⭕
ചെറുപ്പകാല സൗഹൃദങ്ങളൊക്കെയും വ്യത്യസ്ത വഴികളിലൂടെ ജീവിതദൂരം താണ്ടിയപ്പോഴും എട്ടാം തരം മുതൽ നെഞ്ചോട് ചേർത്ത ഒരു നിലപാടിന് വേണ്ടി ജീവിക്കുക എന്നത് ഒരു നിയോഗമാണ്! നഗരഭരണം അംഗീകാരത്തിന്റെയും ആദരവിന്റെയും ബാക്കിപത്രമായാണ് വന്നു ചേരുന്നത്. പാർട്ടി നേതൃത്വം നിർബന്ധിച്ചേൽപ്പിച്ച അധികാരം. അധികാരത്തിന്റെ ഇടനാഴികകളിൽ തന്റെ ഊഴവും പ്രതീക്ഷിച്ച് കാത്തുനിൽക്കുന്നവരിൽ നിങ്ങൾക്കൊരിക്കലും ഇദ്ദേഹത്തെ കണ്ടിരിക്കില്ല! "സേവനക്കാരെല്ലാം ജീവനക്കാരായ നാളു തൊട്ടീനാട് നാശമായി" എന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷായിരുന്നു. ഇന്ന് നമുക്ക് എല്ലാ സേവനക്കാരും ജീവനക്കാരല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. നന്മയുടെ, കാരുണ്യത്തിന്റെ രാഷ്ട്രീയം എന്താണെന്ന് പഠിക്കാൻ, വികസനത്തിന്റെ രാഷ്ട്രീയമെന്തെന്ന് ബോധ്യപ്പെടാൻ നിങ്ങൾക്ക് മഹാകവി പി യുടെ നാട്ടിലേക്ക് തന്നെ വരേണ്ടി വരും.
നഗരഭരണത്തിന്റെ സിരാ കേന്ദ്രത്തിലേക്ക് രാവിലെ ഒമ്പതര മണിക്കാണ് ഞങ്ങളെത്തുന്നത്. ഞങ്ങൾ അഭിമുഖം ആവശ്യപ്പെട്ടിരുന്നത് പത്ത് മണിക്കും. ഒമ്പതരക്ക് തന്നെ ഫോണിൽ ബന്ധപ്പെട്ടു. കേവലം അഞ്ചു മിനിട്ട് കൊണ്ട് ഒരു ബേഗും തൂക്കി ആ മനുഷ്യൻ മുന്നിൽ നിൽക്കുന്നു. മിണ്ടുന്നതിന് മുമ്പേ ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. ചിരപരിചിത രാഷ്ട്രീയ ജീവിതങ്ങളുടെ വാർപ്പു മാതൃകകളുടെ കാറ്റൂരിക്കളയാൻ മാത്രം ശക്തമായ പുഞ്ചിരി! ജീവനക്കാർ എത്തിത്തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ക്യാമ്പിൻ വൃത്തിയാക്കിക്കഴിഞ്ഞിട്ടില്ല. വൃത്തിയാക്കിക്കഴിഞ്ഞ തൊട്ടടുത്ത മുറിയിൽ അഭിമുഖത്തിന് തയ്യാറായി അദ്ദേഹം ഇരിക്കുന്നു.
കുശലാന്വോഷണത്തിന് ശേഷം നേരെ അഭിമുഖമെന്ന ദീർഘ സംഭാഷണത്തിലേക്ക് ഒരു കുത്തൊഴുക്കായിരുന്നു.
2016ൽ കാഞ്ഞങ്ങാട് നഗരപിതാവായി ഭരണത്തിലേറിയ വി.വി രമേശൻ സംസാരിച്ചു തുടങ്ങുകയായിരുന്നു.
1972 ൽ ഒരിടത്തരം കുടുംബത്തിൽ ജനിച്ച വി.വി രമേശൻ നിസ്വാർത്ഥ സേവനം വഴി പടിപടിയായി ഉയർന്നു വന്ന ജനനേതാവാണ്.
