Thursday, September 22, 2022

ഭാരത് ജോഡോ യാത്ര!


🔲

ഭാരത് ജോഡോ യാത്ര!

©️

ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്നതാണ്  മുദ്രാവാക്യം.  എത്ര മനോഹരമാണ് ഈ മുദ്രാവാക്യം. ഇന്ത്യയുടെ, കോൺഗ്രസ്സിൻ്റെ സമീപകാല ചരിത്രത്തിൽ ഇത് പോലൊരു മുദ്രാവാക്യം കേട്ടിട്ടില്ല.

സ്വാതന്ത്ര്യ സമരകാലത്തു മുഴങ്ങി കേട്ട കോരിത്തരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത  മുദ്രാവാക്യം പോലെ ഇത് ജനഹൃദയങ്ങളിലേക്ക് പകരാൻ കഴിഞ്ഞാൽ ഇന്ത്യ ജയിക്കും.   ഒരു കാലത്ത് ഒരു ജനത നെഞ്ചേറ്റിയ പ്രസ്ഥാനം എല്ലാ പരിക്കുകളെയും അതിജയിച്ചു മുന്നേറണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  ഇന്ന് ഈ അവസ്ഥയിലെങ്കിലും നാം കാണുന്ന ഇന്ത്യ കോൺഗ്രസ്സിന്റെ സംഭവനയാണെന്നു കോൺഗ്രസ്സിനെ എതിർക്കുന്നവർ പോലും സമ്മതിക്കും. 

എന്ത് കൊണ്ടാണ് കോൺഗ്രസ്സ് ജനഹൃദയങ്ങളിൽ കുടിയേറിയത്? എങ്ങിനെയാണ്  കോൺഗ്രസ്സ് ജനങ്ങളുടെ ആവേശവും ആശ്രയവുമായി മാറിയത്?  അടിസ്ഥാന വർഗങ്ങളുടെ പ്രതീക്ഷയായിരുന്നു കോൺഗ്രസ്സ്. അന്നൊക്കെ കോൺഗ്രസ്സ് ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ തന്നെ അത് ബോധ്യപ്പെടുത്തും.  ഗരീബ് ഹഠാവോ, റോട്ടി കപടാ ഓർ മകാൻ പോലുള്ള എക്കാലത്തേയും സാധാരണക്കാരൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ശ്രമിച്ചതു കൊണ്ടാണ് കോൺഗ്രസ്സിന് ഭരണ തുടർച്ചകൾ ലഭിച്ചത്.  ആം ആദ്മി പാർട്ടിക്ക് ഈ അടുത്ത കാലത്തായി ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയെ വിലയിരുത്തിയാൽ അത് ബോധ്യപ്പെടും. ഒരു കാര്യം കൃത്യമാണ് വർഗീയതക്ക് ദീർഘകാലം പട്ടിണിയെയും ദാരിദ്ര്യത്തെയും മറികടക്കാനാവില്ല.  ഇന്ത്യയുടെ ആത്മാവ്  കെട്ടിപ്പടുത്തിരിക്കുന്നത് നെഹ്‌റു എന്ന വിശാലമായ കാഴ്ചപ്പാടുകളുണ്ടായാരുന്ന നേതാവിന്റെ നിലാപാട് തറയിൽ നിന്നാണ്.  

സത്യത്തിൽ നൂറു വർഷത്തിലധികം കാലത്തെ ചരിത്രം പറയാനുള്ള ഒരു പ്രസ്ഥാനത്തിനു കാലം ഏല്പിച്ച ചില പരിക്കുകൾ ഉണ്ട്.  അതിനെ അഡ്രസ് ചെയ്യാൻ കഴിയാതെ പോയ ഒരു നേതൃത്വവും.  പ്രധാനമായും സ്ലീപ്പർ സെല്ലുകൾ ഏല്പിച്ച ആഘാതമാണത്.  സൂക്ഷമമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഹിന്ദുത്വ ഫാസിസം നിരന്തരം അതിഗൂഢമായി ഇത്രയും കാലം പണിയെടുക്കുകയായിരുന്നു.  സ്വാഭിവികമായും നീണ്ടകാലം തുടർച്ചയായി ഭരിക്കുന്ന കക്ഷി എന്ന നിലയിൽ തുടക്കം മുതൽക്ക് തന്നെ കോൺഗ്രസ്സ് ടാർഗറ്റ് ചെയ്യപ്പെട്ടു എന്നതാണ് വസ്തുത.  ഏറ്റക്കുറച്ചിലുകളിലൂടെ സി പി എം അടക്കമുള്ള മറ്റു പാർട്ടികളും ടാർഗറ്റ് ചെയ്യപ്പെട്ടു! ഏതു പാർട്ടിക്കകത്തും നുഴഞ്ഞു കയറി തങ്ങളുടെ താല്പര്യങ്ങൾ പാർട്ടി പോളിസികളായി പോലും മാറ്റിയെടുക്കാൻ കഴിഞ്ഞതും, കഴിയുന്നതും അത് കൊണ്ടാണ്.

