Tuesday, September 4, 2018

മൗലവി നടന്നകലുമ്പോള്‍!


ഒരുപാട് നല്ല ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ചു കൊണ്ട് മൌലവിയും ദൈവസന്നിധിയിലേക്ക് യാത്രയായി. മരന്നമെന്ന അല്ലംഘനീയമായ വിധിക്ക് മുന്നില്‍ എല്ലാവരും കടന്നു ചെല്ലേണ്ട ഇടത്തിലേക്ക്സുനിശ്ചിതമായ ആ വലിയ സത്യത്തിലേക്ക്  അദ്ദേഹം നടന്നു കയറി. കാതലുള്ള നന്മകള്‍ ജീവിതത്തില്‍ പകര്‍ന്നും പകര്ത്തിയും ഹൃദയങ്ങളില്‍ ജീവിച്ച ഗുരുനാഥന്‍ അന്യര്‍ക്ക് തണലും വെളിച്ചവും നല്‍കി പടിയിറങ്ങി. അന്ന് മൌലവിയെന്നാല്‍ ഞങ്ങള്‍ക്ക് എ പി അബൂബക്കര്‍ മൗലവി മാത്രമായിരുന്നു.

 

അദ്ദേഹം തോളില്‍ തട്ടിപ്പറയുന്ന അഭിനന്ദനത്തിന്റെ കൊച്ചു വാക്കുകളാണ് നമ്മില്‍ പലരുടെയും ബാല്യവും ഭാവിയും മെനഞ്ഞെടുത്തത്. തന്‍റെടത്തോടെയുള്ള വാക്കുകള്‍ കൊണ്ടും പറയുന്ന രീതികൊണ്ടും മൗലവി നമ്മുടെ ഹൃദയങ്ങളില്‍ ഒരിടം കണ്ടെത്തി. സ്നേഹ ശകാരം കൊണ്ട് ജീവിത പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. തെറ്റുകള്‍ക്കെതിരെ അദേഹത്തിനു വലിപ്പ ചെറുപ്പമില്ലയിരുന്നു.

 

വളരെ കുറഞ്ഞ കാലമാണ് മൗലവി പടലയില്‍ നമ്മുടെ മന്ബഹുല്‍ ഹിദായ മദ്രസയില്‍ പ്രധാനധ്യപകനായി ഉണ്ടായിരുന്നത്. അദ്ദേഹം മുന്നില്‍ നടന്നു ഒരു നാട് മുഴുവനും പിന്നില്‍ അച്ചടക്കത്തോടെ നീങ്ങി. നാട്ടുകാരെ  പേരെടുത്ത് സംബോധന ചെയ്യാന്‍ മാത്രം പരിചയം ഓരോ വ്യക്തികളുമായും അദ്ദേഹം കാത്തു സൂക്ഷിച്ചു. അവരൊക്കെയും തങ്ങളുടെ സ്വകാര്യ സന്തോഷങ്ങളും ദുഖങ്ങളും മൌലവിയുമായി പങ്കു വെച്ചു. എല്ലാറ്റിനും തന്‍റേതായ തികച്ചും വ്യതിരിക്തമായ ഉത്തരം ഉണ്ടായിരുന്നു. പുതിയ ചോദ്യങ്ങള്‍ക്ക് പുതിയ ഉത്തരങ്ങള്‍ നല്‍കാന്‍ മാത്രം വയനനുഭാവമുള്ള ഗുരുനാഥന്‍, ഒരു കള്ളിയിലും ഒതുക്കാന്‍ കഴിയാത്ത അനുഭവ പ്രപഞ്ചം തീരത്തു. ഒരു പണ്ഡിതന്‍ എങ്ങിനെയയിരക്കണം എന്നതിന്‍റെ മികച്ച ഉദാഹരണമായിരുന്നു.

