🔳
പട്ലയിലെ മത സാമൂഹ്യ സാംസ്കാകാരിക രംഗത്തെ സൗമ്യ സാനിധ്യമായിരുന്ന എം.എച്ച എന്ന പേരിൽ അറിയപ്പെടുന്ന എം.എ.അബൂബക്കർ സാഹിബ് ഇനി ദീപ്തമായ ഓർമകളിൽ!
പൗരപ്രമുഖനും,വിദ്യാഭ്യാസ പ്രവർത്തകനും,ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യവുമായിരുന്ന എം.എ.അബൂബക്കർ സാഹിബ് പട്ല യുടെ മരണം നാടിനെ മൊത്തം ദുഃഖത്തിലാഴ്ത്തി. ജീവിത വിശുദ്ധിയുടെ ഒരുപാട് നല്ല മാതൃകകൾ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് ഒക്ടോബർ 09-2021 ന് എൺപത്തി രണ്ടാമത്തെ വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്.
ക്ഷമയും സഹനവും അദ്ദേഹത്തിൻ്റെ മുഖമുദ്രയായിരുന്നു. സൗമ്യത എന്ന വാക്കിൻ്റെ ശരിയായ അർത്ഥം തിരിച്ചറിഞ്ഞത് അദ്ദേഹത്തിൽ നിന്നാണ്. പ്രായം ചെന്ന സൗഹൃദങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടൊരാൾ. വിവിധ വിഷയങ്ങളെക്കുറിച്ച് മണിക്കൂറുകളോളം ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ഞാൻ തിരിച്ചു പോകാനോരുങ്ങുമ്പോഴൊക്കെ കൂടുതൽ വിഷയങ്ങൾ ഇട്ട് തന്നു സംസാരിപ്പിക്കുമായിരുന്നു. അവസാനമായി കണ്ടത് ആറ് മാസങ്ങൾക്ക് മുമ്പ്. പതിവുപോലെ അന്നും ഒരുപാട് നേരം സംസാരിച്ചാണ് പിരിഞ്ഞത്. അദ്ദേഹത്തിൻ്റെ വിയോഗം എനിക്ക് മാത്രമല്ല അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ട ഏതൊരാളെയും സങ്കടപ്പെടുത്തും. ഉയർച്ച താഴ്ചകളും കയ്പും മധുരവും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. എങ്കിലും ഒരിക്കൽ പോലും ആ മുഖം ക്ഷുഭിതമായിരുന്നില്ല.
നാട്ടുകാർ സ്നേഹത്തോടെയും അതിലേറെ ബഹുമാനത്തോടെയും എം.എ.അഉക്കൻച്ച എന്നു വിളിച്ചു. അകാദമിക് ബിരുദമായ എം.എ.അദ്ദേഹത്തിൻ്റെ പേരിൻ്റെ ഇനീഷ്യൽ എന്നു തോന്നുന്ന തരത്തിലേക്ക് അതു മാറുന്നത് അങ്ങനെയാണ്. സാമ്പത്തിക ശാസത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന പട്ലയിലെ ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
സ്കൂൾ വിദ്യാഭ്യാസം നാലാംതരം വരെ പട്ലയിലും, ശേഷം കൊല്ലങ്കാന, ബി.ഇ.എം.സ്കൂൾ കാസർകോട് എന്നിവിടങ്ങളിലുമായിരുന്നു. മംഗലാപുരം സെൻ്റ് അലേഷ്യസ് കോളേജിലും കാസർകോട് ഗവ.കോളേജുകളിലുമായി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദം സമ്പാദിച്ചത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നായിരുന്നു. അക്കാലത്ത് ഏകദേശം റാങ്കോടടുപ്പിച്ച
ഉയർന്ന മാർക്കോട് കൂടിയാണ് എം.എ കരസ്ഥമാക്കുന്നത്. തുടർന്ന് ബോംബെയിൽ 14 വർഷത്തോളം കേന്ദ്ര സർവീസിൽ താരിഫ് കമ്മീഷനിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ദീർഘമായ 21 വർഷക്കാലം യു.എ.ഇ ഗവമെൻ്റിൻ്റെ ഔദോഗിക ടെലികമ്യൂണിക്കേഷനായ ETISALAT ൻ്റെ Accounts Dept ൽ ജോലി ചെയ്തു. 2001 സെപ്തമ്പറിൽ വിരമിക്കുമ്പോൾ Etisalat അബൂദാബി ബ്രാഞ്ചിലെ ചീഫ് അകൗണ്ട് സൂപ്പർവൈസർ ആയിരുന്നു.
