Wednesday, July 27, 2022

പട്ലയിലെ സെഷിൻ അബ്ദുൽമജീദ്-വിദേശ സർവ്വകലാശാലയിൽ നിന്നും വ്യോമയാന വിജ്ഞാനത്തിൽ ഉന്നത വിജയം നേടുമ്പോൾ!



പട്ലയിലെ സെഷിൻ അബ്ദുൽമജീദ്-വിദേശ സർവ്വകലാശാലയിൽ നിന്നും വ്യോമയാന വിജ്ഞാനത്തിൽ ഉന്നത വിജയം നേടുമ്പോൾ!

©️

പ്രതിഭകൾ ഉയരങ്ങൾ തൊടുമ്പോൾ അതും സുഹൃത്തിൻ്റെ മകനും നാട്ടുകാരനുമാകുമ്പോൾ അഭിമാനവും സന്തോഷവും വാനോളം ഉയരും.

ആദ്യമായാണ് പട്ലയിൽ നിന്നും ഒരാൾ തിളക്കമാർന്ന ഈ നേട്ടം കൈവരിക്കുന്നത്.  ഈ വഴിത്താരയിൽ സെഷിന് പിന്തുണയും പ്രോത്സാഹനവുമായി നിന്ന മാതാപിതാക്കളെ ആദ്യം അഭിവാദ്യം ചെയ്യുന്നു.

പത്താംതരം വരെ ജിദ്ധയിലെ അൽ നൂർ ഇൻ്റർനാഷനൽ സ്കൂളിൽപഠിച്ച സിഷെൻ തൻ്റെ ഇൻ്റർമിഡിയറ്റ് കഴിഞ്ഞത് കാസർകോട് ഉദയഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ്.

ശേഷം ബാഗ്ലൂരിലെ ദയാനന്ദ സാഗർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും എയറോനോട്ടിക്  എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയ സെഷിൻ ബിരുദാനന്തര ബിരുദം (PG) ചെയ്യാൻ വേണ്ടി ലണ്ടനിലെ സാൽഫോർഡ് യൂണിവേർസിറ്റി തെരെഞ്ഞെടുക്കുകയായിരുന്നു.  അവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം PG കംപ്ലീറ്റ് ചെയ്തു പുറത്തിറങ്ങുന്നത്. 

തുടർന്ന് ലണ്ടനിൽ തന്നെ ആധുനിക യുദ്ധവിമാനങ്ങളും മറ്റും നിർമ്മിക്കുന്ന കോലിൻസ് എയർസ്പേസിൽ Apprentice (Trainee) ആയി ജോലി ലഭിക്കുകയും ചെയ്തു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) എന്ന സ്ഥാപനം വ്യോമായുധ മേലഖയിലെ ഇന്ത്യയുടെ അഭിമാനമായാണ്.  വിവിധ രൂപത്തിലുള്ള വിമാനങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്തുന്ന 1943 ൽ തന്നെ സ്ഥാപിതമായ ഒന്നാണിത്.  ഏഷ്യയിലെ എറ്റവും വലിയ എയറോസ്പേസ് കമ്പനിയാണിത്. അതിന്റെ ഒരു  മാനുഫാക്ചട്യൂറിങ് യൂണിറ്റ് നമ്മുടെ തൊട്ടയല്പക്കമായ സീതാംഗോളിയിലെ കിൻഫ്ര വ്യവസായ പാർക്കിൽ ഉണ്ട് എന്ന കാര്യം സാന്ദർഭികമായി സൂചിപ്പിക്കുന്നു. അതുപോലെത്തന്നെ UK യിലെ പ്രശസ്തമായ ഒരു സ്ഥാപനമാണ് Collins Aerospace.


