🔲
ഇബ്രാഹിം അങ്കോല
🔳
പരിചയപ്പെടുന്നത് ഒരു ഹെൽത് ക്ലബ്ബിൽ വെച്ച് ഏകദേശം ഒന്നര വർഷങ്ങൾക്ക് മുമ്പ്. കുറെ ആളുകൾക്കിടയിൽ വളരെ വാചാലമായി സംസാരിക്കുന്ന അദ്ദേഹത്തിൻ്റെ തൊട്ടടുത്താണ് എനിക്ക് ഇരിപ്പിടം കിട്ടിയത്. അവിചാരിതമായിരുന്നു ആ പരിചയപ്പെടൽ. സമകാലിക വിഷയങ്ങളിൽ നല്ല അവഗാഹമുള്ള അങ്കോല യുമായി ഒരു ഹൃദയ ബന്ധം സ്ഥാപിക്കാൻ തുടർച്ചയായ ഹെൽത് ക്ലബ്ബ് സന്ദർശനം ഇടയാക്കി. അങ്ങിനെ ഏകദേശം രണ്ടു മാസത്തോളം ഞങ്ങൾ ദിവസവും കാണുമായിരുന്നു. പിന്നീട് ഞാൻ വിദേശത്തായപ്പോൾ സോഷ്യൽ മീഡിയ വഴി സുഹൃത് ബന്ധം തുടർന്നു കൊണ്ടിരിക്കുന്നു. തുടർച്ചയായി അദ്ദേഹത്തിൻ്റെ മറുകുറിപ്പുകൾ വായിക്കുന്നു.
മറുകുറിപ്പുകൾ സമകാലിക വിഷയങ്ങളിൽ പൊതിഞ്ഞ അനുഭവകുറിപ്പുകളാണ്. ഏഴു പതിറ്റാണ്ടിൻെ ഓർമ്മകൾ ചാലിച്ച, വലിയ ഒച്ചയും ബഹളവുമില്ലാതെ, സൗമ്യമായി തഴുകി തലോടി വരുന്ന മന്ദമാരുതൻ പോലെ ആ എഴുത്തുകൾ നമ്മെ തേടി വരുന്നു. മറുകുറിപ്പുകളുടെ പ്രത്യേകത എന്തെങ്കിലും പുതുതായി പറയാനുണ്ടാകും എന്നതാണ്. കാമ്പുള്ള കുറിപ്പുകൾ പലപ്പോഴും കുറിക്കു കൊള്ളുന്നവ കൂടിയാകുന്നു.
ചില നഗ്ന സത്യങ്ങൾ വെട്ടിത്തുറന്നു പറയാൻ അദ്ദേത്തതിന് ഒന്നും തടസ്സമല്ല. പറയുന്നത് സത്യമാണെന്ന പൂർണ്ണബോധ്യം അദ്ദേഹത്തിനുണ്ട്. അത് കൊണ്ട് തന്നെ അവ നൽകുന്ന വായന സുഖം ഒന്ന് വേറെ തന്നെയാണ്. പരസ്പരം ചൊറിയുന്ന ഏർപ്പാട് ഏതു രംഗത്തും സർവ്വസാധാരണമാണല്ലോ ആരെയും സുഖിപ്പിക്കാൻ വേണ്ടി അദ്ദേഹം എഴുതാറില്ല. അനാവശ്യമായ വാഴ്ത്തു പാട്ടുകളും കാണില്ല.
അങ്കോല ഇബ്രാഹിമിൻെറ സത്യസന്ധമായ എഴുത്തിൻെറ, ലളിത മലയാളത്തിൻെറ മാസ്മരികത ഒരനുഭവം തന്നെയാണ്. എഴുത്തിലും ജീവിതത്തിലും വസന്തം പൂത്തുല്ലസിക്കട്ടെ എന്നാശംസിക്കുന്നു.💕
എസ്.എ
17-O4-2022
🔳
No comments:
Post a Comment