എട്ടാം ക്ലാസ് മുതലാണ് എസ്. എഫ്. ഐ. യിൽ കൂടി വിദ്യാർഥി രാഷ്ട്രീയ പ്രവേശനം. തുടർന്ന് ഡിവൈഎഫ് ഐ യിലെ ഏറ്റവും ചെറുപ്പമുള്ള പ്രവർത്തകൻ.
നാല് വർഷത്തോളം സി. പി. എമ്മിൻ്റെ ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ച ഇദ്ദേഹം രണ്ടായിരത്തിൻ്റെ തുടക്കം മുതൽ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലെത്തുകയും തുടർന്ന്
DYFI യുടെ സംസ്ഥാന ട്രഷറർ ആവുകയും ചെയ്തു. യഥാക്രമം എസ്. എഫ്. ഐ - ഡി. വൈ. എഫ്. ഐ സംസ്ഥാന, ദേശീയ കമ്മിറ്റികളിൽ അംഗമായിട്ടുണ്ട്.
മുപ്പത് വർഷത്തോളമായി സ്വന്തമായി ഖാദി ഭവൻ നടത്തുന്ന വി.വി. രമേശൻ
പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്തെ സജീവ സാനിധ്യമാണ്.
പത്ത് വർഷത്തോളം പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടറായിരുന്നു. മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും അലവൻസും സ്വന്തമാവശ്യത്തിനെടുക്കാതെ ക്യാൻസർ രോഗികൾക്ക് വേണ്ടി മാത്രമായി ചെലവഴിച്ചു കൊണ്ടിരിക്കുന്നു. അശരണരായ ആ മാറാരോഗികളുടെ സാന്ത്വനവും അത്താണിയുമാണ് വി.വി. രമേശൻ.
കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുത്ത അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങൾ നിരവധിയാണ്.
ഭരണത്തിലേറിയ ഉടനെ ഏറ്റവും മുന്തിയ പരിഗണന നൽകിയത് പ്രാഥമികാവശ്യ നിർവ്വഹണനത്തിന് സൗകര്യമില്ലാത്ത 273 വീടുകൾക്ക് ശൗചാലയം നിർമ്മിച്ചു നൽകുക എന്നതിനായിരുന്നു. അത് വളരെ ഭംഗിയായി കാലവിളംബം കൂടാതെ അദ്ദേഹത്തിന് നടപ്പിലാക്കാനായി. വർഷങ്ങളായി സാങ്കേതിക നൂലാമാലകളിൽ കെട്ടിപ്പിണഞ്ഞു കിടന്നിരുന്ന നഗരസഭാ ബസ്സ്റ്റാൻഡ് യുദ്ധകാലാടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന ജനകീയോത്സവത്തോടെയാണ് പൊതുജനങ്ങൾക്കായി ഇദ്ദേഹം തുറന്നുകൊടുത്തത്. കാഞ്ഞങ്ങാട് നഗരഹൃദയത്തിലെ അഞ്ച് കിലോമീറ്ററോളം റോഡ് നാല് വരിപ്പാതയാക്കി ഉയർത്തി. നഗരവികസനത്തിന്റെ ഭാഗമായി വെട്ടി മാറ്റേണ്ടി വന്ന തണൽ വൃക്ഷങ്ങൾക്ക് പകരം പുതിയവ റോഡിനിരുഭാഗങ്ങളിലായി നട്ടു പിടിപ്പിച്ചു. നഗരസൗന്ദര്യവൽക്കരണം വളരെ ശാസ്ത്രീയമായി നടപ്പിലാക്കി.
നഗരത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചതോടൊപ്പം തന്നെ അവയെ ലോകോത്തര നിലവാരത്തിലേക്കുയർത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചു.