പ്രഗത്ഭരായ ഒരുപാട് ആളുകൾ (ഉദാ: മുൻ രാഷ്ടപതി എപിജെ അബ്ദുൽ കലാം, കൽപന ചൗള, സുനിത വില്യംസ്, സിരിഷ ബന്ദ്ല മുതലായവർ) വ്യോമയാനവിജ്ഞാനീയം ഐച്ഛിക വിഷയമായി പഠിച്ച വ്യക്തികളായിരുന്നു.

പട്ലയിലെ മർഹൂം കുമ്പള അബൂബക്കർ (പോകുച്ച) ൻ്റെ പൗത്രനാണ് സെഷൻ.പിതാവ് അബദുൽ മജീദ് (സൗദിയിലെ MAZA ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ) മാതാവ് തസ്രിയ്യ. അവരുടെ നാല് മക്കളിൽ ഏറ്റവും മൂത്തയാളാണ് സെഷിൻ അബ്ദുൽ മജീദ്.

പ്രശസ്തിയുടെ ഉന്നതമായ പടവുകൾ കയറാൻ സെഷിന് കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

എസ്-എ

24-07-2021

🔲

Thursday, July 14, 2022

എസ്.എ.അബ്ദുല്ല സാഹിബിൻ്റെ വിയോഗം!


എസ്.എ.അബ്ദുല്ല സാഹിബിൻ്റെ വിയോഗം!

🔳

ഈ ലൗകിക ജീവിതം ശാശ്വതമല്ല എന്നത് പരമമായ സത്യമാണ്. അടുത്ത നിമിഷം നമ്മെ കാത്തിരിക്കുന്നതെന്നറിയാതെ രാപ്പകലുകൾ കടന്നു പോകുന്നു. കോർക്കാൻ നൂല് തേടുന്ന മരണത്തിന്റെ സൂചി നമുക്ക് ചുറ്റിലും ഉണ്ട്. പടച്ചവൻ്റെ അലംഘനീയ വിധിയെ തടുക്കാൻ കഴിയില്ല.  

വ്യക്തിപരമായി ചെറുപ്പം മുതലെ ഏറെ സ്നേഹ സൗഹൃദങ്ങൾ പങ്കിട്ടൊരാൾ, നാടിൻ്റെ മത,സാമൂഹ്യ സാംസ്കാരിക രംഗം സജീവമാക്കിയ അബ്ദുല്ലച്ചാൻ്റെ അപ്രതിക്ഷിത വിയോഗം വേദനാജനകമാണ്!

മരണം പ്രത്യക്ഷമല്ലാത്ത കൂട്ടുകാരനാണവൻ.

ക്ഷണിക്കാതെ മുന്നിൽ വന്നു നിൽക്കും. 

ശേഷമുള്ള ശ്വാസത്തിന്റെ ഉടമസ്ഥൻ!

അസുഖ ബാധിതനായി അബ്ദുല്ല സാഹിബ് ആശുപത്രിയിലാണ് എന്ന വിവരം ഞാനറിയുന്നത് അദ്ദേഹത്തിൻ്റെ മകൻ സിറാറിൻ്റെ FB പോസ്റ്റ് വഴിയാണ്. കൃത്യം 4 ദിവസങ്ങൾക്ക് മുമ്പ്.  അദ്ദേഹത്തിൻ്റെ സൗഖ്യത്തിന്നായി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു.  പക്ഷെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി അദ്ദേഹം നാഥൻ്റെ തിരുസന്നിധിയിലേക്ക് മടങ്ങി. 

പട്ല വലിയ ജുമാ മസ്ജിദിൻ്റെയും മൻബഹുൽ ഹിദായ മദ്രസയുടെയും മറ്റു മതസംഘടനകളുടെയും സുപ്രധാനമായ ഭാരവാഹിത്വം വഹിക്കുകയും അവയെ നേതൃപാഠവത്തോടെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു.

പട്ല ഗവ:സ്കൂൾ ഒ.എസ്.എ രൂപീകരണത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും  അദ്ദേഹത്തിൻ്റെ സജീവ സാനിധ്യമുണ്ടായിരുന്നു.