അതിനു ശേഷം അദ്ദേഹം നാട്ടിൽ പൊതുരംഗത്ത് സജീവമാവുകയുണ്ടായി.21 വർഷത്തെ ഗൾഫ് ജീവിതം ജീവകാരുണ്യ രംഗത്ത് നിരന്തരമായ, തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ദീർഘകാലം യു.എ.ഇ.പട്ല വലിയ ജമാഅത്ത്കമ്മറ്റി പ്രസിഡൻറായിരുന്നു. ഒപ്പം പട്ല ഇസ്ലാമിക് സെൻററിൻ്റെ പ്രവർത്തന രംഗത്ത് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.
വിനയം കൊണ്ട് അതിശയിപ്പിച്ച അദ്ദേഹം ഒരിക്കലും പദവികളുടെ പിന്നാലെയോ വ്യക്തിഗത നേട്ടങ്ങളുടെ പിന്നാലെയോ പോകാൻ താല്പര്യം കാണിച്ചില്ല. അല്പം ചാഞ്ഞും ചെരിഞ്ഞും നിന്നിരുന്നെങ്കിൽ ഭൗതിക നേട്ടങ്ങളുടെ ഏറ്റവും ഉന്നതിയിൽ നിൽക്കാമായിരുന്നിട്ടും നേരിൻ്റെയും നന്മയുടെയും,കാരുണ്യത്തിൻ്റേയും ഓരം ചേർന്നു നടക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്. സഹായം അഭ്യർത്ഥിച്ച് വരുന്ന ഒരാളെയും അദ്ദേഹം മടക്കിയയച്ചില്ല. നാട്ടിലെ എല്ലാ ജീവകാരുണ്യ സംരംഭങ്ങളോടും അകമഴിഞ്ഞ് സഹ കരിക്കുകയും അതിൻ്റെ നിർണ്ണായക ഭാഗമാവുകയും ചെയ്തു. അദ്ദേഹത്തിൻ ഹൃദയ നൈർമല്യവും ജീവിത വിശുദ്ധിയും കൊണ്ട് നാട്ടുകാർക്ക് സർവ്വ സ്വീകാര്യനാവുകയായിരുന്നു. അങ്ങനെയൊരാൾ വേറെ ഇല്ല! ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞപ്പോഴും ജനങ്ങൾ അദ്ദേഹത്തെക്കുറിച്ചുള്ള നന്മകൾ മാത്രം പറഞ്ഞു. മറിച്ചു പറയാൻ വേറൊന്നുണ്ടായിരുന്നില്ല!
പട്ല വലിയ ജുമാ മസ്ജിദ് പ്രസിഡൻ്റായി പ്രവർത്തിച്ച അദ്ദേഹം നൂതനങ്ങളായ, വിപ്ലവകരമായ ഒരുപാട് സാമൂഹ്യ നന്മകൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടുകളുടെ കൂടെ നടക്കാൻ നാടിനും നാട്ടുകാർക്കും കഴിഞ്ഞിരുന്നുവെങ്കിൽ ചരിത്രം വേറൊന്നാകുമായിരുന്നു.
"പ്രതീക്ഷ" എന്ന പട്ലയിലെ ജീവകാരുണ്യ സംരംഭത്തിൻ്റെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച അദ്ദേഹം അവസാനം വരെ സംഘടനയുടെ രക്ഷാധികാരിയായിരുന്നു. പ്രതീഷയുടെ പ്രവർത്തനങ്ങൾക്കും ഖുർആൻ ക്ലാസ്സുകൾക്കുമായി അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അനുവദിച്ചു തരികയായിരുന്നു. "പ്രതീക്ഷ" കുടുതൽ വിപുലമായ മേഖലകളിൽ സജീവമായി ഇടപെടണമെന്നും പുതിയ പദ്ധതികൾ ആവിഷ്കരിക്കരിച്ചു മുന്നേറണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങളും പ്രവർത്തനങ്ങളും നന്മകളൊക്കെയും പരലോകത്ത് തണലും തണുപ്പുമാകട്ടെ.
വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിൻ്റെ അതീവ താല്പര്യം വിളിച്ചോതുന്നതായിരുന്നു. പട്ലയിൽ ആദ്യമായി സ്വകാര്യ മേഖലയിൽ ഒരു ഇംഗീഷ് മീഡിയം സ്ഥാപിക്കുക എന്ന ആശയത്തിന് മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിജയപരാജയങ്ങൾപ്പുറത്ത് അങ്ങനെയൊരാശത്തിൻ്റെ മുന്നിൽ നിൽക്കാൻ അദ്ദേഹത്തിൻ്റെ തികച്ചും നിഷകളങ്കമായ മനസ്സിന് കഴിഞ്ഞു എന്നുള്ളതാണ് പ്രധാനം.
ആ ഒരു പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹം വളരെയധികം വിയർപ്പൊഴുക്കി. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പതറാതെ പിടിച്ചു നിൽക്കാൻ അദ്ദേഹത്തിൻ്റെ നിർമ്മല മനസ്സിനു കഴിഞ്ഞു.
പട്ല ലൈബ്രറി ആൻറ് റീഡിംഗ് റൂമിൻ്റെ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വളരെ വലുതായിരുന്നു. അത് സജീവമായി നിലനിർത്താൻ അദ്ദേഹം ഒരുപാട് പ്രയത്നിച്ചു. എഴുത്തിനേയും വായനയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഒരു വായനശാല ഉദ്യമം മുളയിൽ തന്നെ നശിച്ചുപോകരുത് എന്ന കണിശതയുണ്ടായിരുന്നു.
ലാളിത്യവും വിനയവും വിശുദ്ധിയും അബൂബക്കർ സാഹിബിൻ്റെ വ്യക്തിത്വത്തിൽ ആഴത്തിൽ വേരൂന്നിയ ഗുണങ്ങളായിരുന്നു. എല്ലാവരുമായും നിർമലമായ സ്നേഹ ബന്ധം ജീവിതകാലമത്രയും അദ്ദേഹം കാത്തു സൂക്ഷിച്ചു.
അദ്ദേഹത്തിൻ്റെ ദീപ്തമായ ഓർമകൾ എന്നും മായാതെ നിലനിൽക്കും.
ഭാര്യ: സുഹറ.പി.എസ്. മക്കൾ: ആസിഫ് (ഖത്തർ), അനസ് (ഇഞ്ചിനീയർ -സൗദി അറേബ്യ),ഹസീന. മരുമക്കൾ : ജലീൽ തെക്കിൽ (ബിസിനസ്), റബീയ കളനാട്, ഫർസാന ഉപ്പള.
സഹോദരങ്ങൾ ആറു പേർ. അബ്ദുല്ല പട്ല (കൊല്ല്യ) അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവും മുസ്ലിം നവോത്ഥാന പ്രസ്ഥാന പ്രവർത്തകനുമായിരുന്നു. പി.സീതിക്കുഞ്ഞി - സി.പി.എം നേതാവും, പൗരപ്രമുഖനും,നാടിൻ്റെ സർവ്വതോന്മുഖവുമായ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ജനകീയനുമായിരുന്നു. പി. അഹമ്മദ് - സാമൂഹ്യ സാംസ്കാരിക രംഗത്തെ സജിവസാനിധ്യം, പി.അബ്ദുറഹ്മാൻ എന്നിവരാണ്. സഹോദരിമാർ ഖദീജ, നഫീസ.
പാരത്രീക മോക്ഷം നൽകി പടച്ചവൻ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കട്ടെ. നാടിൻ്റെയും നാട്ടുകാരുടെയും സ്നേഹവും ഇഷ്ടവും സമ്പാദിച്ച് സേവനപാതയിൽ വിശുദ്ധ ജീവിതം നയിച്ച എം.എച്ചാക്ക് സ്വർഗപ്രവേശം നൽകി നാഥൻ അനുഗ്രഹിക്കട്ടെ.
കണ്ണീരിൽ കുതിർന്ന മനം നിറഞ്ഞ പ്രാർത്ഥനകൾ!
എസ്.എ

No comments:
Post a Comment