Sunday, April 24, 2022

ഹാരിസ്...!!


🔲

ഹാരിസ്...!!

🔳

വാക്കുകൾ മരവിച്ചു പോകുന്ന സന്നിഗ്ദ്ധ ഘട്ടം, ഈ വിയോഗം താങ്ങാൻ കഴിയുന്നില്ല! പ്രിയപ്പെട്ട ഹാരിസ് നീയില്ലാത്ത ലോകം സങ്കൽപ്പിക്കാനേ ആവുന്നില്ല.  എത്ര വലിയ ഇരുട്ടാണ് നീ ഒഴിച്ചിട്ട ശൂന്യത എന്റെ അയല്പക്കത്തും നാട്ടിലും അവശേഷിപ്പിക്കുന്നത് എന്നത് നടുക്കുന്നതാണ്. 

നീ എന്തിനായിരുന്നു ജീവിതത്തെയും സ്വന്തം ആരോഗ്യത്തെയും ഇത്രമാത്രം നിസ്സാരമായി കണ്ടത്? ആ ശാന്ത പ്രകൃതത്തിൽ നീ സൂക്ഷിച്ചു വെച്ച ധൈര്യത്തിന് എന്ത് പേരിട്ടാണ്‌ വിളിക്കുക.  എന്തിനായിരുന്നു ഇത്രമാത്രം ധൈര്യവും ഇത്രമാത്രം ധൃതിയും!  

കാരുണ്യമായിരുന്നു നിന്റെ മുഖമുദ്ര.  നിന്റെ പക്വത, നിന്റെ നീതി ബോധം നിന്റെ സഹജീവി സ്നേഹം ഒക്കെയും കൊണ്ട് നീ ജീവിതം അടയാളപ്പെടുത്തി. ചോദിച്ചു വരുന്നവർക്കൊക്കെ നിന്റെ കഴിവിന്നപ്പുറം നൽകാൻ നീ ശ്രമിച്ചു.  വാക്കുകൾ കൊണ്ട് ഒരാളെയും നോവിക്കാതിരിക്കാൻ ശ്രദ്ധിച്ചു.  ചിട്ടയാർന്ന ജീവിതം കൊണ്ട് മാതൃക കാട്ടി.  വീടും പരിസരവും മാത്രമല്ല നിറമുള്ള ആ മനസ്സും എന്ത് മാത്രം വൃത്തിയോടെയാണ് നീ സൂക്ഷിച്ചത്!!

ഹാരിസ് നീ തിളങ്ങുന്ന നക്ഷത്രമായിരുന്നു. അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.  ഉടപ്പിറപ്പുകൾ വിടപറയാറില്ല. നിന്റെ പതിഞ്ഞ ശബ്ദവും നിന്റെ സ്നേഹവും നിന്റെ സാന്നിധ്യവുമില്ലാത്ത  അയല്പക്കം എനിക്കോർക്കാനാവുന്നില്ല.  മറക്കാൻ ശ്രമിക്കുന്തോറും ആ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരും.

പ്രിയപ്പെട്ട ഹാരിസ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും!! പടച്ചവന്റെ സന്നിധിയിൽ നിനക്ക് ഉന്നതമായ സ്ഥാനം ലഭിക്കട്ടെ. ഈ വേർപാട് താങ്ങാൻ പടച്ചവൻ കുടുംബത്തിന് കരുത്തു നൽകട്ടെ!

എസ്-എ

🔳

Friday, April 22, 2022

കുറുനരിക്കൂട്ടങ്ങൾ



കുറുനരിക്കൂട്ടങ്ങൾ

🔳


ചരിതമൊന്നുമേ വീര ചരിതമൊന്നുമേ 

കഥകളൊന്നുമേ ധീര കഥകളൊന്നുമേ 

മിഴികളിൽ എൻ്റെ സിരകളിൽ 

അരുത് നീയ്യിന്നു കരുതി വെക്കരുത്. 


അടിമ ഞാനിന്നു മുടിഞ്ഞ നാടാകെ  

കൊടിയ വിഷത്തിൻ കടലു തീർക്കുമ്പോൾ

മിഴികളിൽ ചത്ത വാക്കിൻെറ കണികയിൽ 

നിറമൗനമോതുന്ന നിർവികാരപ്പെരുവിരൽ 


കുടില് മാന്തുന്ന കുടൽ പിളർക്കുന്ന 

കരളു കത്തുന്ന കറുത്ത രാവിതിൽ 

കഴുക സംഘങ്ങൾക്ക് കാവലൊരുക്കുന്ന

കുറുനരിക്കൂട്ടങ്ങൾ  ഓലിയിട്ടു.


പക തീർത്തു പതിയെ മടങ്ങുന്ന നേരത്തു

പിറകിൽ നിന്നാരോ ഘോര ഘോരം മുഴക്കവെ 

മതി നിന്റെ വംശവെറിയുടെ ചൊറിയുമായ് 

ഇനി ഈ വഴികളിൽ നിന്നൂർന്നു കൊൾക!


എസ്-എ

22-04-2022


🔲

Wednesday, April 20, 2022

വാഴ!



വാഴ!

🔳

പഴയതു പോലെ ഇസ്ലാം മതത്തിലെ വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളെ കുറിച്ച് ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ല.  അതിപ്പോൾ മത പണ്ഡിതന്മാർ എന്ന് പറയുന്നവരായാലും ശരി അതല്ലാത്ത സാധാരണക്കാരായാലും ശരി.  പ്രമാണബദ്ധമല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ചോദ്യങ്ങൾ ഉയരും. ഇത് പഴയ കാലമല്ല.  എന്തും അണ്ണാക്ക് തൊടാതെ ചോദ്യങ്ങൾ ചോദിക്കാതെ അപ്പാടെ വിഴുങ്ങാൻ ആരും തയ്യാറാവില്ല.  