സ്റ്റാർ ക്ലബ്ബിൻ്റെ പ്രതാപകാലത്തെ സജീവ പ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം.

അങ്ങിനെ നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്തിത്വന്നുടമയിരുന്നു എസ്.എ.അബ്ദുല്ലച്ച.

തോട്ടത്തിലേക്ക് വെള്ളം നനയ്ക്കാൻ അതിരാവിലെ പാടവരമ്പിലൂടെ നടന്നു പോകുന്ന ആരോഗ്യവാനായ മനുഷ്യനാണ് എൻ്റെ ഓർമകളിൽ ആദ്യം തെളിയുന്ന അബ്ദുല്ല സാഹിബ്. പിന്നീടത് വോളിബോൾ കോർട്ടിലെ കൃത്രിമമില്ലാത്ത സൗഹൃദത്തിന് വഴിമാറി. പിന്നീടതെന്നോ ഒ എസ് എ യുടെ വാർഷികാഘോഷങ്ങളിലെ നാടകങ്ങളുടെയും കലാപരിപാടികളുടെയും കൂടെ.. ശേഷം എൻ്റെ പ്രവാസം, വർഷത്തിലൊരിക്കൽ മാത്രമുള്ള ഓർമ്മപുതുക്കലുകളുടെ മിന്നൽ കാഴ്ചകൾ. നാട്ടുവർത്തമാനങ്ങളുടെ തികച്ചും വ്യത്യസ്തമായ ചില നർമ രസങ്ങൾ! 

രാവിലെ മുതൽ ഉച്ച വരെ കൃഷിക്കാരനായും ശേഷം ഉച്ച മുതൽ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായി സാംസ്‌കാരിക രംഗം സമ്പന്നമാക്കിയ അബദുല്ലച്ഛ നല്ല മാതൃകയായിരുന്നു. പൊതുവെ മിതഭാഷിയായിരുന്നുവെങ്കിലും അടുപ്പമുള്ളവരോടെക്കെ ദീർഘനേരം സംസാരിച്ചിരിക്കുമായിരുന്നു.

പ്രിയപ്പെട്ട അബ്ദുല്ലച്ചാൻ്റെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുകയും പരലോക ജീവിതം ധന്യമാക്കുകയും

ചെയ്യട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു!

എസ്-എ

14-07-2022

🔲

Monday, July 4, 2022


സന്തോഷ് ട്രോഫി ടീം ഫിസിയോ മുഹമ്മദ് പട്ലയ്ക്ക് അവഗണന!

പ്രതിഷേധിക്കുക!

🔳


ഫിസിയോ തെറാപ്പി എന്നാൽ എന്താണ് എന്ന്  തിരിച്ചറിയാത്ത ചില ആളുകളുണ്ട്.  അവരുടെ ധാരണ ഇത് കേവലം  തിരുമ്മലും ഉഴിച്ചിലുമാണ് എന്നാണ്.  അങ്ങനെയുള്ളവർ ചിലപ്പോൾ ഇങ്ങനെയും ചോദിക്കും 

"കാൽ തിരുമ്മിയിട്ടാണോ കപ്പ് നേടിയത്?", "ഇരയുടെ പേര് പറയാൻ പാടില്ലെങ്കിൽ തന്റെ പേര് പറയാം" "ഇതൊക്കെയാണോ ഇന്നാട്ടിലെ വലിയ പ്രശ്നങ്ങൾ" എന്നൊക്കെ.   അത്തരം ആളുകളുടെ അറിവില്ലായ്മയാണ് അത് എന്ന് മനസിലാക്കുന്നു. സഹതപിക്കുന്നു. 