കോൺഗ്രെസ്സിനായാലും മറ്റേത് പാർട്ടികൾക്കായാലും പ്രതിരോധിക്കാൻ എളുപ്പ വഴികൾ ഒന്നും ഇല്ല.  ഹിന്ദുത്വ വർഗീയതയോടുള്ള സോഫ്റ്റ് കോർണർ ആണ് സംഘ് പരിവാർ എന്ന ഹാർഡ്കോർ ഫാസിസ്റ്റുകളെ തളക്കാനുള്ള സൂത്രം എന്നാണ് പലരും കരുതുകയും പ്രാവർത്തികമാക്കി കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്.  അതിന്റെ റിഹേഴ്സലുകളാണ് ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നത്! വിട്ടു വീഴ്ചകളില്ലാതെ ഫാസിസത്തെ ആര് നേരിടുന്നുവോ അവർക്ക് തീർച്ചയായും ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയും.  അല്ലാതെ കുറുക്കു വഴികളും ചെപ്പടി വിദ്യകളും കൊണ്ട് നേരിടാവുന്ന ഒരു ശക്തിയല്ല ഇന്ന് ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എല്ലാവര്ക്കും നല്ലതാണ്. 

താൽക്കാലികമായ ഭൂതകാലങ്ങളോട് കലഹിക്കുകയും ചരിത്രത്തെയും നാം നടന്നു തീർത്ത വഴികളെയും കുറിച്ച് ലവലേശം ചിന്താവിധേയമാക്കാത്ത ഒരു രാഷ്ട്രീയ പരിസരമാണ് ഇന്നുള്ളത്.  ഇവിടെ നാം ചർച്ച ചെയ്തു തിമർത്താടുന്നത് കഴിഞ്ഞ മണിക്കൂറുകളിൽ എത്ര തീവണ്ടികൾ വൈകിയോടി എന്നതു പോലുള്ള  ഡാറ്റ വെച്ചുകൊണ്ടുള്ള വളരെ നേർത്ത ഫ്രെമിനകത്ത് നിന്നുകൊണ്ടാണ്.  കണക്കും ഭാവനയും യാഥാർത്ഥ്യവും മത്സരിക്കുമ്പോൾ ലഭിക്കുന്ന താൽകാലിക ജയപരാജയങ്ങളിലാണ്  നമ്മൾ അഭിരമിക്കുന്നത് എന്ന് കാണാം. സൂക്ഷ്മ രാഷ്ട്രീയത്തിൽ അതൊക്കെയും പലതും ഒളിപ്പിച്ചു വെക്കാനുള്ള അടവുകളാണെന്നു നാം തിരിച്ചറിയുന്നില്ല.

എല്ലാ പാർട്ടികളിലെയും ഭൂരിപക്ഷം വരുന്ന വൃദ്ധ നേതൃത്വങ്ങളും സ്വാർത്ഥത മാത്രം കൈമുതലുള്ള നേതാക്കളുമാണ് പ്രശ്നങ്ങളുടെ ആണിക്കല്ലുകളായി പ്രവർത്തിക്കുന്നത് എന്ന് കാണാം.  ജീവിതത്തിന്റെ സായം സന്ധ്യയിൽ അധികാരത്തിന്റെ മഞ്ചലിലേറി സ്വസ്ഥമായി ജീവിച്ചു മരിക്കാൻ എല്ലാ വൃത്തി കേടുകളോടും രാജിയാവാതെ അവർക്ക് വേറെ വഴികളില്ല എന്നവർ കരുതുന്നു. രാഷ്ട്രീയ  മൂല്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്ന ഇത്തരം നേതൃത്വങ്ങളിൽ നിന്നും രക്ഷപ്പെടാൻ പാർട്ടികൾക്ക് കഴിയണം ആദർശങ്ങളും ആശയങ്ങളും  പണയം വെക്കാത്ത, കറപുരളാത്ത സംശുദ്ധമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന  നേതൃത്വത്തിൽ മാത്രമാണ് പ്രതീക്ഷയുള്ളത്.  രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയുണ്ട്.  ജോഡോ  യാത്ര ഇന്ത്യയെ ഒന്നിപ്പിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യട്ടെ!.