ഈ ക്ലിപ്പിന്റെ പൂർണമായ ഭാഗം കേട്ടിട്ടില്ല.  എങ്കിലും കേട്ടിടത്തോളം നമുക്ക് മനസ്സിലാകുന്ന ചിലതുണ്ട്.

ഇയാൾ  പറയുന്നത് വളരെ വിചിത്രമായ കാര്യങ്ങളാണ്.  വായിൽ തോന്നുന്നത് വിളിച്ചു പറയുക മാത്രമാണ് ചെയ്യുന്നത്.  പേരിനെങ്കിലും ഒരു പ്രമാണവും ഉദ്ധരിക്കുന്നില്ല. സ്വർഗ്ഗ നരകങ്ങളിൽ  ലഭിക്കാൻ പോകുന്ന രക്ഷാ ശിക്ഷകളെ കുറിച്ച് ഭൂമിയിലെ സൗകര്യങ്ങളെയും കഷ്ടപ്പാടുകളെയും വെച്ച് ഒരു താരതമ്യം ഒരിക്കലും സാധ്യമല്ല എന്നതാണ് വസ്തുത. അപ്പോൾ സ്വർഗത്തിൽ ലഭിക്കാൻ പോകുന്ന മദ്യപ്പുഴകളെ കുറിച്ചും ഹൂറികളെ  കുറിച്ചും മറ്റും പറയുന്നുണ്ടല്ലോ എന്ന് ചോദിക്കും.  

"മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്" എന്നതാണ് ഇസ്ലാമിലെ സ്വർഗം. തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായ ഉത്കൃഷ്ടമായ ഒന്നാണത്.  എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന അല്ലാഹു  ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരത്രിക  ജീവിതത്തെ വർണിച്ചു തന്നത്. ഇത് കൃത്യമായി നാം മനസ്സിലാക്കിയിരിക്കണം. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.

ഈ ക്ലിപ്പ് ഒരു സുഹൃത്തുമായി പങ്കു വെച്ചപ്പോൾ അവൻ പറഞ്ഞത്, മുമ്പൊക്കെ ഞാൻ കോമഡി ക്ലിപ്പുകൾ കാണാറായിരുന്നു പതിവ്, ഇന്നതിനു  പകരം  ഇമ്മാതിരി പ്രസംഗങ്ങൾ കേൾക്കുന്നു. ഫലത്തിൽ രണ്ടും ഒന്നു തന്നെ എന്നാണ്!!

പക്ഷെ ഇത്തരം പ്രസംഗങ്ങൾ ഏൽപ്പിക്കുന്ന സാമൂഹ്യ ആഘാതം വളരെ വലുതാണ്.  മതത്തിനു ഏൽപ്പിക്കുന്ന പരിക്കും ചില്ലറയല്ല.  പലരും ഇസ്ലാമിനെയും മുസ്ലിമിനെയും അടിക്കാനുള്ള വടികൾ തയ്യാറാക്കി കാത്തിരിക്കുന്ന ഇക്കാലത്ത് പണ്ഡിതന്മാർ എന്ന് പറയുന്നവർ പ്രസംഗിക്കുന്ന  കാര്യങ്ങൾ നൂറു വട്ടം ആലോചനാ വിധേയമാക്കണം.  മുസ്ലിംകളിൽ പോലും സ്വർഗ്ഗ നരകങ്ങളെ കുറിച്ച് വികലമായ ധാരണകൾ വെച്ച് പുലർത്താൻ ഇത് പോലുള്ള പ്രസംഗങ്ങൾ കാരണമാകും. മൊത്തത്തിൽ പൊതു സമൂഹത്തിന് മുന്നിൽ ഇസ്ലാമും മുസ്ലിംകളും ഇത്തരം പ്രസംഗങ്ങൾ വഴി അവമതിക്കപ്പെടും എന്നതിൽ സംശയമില്ല.

🔲

Tuesday, April 19, 2022

പരിശുദ്ധമായ പശുവിൻ നെയ്യ്!



പരിശുദ്ധമായ പശുവിൻ നെയ്യ്! 

🔳


ആർ എസ് എസ് നെയും, എസ് ഡി പി ഐ യും സമീകരിക്കുവാൻ കഴിയില്ല എന്നത് ശരിയാണ്.  ആർ എസ് എസ് നെ ഐ എസ് മായും എസ് ഡി പി  ഐ യെ ക്രിമിനൽ ഗുണ്ടാ സംഘവുമായാണ് താരതമ്യം അർഹിക്കുന്നത്.   


എസ ഡി ഐ പി കാർ ഇടക്കിടെ ചോദിക്കുന്ന ഒരു എമണ്ടൻ ചോദ്യമുണ്ട് ഞങ്ങൾ നടത്തിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്തൊക്കെയാണ്  എന്നതാണത്.  കുറ്റകൃത്യങ്ങൾ ആര് നടത്തിയാലും പൊതുവെ സമ്മതിച്ചു തരാറില്ല.  ഞങ്ങൾ പത്തരമാറ്റ് പരിശുദ്ധമായ പശുവിൻ നെയ്യാണ് എന്നാണ് വാദിക്കുക.  തീവ്രവാദികൾ ചെയ്യുന്ന ചെയ്ത ജനദ്രോഹ പരിപാടികളുടെ കണക്കുകൾ അവർ തന്നെ സൂക്ഷിച്ചു വെക്കുന്നുണ്ടാകും. അതല്ലെങ്കിൽ പോലീസ് രേഖകൾ പരിശോദിച്ചാൽ കിട്ടും.  ഇനിയിപ്പോൾ പറയുക എങ്കിൽ നിങ്ങൾ അത് വാങ്ങിച്ചു തരിക എന്നായിരിക്കും!  