ഇനി നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി ചില കാര്യങ്ങൾ പറയാം, ഫിസിയോ തെറാപ്പി എന്നാൽ  മരുന്ന് രഹിതമായ ഒരു ചികിത്സാ രീതിയാണ്.  പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് അതിന്റെ വലിയ സവിശേഷത. മനുഷ്യ ശരീരത്തിലെ മൊത്തം ഘടനയെയും പ്രവർത്തങ്ങളെയും ശാസ്ത്രീയമായി വിലയിരുത്തിയാണ് ഈ ചികിത്സാ രീതിക്ക് രൂപം നൽകിയിട്ടുള്ളത്. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. മാത്രമല്ല ഒരു സ്വതന്ത്ര ചികിത്സാ രീതിയുമാണ്.


ലോകത്തുള്ള എല്ലാ ഫുട്ബോൾ ക്ലബ്ബുകളും കളിക്കാരുടെ ഫിറ്റ്നസ് ഉറപ്പുവരുത്താനും അവരെ കായിക ക്ഷമതയുള്ളവരായി വാർത്തെടുക്കാനും തെറാപ്പിസ്റ്റുകളെ നിയമിക്കാറുണ്ട്.  ഫിസിയോ തെറാപ്പിസ്റ്റുകൾ ഫുട്ബോൾ ടീമിന്റെ ഭാഗമാണ്. അവരുടെ സേവനങ്ങൾ ഒരു ടീമിന്റെ വിജയ പരാജയങ്ങളിൽ നിർണായ ഘടകമാണ്.  


അത് കൊണ്ട് തന്നെ കളിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവർക്കും ലഭിക്കാറുണ്ട്.  അത് സാധാരണവുമാണ്.  ഇവിടെയാണ് മുഹമ്മദ് പട്ലക്കു ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും അവഗണയും വിവേചനവും നേരിട്ടു എന്ന് നാം മനസ്സിലാക്കുന്നത്. ടീം അംഗങ്ങളെയും കോച്ചുമാരടക്കമുള്ള എല്ലാവരെയും ക്ഷണിച്ചിട്ടും എന്ത് കൊണ്ട് ടീമിൻ്റെ പ്രധാന ഘടകമായ ഫിസിയോ മുഹമ്മദ് പട്ലയെ അവഗണിച്ചു എന്നതാണ് ചോദ്യം!  തീർച്ചയായും മുഹമ്മദിന് അർഹതയ്ക്കുള്ള അംഗീകാരം ലഭിക്കണം. 

ഈ വിവേചനത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്വമാണ്. മാത്രമല്ല നീതിയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരുടെയും ബാധ്യതയാണ്.  ബാക്കിയുള്ള അനാവശ്യ ചോദ്യങ്ങളൊക്കെ തൽക്കാലത്തേക്കെങ്കിലും  മാറ്റി വെച്ചു കൊണ്ട് ഈ അനീതിക്കെതിരെ നമുക്ക് ഒന്നിച്ചു ശബ്ദമുയർത്താം. 

നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം.


എസ്-എ

03/07/2022

Thursday, June 30, 2022

ഓർമകളിലെ ഇന്നലെകൾ!



ഓർമകളിലെ ഇന്നലെകൾ! 
മൺവീടുകൾ, ഓലപ്പുരകൾ

🔳


ഓർമകൾക്ക് മുകളിൽ ഇന്റർനെറ്റ് കൊണ്ട് ഓല മെടയുന്ന പുതിയ കാലം.  മറവി കൊണ്ട് പോയ ചില ഇന്നലെകളെ കുറിച്ച് പുതിയ തലമുറകൾക്ക് കേട്ടുകേൾവി പോലുമുണ്ടാകില്ല. കാരണം പുതുകാല മുത്തശ്ശിമാർ കഥകൾ  പറയാറില്ല, അല്ലെങ്കിൽ  ഈ യുഗത്തിൽ മുത്തശ്ശിക്കഥകൾക്ക് പ്രസക്തി ഇല്ലാതായിക്കഴിഞ്ഞു എന്നും പറയാം. 