എസ്-എ✍️

22-09-2022

🔳

സാബിർ! സമൂഹത്തിനു കനിവും കരുത്തുമായൊരാൾ! 💕


സാബിർ!      

സമൂഹത്തിനു കനിവും കരുത്തുമായൊരാൾ!

💕

ചെയ്തു കൂട്ടിയ ഒരായിരം നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി സാബിർ നെല്ലിക്കുന്ന് പടച്ചവൻ്റെ തിരുസന്നിദ്ധിയിലേക്ക് യാത്രയായി.

ഒരാൾ പെട്ടെന്നൊരു ദിനം എന്നെന്നേക്കുമായി പിരിഞ്ഞു പോകുമ്പോൾ, ഒപ്പമുണ്ട് എന്ന് എല്ലായ്പ്പോഴും വാക്കു കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും തൈര്യപ്പെടുത്തിയൊരാൾ യാത്രാമൊഴി പോലും പറയാതെ അകലങ്ങളിലേക്ക് മാഞ്ഞു പോകുമ്പോൾ നമുക്ക് നിശബ്ദമായി കരയാൻ മാത്രമാണ് കഴിയുക!

സാബിർ ഭായ് എനിക്കാരായിരുന്നു എന്നു ചോദിച്ചാൽ ബോസ്, സുഹൃത്ത്, സഹോദരൻ അങ്ങനെ പലതുമായിരുന്നു.   ഒരിക്കൽ പരിചയപ്പെട്ട ആളുകൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരായിരം കഥകൾ പറയാനുണ്ടാകും!   ഗൾഫിലെ എ എം ടി  എന്ന ബിസിനസ് സ്ഥാപനത്തിന്റെ പേര് കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ആദ്യം ഓടിയെത്തുക സാബിർ ഭായിയുടെ പേരായിരിക്കും. എളിമ കൊണ്ടും ദൈവ ഭയം കൊണ്ടും ജീവിതം അടയാളപ്പെടുത്തിയ നിഷ്കളങ്കനായ മനുഷ്യ സ്‌നേഹി.  ഒരാളോടും പകയില്ലാതെ നിറഞ്ഞ തെളിമയുള്ള മനസ്സോടെ അകാലത്തിൽ നടന്നു നീങ്ങി. നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കും എന്നു പറയാറുണ്ടല്ലോ!!

ഞങ്ങൾ തമ്മിൽ നീണ്ടകാലത്തെ പരിചയവും ഹൃദയബന്ധവുമുണ്ട്. .  ബിസിനസ് ജീവിതത്തിലെ ജയാ പരാജയങ്ങളും, വ്യക്തി ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങൾ പോലും വളരെ വിശദമായി പങ്കുവെക്കുമായിരുന്നു.  അസുഖബാധിതനാകുന്നതിന്റെ ഒരാഴ്ച മുമ്പ് പോലും ദീർഘമായി സംസാരിച്ച വോയിസ് ക്ലിപ്പുകൾ ഉണ്ട്.  ഇനിയത് വീണ്ടും കേൾക്കാനുള്ള കരുത്തില്ല.   

പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചു കൊണ്ട് അതൊക്കെയും വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്താണ് പടച്ചവൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നത്.  സാബ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ആയിരുന്നു.  

വലുപ്പ ചെറുപ്പമില്ലാതെ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പലർക്കും കഴിയാറില്ല. അവിടെയാണ് സാബിർ ഭായ് വ്യത്യസ്തനാകുന്നത്. ജാഡ കൊണ്ട് മുഖം തിരിക്കുന്നവരുടെ ലോകത്ത് ഒട്ടും അഭിനയമോ അഹങ്കാരമോ ഇല്ലാതെ ജീവിച്ചു. ചോദിച്ചു വരുന്നവർക്ക് നല്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്.  ഒന്നും ചോദിക്കാതെ നിശബ്ദം കരയുന്നവരുടെ അകക്കണ്ണ് കാണാനുള്ള കഴിവുണ്ടായിരുന്ന അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.

