കുഞ്ഞോളുവും യാത്രയായി!
🔳
ഗ്രാമത്തിലെ തൊണ്ണൂറ് ശതമാനം ആളുകളും ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കാലം. കഠിനമായി അധ്യാനിച്ചാൽ പോലും വിഷപ്പകറ്റാൻ കഴിയാതിരുന്ന, അർദ്ധ പട്ടിണിയിൽ കഴിഞ്ഞിരുന്ന ഭൂതകാലം! അമ്പതു വർഷങ്ങൾപ്പുറത്തെ നാടിൻ്റെ ചരിത്രം അറിയുന്ന ഏതൊരാളും അതൊക്കെ ഓർക്കുന്നുണ്ടാകും. അന്ന് ആളുകളൊക്കെ പരസ്പരം കൊണ്ടും കൊടുത്തും സ്നേഹിച്ചും യാതൊരു തരത്തിലുമുള്ള മതിൽ കെട്ടുകളുമില്ലാതെ ജീവിച്ചു.
കാർത്ത്യാനി എന്നായിരുന്നു അവരുടെ ശരിയായ പേര്. നാട്ടുകാർ സ്നേഹത്തോടെ അവരെ കുഞ്ഞോളു എന്ന് വിളിച്ചു. കുഞ്ഞു മാളു ആയിരിക്കണം കുഞ്ഞോളു എന്നായിത്തീർന്നത്! കുഞ്ഞോളു ഞങ്ങൾക്കന്യരായിരുന്നില്ല, അവരുടെ മക്കളും.അന്നും ഇന്നും.
പൊതുവെ മുസ്ലിം സ്ത്രീകളെ അവർ "നൈത്യാർ" എന്ന് വിളിച്ചു. എൻ്റെ ഉമ്മ നബീസ നൈത്യാർ അവരുടെ ഉറ്റ സുഹൃത്തായിരുന്നു. എന്താണ് ഈ നൈത്യാർ എന്ന് പലപ്പോഴും ആലോചിച്ചിരുന്നു. ഈയ്യടുത്താണ് രവീന്ദ്രൻ പാടിയുടെ ഒരു കുറിപ്പിൽ നിന്നും നൈത്യാർ എന്ന വാക്കിൻ്റെ അർത്ഥം രാജകുമാരി എന്നാണെന്നും സിംഹള (ശ്രീലങ്ക) ഭാഷയിൽ നിന്നാണ് അതിൻ്റെ ഉത്പത്തി എന്നും മനസ്സിലാക്കുന്നത്.
ഉമ്മയും ഞാനും ബന്ധുവീടുകളിലേക്ക് പോകുന്ന യാത്രകളിലെ ഇടത്താവളം കൂടിയായിരുന്നു അവരുടെ വീട്. ഉമ്മയും കുഞ്ഞോളുവും ദീർഘനേരം അവിടെ സംസാരിച്ചുകൊണ്ടേയിരിക്കും. അപ്പോഴൊക്കെയും അക്ഷമനായി നമുക്ക് പോകാം ഉമ്മാ എന്ന് ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു. ഓർമ്മകളിലേക്ക് തിരികെ വരുന്ന ഇന്നലെകൾ. ആയുസ്സിൻ്റെ പുസ്തക താളിൽ നിന്നും കൊഴിഞ്ഞു പോയ ബാല്യകൗമാരങ്ങൾ!
അന്ന് എല്ലാവരും അവരെ കുഞ്ഞോളു എന്നു വിളിക്കുമ്പോൾ എനിക്കവർ കുഞ്ഞിമ യായിരുന്നു. ഞാൻ മാത്രം കുഞ്ഞിമ എന്ന് വിളിച്ചു. ആ വിളി അവർക്ക് ഇഷ്ടവുമായിരുന്നു. ഉമ്മയോ മറ്റാരും തന്നെയോ അത് തിരുത്താനോ വിലക്കാനോ നിന്നിട്ടില്ല. മനുഷ്യർ തമ്മിൽ നിഷ്കളങ്കമായ സ്നേഹം കളിയാടിയിരുന്ന അന്ന് വേർതിരിവുകൾക്ക് പ്രസക്തിയുണ്ടായിരുന്നില്ല.
തിരികെയുള്ള ഓരോ യാത്രയിലും ഞാനവരെ സന്ദർശിക്കുമായിരുന്നു. അവസാനമായി കാണുന്നത് എകദേശം രണ്ട് വർഷങ്ങൾക്കു മുമ്പാണ്. പ്രായാധിക്യം കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു.
വെറുപ്പിൻ്റെയും കുടിലതയുടെയും തത്വശാസ്ത്രം അരങ്ങു വാഴുന്ന പുതിയ കാലത്ത് ആത്മാർത്ഥ സ്നേഹത്തിൻ്റെയും, നന്മ മനസ്സിൻ്റെയും ഉടമയെ മറക്കാനാവില്ല. ആ നല്ല കാലത്തേയും!
പ്രിയപ്പെട്ട കാർത്ത്യായനി എന്ന കുഞ്ഞോളു അമ്മക്ക് ആദരാജ്ഞലികൾ!
എസ്.എ
28-02-2022
No comments:
Post a Comment