🔲
ഹാരിസ്...!!
🔳
വാക്കുകൾ മരവിച്ചു പോകുന്ന സന്നിഗ്ദ്ധ ഘട്ടം, ഈ വിയോഗം താങ്ങാൻ കഴിയുന്നില്ല! പ്രിയപ്പെട്ട ഹാരിസ് നീയില്ലാത്ത ലോകം സങ്കൽപ്പിക്കാനേ ആവുന്നില്ല. എത്ര വലിയ ഇരുട്ടാണ് നീ ഒഴിച്ചിട്ട ശൂന്യത എന്റെ അയല്പക്കത്തും നാട്ടിലും അവശേഷിപ്പിക്കുന്നത് എന്നത് നടുക്കുന്നതാണ്.
നീ എന്തിനായിരുന്നു ജീവിതത്തെയും സ്വന്തം ആരോഗ്യത്തെയും ഇത്രമാത്രം നിസ്സാരമായി കണ്ടത്? ആ ശാന്ത പ്രകൃതത്തിൽ നീ സൂക്ഷിച്ചു വെച്ച ധൈര്യത്തിന് എന്ത് പേരിട്ടാണ് വിളിക്കുക. എന്തിനായിരുന്നു ഇത്രമാത്രം ധൈര്യവും ഇത്രമാത്രം ധൃതിയും!
കാരുണ്യമായിരുന്നു നിന്റെ മുഖമുദ്ര. നിന്റെ പക്വത, നിന്റെ നീതി ബോധം നിന്റെ സഹജീവി സ്നേഹം ഒക്കെയും കൊണ്ട് നീ ജീവിതം അടയാളപ്പെടുത്തി. ചോദിച്ചു വരുന്നവർക്കൊക്കെ നിന്റെ കഴിവിന്നപ്പുറം നൽകാൻ നീ ശ്രമിച്ചു. വാക്കുകൾ കൊണ്ട് ഒരാളെയും നോവിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ചിട്ടയാർന്ന ജീവിതം കൊണ്ട് മാതൃക കാട്ടി. വീടും പരിസരവും മാത്രമല്ല നിറമുള്ള ആ മനസ്സും എന്ത് മാത്രം വൃത്തിയോടെയാണ് നീ സൂക്ഷിച്ചത്!!
ഹാരിസ് നീ തിളങ്ങുന്ന നക്ഷത്രമായിരുന്നു. അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഉടപ്പിറപ്പുകൾ വിടപറയാറില്ല. നിന്റെ പതിഞ്ഞ ശബ്ദവും നിന്റെ സ്നേഹവും നിന്റെ സാന്നിധ്യവുമില്ലാത്ത അയല്പക്കം എനിക്കോർക്കാനാവുന്നില്ല. മറക്കാൻ ശ്രമിക്കുന്തോറും ആ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരും.
പ്രിയപ്പെട്ട ഹാരിസ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും!! പടച്ചവന്റെ സന്നിധിയിൽ നിനക്ക് ഉന്നതമായ സ്ഥാനം ലഭിക്കട്ടെ. ഈ വേർപാട് താങ്ങാൻ പടച്ചവൻ കുടുംബത്തിന് കരുത്തു നൽകട്ടെ!
എസ്-എ
🔳

No comments:
Post a Comment