മനസിന്റെ സങ്കുചിത്വങ്ങളിൽ നിന്നും മുക്തി നേടുന്നവർ ആരാണോ അവരാണ് വിജയികൾ എന്ന് ഖുർആൻ പറയുന്നുണ്ട്. താങ്കൾ ചെയ്ത ദാനധർമങ്ങൾ പരലോകത്തു തുണയാകട്ടെ.. നന്മകൾ മാത്രം തണലാകുന്ന ലോകത്ത് താങ്കൾ വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടട്ടെ.

പ്രിയപ്പെട്ട സാബിർ ഭായ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും!!  പടച്ചവന്റെ സന്നിധിയിൽ താങ്കൾക്ക്  ഉന്നതമായ സ്ഥാനം ലഭിക്കട്ടെ.  കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള  കരുത്തു ഉണ്ടാവട്ടെ..


എസ്-എ

17-09-2022


🔳

Tuesday, September 20, 2022

നൊടിക്കവിതകൾ

നൊടിക്കവിതകൾ 

💠

സുനാമി

  • കടലിനോട് കലഹിച്ച തിരകളെല്ലാം 
  • ഒരുനാൾ കടൽ വിട്ടോടി കരയിലെത്തി! 

മെഴുകുതിരി 

  • കത്തിയാളിയ നാളങ്ങളറിയുമോ 
  • കരഞ്ഞു കൊണ്ടോടിയ കണ്ണീരുകളെ!

മാന്യത 

  • ഓടിച്ചു കടിയ്ക്കാൻ വരുമ്പോൾ 
  • തൂങ്ങി നില്ക്കാൻ ഒരു മരച്ചില്ല!

ദൈവം 

  • ഇമവെട്ടാത്ത നോട്ടം 
  • നിന്നെയുമെന്നെയും 
  • മനസ്സിലെ മസിൽ ഒന്നഴിച്ചു വിടൂ 
  • വാതിക്കലാരോ മുട്ടുന്നൂ!

കാലം 

  • കാലിട്ടടിച്ചതോർമ്മയില്ല 
  • മുട്ടിലിഴഞ്ഞതും; 
  • സങ്കടക്കരച്ചിൽ 
  • അന്നുമുണ്ടിന്നും.

മരണം 

  • അപ്പുറത്തേറെ പ്രിയപ്പെട്ടൊരാൾ 
  • കാത്തിരിക്കുന്നു 
  • ഇപ്പുറത്തേറെ പ്രിയപ്പെട്ടൊരാൾ 
  • കരഞ്ഞുകൊണ്ടേയിരിക്കുന്നു.

ജീവിതം 

  • നടന്നു നടന്നു 
  • കണ്ടു കണ്ടു 
  • വിണ്ടു കീറിയ കാലും 
  • കണ്ടുറങ്ങിയ കണ്ണുകളും!

എഴുത്ത് 
  • ഞാനൊറ്റക്കായപ്പോൾ 
  • എനിക്ക് വേണ്ടി വാദിക്കാൻ 
  • ഒരു വക്കീൽ


സ്വപ്‌നങ്ങൾ 

  • കുടിച്ചു വറ്റിച്ച കൈപ്പുനീർ 
  • കുഞ്ഞരുവിയായി ഒഴുകുന്നു.

ചർച്ച 

  • ഹാ ഹാ ഞാൻ ജയിച്ചു 
  • ഹോ ഹോ നീ തോറ്റു.

എസ്-എ


💠

Tuesday, September 13, 2022

ഇവിടെ ഇങ്ങനെയാണ് ഭായ്!

 


ഇവിടെ ഇങ്ങനെയാണ് ഭായ്!

💠

എല്ലാ നന്മകളും സാമൂഹികമായ നവജാഗരണത്തിനു തിരികൊളുത്തും. പുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന കാര്യത്തിൽ നമ്മളെന്നും മുന്നിലാണ്. നാട്ടിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ കുറെയേറെ നല്ല കാര്യങ്ങൾക്കായി പൊതുവായി നടന്ന ധന സമാഹരണത്തിന്റെ കണക്കെടുത്താൽ അത്  ബോധ്യപ്പെടും. 