ഒന്നോർക്കുക നിങ്ങളുടെ നിലപാടുകൾ സമുദായത്തിന് നഷ്ടമല്ലാതെ ഒന്നും തിരിച്ചു തന്നിട്ടില്ല.  ഇനി താരനും പോകുന്നില്ല.  എല്ലാ വിധത്തിലുള്ള ആത്യന്തിക നിലപാടുകളും  ഇസ്ലാം വിരുദ്ധമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ജനാധിപത്യ സംവിധാനത്തിൽ മുസ്ലിംകൾ സ്വീകരിക്കേണ്ട ഒരു മദ്ധ്യമ നിലപാടുണ്ട്. അതിനു മാത്രമാണ് പ്രവാചക അധ്യാപനങ്ങളുടെ പിന്ബലമുള്ളത്.  വാളെടുത്ത് നിരപരാധികളുടെ തല അറുത്താൽ സ്വർഗത്തിൽ പോകാനാവില്ല എന്തിനു "പെർള" വരെയെങ്കിലും നിങ്ങൾ എത്തില്ല എന്ന് മനസ്സിലാക്കാൻ പ്രായോഗിക ബുദ്ധി വേണം. 😂 വകതിരിവുണ്ടെകിൽ സംഘി ആവില്ല എന്നു പറയാറുള്ളത് പോലെ തന്നെയാണ്, സുഡാപ്പിയുമാകില്ല എന്ന് പറയുന്നത്.  


അപ്പോൾ ചോദിക്കും നിലവിലെ ഭരണകൂട ഫാസിസത്തിന് എന്ത് ബദലാണ് നിർദേശിക്കാൻ ഉള്ളത് എന്നും ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നതിനും വേട്ടയാടപ്പെടുന്നതിനും എന്ത്  പ്രതിരോധമാണ്  തീർക്കുക എന്നും.  ഇന്ത്യ ഇന്ന് ഭരിക്കുന്നത് ബിജെപി ഒറ്റക്കല്ല  ബി ജെ പിയും കോർപ്പറേറ്റ് സംവിധാനങ്ങളും ചേർന്ന് കൊണ്ടുള്ള കുടില താല്പര്യങ്ങളാണ് എന്ന് എല്ലാവർക്കുമറിയാം.


സംഘ് പരിവാർ അപരജന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന രാഷ്ട്രീയ കൂട്ടായ്മയാണെങ്കിലും വിപണിയുടെ സമാധാന അന്തരീക്ഷണത്തിനു പോറലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക്  കോർപ്പറേറ്റ്  ഭീമന്മാരുടെ പിന്തുണ ലഭിക്കില്ല.  അത് കൊണ്ട് തന്നെ ഈ നിമിഷം വരെ നമുക്ക് വിശ്വസിക്കാവുന്ന ഒരു ഭരണഘടനയും ജനാധിപത്യ സംവിധാനവും ഇവിടെ നിലവിലുണ്ട്.  അതിൽ തന്നെയാണ് വിശ്വാസമർപ്പിച്ചു മുന്നോട്ടു പോകേണ്ടത്.  ഫാസിസത്തിന് എന്നും ആവശ്യം വൈകാരികത കൊണ്ട് ഉറഞ്ഞു തുള്ളുന്ന ഒരു ശത്രുവിനെയാണ്.  വിവേകം നമ്മെ നയിക്കട്ടെ.  ഇപ്പോൾ ജനാധിപത്യത്തിലുള്ള വിശ്വാസം നിലനിർത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഭയപ്പെടേണ്ട ജാഗ്രത മതി.  


അത് കൊണ്ട് അവസാനമായി സൂചിപ്പിക്കാനുള്ളത്  "കേറി വാടാ മക്കളെ, ജനാധിപത്യ മതേതര കക്ഷികളായ  പാർട്ടികളിലേക്ക്!😂


എസ്.എ

19-04-2022

🔳

Sunday, April 17, 2022

ഇബ്രാഹിം അങ്കോല

🔲

ഇബ്രാഹിം അങ്കോല

🔳


പരിചയപ്പെടുന്നത് ഒരു ഹെൽത് ക്ലബ്ബിൽ വെച്ച് ഏകദേശം ഒന്നര വർഷങ്ങൾക്ക് മുമ്പ്. കുറെ ആളുകൾക്കിടയിൽ വളരെ വാചാലമായി സംസാരിക്കുന്ന അദ്ദേഹത്തിൻ്റെ തൊട്ടടുത്താണ് എനിക്ക് ഇരിപ്പിടം കിട്ടിയത്. അവിചാരിതമായിരുന്നു ആ പരിചയപ്പെടൽ. സമകാലിക വിഷയങ്ങളിൽ നല്ല അവഗാഹമുള്ള അങ്കോല യുമായി ഒരു ഹൃദയ ബന്ധം സ്ഥാപിക്കാൻ തുടർച്ചയായ ഹെൽത് ക്ലബ്ബ് സന്ദർശനം ഇടയാക്കി. അങ്ങിനെ ഏകദേശം രണ്ടു മാസത്തോളം ഞങ്ങൾ ദിവസവും കാണുമായിരുന്നു.  പിന്നീട് ഞാൻ വിദേശത്തായപ്പോൾ സോഷ്യൽ മീഡിയ വഴി സുഹൃത് ബന്ധം തുടർന്നു കൊണ്ടിരിക്കുന്നു. തുടർച്ചയായി അദ്ദേഹത്തിൻ്റെ  മറുകുറിപ്പുകൾ വായിക്കുന്നു. 


മറുകുറിപ്പുകൾ സമകാലിക വിഷയങ്ങളിൽ പൊതിഞ്ഞ അനുഭവകുറിപ്പുകളാണ്.  ഏഴു പതിറ്റാണ്ടിൻെ ഓർമ്മകൾ ചാലിച്ച, വലിയ ഒച്ചയും ബഹളവുമില്ലാതെ, സൗമ്യമായി തഴുകി തലോടി വരുന്ന മന്ദമാരുതൻ പോലെ ആ എഴുത്തുകൾ  നമ്മെ തേടി വരുന്നു.  മറുകുറിപ്പുകളുടെ പ്രത്യേകത എന്തെങ്കിലും പുതുതായി പറയാനുണ്ടാകും എന്നതാണ്.  കാമ്പുള്ള കുറിപ്പുകൾ പലപ്പോഴും കുറിക്കു കൊള്ളുന്നവ കൂടിയാകുന്നു.

