🔳
മർഹൂം എം.എ.അബൂബക്കർ സാഹിബിൻ്റെ നന്മകൾ
എത്ര പറഞ്ഞാലും, എഴുതിയാലും വീണ്ടും ബാക്കിയാവുന്നു! പാരിജാതം പോലൊരാൾ. ചുറ്റുമുള്ളവരിലേക്ക് ജീവിത വിശുദ്ധിയുടെ പരിമളം പകർന്നു തന്നു കടന്നു പോയൊരാൾ!
സാഹചര്യങ്ങളാൽ അരികുവൽക്കരിക്കപ്പെട്ട ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ "ഇതുപോലൊരാൾ വേറെയില്ല". ഇത് കേവലമൊരു വെറും പറച്ചിലല്ല.
1970 കാലഘട്ടങ്ങളിൽ അക്ഷരാഭ്യാസമുള്ളവരെ അത്ഭുത ജീവികളെ പോലെ കരുതിപ്പോന്നിരുന്ന ഒരു ഗ്രാമീണ പശ്ചാതലത്തിൽ നിന്നും ആധുനിക വിദ്യാഭ്യാസത്തിൻ്റെ അങ്ങേത്തലക്കൽ കടന്നു ചെല്ലാൻ കഴിയുക എന്നത് തീർത്തും മഹത്തരം തന്നെയായിരുന്നു.
ഇംഗ്ലീഷിലും കന്നടയിലും എറ്റവും നന്നായി ലേഖനങ്ങൾ എഴുതുമായിരുന്നൊരാൾ,
ഒരു പക്ഷെ അദ്ദേഹം വേറൊരു പ്രദേശത്താണ് ജനിച്ചിരുന്നതെങ്കിൽ വലിയ അംഗീകാരങ്ങളും ഉയർച്ചകളും നേടുമായിരുന്നു!
മാനവികതയായിരുന്നു അബൂബക്കർ സാഹിബിൻ്റെ ലോകവീക്ഷണം. ഒരാളോടും വെറുപ്പ് സൂക്ഷിച്ചില്ല.
സ്നേഹത്തിൻ്റെ വിശാലമായ ചിറകുകൾ വിടർത്തി, നന്മയുടെയും കാരുണ്യത്തിൻ്റേയും കൂടൊരുക്കിയാണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറയുന്നത്. പ്രവർത്തനങ്ങളുടെ ലോകത്തു നിന്നും പ്രതിഫലത്തിൻ്റെ ലോകത്തിലേക്ക്!
അദ്ദേഹം പ്രവർത്തിച്ചതിൻ്റെ ശേഷിപ്പുകൾ ഇഹലോകത്ത് ഇപ്പോഴും ബാക്കിയുണ്ട്. അദ്ദേഹം നൽകിയ ദാനധർമ്മകൾ, പള്ളികൾക്കും പള്ളിക്കൂടങ്ങൾക്കും നൽകിയ സഹായ സഹകരണങ്ങൾ,
അദ്ദേഹം പകർന്നു നൽകിയ നന്മകൾ
അദ്ദേഹത്തിനു വേണ്ടി ആകാശത്തേക്ക് കൈകളുയർത്തുന്ന പ്രിയപ്പെട്ടവർ. അല്ലാഹു അദ്ദേഹത്തിന് കാരുണ്യത്തിൻ്റെ കവാടം തുറന്നു കൊടുക്കട്ടെ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നവർ. എത്രയെത്ര സാധു മനുഷ്യരുടെ പ്രാർത്ഥനകളാണ് അദ്ദേഹത്തിന് പരലോകത്ത് തണൽ വിരിക്കുക!
പട്ല വലിയ പള്ളി പുനർ നിർമ്മാണത്തിനും
പട്ല കോയപ്പാടി മുജാഹിദ് പള്ളി നിർമ്മാണത്തിലും
പട്ല ഇസ്ലാമിക് സെൻ്റർ സ്ഥാപിക്കുന്നതിലും, മദ്രസ, ലൈബ്രറി സംവിധാനങ്ങളോടും
അങ്ങനെ നാട്ടിലെ എണ്ണമറ്റ ക്ഷേമപ്രവർത്തനങ്ങളിൽ
ഏറ്റവും സജീവമായി സഹകരിച്ചവരിൽ അദ്ദേഹം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു!
ചില അനിഷേധ്യ സത്യങ്ങൾ സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല.
എം.എ.അബൂബക്കർ സാഹിബിൻ്റെ വില മനസ്സിലാക്കാൻ കഴിയാതെ പോയ
അദ്ദേഹത്തിൻ്റെ കഴിവുകളെ തിരിച്ചറിയാതെ പോയ ഹതഭാഗ്യരായ മനുഷ്യരാണ് നമ്മൾ. അദ്ദേഹത്തിൻ്റെ നിലപാടുകൾക്ക് അരങ്ങൊരുക്കാൻ നമ്മൾ വിസമ്മതിച്ചു. അദ്ദേഹത്തിൻ്റെ ചിന്തകൾക്ക് നിലമൊരുക്കാൻ നമ്മുക്ക് കഴിയാതെ പോയി.
രാഷ്ട്രീയവും മതപരവുമായ ഭിന്ന വീക്ഷണങ്ങൾക്കിടയിലും മനുഷ്യരെ ഒന്നായിക്കാണാൻ
കഴിഞ്ഞ ഇതുപോലൊരാൾ
ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
പൊതുവെ മിക്കയാളുകൾക്കും ഉണ്ടാകാറുള്ള ദൗര്‍ബല്യങ്ങളിൽ ഒന്നാണ് ആര്‍ത്തി. ആർത്തി പിടിച്ച് മനുഷ്യർ പരക്കം പായുന്നു. അതില്ലാത്ത മനുഷ്യരോട് എല്ലാവര്‍ക്കും ആദരവുണ്ടാകുക എന്നത് സ്വാഭാവികമാണ്.അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഒരു തരത്തിലുള്ള ആർത്തിയും എം.എ.അബൂബക്കർ സാഹിബിനെ ബാധിച്ചിരുന്നില്ല. ഇരുലോകത്തും അത്തരക്കാർ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന് നമ്മെ രക്ഷിക്കും. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന് മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. എത്രമാത്രം ചെറിയവരാണ് നമ്മളെന്ന് ഓരോ മരണവും ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
അദ്ദേഹത്തെക്കുറിച്ചുള്ള ഓരോ ഓർമകളും എഴുതപ്പെട്ട രേഖകളായി തന്നെ സൂക്ഷിക്കപ്പെടണം. വരും തലമുറകൾക്ക് പ്രചോദനമാകുന്ന തരത്തിൽ അദ്ദേഹം അടയാളപ്പെടണം.
നാഥൻ ജന്നാത്തുൽ ഫിർദ്വസ് മാത്രം
പ്രതിഫലം നൽകി
അദ്ദേഹത്തേയും
നമ്മെയും അനുഗ്രഹിക്കട്ടെ.
എസ്. എ
08/11/2021
Emailtosa@gmail.com
No comments:
Post a Comment