 

 

മദ്രസ്സയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ആറാം ക്ലാസ്സുവരെ അദ്ദേഹം ഞങളുടെ കൂടെ നിന്നു. സ്കൂളുമായും സ്കൂള്‍ അധ്യാപകരുമായും അദ്ദേഹം സൂക്ഷിച്ച ഊഷ്മള ബന്ധം മദ്രസ്സയും സ്കൂളും ഒന്നാണെന്നു തോന്നിപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു. മിക്കപ്പോഴും സ്കൂള്‍ അധ്യാപകര്‍ വല്ല പരാതിയുമുണ്ടെങ്കില്‍ ആദ്യം ബോധിപ്പിച്ചിരുന്നത് മൌലവിയെയായിരുന്നു. സ്നേഹ വാത്സല്ല്യങ്ങള്‍ കൊണ്ടും സൌഹ്ര്ടങ്ങള്‍ കൊണ്ടും മാത്രമല്ല ഓരോ ഇടപെടലുകളിലും  നേതൃപാടവ കൊണ്ട് അദേഹം നമ്മെ വിസ്മയിപ്പിച്ചു.  ഭാഷയോടും കലയോടും സാഹിത്യത്തോടും സംഗീതത്തോടുമുള്ള അഭിനിവേശം അദേഹത്തെ പണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്തനാക്കി. അക്കാലത് അദ്ദേഹം വായിക്കാത്ത ആനുകാലികങ്ങള്‍ വളരെ അപൂര്‍വ്വമായിരുന്നു. അവിടെ നിന്നാണ് ഞങ്ങളില്‍ പലരും പരിമിത വായനയുടെ വലിയ ലോകത്തേക്ക് ആനയിക്കപ്പെടുന്നത്.

 

പാലക്കാടുള്ള അദേഹത്തിന്റെ വീട്ടില്‍വെച്ചു പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൌലവിയെ അവസാനമായി കണ്ടത്. പ്രായാധിക്യത്തിലും യുവത്വത്തിന്റെ ചുറുക്കോടെ മലമ്പുഴയിലും കോട്ടമൈതാനിയിലും മറ്റും ചുറ്റി നടന്നതും ആദിത്ത്യവും ആദരവ് കൊണ്ടും ഞങ്ങളെ വീര്‍പ്പുമുട്ടിച്ചതും ഓര്‍ക്കുന്നു.

 

 

നമ്മുടെ നാടിന്‍റെ വിദ്യാഭ്യാസ നവോത്ഥാന വഴികളില്‍ ജീവിതം അടയാളപ്പെടുത്തിയ ഒരു വലിയ പണ്ഡിതനായിരുന്നു മൗലവി.

ജീവിതത്തില്‍ നമുക്ക് തണലും തലോടലുമായിരുന്ന ഗുരുനാഥന് അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.

Tuesday, March 13, 2018


മൌന മേഘങ്ങള്‍

കുഞ്ഞിളം ചുണ്ടിലെ പാല്‍മണം തന്നിലും
ലഹരി പതക്കുന്ന കാലം
കാലം തരിച്ചു നില്‍ക്കുന്നു നോവിനാല്‍
ബാല്യം കുതിക്കുന്നു ലഹരിയില്‍.
ഇന്നലെ ലഹരിയെന്നാലെങ്ങോ
മറഞ്ഞിരിക്കും നഗര സത്യം
ഇന്നീ ഉമ്മറപ്പടിവാതിലിലെത്തി
വിളിക്കുന്നു നിത്യം
മൌനമേഘങ്ങളില്‍ തലയോളിപ്പിച്ചു
നാമെത്രകാലം തപസ്സിരിക്കും
നെഞ്ച് പിളരുന്ന വാര്‍ത്തകള്‍ നിത്യവും
കണ്ടു നാമോന്നുമറിയാതെ നില്‍ക്കും
കുരുന്നുകളോന്നായ് ഒടുങ്ങിത്തീരും വരെ
നഞ്ഞു കലക്കി നാം രസിക്കും

Saturday, April 29, 2017

വായനാവഴി

 വായനാവഴി

 

