വാഴ!
🔳
പഴയതു പോലെ ഇസ്ലാം മതത്തിലെ വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളെ കുറിച്ച് ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ല. അതിപ്പോൾ മത പണ്ഡിതന്മാർ എന്ന് പറയുന്നവരായാലും ശരി അതല്ലാത്ത സാധാരണക്കാരായാലും ശരി. പ്രമാണബദ്ധമല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ചോദ്യങ്ങൾ ഉയരും. ഇത് പഴയ കാലമല്ല. എന്തും അണ്ണാക്ക് തൊടാതെ ചോദ്യങ്ങൾ ചോദിക്കാതെ അപ്പാടെ വിഴുങ്ങാൻ ആരും തയ്യാറാവില്ല.
ഈ ക്ലിപ്പിന്റെ പൂർണമായ ഭാഗം കേട്ടിട്ടില്ല. എങ്കിലും കേട്ടിടത്തോളം നമുക്ക് മനസ്സിലാകുന്ന ചിലതുണ്ട്.
ഇയാൾ പറയുന്നത് വളരെ വിചിത്രമായ കാര്യങ്ങളാണ്. വായിൽ തോന്നുന്നത് വിളിച്ചു പറയുക മാത്രമാണ് ചെയ്യുന്നത്. പേരിനെങ്കിലും ഒരു പ്രമാണവും ഉദ്ധരിക്കുന്നില്ല. സ്വർഗ്ഗ നരകങ്ങളിൽ ലഭിക്കാൻ പോകുന്ന രക്ഷാ ശിക്ഷകളെ കുറിച്ച് ഭൂമിയിലെ സൗകര്യങ്ങളെയും കഷ്ടപ്പാടുകളെയും വെച്ച് ഒരു താരതമ്യം ഒരിക്കലും സാധ്യമല്ല എന്നതാണ് വസ്തുത. അപ്പോൾ സ്വർഗത്തിൽ ലഭിക്കാൻ പോകുന്ന മദ്യപ്പുഴകളെ കുറിച്ചും ഹൂറികളെ കുറിച്ചും മറ്റും പറയുന്നുണ്ടല്ലോ എന്ന് ചോദിക്കും.
"മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്" എന്നതാണ് ഇസ്ലാമിലെ സ്വർഗം. തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായ ഉത്കൃഷ്ടമായ ഒന്നാണത്. എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന അല്ലാഹു ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരത്രിക ജീവിതത്തെ വർണിച്ചു തന്നത്. ഇത് കൃത്യമായി നാം മനസ്സിലാക്കിയിരിക്കണം. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.
ഈ ക്ലിപ്പ് ഒരു സുഹൃത്തുമായി പങ്കു വെച്ചപ്പോൾ അവൻ പറഞ്ഞത്, മുമ്പൊക്കെ ഞാൻ കോമഡി ക്ലിപ്പുകൾ കാണാറായിരുന്നു പതിവ്, ഇന്നതിനു പകരം ഇമ്മാതിരി പ്രസംഗങ്ങൾ കേൾക്കുന്നു. ഫലത്തിൽ രണ്ടും ഒന്നു തന്നെ എന്നാണ്!!
പക്ഷെ ഇത്തരം പ്രസംഗങ്ങൾ ഏൽപ്പിക്കുന്ന സാമൂഹ്യ ആഘാതം വളരെ വലുതാണ്. മതത്തിനു ഏൽപ്പിക്കുന്ന പരിക്കും ചില്ലറയല്ല. പലരും ഇസ്ലാമിനെയും മുസ്ലിമിനെയും അടിക്കാനുള്ള വടികൾ തയ്യാറാക്കി കാത്തിരിക്കുന്ന ഇക്കാലത്ത് പണ്ഡിതന്മാർ എന്ന് പറയുന്നവർ പ്രസംഗിക്കുന്ന കാര്യങ്ങൾ നൂറു വട്ടം ആലോചനാ വിധേയമാക്കണം. മുസ്ലിംകളിൽ പോലും സ്വർഗ്ഗ നരകങ്ങളെ കുറിച്ച് വികലമായ ധാരണകൾ വെച്ച് പുലർത്താൻ ഇത് പോലുള്ള പ്രസംഗങ്ങൾ കാരണമാകും. മൊത്തത്തിൽ പൊതു സമൂഹത്തിന് മുന്നിൽ ഇസ്ലാമും മുസ്ലിംകളും ഇത്തരം പ്രസംഗങ്ങൾ വഴി അവമതിക്കപ്പെടും എന്നതിൽ സംശയമില്ല.
🔲

No comments:
Post a Comment