മണ്ണ് കൊണ്ട് പണിത ചെറിയ എടുപ്പുകൾക്ക്  മുകളിൽ ഓലയും ഒരു പ്രത്യേക തരം പുല്ലുകളും കൊണ്ട് മേഞ്ഞ മേൽക്കൂരയും ഉള്ള വീടുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലം. 


വർഷത്തിലൊരിക്കൽ പുര മേയുക എന്നത് ആഘോഷമാക്കിയിരുന്ന ഒരു തലമുറ, കരിപിടിച്ച പഴയ ഓലയും മുളിയും എടുത്തു മാറ്റി മേൽക്കൂര നവീകരിക്കുന്ന ദിനം, അയല്പക്കത്തുള്ളവരുടെ ഒത്തുചേരൽ, അവരുടെ ആത്മാർത്ഥ സഹകരണങ്ങൾ. മാസങ്ങൾക്കു മുമ്പ് തന്നെ മൂളിയും ഓലയുമൊക്കെ പലയിടങ്ങളിൽ നിന്നും കുറേശ്ശെയായി സംഘടിപ്പിച്ചു വെക്കും. പുതുക്കി പണിയാൻ ചില്ലറ മരത്തടികൾ വേണ്ടിവരും. അത് പല സ്ഥലങ്ങളിൽ നിന്നായി തെങ്ങിൻറെയും കവുങ്ങിൻറെയും മുളയുടെയും ഒക്കെ ചെറിയ തടികൾ തയ്യാറാക്കും. തെങ്ങിന്റെ തീയിൽ വാറ്റിയെടുത്ത പച്ചയോലകൾ വെച്ച് കെട്ടിയായിരുന്നു മെടഞ്ഞ ഉണക്ക ഓലകൾ അടുക്കി വെച്ച് പുര മേഞ്ഞിരുന്നത്. അന്ന്  ഞാനറിയുന്ന പുരമേയുന്ന ഒരേ ഒരാൾ ആദൻ ച്ചയായിരുന്നു. പേക്രോം തവളകളുടെ ശബ്ദം അനുകരിച്ചു അദ്ദേഹം ഞങ്ങളെ ഭയപ്പെടുത്തും.  ആദൻച്ച വരുന്നുണ്ട് പെട്ടെന്ന് അത് ചെയ്തോ ഇത് ചെയ്തോ എന്നൊക്കെ പറഞ്ഞായിരുന്നു ഉമ്മമാർ കുട്ടികളെ വിരട്ടിയിരുന്നത്.   


ഈ വര്ഷം എങ്ങിനെ പുരമേയുമെന്നും അതിനുള്ള കാശ് എങ്ങനെ കണ്ടെത്തും എന്നൊക്കെ ആലോചിച്ചു ബേജാറിലായിരുന്ന ഗൃഹനാഥന്മാരിൽ ആരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവും എന്ന് തോന്നുന്നില്ല!


അതിന്നിടയിൽ എവിടെങ്കിലും അപൂർവമായി ഓട് പാകിയ ചില വീടുകൾ കാണാം.  അവരായിരുന്നു നാട്ടിലെ അത്യാവശ്യം സൗകര്യവും പാങ്ങും ഉള്ള ആളുകൾ.  പാങ്ങ് എന്ന് പറയുമ്പോൾ ഭക്ഷണത്തിന് വലിയ പഞ്ഞമില്ലാതിരുന്ന ആളുകൾ എന്ന അർത്ഥം.  അത്തരം ചില വീടുകളിൽ നിന്ന് പാവങ്ങൾക്ക് നേർച്ചക്കഞ്ഞി എന്ന പേരിൽ കഞ്ഞി നല്കാറുണ്ടായിരുന്നു.

  

ക്രമേണ പുല്ലുമേഞ്ഞ ഓലപ്പുരകൾ അപ്രത്യക്ഷമാകുകയും ഓട് പാകിയ സുന്ദര വീടുകൾ സാർവത്രികമാകുകയും ചെയ്തു.  