തനിക്ക് കുഴപ്പമില്ലാതെ എഴുതാനറിയാമല്ലെടോ എന്നാദ്യമായി പറഞ്ഞത് ഫ്രാന്‍സിസ് മാഷായിരുന്നു.  ഒന്‍പതാം ക്ലാസ്സിലെ മലയാളം അധ്യാപകന്‍. മദ്യം എന്ന വിഷയത്തില്‍ ഉപന്യാസം എഴുതി തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍ അന്ന് മനസ്സില്‍ തോന്നിയതൊക്കെ എഴുതി. പത്തില്‍ എട്ടു മാര്‍ക്ക് തന്നു മാഷ്‌ പറഞ്ഞ വെരി ഗുഡ് ആയിരുന്നു പിന്നീടുള്ള കുത്തിക്കുറികള്‍ക്ക് പ്രചോദനം. ശേഷം ഓള്‍ഡ്‌ സ്റ്റുഡണ്ട് ഡേ ക്ക് അവതരിപ്പിക്കാനുള്ള നാടകത്തിനു ഗാനം എഴുതണം എന്നു കല്‍പ്പിച്ചു.  എനിക്കറിയില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വിട്ടില്ല.  നാടക പുസ്തകം വായിക്കാന്‍ തന്നിട്ട് പറഞ്ഞു ഒരു മാസം സമയമുണ്ട്.  എന്തെകിലും എഴുതി കൊണ്ട് വരൂ ഞങ്ങള്‍ തിരുത്തി കൊള്ളാം. നാടകം മുഴുവന്‍ നാലഞ്ചു പ്രാവശ്യം വായിച്ചിട്ടും ഒന്നും എഴുതനാവുനില്ല.  വല്ലാത്ത ഭയം.  എനിക്ക് തന്ന ഒരുമാസം ഏതാണ്ട് കഴിയാറായി. രണ്ടും കല്‍പ്പിച്ചു കുത്തിക്കുറിച്ചു.. 

 

മര്‍ത്ത്യനെ മര്‍ത്ത്യന്‍ മനസ്സിലാക്കത്തൊരു സംസ്കാര ശുന്യതയിതാ മുന്നില്‍’  എന്നു തുടങ്ങുന്ന പതിനാലു വരികള്‍ എഴുതി തയ്യാറാക്കി മാഷെക്കാണിച്ചു. അപ്പോഴും മാഷ് പറഞ്ഞു.  കൊള്ളാം കുഴപ്പമില്ല.. ചില തിരുത്തലുകള്‍ക്ക് ശേഷം സംഗീതം നല്‍കി ഗാനമായി അവതരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സന്തോഷം വിവരണാതീതം!

 

പിന്നെടെപ്പോഴോ ഒരു കവിത ആദ്യമായി പത്രത്തില്‍ അച്ചടിമഷി പുരണ്ടപ്പോള്‍ ഫോണ്‍ വിളിച്ചു അഭിനന്ദനം അറിയിച്ച ഒരാളുണ്ട്.  എന്നെ തിരിച്ചറിഞ്ഞ ബഹുമാന്യ സുഹൃത്ത് എച് കെ മാഷ്.  എന്തൊക്കെയോ കുത്തി കുറിക്കുകയും ഒക്കെയും കീറിക്കളയും ചെയ്യുന്നത് കണ്ടു കൊണ്ടിരുന്ന എന്നും ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്തുക്കളായ അസ്ലം മാവിലയുടെയും യും, ബി.ബഷീറിന്‍റെയും സ്ഥിരമായ സ്നേഹ ശകാരങ്ങള്‍.  സര്‍വോപരി ജനകീയ ഉസ്താദ് എന്നു വിളിക്കാന്‍ അര്‍ഹനായ ഒരേ ഒരാള്‍ എ.പി അബൂബക്കര്‍ മൌലവി, ആനുകാലികങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയും നിരന്തരം ശകാരിക്കുകയും എന്നില്‍ വായനാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത സ്നേഹനിധിയായ പണ്ഡിത ശ്രേഷ്ടന്‍. വളരെ ചെറുപ്പം മുതല്‍ തന്നെ മാതൃഭൂമി, കലാകൌമുദി പോലുള്ള വാരികകള്‍ വായിക്കാന്‍ പ്രേരിപ്പിച്ച ഉസ്താദ്!  അന്നൊക്കെ വായിക്കുന്നതോന്നും മനസ്സിലാവാറുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം!  കുറെ കഴിഞ്ഞപ്പോള്‍ കലാകൌമുദിയിലെ എം കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം എന്ന സമാനതകളില്ലാത്ത പ്രതിവാര പംക്തിയുടെ ആരാധകനായി മാറി.