ചില നഗ്ന സത്യങ്ങൾ  വെട്ടിത്തുറന്നു പറയാൻ അദ്ദേത്തതിന് ഒന്നും തടസ്സമല്ല.  പറയുന്നത് സത്യമാണെന്ന പൂർണ്ണബോധ്യം അദ്ദേഹത്തിനുണ്ട്.  അത് കൊണ്ട് തന്നെ അവ നൽകുന്ന വായന സുഖം ഒന്ന് വേറെ തന്നെയാണ്. പരസ്പരം ചൊറിയുന്ന ഏർപ്പാട് ഏതു രംഗത്തും സർവ്വസാധാരണമാണല്ലോ  ആരെയും സുഖിപ്പിക്കാൻ വേണ്ടി അദ്ദേഹം എഴുതാറില്ല.  അനാവശ്യമായ വാഴ്ത്തു പാട്ടുകളും കാണില്ല.   


അങ്കോല  ഇബ്രാഹിമിൻെറ  സത്യസന്ധമായ എഴുത്തിൻെറ, ലളിത മലയാളത്തിൻെറ മാസ്മരികത ഒരനുഭവം തന്നെയാണ്. എഴുത്തിലും ജീവിതത്തിലും വസന്തം പൂത്തുല്ലസിക്കട്ടെ എന്നാശംസിക്കുന്നു.💕


എസ്.എ

17-O4-2022

🔳

Sunday, April 3, 2022

വി.വി രമേശൻ; വികസന വിസ്മയം തീർത്ത വിപ്ലവവകാരി!





ചെറുപ്പകാല സൗഹൃദങ്ങളൊക്കെയും വ്യത്യസ്ത വഴികളിലൂടെ ജീവിതദൂരം താണ്ടിയപ്പോഴും എട്ടാം തരം മുതൽ നെഞ്ചോട് ചേർത്ത ഒരു നിലപാടിന് വേണ്ടി ജീവിക്കുക എന്നത് ഒരു നിയോഗമാണ്!  നഗരഭരണം അംഗീകാരത്തിന്റെയും ആദരവിന്റെയും ബാക്കിപത്രമായാണ് വന്നു ചേരുന്നത്. പാർട്ടി നേതൃത്വം നിർബന്ധിച്ചേൽപ്പിച്ച അധികാരം.  അധികാരത്തിന്റെ ഇടനാഴികകളിൽ തന്റെ ഊഴവും പ്രതീക്ഷിച്ച് കാത്തുനിൽക്കുന്നവരിൽ നിങ്ങൾക്കൊരിക്കലും ഇദ്ദേഹത്തെ കണ്ടിരിക്കില്ല! "സേവനക്കാരെല്ലാം ജീവനക്കാരായ നാളു തൊട്ടീനാട് നാശമായി" എന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷായിരുന്നു.  ഇന്ന് നമുക്ക് എല്ലാ സേവനക്കാരും ജീവനക്കാരല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.  നന്മയുടെ, കാരുണ്യത്തിന്റെ രാഷ്ട്രീയം എന്താണെന്ന് പഠിക്കാൻ, വികസനത്തിന്റെ രാഷ്ട്രീയമെന്തെന്ന് ബോധ്യപ്പെടാൻ നിങ്ങൾക്ക് മഹാകവി പി യുടെ നാട്ടിലേക്ക് തന്നെ വരേണ്ടി വരും.


നഗരഭരണത്തിന്റെ സിരാ കേന്ദ്രത്തിലേക്ക് രാവിലെ ഒമ്പതര മണിക്കാണ് ഞങ്ങളെത്തുന്നത്. ഞങ്ങൾ അഭിമുഖം ആവശ്യപ്പെട്ടിരുന്നത് പത്ത് മണിക്കും. ഒമ്പതരക്ക് തന്നെ ഫോണിൽ ബന്ധപ്പെട്ടു. കേവലം അഞ്ചു മിനിട്ട് കൊണ്ട് ഒരു ബേഗും തൂക്കി ആ മനുഷ്യൻ മുന്നിൽ നിൽക്കുന്നു. മിണ്ടുന്നതിന് മുമ്പേ ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. ചിരപരിചിത രാഷ്ട്രീയ ജീവിതങ്ങളുടെ വാർപ്പു മാതൃകകളുടെ കാറ്റൂരിക്കളയാൻ മാത്രം ശക്തമായ പുഞ്ചിരി!  ജീവനക്കാർ എത്തിത്തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ക്യാമ്പിൻ വൃത്തിയാക്കിക്കഴിഞ്ഞിട്ടില്ല.  വൃത്തിയാക്കിക്കഴിഞ്ഞ തൊട്ടടുത്ത മുറിയിൽ അഭിമുഖത്തിന് തയ്യാറായി അദ്ദേഹം ഇരിക്കുന്നു.


കുശലാന്വോഷണത്തിന് ശേഷം നേരെ അഭിമുഖമെന്ന ദീർഘ സംഭാഷണത്തിലേക്ക് ഒരു കുത്തൊഴുക്കായിരുന്നു.

2016ൽ കാഞ്ഞങ്ങാട് നഗരപിതാവായി ഭരണത്തിലേറിയ വി.വി രമേശൻ സംസാരിച്ചു തുടങ്ങുകയായിരുന്നു.


1972 ൽ ഒരിടത്തരം കുടുംബത്തിൽ ജനിച്ച  വി.വി രമേശൻ നിസ്വാർത്ഥ സേവനം വഴി പടിപടിയായി ഉയർന്നു വന്ന ജനനേതാവാണ്. 