"ഒന്ന് ഒന്നാം തരം, മികവാർന്ന രണ്ടാം തരം, മികവേറും മൂന്നാം തരം" എന്ന ത്രൈവാർഷിക വിദ്യാഭ്യാസ വിപ്ലവകാമ്പയിൻ അതിൻ്റെ പൂർത്തീകരണം കൊണ്ട് വൻവിജയമാക്കി. സംസ്ഥാന സ്കൂൾ യുവജനോത്സവം ഇന്നേവരെ കേരളം പരിചയപ്പെടാത്ത ജനകീയ കലോത്സവത്തിലേക്ക് മാറ്റി എടുക്കുന്നതിൽ വി. വി. രമേശനും ചെറുതല്ലാത്ത പങ്കുണ്ട്. കാഞ്ഞങ്ങാടിനെ വിദ്യാഭ്യാസ നഗരമാക്കി മാറ്റുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അതിൻ്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു.
അത് പോലെ കാർഷിക മേഖലയിലും പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. നഗരത്തെ കാർഷിക രംഗത്ത് സ്വയംപര്യാപ്തമാക്കാൻ ഉതകുന്ന നഗരപ്രിയ പദ്ധതി ഭംഗിയായി നടപ്പിലാക്കാൻ കഴിഞ്ഞു. ഹരിത കർമ്മ സേനയും പകുതി വഴിക്ക് നിന്നുപോയ പാടശേഖര കമ്മറ്റിയും സജീവമാക്കി. അവരുടെ സഹകരണത്തോടെ കൃഷിഭവൻ്റെ നേതൃത്വത്തിൽ തരിശായി കിടന്നിരുന്ന കൃഷിയിടങ്ങളെ കൃഷിയോഗ്യമാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.
100 മീറ്റർ പോലും കോൺക്രീറ്റ് റോഡുകളില്ലാത്ത കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ മിക്ക റോഡുകളും കോൺക്രീറ്റ് ചെയ്തു. എല്ലാ പ്രധാന ജംഗ്ഷനുകളിലും ഹൈമാസ് വിളക്കുകൾ സ്ഥാപിച്ചു കൊണ്ട് വെളിച്ച വിപ്ലവത്തിന് പുതിയ മാനം നൽകി.
ഹെഡ്കോയിൽ നിന്നും ഇരുപത് കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു 916 ഭവന രഹിത കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി. സർക്കാർ അനുവദിക്കുന്ന വികസന ഫണ്ടിനെ മാത്രം ആശ്രയിച്ചാൽ പല വിപ്ലവകരമായ പദ്ധതികളും നടപ്പിലാക്കാൻ കഴിയാതെ വരും എന്ന തിരിച്ചറിവിൽ നിന്നുമാണ് വായ്പ എടുക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.
കേരളത്തിലെ മിക്ക നഗരങ്ങളും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണം. കാഞ്ഞങ്ങാട് നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ഉദ്യേശത്തോട് കൂടി നടപ്പിലാക്കുന്ന സംസ്കരണ പ്ലാന്റുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
കേരളത്തിൽ ആദ്യമായി
തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ രേഖയും അംഗീകാരവും നൽകിയ നഗരസഭ എന്ന ബഹുമതി കാഞ്ഞങ്ങാട് നഗരസഭയ്ക്കുള്ളതാണ്. ഭരണത്തിലേറുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വി.വി. രമേശൻ തെരുവോരക്കച്ചടക്കാരുടെ കണ്ണിലെ കൃഷ്ണമണിയായിരുന്നു. അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അധികാരികളുടെ മുന്നിലെത്തിക്കാൻ പ്രക്ഷോഭരംഗത്തിറങ്ങിയ ചുരുക്കം രാഷ്ട്രീയ നേതാക്കളിലൊരാളാണ് വി. വി. രമേശൻ. 2016ലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹത്തിന് കെട്ടിവെക്കാനുള്ള സംഖ്യ നൽകിയതും കാഞ്ഞങ്ങാട്ടെ തെരുവോരക്കച്ചവടക്കാർ തന്നെയായിരുന്നു.