അപരന്റെ ദുഃഖത്തിൽ പങ്കു ചേരുക അവരുടെ കണ്ണീരൊപ്പാൻ കൈകോർക്കുക, എല്ലാ നല്ല പ്രവർത്തികളിലും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നൽകുക.  ഇത് ഒരു കടമയായി കണ്ടുകൊണ്ട് ഞാനാദ്യം എന്ന രീതിയിൽ മത്സരിക്കുക ഒരു പക്ഷെ എല്ലാ പ്രദേശങ്ങളിലും മൊത്തം ജനത അങ്ങനെയായിക്കൊള്ളമെന്നില്ല.  പക്ഷെ പട്ല ഈ വിഷയത്തിൽ വേറൊരു ലെവലാണ്.  വേറിട്ട മാതൃകയാണ്! 

സ്നേഹാനുകമ്പയും മാനുഷികതയും  പ്രകടമാവുന്ന സമൂഹത്തിൽ തിന്മകൾക്ക് വളരാൻ ഇടം ലഭിക്കില്ല. തിന്മയെ തടയാൻ വേറെ സംവിധാനങ്ങളുടെ ആവശ്യമില്ല.  ഇത് പോലുള്ള പുണ്യ  പ്രവർത്തനങ്ങൾ അധികാരിപ്പിച്ചാൽ മാത്രം മതിയാകും.  നാടിനെയും  നാട്ടുകാരെയും  ബാധിക്കുന്ന ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ അതുവഴി സാധ്യമാകും. 

അല്ലാഹുവിന്റെ കാരുണ്യ കടാക്ഷം ലഭിക്കാൻ ഇതൊക്കെ തീർച്ചയായും ഉതകും.  നമ്മുടെ മക്കൾ, കുടുംബങ്ങൾ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടാൻ നിരാലംബരായ മനുഷ്യരുടെ പ്രാർത്ഥനകൾ മതിയാകും.

ദിവസങ്ങൾക്കു മുമ്പ് ഒരാവശ്യം മുന്നിൽ വെക്കുന്നു.  കുട്ടികൾക്ക് സ്‌കൂളിൽ കുടിവെള്ള സൗകര്യമൊരുക്കാൻ കൂലർ (Water Cooler) അത്യാവശ്യമാണ്. ഏകദേശം നാല്പതിരായിരം രൂപയോളം ചിലവ് വരുന്ന പദ്ധതിയാണ്.  ആവശ്യം മുന്നിൽ വെക്കേണ്ട താമസം ഞൊടിയിടയിൽ സഹായ ഹസ്തവുമായി ഒന്നിൽ കൂടുതൽ അഭ്യൂദയകാംക്ഷികൾ അതേറ്റെടുക്കാൻ താല്പര്യം അറിയിക്കുന്നു. നന്മയിൽ മത്സരിക്കാൻ ഇതു പോലെ മുന്നിട്ടിറങ്ങുന്നവർ അപൂർവ്വമായിരിക്കും.

ഇങ്ങനെ എത്രയോ സംരംഭങ്ങൾക്ക് മാനസികവും ശാരിരികവും സാമ്പത്തികവുമായ പിന്തുണയും സഹകരണവും നൽകിയ നന്മയുള്ള മനുഷ്യരാണ് നമ്മുടെ നാടിൻ്റെ ഐശ്വര്യം!

ഭയപ്പെടേണ്ടതില്ല! നന്മയുടെ ഉറവവറ്റാത്ത,ഹൃദയവിശാലതയുടെ,കാരുണ്യത്തിൻ്റെ നിറ വസന്തം ചൊരിയുന്ന അനേകം നല്ല മനുഷ്യരുടെ നാടാണിത്!

എത് പ്രയാസ ഘട്ടങ്ങളിലും അശരണരുടെ ആശ്രയവും അത്താണിയുമായി ഇവിടെ മനുഷ്യരുണ്ട്. ഇവിടെയുള്ള ജനങ്ങൾ ഇങ്ങനെയാണ്!

അതെ ഇവിടെ ഇങ്ങിനെയാണ് ഭായ്..

എസ് - എ

10/09/2022

🔳

Monday, September 12, 2022

ഫിദ ഫാത്തിമയും റീം അബ്ദുല്ലയും!