ഓടുമേഞ്ഞ പുരകൾക്ക് വഴിമാറിക്കൊടുത്തു കൊണ്ട് ഓലപ്പുരകൾ വിസ്‌മൃതികളിലാവുകയും ഓടിട്ട വീടുകളെ  പുതിയ കോൺഗ്രീറ്റ് വീടുകൾ കയ്യേറുകയും ചെയ്തു തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി.


ഇത് കോൺഗ്രീറ്റ് വീടുകളുടെ ലാവണ്യ ശാസ്ത്രം തേടി പോകുന്ന പുതിയ കാലഘട്ടം. തൊണ്ണൂറുകളുടെയും രണ്ടായിരത്തിലെയും യൗവ്വനങ്ങൾക്ക് മൺ വീടുകളും ഓലപ്പുരകളും നെറ്റ് ബ്രൗസ് ചെയ്യുമ്പോൾ കാണുന്ന ചിത്രങ്ങൾ മാത്രം.  


രണ്ടു  മാറ്റങ്ങളെയും നേരിൽ കണ്ടവരാണ് വർത്തമാന കാലത്തെ അമ്പത് കഴിഞ്ഞവർ.

അങ്ങനെയുള്ള ഒരു  ഭൂതകാലാനുഭവത്തിലെ ഭൗതികസാഹചര്യങ്ങളും അതിലുൾപ്പെട്ട കുറെ മനുഷ്യരും മറവിയുടെ അകലങ്ങളിലേക്ക് പറന്നു പോയെങ്കിലും  രൂപമില്ലാത്ത ഒരു വികാരമായി അത് മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു.  ഓർമ്മകൾ, ഓലക്കീറിലൂടെയും കിളിവാതിലിലൂടെയും  മെല്ലെ ഇരച്ചു വരുന്ന സൂര്യപ്രകാശം പോലെ ഇന്നലെകൾ കൂടെ വരികയാണ്.


എസ്-എ

30-06-2022


🔲

Sunday, April 24, 2022

ഹാരിസ്...!!


🔲

ഹാരിസ്...!!

🔳

വാക്കുകൾ മരവിച്ചു പോകുന്ന സന്നിഗ്ദ്ധ ഘട്ടം, ഈ വിയോഗം താങ്ങാൻ കഴിയുന്നില്ല! പ്രിയപ്പെട്ട ഹാരിസ് നീയില്ലാത്ത ലോകം സങ്കൽപ്പിക്കാനേ ആവുന്നില്ല.  എത്ര വലിയ ഇരുട്ടാണ് നീ ഒഴിച്ചിട്ട ശൂന്യത എന്റെ അയല്പക്കത്തും നാട്ടിലും അവശേഷിപ്പിക്കുന്നത് എന്നത് നടുക്കുന്നതാണ്. 

നീ എന്തിനായിരുന്നു ജീവിതത്തെയും സ്വന്തം ആരോഗ്യത്തെയും ഇത്രമാത്രം നിസ്സാരമായി കണ്ടത്? ആ ശാന്ത പ്രകൃതത്തിൽ നീ സൂക്ഷിച്ചു വെച്ച ധൈര്യത്തിന് എന്ത് പേരിട്ടാണ്‌ വിളിക്കുക.  എന്തിനായിരുന്നു ഇത്രമാത്രം ധൈര്യവും ഇത്രമാത്രം ധൃതിയും!  

കാരുണ്യമായിരുന്നു നിന്റെ മുഖമുദ്ര.  നിന്റെ പക്വത, നിന്റെ നീതി ബോധം നിന്റെ സഹജീവി സ്നേഹം ഒക്കെയും കൊണ്ട് നീ ജീവിതം അടയാളപ്പെടുത്തി. ചോദിച്ചു വരുന്നവർക്കൊക്കെ നിന്റെ കഴിവിന്നപ്പുറം നൽകാൻ നീ ശ്രമിച്ചു.  വാക്കുകൾ കൊണ്ട് ഒരാളെയും നോവിക്കാതിരിക്കാൻ ശ്രദ്ധിച്ചു.  ചിട്ടയാർന്ന ജീവിതം കൊണ്ട് മാതൃക കാട്ടി.  വീടും പരിസരവും മാത്രമല്ല നിറമുള്ള ആ മനസ്സും എന്ത് മാത്രം വൃത്തിയോടെയാണ് നീ സൂക്ഷിച്ചത്!!