എട്ടാം ക്ലാസ് മുതലാണ് എസ്. എഫ്. ഐ. യിൽ കൂടി വിദ്യാർഥി രാഷ്ട്രീയ പ്രവേശനം. തുടർന്ന്  ഡിവൈഎഫ് ഐ യിലെ ഏറ്റവും ചെറുപ്പമുള്ള പ്രവർത്തകൻ.  

നാല് വർഷത്തോളം സി. പി. എമ്മിൻ്റെ  ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ച ഇദ്ദേഹം രണ്ടായിരത്തിൻ്റെ തുടക്കം മുതൽ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലെത്തുകയും തുടർന്ന്

DYFI യുടെ സംസ്ഥാന ട്രഷറർ ആവുകയും ചെയ്തു. യഥാക്രമം  എസ്. എഫ്. ഐ - ഡി. വൈ. എഫ്. ഐ സംസ്ഥാന, ദേശീയ കമ്മിറ്റികളിൽ അംഗമായിട്ടുണ്ട്.    


മുപ്പത് വർഷത്തോളമായി സ്വന്തമായി ഖാദി ഭവൻ നടത്തുന്ന  വി.വി. രമേശൻ

പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്തെ സജീവ സാനിധ്യമാണ്. 

പത്ത് വർഷത്തോളം പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടറായിരുന്നു.  മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ  ലഭിക്കുന്ന ശമ്പളവും അലവൻസും സ്വന്തമാവശ്യത്തിനെടുക്കാതെ ക്യാൻസർ രോഗികൾക്ക് വേണ്ടി മാത്രമായി ചെലവഴിച്ചു കൊണ്ടിരിക്കുന്നു.  അശരണരായ ആ മാറാരോഗികളുടെ സാന്ത്വനവും  അത്താണിയുമാണ് വി.വി. രമേശൻ. 


കാഞ്ഞങ്ങാട് നഗരത്തിന്റെ  മുഖച്ഛായ തന്നെ മാറ്റിയെടുത്ത  അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങൾ നിരവധിയാണ്.


ഭരണത്തിലേറിയ ഉടനെ ഏറ്റവും മുന്തിയ പരിഗണന നൽകിയത്  പ്രാഥമികാവശ്യ നിർവ്വഹണനത്തിന് സൗകര്യമില്ലാത്ത 273 വീടുകൾക്ക്  ശൗചാലയം നിർമ്മിച്ചു നൽകുക എന്നതിനായിരുന്നു. അത് വളരെ ഭംഗിയായി കാലവിളംബം കൂടാതെ അദ്ദേഹത്തിന് നടപ്പിലാക്കാനായി. വർഷങ്ങളായി  സാങ്കേതിക നൂലാമാലകളിൽ കെട്ടിപ്പിണഞ്ഞു കിടന്നിരുന്ന നഗരസഭാ ബസ്സ്റ്റാൻഡ് യുദ്ധകാലാടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന ജനകീയോത്സവത്തോടെയാണ് പൊതുജനങ്ങൾക്കായി ഇദ്ദേഹം തുറന്നുകൊടുത്തത്. കാഞ്ഞങ്ങാട് നഗരഹൃദയത്തിലെ അഞ്ച് കിലോമീറ്ററോളം റോഡ് നാല് വരിപ്പാതയാക്കി ഉയർത്തി. നഗരവികസനത്തിന്റെ ഭാഗമായി വെട്ടി മാറ്റേണ്ടി വന്ന തണൽ വൃക്ഷങ്ങൾക്ക് പകരം പുതിയവ റോഡിനിരുഭാഗങ്ങളിലായി  നട്ടു പിടിപ്പിച്ചു. നഗരസൗന്ദര്യവൽക്കരണം വളരെ ശാസ്ത്രീയമായി നടപ്പിലാക്കി.


നഗരത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചതോടൊപ്പം തന്നെ അവയെ ലോകോത്തര നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചു.  

"ഒന്ന് ഒന്നാം തരം, മികവാർന്ന രണ്ടാം തരം, മികവേറും മൂന്നാം തരം" എന്ന ത്രൈവാർഷിക വിദ്യാഭ്യാസ വിപ്ലവകാമ്പയിൻ അതിൻ്റെ പൂർത്തീകരണം കൊണ്ട്  വൻവിജയമാക്കി.  സംസ്ഥാന സ്കൂൾ യുവജനോത്സവം ഇന്നേവരെ കേരളം പരിചയപ്പെടാത്ത ജനകീയ കലോത്സവത്തിലേക്ക് മാറ്റി എടുക്കുന്നതിൽ വി. വി. രമേശനും ചെറുതല്ലാത്ത പങ്കുണ്ട്.  കാഞ്ഞങ്ങാടിനെ വിദ്യാഭ്യാസ നഗരമാക്കി മാറ്റുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അതിൻ്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. 


അത് പോലെ കാർഷിക മേഖലയിലും പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. നഗരത്തെ കാർഷിക രംഗത്ത് സ്വയംപര്യാപ്തമാക്കാൻ ഉതകുന്ന നഗരപ്രിയ പദ്ധതി ഭംഗിയായി നടപ്പിലാക്കാൻ കഴിഞ്ഞു.  ഹരിത കർമ്മ സേനയും പകുതി വഴിക്ക് നിന്നുപോയ പാടശേഖര കമ്മറ്റിയും സജീവമാക്കി.  അവരുടെ സഹകരണത്തോടെ കൃഷിഭവൻ്റെ നേതൃത്വത്തിൽ  തരിശായി കിടന്നിരുന്ന കൃഷിയിടങ്ങളെ കൃഷിയോഗ്യമാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.  


100 മീറ്റർ പോലും  കോൺക്രീറ്റ് റോഡുകളില്ലാത്ത കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ മിക്ക റോഡുകളും കോൺക്രീറ്റ് ചെയ്തു. എല്ലാ പ്രധാന ജംഗ്ഷനുകളിലും ഹൈമാസ് വിളക്കുകൾ സ്ഥാപിച്ചു കൊണ്ട്  വെളിച്ച വിപ്ലവത്തിന് പുതിയ മാനം നൽകി.