കായിക രംഗത്ത് കാസർകോട് ജില്ല വളരെ പിന്നാക്കമാണ്. അതിനൊരു മാറ്റം അനിവാര്യമാണ്. ഈയ്യിടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗമായി നിയമിതനായ അദ്ദേഹത്തിൻ്റെ മനസ്സിൽ കായികരംഗം സമ്പുഷ്ടമാക്കാൻ ഒരുപാട് പദ്ധതികളും നിർദ്ദേശങ്ങളുമുണ്ട്.
ലോക്ഡൗൺ കൊണ്ട് ജനജീവിതം തന്നെ പ്രതിസന്ധിയിലായ കോവിഡ് കാലത്ത് അമ്പത്തയ്യായിരം അതിഥി തൊഴിലാളികൾക്ക് തുടർച്ചയായി 45 ദിവസം സൗജന്യ ഭക്ഷണം നൽകി. ഇന്നും സമൂഹ അടുക്കളകൾ അങ്ങിങ്ങായുണ്ട്. കേന്ദ്ര സർക്കാർ ലോക്സൗൺ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കാഞ്ഞങ്ങാട് നഗരസഭ ലോക്ഡൗൺ മുൻകരുതലുകൾ എടുത്തിരുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. .
വിനോദ സഞ്ചാര മേഖലകളിൽ ഒരുപാട് സാധ്യതകൾ ഉള്ള ജില്ലയാണ് കാസർകോട്. തിരുവനന്തപുരം മുതൽ ബേക്കൽ വരെയുള്ള നിർദ്ധിഷ്ട ദേശീയ ജലപാതാ പദ്ധതി നേരത്തെ കോട്ടപ്പുറം വരെ മാത്രമാണ് ഉണ്ടായിരുന്നത്. അത് ബേക്കൽ വരെ നീട്ടാൻ നഗരസഭാ ചെയർമാൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ അദ്ദേഹം നടത്തി. അത് പോലെ കാഞ്ഞങ്ങാട് റെയിൽവെ മേൽപ്പാലത്തിന് വേണ്ടിയും ശക്തമായ നീക്കങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തു.
സംഘാടന മികവ്. ഇച്ഛാശക്തി. താഴെക്കിടയിൽ നിന്നു തുടങ്ങിയ പ്രവർത്തന പാരമ്പര്യം. തീരുമാനങ്ങളെടുക്കുന്നതിലെ മുൻഗണനാക്രമം - വി.വി.രമേശൻ വ്യത്യസ്തനാകുന്നത് അങ്ങിനെയാണ്.
എം.വി. ഗോവിന്ദൻ മാഷും സി.കെ. പത്മനാഭനുമാണ് രാഷ്ട്രീയ ഗുരുക്കൾ. സംഘാടനവും രാഷ്ട്രീയ തന്ത്രങ്ങളും അവരിൽ നിന്നാണ് സ്വായത്തമാക്കിയത്. പിണറായി വിജയൻ, ഇ പി ജയരാജൻ തുടങ്ങിയവരാണ് വി.വി. രമേശന് മാതൃകാ വ്യക്തിത്വങ്ങളും ആത്മസൗഹൃദങ്ങളും.
വളരെ താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ജനകീയ നഗരപിതാവിലേക്കെത്തിയ ചരിത്രമാണ് വി.വി രമേശന് പറയാനുള്ളത്. കാലത്തിൻ്റെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുന്ന വിവി രമേശിന് കാഞ്ഞങ്ങാടിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ്.
നഗര വികസനത്തിന്റെ പുതിയ രാജപാതകൾ തീർക്കുന്ന തിരക്കിലാണ് കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം വി.വി.ആർ!
⭕
എസ്.എ.പട്ല
🔲

No comments:
Post a Comment