 


ഫിദ ഫാത്തിമയും

റീം അബ്ദുല്ലയും!

©️


പട്ലയിലെ ഫിദ ഫാത്തിമയും റീം അബ്ദുല്ലയും നീറ്റ് പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിരിക്കുന്നു എന്നതാണ് ഇന്ന് കേട്ട ഏറെ സന്തോഷം നൽകുന്ന പുതു വർത്തമാനം!.


നീറ്റ് എന്നത് യോഗ്യത പരീക്ഷയാണ്.  സ്വകാര്യ മെഡിക്കൽ കോളേജുകളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രവേശനം നേടുന്നതിനാവശ്യമായിട്ടുള്ള ഒരു യോഗ്യതാ പരീക്ഷ.  എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്,ബി.എ.എം.എസ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ നീറ്റ് നല്ല മാർക്കോട് കൂടി ജയിച്ചിരിക്കണം എന്നത് നിബന്ധനയാണ്.  


മുമ്പൊക്കെ  മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തിൽ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ് പാസ്സാകണമായിരുന്നു.  ഒപ്പം മറ്റു പല പരീക്ഷകളും.  കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ അവരുടേതായ പല പ്രേവേശന പരീക്ഷകളും ഉണ്ടായിരുന്നു. ഇതൊക്കെ ഏകീകരിച്ചു കൊണ്ടാണ് അഖിലേന്ത്യ തലത്തിൽ നീറ്റ് ( National Eligibility Entrance Test (NEET) ) പരീക്ഷ കൊണ്ട് വരുന്നത്.


കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ഉയർന്ന വിദ്യാഭ്യാസം നേടിയ ആളുകൾ തുലോം തുച്ഛമായിരുന്ന ഒരു പ്രദേശം!വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയവർ പേരിനു മാത്രമുണ്ടായിരുന്ന ഒരു നാട്!  ഇന്ന് അഭിമാനകരമായ നേട്ടവുമായി വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പിന് തന്നെ സാക്ഷ്യം വഹിക്കുകയാണ്.  പഴയ തലമുറക്ക് വിദ്യാഭ്യാസം എന്നാൽ എഴുതാനും വായിക്കാനും പഠിക്കുക എന്നത് മാത്രമായിരുന്നു.  അന്ന് പലരും പറയുന്നത് നേരിട്ട് കേട്ടിട്ടുണ്ട് "എഴുതാനും വായിക്കാനും അറിയാം, ഇനിയിപ്പോൾ അവൻ പഠിച്ചിട്ട് ഡോക്ടറും കലക്ടറുമൊന്നുമാകാൻ പോകുന്നില്ലല്ലോ" ഈയൊരു മനസ്ഥിതിയെയാണ് പുതുതലമുറ  പൊളിച്ചെഴുതിയി രിക്കുന്നത്.  മാറ്റം വെറുതെ ഉണ്ടായതല്ല.  അതിന്റെ പിന്നിൽ നിരന്തരമായ ബോധവൽക്കരണവും സമൂഹം നേടിയെടുത്ത സാമ്പത്തിക സ്വാന്ത്ര്യവും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.


വിദ്യാഭ്യാസം നേടുന്ന കാര്യത്തിൽ ഭൗതികം മതപരം എന്ന വേർതിരിവിന് പ്രസക്തിയേയില്ല.  രണ്ടും അനിവാര്യമായി ഒരാൾ നേടിയിരിക്കുക എന്നത് വിവേകവുള്ള ഒരു സമൂഹത്തിന്റെ നിർമിതിക്കും നിലനിൽപ്പിനും അത്യാവശ്യമാണ്. അങ്ങനെയുള്ള കുറെയധികം ആളുകൾ ഉയർന്നു വരുന്നു.  നാട് പുതിയൊരു കുതിപ്പിന് സാക്ഷ്യം വഹിക്കുന്നു.  അനേകം ഖുർആൻ പഠിതാക്കൾ, വ്യത്യസ്ത ബിരുദങ്ങൾ നേടിയവർ അതിനനുസരിച്ചു ഉദ്യോഗം ലഭിച്ചവർ.  പുതിയ പട്ല ഉദയം കൊള്ളുകയാണ്.  അവരാണ് ഇനി നാടിന്റെ പുതു ചരിത്രം  പോകുന്നവർ! നാടിനെ മുന്നിൽ നിന്ന് നയിക്കാൻ പോകുന്നവർ!!