 

ഇതൊക്കെ പറഞ്ഞു വരുന്നത് ഞാന്‍ വലിയവനാണ്‌ എന്ന് സ്ഥാപിക്കാനല്ല. മറിച്ച് അല്പമെങ്കിലും കുത്തിക്കുറിക്കാന്‍ പ്രചോദിപ്പിച്ച എന്‍റെ വായനാവഴിയിലെ ദീപസ്തംഭങ്ങളായിരുന്നു ഇവരൊക്കെയും എന്നു പറയാനാണ്. നല്ലൊരു വാക്ക് അല്ലെങ്കില്‍ ഒരു പ്രശംസ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്‌. ആത്മവിശ്വാസത്തിന്‍റെ താക്കോലുകളാണത്. ഒരു പിശുക്കും കൂടാതെ നല്ലതിനെ നല്ലത് എന്നു തുറന്നു പറയാനുള്ള മനസ്സുണ്ടാകണം. വിമര്‍ശങ്ങള്‍ പോലും ക്രിയാത്മകവും പ്രചോദനം നല്‍കുന്ന തരത്തിലുമാകണം. വിമര്‍ശനമെന്നത് തിരസ്കാരമല്ല. ഒപ്പം അതിന്റെ മേന്മ കൂടി പറയുന്നതാകണം. ഒരു കലാസൃഷ്ടിയുടെ പോരായ്മകള്‍ പറയുന്നതോടൊപ്പം അതിന്‍റെ നല്ല വശങ്ങളെ കൂടി പറഞ്ഞാല്‍ ആത്മ വിശ്വാസത്തോടെ കൂടി നന്നായി പ്രവര്‍ത്തിക്കാന്‍ അത് പ്രചോദകമാകും.

 

കഠിനമായ പ്രയത്നവും ആഗ്രവും ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന് സംശയമൊന്നുമില്ല. പോരായ്മകള്‍ ഇല്ലത്തവരയാരുമില്ല. പോരായ്മകളെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. എഴുത്തിലെ പോരായ്മകള്‍ തിരിച്ചറിയുക നിരന്തരമായ വായനയിലൂടെയാണ്. വായനയില്ലത്തവര്‍ക്ക് എഴുതാനാവില്ല. കത്തെഴുത്ത് പോലും ഒരു കലയാണ്‌. പുതിയ കാലത്ത് അന്യംനിന്നു പോയെങ്കിലും സുറാബിനെ പോലുള്ള ചില എഴുത്തുകാരെ വാര്‍ത്തെടുത്തത് തന്‍റെ പ്രവാസകാലത്ത് ഭാര്യക്കും സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകളിലൂടെയായിരുന്നു എന്നു വായിച്ചിട്ടുണ്ട്.

 

Friday, October 2, 2015

വാക്ക്

വാക്ക്
**********

അന്ന്വരച്ചു വെച്ച

രണ്ട് നേര്‍ രേഖക്കിടയില്‍

കുടുങ്ങിപ്പോയ പാവം വാക്ക്

പുറത്ത് കടക്കാനാവാതെ

എന്നെ തന്നെ തുറിച്ചുനോക്കി കൊണ്ടേയിരുന്നു.

ഇന്ന്വാക്ക്നേര്‍ രേഖകള്‍

ഇല്ലാത്തപ്രതലത്തിലേക്ക്മാറ്റി എഴുതിയപ്പോള്‍

എന്നെ നോക്കി പുഞ്ചിരിക്കുന്നു.

അന്ന് കാണാതെ പോയ വാക്ക്

ഇന്ന് പറന്നകന്ന വാക്ക്

അന്ന് മുളപ്പിച്ചെടുത്ത വാക്ക്

ഇന്ന് പുറപ്പെട്ടുപോയ വാക്ക്

ആകാശം എത്ര മനോഹരം..