ഹെഡ്കോയിൽ നിന്നും ഇരുപത് കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു 916 ഭവന രഹിത കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി.  സർക്കാർ അനുവദിക്കുന്ന വികസന ഫണ്ടിനെ മാത്രം ആശ്രയിച്ചാൽ പല വിപ്ലവകരമായ പദ്ധതികളും നടപ്പിലാക്കാൻ കഴിയാതെ വരും എന്ന തിരിച്ചറിവിൽ നിന്നുമാണ് വായ്പ എടുക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.


കേരളത്തിലെ മിക്ക നഗരങ്ങളും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണം.  കാഞ്ഞങ്ങാട് നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ഉദ്യേശത്തോട് കൂടി നടപ്പിലാക്കുന്ന സംസ്കരണ പ്ലാന്റുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.  


കേരളത്തിൽ ആദ്യമായി

തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ രേഖയും അംഗീകാരവും  നൽകിയ നഗരസഭ എന്ന ബഹുമതി കാഞ്ഞങ്ങാട് നഗരസഭയ്ക്കുള്ളതാണ്. ഭരണത്തിലേറുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വി.വി. രമേശൻ തെരുവോരക്കച്ചടക്കാരുടെ കണ്ണിലെ കൃഷ്ണമണിയായിരുന്നു. അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അധികാരികളുടെ മുന്നിലെത്തിക്കാൻ  പ്രക്ഷോഭരംഗത്തിറങ്ങിയ ചുരുക്കം രാഷ്ട്രീയ നേതാക്കളിലൊരാളാണ് വി. വി. രമേശൻ. 2016ലെ  മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്  അദ്ദേഹത്തിന് കെട്ടിവെക്കാനുള്ള സംഖ്യ നൽകിയതും കാഞ്ഞങ്ങാട്ടെ തെരുവോരക്കച്ചവടക്കാർ തന്നെയായിരുന്നു.    


കായിക രംഗത്ത് കാസർകോട് ജില്ല വളരെ പിന്നാക്കമാണ്. അതിനൊരു മാറ്റം അനിവാര്യമാണ്. ഈയ്യിടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗമായി നിയമിതനായ അദ്ദേഹത്തിൻ്റെ മനസ്സിൽ കായികരംഗം സമ്പുഷ്ടമാക്കാൻ  ഒരുപാട് പദ്ധതികളും നിർദ്ദേശങ്ങളുമുണ്ട്. 


ലോക്ഡൗൺ കൊണ്ട് ജനജീവിതം തന്നെ പ്രതിസന്ധിയിലായ കോവിഡ് കാലത്ത്  അമ്പത്തയ്യായിരം അതിഥി തൊഴിലാളികൾക്ക് തുടർച്ചയായി 45 ദിവസം സൗജന്യ ഭക്ഷണം നൽകി. ഇന്നും സമൂഹ അടുക്കളകൾ അങ്ങിങ്ങായുണ്ട്.  കേന്ദ്ര സർക്കാർ ലോക്സൗൺ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കാഞ്ഞങ്ങാട് നഗരസഭ ലോക്ഡൗൺ മുൻകരുതലുകൾ എടുത്തിരുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. .  


വിനോദ സഞ്ചാര മേഖലകളിൽ ഒരുപാട് സാധ്യതകൾ ഉള്ള ജില്ലയാണ് കാസർകോട്. തിരുവനന്തപുരം മുതൽ ബേക്കൽ വരെയുള്ള നിർദ്ധിഷ്ട ദേശീയ ജലപാതാ പദ്ധതി നേരത്തെ കോട്ടപ്പുറം വരെ മാത്രമാണ് ഉണ്ടായിരുന്നത്.  അത് ബേക്കൽ വരെ നീട്ടാൻ  നഗരസഭാ ചെയർമാൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ അദ്ദേഹം നടത്തി.  അത് പോലെ കാഞ്ഞങ്ങാട് റെയിൽവെ മേൽപ്പാലത്തിന് വേണ്ടിയും ശക്തമായ നീക്കങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തു.


സംഘാടന മികവ്. ഇച്ഛാശക്തി. താഴെക്കിടയിൽ നിന്നു തുടങ്ങിയ പ്രവർത്തന പാരമ്പര്യം. തീരുമാനങ്ങളെടുക്കുന്നതിലെ മുൻഗണനാക്രമം - വി.വി.രമേശൻ  വ്യത്യസ്തനാകുന്നത് അങ്ങിനെയാണ്.


എം.വി. ഗോവിന്ദൻ മാഷും സി.കെ. പത്മനാഭനുമാണ് രാഷ്ട്രീയ ഗുരുക്കൾ. സംഘാടനവും രാഷ്ട്രീയ തന്ത്രങ്ങളും അവരിൽ നിന്നാണ് സ്വായത്തമാക്കിയത്. പിണറായി വിജയൻ, ഇ പി ജയരാജൻ തുടങ്ങിയവരാണ് വി.വി. രമേശന് മാതൃകാ വ്യക്തിത്വങ്ങളും ആത്മസൗഹൃദങ്ങളും. 


വളരെ താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട്  ജനകീയ നഗരപിതാവിലേക്കെത്തിയ ചരിത്രമാണ് വി.വി രമേശന് പറയാനുള്ളത്.  കാലത്തിൻ്റെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുന്ന വിവി രമേശിന് കാഞ്ഞങ്ങാടിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ്.

നഗര വികസനത്തിന്റെ പുതിയ രാജപാതകൾ  തീർക്കുന്ന തിരക്കിലാണ് കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം വി.വി.ആർ!

എസ്.എ.പട്ല


🔲

ഉമ്മ..വിതുമ്പലിൻ്റെ ഒന്നര വർഷം!


🔳
മരണമെന്ന മറുകര കണ്ട മനുഷ്യരൊക്കെയും തങ്ങളുടെ ഭൂമിയിലെ ജീവിതം ഓർക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്തു വിലപിക്കുകയും ചെയ്യുന്നുണ്ടാകുമോ?