പട്ലയുടെ വിദ്യാഭ്യാസ കുതിപ്പിനെ പറ്റി പറയുമ്പോൾ എന്നും ഓർമകളിലേക്ക് ഓടിയെത്തുന്ന ഒരു നാമമുണ്ട്. മൻബഹുൽ ഹിദായ മദ്രസയുടെ പ്രധാനാധ്യാപകനായിരുന്ന അബൂബക്കർ മൗലവി, പടലയുടെ വിദ്യാഭ്യാസ നവോത്ഥാന വഴികളില്‍ ജീവിതം അടയാളപ്പെടുത്തിയ ഒരു വലിയ മനുഷ്യൻ.  പഠിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും അതൊരാളുടെ ജീവിതത്തിൽ ചെലുത്തേണ്ട സ്വാധീനത്തെ കുറിച്ചും അദ്ദേഹം നാട്ടുകാരെ നിരന്തരം ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അത്തരം ദീർഘ വീക്ഷണമുള്ള കുറെ ആളുകൾ വെട്ടിത്തെളിച്ച വഴികളാണ് ഇന്നത്തെ രാജപാതകൾ!


റീം അബ്ദുല്ല പ്രമുഖ ഗൾഫ് വ്യവസായിയും യുഎഇ ലെ Chicken Hut ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻ്റ് മേധാവിയുമായ എച് കെ അബ്ദുല്ല സാഹിബിന്റെ മകളാണ്.


ഫിദ ഫാത്തിമ നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന എം.കെ.ഹാരിസ് സാഹിബിന്റെ മകളും. 


രണ്ടു പേരെയും ഒപ്പം അവർക്ക് പ്രചോദനവും വഴികാട്ടികളുമായ മാതാപിതാക്കളെയും അഭിനന്ദിക്കുന്നു.  രണ്ടു പേരുടെയും മെഡിക്കൽ പ്രവേശനം എന്ന ആഗ്രഹം പൂവണിയട്ടെ.  സമൂഹത്തിനു ഉപകാരപ്പെടുന്ന നല്ല മനുഷ്യരായി നല്ല ഡോക്ടർ മാരായി ഉന്നതമായ സ്ഥാനങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.


എസ്-എ

08-09-2022

🔳

Friday, September 2, 2022

വിധേയത്വം


വിധേയത്വം 

©️


ഉയരത്തിലുയർത്തിയ പതാക

കാറ്റിൽ താഴെ വീണാൽ 

ബലിക്കല്ലിൽ നിന്റെ 

പേരെഴുതിവെക്കുന്ന 

ഒരു പ്രാചീന ആചാരം ഇവിടെ 

നിലവിലുണ്ട്. 


കുലം നോക്കി 

അക്കരെ കടത്തുന്ന 

ഒരു തോണി നിന്റെ 

വരവും കാത്തിരിക്കുന്നുണ്ട്. 


രോഷത്തിന്റെ ഭാഷ 

പട്ടികളിൽ നിന്നെങ്കിലും 

കണ്ടു പഠിക്കണം


തടവറയിൽ നിന്നും 

ശബ്ദമുണ്ടാക്കാതെ പുറത്തു കടക്കുക 

നുറുങ്ങു വെട്ടം കാണുന്നിടത്ത് 

പതിയിരിക്കുക.


തോണി ഉലഞ്ഞാടുന്നതും 

ബലിക്കല്ല്

അപ്രത്യക്ഷമാകുന്നതും 

നീ കാണും.


എസ്-എ


🔲

കടൽ


കടൽ

©️


നീന്തി നീന്തി 

നിന്നിലേക്ക് ദൂരം കുറഞ്ഞു.

നോക്കി നോക്കി 

കണ്ണുകൾ നനഞ്ഞു.


വേച്ചു വേച്ചു 

നടന്ന കാലുകൾ 

തിരകളെ പേടിച്ചു 

ഓടി ഓടിത്തളർന്നു. 


പെരുമഴയത്ത് നനഞ്ഞു 

കുതിർന്നതൊക്കെയും 

സങ്കടപ്പുഴകളായ് 

ഒഴുകി ഒഴുകി എത്തി. 


കടലോളം കരൾ തന്നു 

കടലായി മാറി ജീവിതം.


എസ്-എ✍️


🔲

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...