ഫാസിസം ഇന്ത്യയെ തിന്നു തീര്‍ക്കുന്നു


ഫാസിസം ഇന്ത്യയെ തിന്നു തീര്‍ക്കുന്നു! വ്യക്തി സ്വാതന്ത്ര്യവും, സാമൂഹ്യ സുരക്ഷിതത്വവും, മതേതര സാമൂഹ്യ സംവിധാനവും ഒരു മിഥ്യ മാത്രമായി തീര്‍ന്നോ എന്ന് പോലും സംശയിക്കാവുന്ന ഭീഷണമായ ഒരു കാലത്തിലൂടെയാണ്‌ നമ്മുടെ രാജ്യം കടന്നു പോകുന്നത്. മനുഷ്യന്റെ വേദനകളെയും സങ്കടങ്ങളെയും മതത്തിന്റെ അതിരുകള്‍ വെച്ച് തുലനം ചെയ്യുകയും പ്രവര്‍ത്തികള്‍ മുഴുവനും മത വിരുദ്ധമാകുകയും ചെയ്യുന്ന വിരോധാഭാസമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വര്‍ഗീയ ഫാസിസ്റ്റുകളുടെ നെഞ്ചില്‍ തുളച്ചു കയറുന്ന ചില ചോദ്യങ്ങള്‍ ഫേസ് ബുക്ക്‌ വഴി ഉന്നയിച്ചത് നിഷ്രിന്‍ ജഫ്രി ഹുസൈന്‍ ആയിരുന്നു. ഗുജറാത്ത്‌ വംശ ഹത്യയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഇഹ്സാന്‍ ജഫ്രിയുടെ മകള്‍. പെണ്‍ മക്കളുമോത്തുള്ള സെല്ഫികള്‍ പ്രചരിപ്പിക്കണം എന്ന സെല്‍ഫി പ്രേമം മൂത്ത പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് മറുപടിയായി തന്റെ പിതാവിനോടോപ്പമുള്ള ഫോട്ടോയാണ് അവര്‍ പോസ്റ്റു ചെയ്തത്. മകളോടൊപ്പമുള്ള സെല്‍ഫി എന്ന ശീര്‍ഷകത്തില്‍. ഫാസിസ്റ്റുകളെ എക്കാലവും വിറളിപിടിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാന്‍ പോന്നതായിരുന്നു ആ ഫോട്ടോയും അതിനു അവര്‍ നല്‍കിയ അടിക്കുറിപ്പും " സെല്‍ഫി എടുക്കാന്‍ എനിക്കച്ചനില്ല. നിങ്ങള്‍ ചുട്ടു കൊന്നില്ലെ!" അന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ഇഹ്സാന്‍ ജഫ്രിയുടെ വീട്ടിലേക്ക് ഇരച്ചു കയറിയ തീവ്രവാദി സംഘം അദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയെങ്കില്‍, ഇന്ന് ദല്‍ഹി യില്‍ അത് വേറൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്! മുഹമ്മദ്‌ അഖ് ലാക്ക് എന്ന സാധാരണക്കാരനായ പാവം ഒരു മദ്ധ്യവയസ്കനെ അധികാരത്തിന്റെ ഹുങ്കില്‍ അതെ ഫാസിസ്റ്റുകള്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നിരിക്കുന്നു!. എന്ത് കഴിക്കണം എന്നും എങ്ങിനെ ചിന്തിക്കണം എന്നും ഒരു ഭരണ കൂടം കല്‍പ്പിക്കുമ്പോള്‍ ജനാധിപത്യം മരിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്‍ മേലുള്ള നഗ്നമായ കയ്യേറ്റമാണ് അത്. മാത്രമല്ല ആ കുടുംബം കഴിച്ചത് ഗോമാംസം ആയിരുന്നോ എന്ന് തെളിയിക്കാന്‍ ഫോറന്‍സിക് ലാബിലേക്ക് കൊണ്ട് പോയ ഭരണകൂടം ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്, അവര്‍ കഴിച്ചത് അല്ലെങ്കില്‍ അവരുടെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നത് ഗോമാംസം തന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ മുഹമ്മദ്‌ അഖ് ലാക്കിന്റെ കൊലപാതകം ന്യയീകരിക്കപ്പെടുമോ? നിഷ്രിന്‍ ജഫ്രിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു പോയത് പോലെ അഖ് ലാക്കിന്റെ മകള്‍ സാജിതയുടെ കൂര്‍ത്ത ചോദ്യങ്ങള്‍ക്ക് മുന്നിലും ഫാസിസ്റ്റുകളുടെ കളസം കീറുക തന്നെ ചെയ്യും. " കഴിച്ചത് ഗോമാംസം അല്ല എന്ന് തെളിഞ്ഞാല്‍ എന്റെ പിതാവിന്റെ ജീവന്‍ തിരിച്ചു നല്‍കാന്‍ നിങ്ങള്‍ക്കാകുമോ?!" നിരാലംബരായ ഇത്തരം പെണ്‍ മക്കളുടെ രോഷഗ്നിക്ക് മുമ്പില്‍ ഫാസിസം വെറും ചാരക്കൂമ്പാരമാകുന്ന ഒരു ദിനം വരും. മുപ്പത്തിരണ്ട് ശതമാനത്തിനു പറ്റിയ ചെറിയൊരു ഓര്‍മപ്പിഷകിനും കൈ അബദ്ധത്തിനും ഇന്ത്യ എന്ന മഹാരാജ്യത്തെയും മഹത്തായ മതേതര സങ്കല്പത്തെയും കൊന്നു കുഴിച്ചു മൂടാം എന്ന് കരുതുന്നത് വലിയ വിഡ്ഢിത്തമാണ്. വിചിത്രവും ക്രൂരവുമായ ഈ ഫാസിസ്റ്റ് ഉന്മാദ ഉണര്‍ത്തലുകള്‍ക്ക് ആയുസ്സ് കുറവായിരിക്കും, കാരണം ഗാന്ധിജിയെ കൊന്നവര്‍, ജഫ്രിയെയും അവസാനം അഖ് ലാക്കിനെയും കൊന്നവര്‍, നിരപരാധികളെ കൊന്നു തള്ളുന്നവര്‍ അറിയുന്നില്ല ഒരു പാട് ത്യാഗം സഹിച്ചും ചോര കൊടുത്തുമാണ് ഈ സ്വാന്തന്ത്ര്യം നാം നേടിയെടുത്തത് എന്ന്. സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിയവരാണ് ഇന്ത്യന്‍ ജനത. ഈ ഗാന്ധി ജയന്തി ദിനത്തില്‍ നമ്മുക്ക് പ്രതിജ്ഞ പുതുക്കാം മതേതര ഇന്ത്യയുടെ നിലനില്‍പ്പിനായി നമുക്ക് പടയണി തീര്‍ക്കാം. വര്‍ഗീയതെയെ ചെറുത്തു തോല്‍പ്പിക്കാം.

