് സാഹിബിന്റെ മകളും. 


രണ്ടു പേരെയും ഒപ്പം അവർക്ക് പ്രചോദനവും വഴികാട്ടികളുമായ മാതാപിതാക്കളെയും അഭിനന്ദിക്കുന്നു.  രണ്ടു പേരുടെയും മെഡിക്കൽ പ്രവേശനം എന്ന ആഗ്രഹം പൂവണിയട്ടെ.  സമൂഹത്തിനു ഉപകാരപ്പെടുന്ന നല്ല മനുഷ്യരായി നല്ല ഡോക്ടർ മാരായി ഉന്നതമായ സ്ഥാനങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.


എസ്-എ

08-09-2022

🔳

No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...