ഹാരിസ് നീ തിളങ്ങുന്ന നക്ഷത്രമായിരുന്നു. അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.  ഉടപ്പിറപ്പുകൾ വിടപറയാറില്ല. നിന്റെ പതിഞ്ഞ ശബ്ദവും നിന്റെ സ്നേഹവും നിന്റെ സാന്നിധ്യവുമില്ലാത്ത  അയല്പക്കം എനിക്കോർക്കാനാവുന്നില്ല.  മറക്കാൻ ശ്രമിക്കുന്തോറും ആ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരും.

പ്രിയപ്പെട്ട ഹാരിസ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും!! പടച്ചവന്റെ സന്നിധിയിൽ നിനക്ക് ഉന്നതമായ സ്ഥാനം ലഭിക്കട്ടെ. ഈ വേർപാട് താങ്ങാൻ പടച്ചവൻ കുടുംബത്തിന് കരുത്തു നൽകട്ടെ!

എസ്-എ

🔳

Friday, April 22, 2022

കുറുനരിക്കൂട്ടങ്ങൾ



കുറുനരിക്കൂട്ടങ്ങൾ

🔳


ചരിതമൊന്നുമേ വീര ചരിതമൊന്നുമേ 

കഥകളൊന്നുമേ ധീര കഥകളൊന്നുമേ 

മിഴികളിൽ എൻ്റെ സിരകളിൽ 

അരുത് നീയ്യിന്നു കരുതി വെക്കരുത്. 


അടിമ ഞാനിന്നു മുടിഞ്ഞ നാടാകെ  

കൊടിയ വിഷത്തിൻ കടലു തീർക്കുമ്പോൾ

മിഴികളിൽ ചത്ത വാക്കിൻെറ കണികയിൽ 

നിറമൗനമോതുന്ന നിർവികാരപ്പെരുവിരൽ 


കുടില് മാന്തുന്ന കുടൽ പിളർക്കുന്ന 

കരളു കത്തുന്ന കറുത്ത രാവിതിൽ 

കഴുക സംഘങ്ങൾക്ക് കാവലൊരുക്കുന്ന

കുറുനരിക്കൂട്ടങ്ങൾ  ഓലിയിട്ടു.


പക തീർത്തു പതിയെ മടങ്ങുന്ന നേരത്തു

പിറകിൽ നിന്നാരോ ഘോര ഘോരം മുഴക്കവെ 

മതി നിന്റെ വംശവെറിയുടെ ചൊറിയുമായ് 

ഇനി ഈ വഴികളിൽ നിന്നൂർന്നു കൊൾക!


എസ്-എ

22-04-2022


🔲

Wednesday, April 20, 2022

വാഴ!



വാഴ!

🔳

പഴയതു പോലെ ഇസ്ലാം മതത്തിലെ വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളെ കുറിച്ച് ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ല.  അതിപ്പോൾ മത പണ്ഡിതന്മാർ എന്ന് പറയുന്നവരായാലും ശരി അതല്ലാത്ത സാധാരണക്കാരായാലും ശരി.  പ്രമാണബദ്ധമല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ചോദ്യങ്ങൾ ഉയരും. ഇത് പഴയ കാലമല്ല.  എന്തും അണ്ണാക്ക് തൊടാതെ ചോദ്യങ്ങൾ ചോദിക്കാതെ അപ്പാടെ വിഴുങ്ങാൻ ആരും തയ്യാറാവില്ല.  