അറിയില്ല! 

പക്ഷെ ഒന്നുറപ്പാണ് ഭൂമിയിൽ ആരോരുമില്ലാതെ ഒറ്റക്കായിപ്പോയ ഈ മകനെയോർത്ത് ഉമ്മ സങ്കടപ്പെടുന്നുണ്ടാകും.   ഇന്ന് എല്ലാ ഓർമകളും ഉമ്മയിലേക്ക് മാത്രമായി ചുരുങ്ങുന്നു.  ഉമ്മാൻ്റെ വിരലിൽ തൂങ്ങി കുന്നുകൾ കയറിയിറങ്ങി ബന്ധുവീടുകളിലേക്ക് നടന്നു പോയ ബാല്യം!  മഴനനഞ്ഞും വെയിലു കൊണ്ടും  അങ്ങനെ എത്രയെത്ര യാത്രകൾ...ഉമ്മയുടെ നിഴലായ് ജീവിച്ച ആ കാലം ഓർമകളെ തീവ്രമായി പിടിച്ചുലക്കുന്നുണ്ട്.

ഏക മകനെ തനിച്ചാക്കി മരണത്തിൻ്റെ തണുപ്പിലേക്കും ഏകാന്തതയിലേക്കും ഉമ്മ പടിയിറങ്ങി പോയത് 2020 - എപ്രിൽ ഒന്നിനായിരുന്നു.  മകനു വേണ്ടി പ്രാർത്ഥിക്കാൻ ഇനി ഉമ്മ ഇല്ല എന്ന തിരിച്ചറിവ് നൽകുന്ന നോവ് പറഞ്ഞറിയിക്കാൻ കഴിയില്ല! ഓലമേഞ്ഞ വീട്ടിൽ നിന്നും ഓട് മേഞ്ഞ വീട്ടിലേക്കും അവിടെ നിന്നും കോൺക്രീറ്റ് വീട്ടിലേക്കും,കൂടുമാറിപ്പോകുമ്പോൾ ഉമ്മ പറയാറുണ്ടായിരുന്നു  "ഇനിയൊരു വീട്ടിലേക്ക് കൂടി പോകണം.  അതു മാത്രമാണിനി ബാക്കി!"   അപ്പോഴെക്കെ ഞാൻ തിരിച്ചു പറയുമായിരുന്നു.  "അവിടേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ചു പോകാം ഉമ്മാ.." 

ഉമ്മ പറയും:  അങ്ങനെയൊന്നില്ല, ആദ്യം വന്നവർ ആദ്യം പോകണം.  ഉമ്മാൻ്റെ ആഗ്രഹം ജയിച്ചു.  ഞാൻ തോറ്റു.  ആ തോൽവി ഒരിക്കലും അവസാനിക്കാത്ത സങ്കടത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ടേയിരിക്കുന്നു. ജീവിതാവസാന കാലത്ത് ഉമ്മാനെ പരിചരിക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഭാഗ്യം!  ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും സമ്പത്തും അതു തന്നെയാണല്ലോ!

മരണവേദന ഞാനെങ്ങനെ സഹിക്കും,

ഖബർ ജീവിതം ഞാനെങ്ങനെ തരണം ചെയ്യും!  

എന്ന ചോദ്യം അവസാന നാളുകളിൽ ഉമ്മ നിരന്തരം തനിയെ ചോദിച്ചു കൊണ്ടേയിരുന്നു. ഉമ്മ മരിക്കുമ്പോൾ ഞാൻ അരികിലുണ്ട്.  ഏപ്രിൽ ഒന്ന് ബുധനാഴ്‌ച്ച അർദ്ധരാത്രി 1.30 ന്. ഉറങ്ങാതെ കാവൽ നിന്ന അവസാന നാളുകൾ.   തുടർച്ചയായ നാല് ദിവസങ്ങളിൽ ഉമ്മ സഹിച്ച വേദന!

മനസ്സ് വിങ്ങുന്നു,വാക്കുകൾ വിറങ്ങലിക്കുന്നു....

ജേഷ്ടനോ, അനുജനോ ജേഷടത്തിയോ അനുജത്തിയോ ആരും കൂട്ടിനില്ലാത്തഒറ്റയാനായി പോയല്ലോ എൻ്റെ മോൻ!  എന്ന് പറഞ്ഞു പലപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു ഉമ്മ.  ഉമ്മയുടെ പ്രാർത്ഥനയായിരുന്നു ജീവിതത്തിൻ്റെ തെളിച്ചം.  ഉമ്മ പോയപ്പോൾ ഉമ്മ മാത്രമല്ല പോയത് വീട് തന്നെ ശൂന്യമായി. അടുത്തറിയുന്നവരുടെ ഉമ്മ മരിച്ചു എന്ന് കേൾക്കുമ്പോൾ എൻ്റെ ഉമ്മ മരണാസന്നയായി കിടന്ന ആ സന്ദർഭം ഓർമ്മയിലേക്കോടി വരും.  കണ്ണു നിറയും, കരയാൻ കഴിയില്ല.  വിങ്ങി വിങ്ങി ഉരുകിയില്ലാതാകും!

വീട്ടിൽ ആ കസേരയും ആ കട്ടിലും വേർപാടിൻ്റെ വേദന കടിച്ചിറക്കുന്നുണ്ട്. ഉമ്മ എൻ്റെ മോൾ സ്കൂൾ വിട്ട് വരുന്നതും കാത്തിരുന്ന പകലുകൾ സ്കൂൾ വിട്ട് ആറുമണിക്ക് മാത്രം തിരിച്ചെത്തുന്ന മകളെയും കാത്ത് മൂന്ന് മണിക്ക് തന്നെ സോഫയിലിരുന്ന്  ജനലഴികളിലൂടെ നോക്കി നോക്കിയിരിക്കുന്ന ഉമ്മ..