Thursday, August 20, 2015

ജലകണികകള്‍
*********************
നിര്‍ത്താതെ ഓടിപ്പോകുന്നുണ്ട് 
ഓരോ പുഴയും
ലക്‌ഷ്യം കൃത്യമായി
രേഖപ്പെടുത്തപ്പെട്ട
ജല കണികകള്‍

ജാള്യതയില്ലാതെ
പൂര്‍ണ്ണ നഗ്നരായി
ദുരിത മല താണ്ടി
ആയിരം കാതങ്ങളുടെ 
യാത്ര!

ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞാല്‍
രണ്ട് അവസ്ഥകളാണ്
ഒന്നുകില്‍
സമുദ്രത്തിന്നഗാധതയില്‍
സുഖസുഷുപ്തി
അല്ലെങ്കില്‍
നിരന്തരമായ ഏറ്റുമുട്ടല്‍
പാറകെട്ടുകളോടും
മണല്‍ തരികളോടും.

നിര്‍ത്താതെ ഓടിപ്പോകുന്നുണ്ട്
കനത്ത ചുമടും പേറി
അവസാനിക്കാത്ത 
മഹാ സന്ധ്യയിലേക്ക്!

Friday, November 8, 2013

മതിലുകൾ




മതിലുകൾ 
==========
ചാനൽ ചർച്ചകളിൽ നിന്നും 
തെറിച്ചു വീഴുന്ന
വക്കു പൊട്ടിയ വാക്കുകൾ
ഇന്നോരാളും അന്ധംവിട്ടു
തുറിച്ചു നോക്കുന്നില്ല !
കരയാൻ പഠിച്ച കണ്ണുകൾ
ബലം പിടിച്ചു
സ്വയം അടഞ്ഞു പോകും
പേരില്ലാത്ത ബന്ധങ്ങൾ
നാടില്ലാത്ത കുതന്ത്രങ്ങൾ
ചില്ലലമാരകളിൽ
കാമം കരുതി വെച്ചിരിക്കുന്നു
ഒരു നിഷ്കളങ്ക ചിരി
നിങ്ങളെ ഒറ്റപ്പെടുത്തിക്കളയും
ഇവിടെ വാതിലുകൾ
അടഞ്ഞു കിടക്കും
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
നിങ്ങൾക്ക് തടങ്കൽ വിധിക്കും
അതിരുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു
ശിക്ഷയും
മതിലുകൾ ഉയർന്നു ..ഉയർന്നു ..

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...