ഈ ക്ലിപ്പിന്റെ പൂർണമായ ഭാഗം കേട്ടിട്ടില്ല.  എങ്കിലും കേട്ടിടത്തോളം നമുക്ക് മനസ്സിലാകുന്ന ചിലതുണ്ട്.

ഇയാൾ  പറയുന്നത് വളരെ വിചിത്രമായ കാര്യങ്ങളാണ്.  വായിൽ തോന്നുന്നത് വിളിച്ചു പറയുക മാത്രമാണ് ചെയ്യുന്നത്.  പേരിനെങ്കിലും ഒരു പ്രമാണവും ഉദ്ധരിക്കുന്നില്ല. സ്വർഗ്ഗ നരകങ്ങളിൽ  ലഭിക്കാൻ പോകുന്ന രക്ഷാ ശിക്ഷകളെ കുറിച്ച് ഭൂമിയിലെ സൗകര്യങ്ങളെയും കഷ്ടപ്പാടുകളെയും വെച്ച് ഒരു താരതമ്യം ഒരിക്കലും സാധ്യമല്ല എന്നതാണ് വസ്തുത. അപ്പോൾ സ്വർഗത്തിൽ ലഭിക്കാൻ പോകുന്ന മദ്യപ്പുഴകളെ കുറിച്ചും ഹൂറികളെ  കുറിച്ചും മറ്റും പറയുന്നുണ്ടല്ലോ എന്ന് ചോദിക്കും.  

"മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്" എന്നതാണ് ഇസ്ലാമിലെ സ്വർഗം. തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായ ഉത്കൃഷ്ടമായ ഒന്നാണത്.  എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന അല്ലാഹു  ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരത്രിക  ജീവിതത്തെ വർണിച്ചു തന്നത്. ഇത് കൃത്യമായി നാം മനസ്സിലാക്കിയിരിക്കണം. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.

ഈ ക്ലിപ്പ് ഒരു സുഹൃത്തുമായി പങ്കു വെച്ചപ്പോൾ അവൻ പറഞ്ഞത്, മുമ്പൊക്കെ ഞാൻ കോമഡി ക്ലിപ്പുകൾ കാണാറായിരുന്നു പതിവ്, ഇന്നതിനു  പകരം  ഇമ്മാതിരി പ്രസംഗങ്ങൾ കേൾക്കുന്നു. ഫലത്തിൽ രണ്ടും ഒന്നു തന്നെ എന്നാണ്!!

പക്ഷെ ഇത്തരം പ്രസംഗങ്ങൾ ഏൽപ്പിക്കുന്ന സാമൂഹ്യ ആഘാതം വളരെ വലുതാണ്.  മതത്തിനു ഏൽപ്പിക്കുന്ന പരിക്കും ചില്ലറയല്ല.  പലരും ഇസ്ലാമിനെയും മുസ്ലിമിനെയും അടിക്കാനുള്ള വടികൾ തയ്യാറാക്കി കാത്തിരിക്കുന്ന ഇക്കാലത്ത് പണ്ഡിതന്മാർ എന്ന് പറയുന്നവർ പ്രസംഗിക്കുന്ന  കാര്യങ്ങൾ നൂറു വട്ടം ആലോചനാ വിധേയമാക്കണം.  മുസ്ലിംകളിൽ പോലും സ്വർഗ്ഗ നരകങ്ങളെ കുറിച്ച് വികലമായ ധാരണകൾ വെച്ച് പുലർത്താൻ ഇത് പോലുള്ള പ്രസംഗങ്ങൾ കാരണമാകും. മൊത്തത്തിൽ പൊതു സമൂഹത്തിന് മുന്നിൽ ഇസ്ലാമും മുസ്ലിംകളും ഇത്തരം പ്രസംഗങ്ങൾ വഴി അവമതിക്കപ്പെടും എന്നതിൽ സംശയമില്ല.

🔲

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...