സ്കൂൾ വിട്ട് ക്ഷീണിച്ച്‌ വരുന്ന മകളുടെ ബാഗ് വാങ്ങി അകത്ത് കൊണ്ട് വെക്കുന്ന ഉമ്മ..

എല്ലാവർക്കും ഓർമകൾ മാത്രമല്ല അതിരില്ലാത്ത സ്നേഹത്തിൻ്റെ അനുഭവമായിരുന്നു ഉമ്മ.. പിന്നീട് മകളുടെ കല്യാണാലോചനയെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഉമ്മ പറയുമായിരുന്നു.  അതൊക്കെ അവളുടെ പഠനം കഴിഞ്ഞ് മതി.  പഠനം കഴിഞ്ഞ് വിവാഹം ആലോചിച്ച് തുടങ്ങിപ്പോൾ ഉമ്മ മാത്രം ഇല്ല.

പ്രിയപ്പെട്ടവരെ,

ഒന്നു മാത്രമാണ് പറയാനുള്ളത് ജീവിതാവസന കാലത്തെങ്കിലും മാതാപിതാക്കളെ ഒപ്പം ചേർത്ത് നിർത്തുക.  അവർ രണ്ട് പേരും പോയിക്കഴിഞ്ഞാൽ പിന്നെ നമുക്കായി ഒരു ജീവിതമില്ല.  പിന്നീടെല്ലാം അനുഭവങ്ങളുടെ ഓർമകൾ മാത്രമാണ്.  നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന സങ്കടപ്പെരുമഴയുടെ കർക്കടക്കാലം..  തോരാത്ത കണ്ണുനീരിൻ്റെ മാത്രം കാലം..

നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കുന്നവർ ഇനിയില്ല എന്ന യാഥാർത്ഥ്യം ബോധ്യപ്പെടുന്ന കാലം..

ചെറുപ്പം, ചെറിയൊരു പനി വന്നാൽ പെരുമഴയത്ത് ചളി പിടിച്ച വയൽ വരമ്പിലൂടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ഒറ്റക്ക് എന്നേയുമെടുത്ത് ഓടിപ്പോകുന്ന ഉമ്മാൻ്റെ ആധിയും വ്യാധിയും കൺമുമ്പിൽ തെളിയുന്നുണ്ട്.കരഞ്ഞു കരഞ്ഞു തീർത്തതായിരുന്നു ഉമ്മാൻ്റെ യവ്വനം.  പ്രയാസങ്ങളുടെ കയറ്റവും ഇറക്കവും കണ്ട വ്യസന കാലം.

മിക്കയാഴ്ചകളിലും ഉമ്മാൻ്റെ ഖബറിനരികിൽ പോകും.   സമയമേറെ കഴിഞ്ഞാലും തിരിച്ചു വരാൻ കഴിയില്ല.  ഗതകാല ഓർമ്മകളെല്ലാം തിരമാലകൾ കണക്കെ ഉയർന്നു വരും.  ഇനിയിപ്പോൾ എന്നാണ് ഉമ്മാൻ്റെ ഖബറിടം കാണുക എന്നും സിയാറത്ത് (സന്ദർശനം) സാധ്യമാകുക എന്നറിയില്ല.

പട്ല വലിയ പള്ളിയുടെ ചാരത്ത് ഉമ്മയുണ്ട്.  തിരച്ചറിയാൻ പേര് പോലും കൊത്തിവെക്കാത്ത വീട്ടിൽ സുഖനിദ്രയിൽ! അല്ലെങ്കിലും മകന് ഉമ്മാൻ്റെ വീട് തിരിച്ചറിയാൻ എന്തിനാണൊരു വീട്ടു പേര്!


ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളിൽ ഉമ്മ മാത്രമാണ്. ഒന്നുറപ്പാണ്  അന്നം തേടിപ്പോയി തിരികെ വീടണയുന്ന ഒരു യാത്രയും ഇനി പഴയത് പോലെയാവില്ല.  കാത്ത് കാത്തിരിക്കാൻ മോനെ എന്ന് വിളിക്കാൻ ഉമ്മയില്ലാത്ത വീട്!

വീടുവിട്ടുള്ള ഓരോ യാത്രകളിലും അകലെ ഒരു പൊട്ടു പോലെയായി മറയുന്നതുവരേയും നോക്കി നിൽക്കാൻ ഉമ്മ മാത്രം ഇനിയില്ല. ഉമ്മ മരിച്ചു പോയ ഏതൊരാൾക്കും തങ്ങളുടെ ബാല്യകാലം ഓർക്കാനേ കഴിയില്ല. ഒന്നിച്ചുള്ള ഓരോ സന്ദർഭങ്ങളും നെഞ്ചിലേക്ക് വേദനയായി ഇരച്ചു കയറും.

പഴയ മുള്ളുവേലികളും നടവരമ്പുകളും ഇന്നെവിടെയും കാണാനില്ല.  പക്ഷെ ഉമ്മയോടോപ്പം സഞ്ചരിച്ച പഴയ നടവരമ്പുകളും പാതയോരങ്ങളും മനസ്സിൽ തറച്ചുതന്നെ കിടപ്പുണ്ട്.  ബാല്യകാല ഓർമ്മകൾ കൊത്തിവെച്ച  മനസ്സുകളുമായാണ് മ്മളോരോരുത്തരും പിന്നീട് ജീവിക്കുന്നത്.

ആഗ്രഹിച്ചു പോകുകയാണ്, ഒരാളുടേയും ഉമ്മമാർ മരിക്കരുത് അതവർക്ക് താങ്ങാനാവില്ല! ഒന്നര വർഷങ്ങൾക്കിപ്പുറവും ആ ആഘാതത്തിൽ നിന്നും മുക്തനാകാനാവുന്നില്ല.  ഉമ്മ കൂടെയില്ലാത്ത ഇനിയെത്ര കാലം!!

എസ്.എ

🔳

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...